നിഴൽദൈവം!
ഒരിക്കൽ, സിൽബാരിപുരംദേശത്ത് കേശു എന്നൊരു പരമ ഭക്തൻ ജീവിച്ചിരുന്നു. അയാൾ സാത്വികമായി ജീവിതശൈലിയും സ്വീകരിച്ചിരുന്നു.
ഒരു ദിവസം - രാത്രിയിൽ ഉറക്കത്തിനിടയിൽ അയാൾ ഭഗവാനെ സ്വപ്നം കണ്ടു.
അപ്പോള്‍, കേശു ആവശ്യപ്പെട്ടു -
"ഭഗവാനേ, അങ്ങ് എപ്പോഴും എന്റെ കൂടെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതായിരിക്കും എനിക്ക് ഏറ്റവും ആനന്ദം നൽകുക"
ഭഗവാൻ പുഞ്ചിരിയോടെ പറഞ്ഞു - "ശരി, അങ്ങനെയാവട്ടെ ഭക്താ. ഞാൻ ഒരു നിഴലായി നിന്റെ ഒപ്പം എപ്പോഴും കാണും "
"ഭഗവാനേ, അങ്ങനെയെങ്കിൽ ദൂരെയുള്ള സിൽബാരിപുരംക്ഷേത്രത്തിൽ ഒരാഴ്ച കൊണ്ട് എനിക്ക് എത്താൻ എളുപ്പമാകും. ഒറ്റയ്ക്ക് കാടിനുള്ളിലൂടെയുള്ള വഴി തെറ്റുകയുമില്ല, വന്യമൃഗങ്ങളെയും പേടിക്കേണ്ടല്ലോ"
ഭഗവാൻ അതു സമ്മതിച്ചു. കേശു ക്ഷേത്രം ലക്ഷ്യമാക്കി നടന്നുതുടങ്ങി. അയാൾ നടക്കുമ്പോൾ രണ്ടു നിഴലുകൾ കാണാമായിരുന്നു. ഏതെങ്കിലും ഒന്ന് അയാളുടേതും മറ്റൊന്ന് ഭഗവാന്റെയും ആയിരിക്കുമെന്ന് ഊഹിച്ചു.
കുറെ ദൂരം പിന്നിട്ടപ്പോൾ കാടിനുളളിലൂടെയുള്ള വഴി ദുർഘടമായി വന്നു. അതിനിടയിൽ എപ്പോഴോ അവന്റെ കാലിൽ മുള്ളു തറച്ചു. മുള്ള് ഔരിക്കളഞ്ഞ് വേദനയോടെ മുന്നോട്ടു നടന്നു. അവൻ നോക്കിയപ്പോൾ ഒരു നിഴൽ മാഞ്ഞിരിക്കുന്നു!
"ഭഗവാനേ...!"
പക്ഷേ, ഭഗവാൻ വിളി കേട്ടില്ല. ഒരു നിഴൽ ഇല്ല!
കുറെ ദൂരം മുന്നോട്ടു പോയപ്പോൾ എപ്പോഴോ രണ്ടു നിഴലും വന്നു. പിന്നീട്, കൂർത്ത കല്ലുകൾ നിറഞ്ഞ സ്ഥലമായിരുന്നു. ഒരു കല്ലിൽ തട്ടി അവൻ വീണു!
അവൻ നിലവിളിച്ചു - "എന്റെ ഭഗവാനേ...!"
അന്നേരവും ഭഗവാന്റെ നിഴൽ പോലുമില്ല കണ്ടു പിടിക്കാൻ! ഭഗവാൻ തന്നെ ചതിച്ചിരിക്കുന്നു! ഇനി ഒറ്റയ്ക്ക് മുന്നോട്ടു പോകുന്നത് അപകടമാണ്. തിരികെ നടക്കുക തന്നെയാണ് ബുദ്ധിയെന്ന് വിചാരിച്ച് ഒരു വിധം നാട്ടുവഴിയിലെത്തി. അപ്പോൾ ഒരു കവരയുള്ള വടി വഴിയിൽ കിടന്നത് പിടിച്ചു വീട്ടിലേക്കു നടന്നു. അതിനിടയിൽ, വഴിയിൽ വീണ്ടും രണ്ടു നിഴലുകൾ പ്രത്യക്ഷപ്പെട്ടു!
കേശുവിന് ഭഗവാനോട് അമർഷം തോന്നി. വീട്ടിലെത്തി പുൽപ്പായമേൽ കിടന്നു. അപ്പോൾ ഭഗവാൻ ചോദിച്ചു -
"നീ എന്തിനാണ് യാത്ര ഉപേക്ഷിച്ചത്?"
കേശു ദേഷ്യത്തോടെ പറഞ്ഞു -
"ഭഗവാൻ എപ്പോഴും നിഴൽപോലെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞിട്ട് എനിക്ക് ആപത്തു വന്നപ്പോൾ നിഴൽപോലും കാണിക്കാതെ ഓടിയൊളിച്ചത് എന്തിനായിരുന്നു ?"
ഭഗവാൻ പുഞ്ചിരിയോടെ മറുപടിയേകി -
" നിന്റെ കാലിൽ മുള്ളു തറച്ചു കഴിഞ്ഞപ്പോഴും കാൽ തട്ടി വീണു കഴിഞ്ഞപ്പോഴും നിന്നെ ഞാൻ എന്റെ ചുമലിൽ എടുത്തിരിക്കുകയായിരുന്നു. പിന്നെ എങ്ങനെയാണ് രണ്ടു നിഴലുകൾ കാണുന്നത്? പിന്നീട്, നിന്നെ നടക്കാൻ സഹായിക്കുന്ന കവരവടി തന്നപ്പോഴാണ് ചുമലിൽ നിന്നിറക്കിയത്!"
തനിക്കു പറ്റിയ അമളി ഓർത്ത് കേശു പൊട്ടിച്ചിരിച്ചപ്പോൾ സ്വപ്നം അവനെ വിട്ടു പോയി. കണ്ണു മിഴിച്ച് പുൽപ്പായയിൽ എണീറ്റിരുന്നു.
ആശയം - ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവം നമ്മെ കൈവിടില്ലെന്ന് ഒരു യഥാർഥ വിശ്വാസിക്ക് നിരീക്ഷിക്കാനാവും. അല്പ വിശ്വാസിയുടെ അശുഭ ചിന്തകളും നിരാശയും നീങ്ങിപ്പോകട്ടെ.
Comments