സർവ വ്യാപിയായ ദൈവം!
Malayalam e-books for spiritual health, read online now!
സിൽബാരിപുരംദേശത്ത് പ്രശസ്തമായ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടെ രാവിലെയും വൈകുന്നേരവും അനേകം ഭക്തർ എത്തിയിരുന്നു. ഒരിക്കൽ, ഗുരുജി ആ വഴി നടന്നു പോകുകവേ, ഒരുവൻ അദ്ദേഹത്തോടു ചോദിച്ചു -
"ഗുരുവേ, ദൈവം എല്ലായിടത്തും ഉണ്ടെന്നാണല്ലോ സങ്കൽപം. അങ്ങനെയെങ്കിൽ ദൈവത്തോടു പ്രാർഥിക്കാനായി ഈ ക്ഷേത്രത്തിൽ ആളുകൾ വരുന്നത് എന്തിനാണ്?"
ഗുരുജി പറഞ്ഞു - "താങ്കൾ എന്റെ കുടെ വരിക. ഞാൻ ഉത്തരം കാട്ടിത്തരാം"
അവർ നടന്ന് ഗുരുജിയുടെ ആശ്രമത്തിലെത്തി. വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ പ്രാർഥിക്കാൻ തുടങ്ങി. എന്നാൽ, ആ സമയത്ത് ഒരു ശിഷ്യൻ ആശ്രമത്തിൽ നിന്നിറങ്ങി കാടിനുള്ളിലേക്ക് നടന്നു. ഗുരുജിയും അയാളും ശബ്ദമുണ്ടാക്കാതെ ശിഷ്യനെ പിന്തുടർന്നു.
ശിഷ്യൻ കണ്ണടച്ച് ഒരു മരച്ചുവട്ടിലിരുന്ന് ഉഗ്രമായി പ്രാർഥിക്കാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ ഗുരുജിയും അപരിചിതനും തൊട്ടു മുന്നിൽ !
ശിഷ്യനോട് സംശയം ചോദിക്കാൻ ഗുരുജി അപരിചിതന് അനുവാദം കൊടുത്തു.
അയാൾ ചോദിച്ചു -
"ഈശ്വരൻ സർവ വ്യാപിയായി തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസം. പക്ഷേ, നീ എന്തിനാണ് ഈ കാട്ടിൽ വന്നു പ്രാർഥിക്കുന്നത്?"
"ഈശ്വരൻ എല്ലാം അറിയുന്നവനും എല്ലായിടത്തും ഒരു പോലെ നിറഞ്ഞു നിൽക്കുന്നവനുമാണ്. എന്നാൽ, ഞാനോ? ഞാൻ ദുർബലനാകയാൽ, എല്ലായിടത്തും ഒരുപോലെയല്ല. എനിക്ക് പ്രാർഥിക്കാൻ ഏകാഗ്രത കിട്ടാൻ വേണ്ടിയാണ് ഈ കാട്ടിലേക്കു വരുന്നത്"
"അങ്ങനെയെങ്കിൽ, ക്ഷേത്രം എന്തിനാണ് പണിതിരിക്കുന്നത്?"
"അതും ഭക്തരുടെ ശ്രദ്ധ പോകാതെ പ്രാർഥിക്കാനുള്ള പൊതു സ്ഥലമാണ്. എനിക്ക് അവിടെയും ശ്രദ്ധ കുറയുന്നതിനാൽ കാട് തന്നെയാണ് എന്റെ ദേവാലയം"
അവന്റെ മറുപടിയിൽ അപരിചിതനും ഗുരുജിയും സംതൃപ്തരായി.
ആശയം - പ്രാര്‍ത്ഥനാ വേളയില്‍ പൂര്‍ണമായ ഏകാഗ്രതയും ശ്രദ്ധയും ആവശ്യമാണ്. ഇക്കാലത്ത്, പല പ്രാര്‍ത്ഥനകളും ഒരു റിയാലിറ്റി ഷോ പോലെ അധ:പതിച്ചിരിക്കുന്നു. പ്രാര്‍ത്ഥനയില്‍ ബഹളങ്ങളുടെ ആവശ്യമില്ല. ആളുകള്‍ കൂടുന്തോറും ശ്രദ്ധ പതറാനുള്ള സാധ്യതയും കൂടുന്നു. ആയതിനാല്‍, ഓരോ വ്യക്തിയും അവര്‍ക്ക് കൂടുതല്‍ ഉഗ്രമായി പ്രാര്‍ത്ഥിക്കാനുള്ള ഇടം കണ്ടെത്തുമല്ലോ.
Comments