പറയേണ്ടത് പറയണം!
Malayalam eBooks for personality development, read online free stories!
പണ്ടുപണ്ട്, സിൽബാരിപുരംരാജ്യത്ത് മാൻ, കാട്ടുപന്നി, മയിൽ, കാട്ടുപോത്ത് എന്നിവയെ വേട്ടയാടാൻ പാടില്ലെന്ന് ശൂരപാണി രാജാവിന്റെ കല്പനയുണ്ടായിരുന്നു.
ചിന്തിക്കുക..
അക്കാലത്ത്, അവിടെയുള്ള ആശ്രമത്തിലെ ഗുരുജിയുടെ ശിഷ്യന്മാർ അല്പം പിശകായിരുന്നു. ഗുരുജിയുടെ ശ്രദ്ധ കുറഞ്ഞാൽ തെറ്റു ചെയ്യാൻ തക്കം പാർത്തിരിക്കും.
ഒരിക്കൽ, ഗുരുജിക്ക് ഒരാഴ്ച നടപ്പു യാത്രയുള്ള ദിക്കിലേക്ക് പോകണമായിരുന്നു. ആ ദിനങ്ങൾ ശിഷ്യന്മാർക്ക് അർമാദിക്കാൻ കിട്ടിയ സുവർണ്ണാവസരമായി.
നാലാം ദിവസം കാട്ടിലെ മാനിനെ വേട്ടയാടാൻ ശിഷ്യന്മാർ തീരുമാനിച്ചു. അവർ ഒരെണ്ണത്തിനെ വളയാൻ നോക്കിയെങ്കിലും വേട്ടയാടി പരിചയമില്ലാത്തതിനാൽ മാൻ കബളിപ്പിച്ച് ഓടിക്കൊണ്ടിരുന്നു. ശിഷ്യന്മാർ പിറകെയും. അങ്ങനെ ഓടിയോടി കാടിന്റെ അതിർത്തിഗ്രാമത്തിലെ കൊട്ടാരപണ്ഡിതന്റെ പറമ്പിൽ മാൻ പാഞ്ഞുകയറി ഒരു വലിയ കുഴിയിൽ വീണു.
ശിഷ്യന്മാർ മരവള്ളി കൊണ്ട് കുടുക്കുണ്ടാക്കി മാനിനെ കയറ്റാൻ നോക്കുന്നത് പണ്ഡിതന്റെ ശ്രദ്ധയിൽ പെട്ടു . അവരുടെ വസ്ത്രധാരണം നോക്കിയപ്പോൾത്തന്നെ ഗുരുജിയുടെ ശിഷ്യന്മാരെന്ന് പണ്ഡിതനു പിടികിട്ടി. ഏറെക്കാലമായി പണ്ഡിതന് ഗുരുജിയോട് നീരസമുണ്ടായിരുന്നതിനാൽ ശിഷ്യന്മാർ മാനിനെ പിടിച്ചു കൊണ്ടു പോകുന്നത് കാണാത്ത മട്ടിൽ നിൽക്കുകയാണു ചെയ്തത്.
മാത്രമല്ല, ഗുരുജിയെ ഒതുക്കാൻ ഇതു പറ്റിയ അവസരമെന്ന് പണ്ഡിതൻ കരുതുകയും ചെയ്തു. അദ്ദേഹം കൊട്ടാരത്തിൽ തക്ക സമയത്ത് ഈ വിവരം അറിയിക്കുകയും ചെയ്തു.
ഭടന്മാർ കുതിരപ്പുറത്ത് ചീറിപ്പാഞ്ഞ് ശിഷ്യന്മാർക്കു പിറകെയെത്തി. അപ്പോൾ, അവരാകട്ടെ, കാട്ടിലെ ഗുഹയിൽ മാനിറച്ചി പാകം ചെയ്യുകയായിരുന്നു. അവരെ കയ്യോടെ പിടികൂടി കൊട്ടാരത്തിലെത്തിച്ചു.
രാജാവ് ശിഷ്യന്മാരെ വിസ്തരിക്കാൻ തുടങ്ങി. ശിഷ്യന്മാർ നിലവിളിച്ചു -
"അങ്ങ് ഞങ്ങളോടു മാപ്പാക്കിയാലും. മാനിനെ വേട്ടയാടരുതെന്ന് ഇപ്പോഴാണ് അറിയുന്നത് "
അപ്പോൾ സാക്ഷിയായി പണ്ഡിതൻ രംഗത്തു വന്നു -
"രാജാവേ, ആശ്രമത്തിലെ ഗുരുജിയുടെ കഴിവുകേടും അനാസ്ഥയും ഈ ശിഷ്യന്മാരെ ദുഷിക്കാൻ ഇടയാക്കി. ഇങ്ങനെയൊരു ആശ്രമത്തിന്റെ ആവശ്യം ഈ രാജ്യത്ത് വേണമോയെന്ന് അങ്ങ് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. മാത്രമല്ല, ഏറെ അറിവുള്ള ഗുരുജിയാണ് ശിഷ്യന്മാർക്ക് ഇത്തരം മുന്നറിവുകൾ പറഞ്ഞു കൊടുക്കേണ്ടത്"
ഗുരുജിക്ക് എട്ടിന്റെ പണി കൊടുത്ത ഉന്മാദം പണ്ഡിതന്റെ മനസ്സിൽ തിരതല്ലി.
രാജാവ് കുറച്ചു നേരം ആലോചനയിൽ മുഴുകി. ശേഷം, വിധി കൽപിച്ചു -
"ആരവിടെ! ഈ ശിഷ്യന്മാർക്ക് ഓരോ ചാട്ടവാറടി കൊടുത്ത് പറഞ്ഞു വിടുക. ഈ പണ്ഡിതന് പത്തു ചാട്ടവാറടിയും കൊടുക്കുക!"
പണ്ഡിതൻ ഞെട്ടിത്തരിച്ചു!
"രാജാവേ, ഞാൻ ഈ രാജ്യത്തെ പ്രസിദ്ധനായ പണ്ഡിതനാണ്. ശിഷ്യന്മാരെ അഴിച്ചുവിട്ട് മൃഗവേട്ട നടത്തിയ ഗുരുജിയെയാണ് ശിക്ഷിക്കേണ്ടത്"
"ഹും. എനിക്ക് ഒട്ടും തെറ്റിയില്ല. ഗുരുജി യാത്ര പോയ സമയത്താണ് ശിഷ്യന്മാർ മാനിനെ കൊന്നത്. എന്നാൽ പണ്ഡിതനായ താങ്കൾക്ക് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാമായിരുന്നു. പക്ഷേ, താങ്കള്‍ ഗുരുജിയെ കുടുക്കാനായി മിണ്ടിയില്ല. കൂടുതൽ അറിവുള്ളവർ ചെയ്യുന്ന തെറ്റിന് ഗുരുതര സ്വഭാവമാണ്!"
പണ്ഡിതന്റെ കണ്ണിൽ ഇരുട്ടു കയറി!
ഉന്നത വിദ്യാഭ്യാസത്തിലൂടെ അറിവു നേടുന്നവർക്ക് സമൂഹത്തോട് കൂടുതൽ ബാദ്ധ്യതയുണ്ട്. ആരെങ്കിലുമൊക്കെ ജീവിതത്തിന്‍റെ നാല്‍ക്കവലയില്‍ പോകേണ്ട ദിക്കറിയാതെ നട്ടം തിരിയുമ്പോള്‍ ഒരു കൈചൂണ്ടി ആകാനെങ്കിലും കഴിയണം. അതായത്, അവർ തെറ്റുകൾ അറിഞ്ഞുചെയ്യുന്നതും മറ്റുള്ളവർക്ക് മാർഗനിർദേശം കൊടുക്കാത്തതും സ്വയം കണ്ണടച്ച് നിസംഗത പാലിക്കുന്നതും ഗുരുതര പിഴവാണെന്ന് ഓർമ്മിക്കുമല്ലോ.
Comments