വാക്യത്തിൽ പ്രയോഗിക്കുക (comedy, jokes)

ഇപ്പോൾ വിദ്യാർഥികൾക്കു സഹായമാകുന്ന 105 വാക്യത്തിൽ പ്രയോഗം മറ്റൊരു പേജിൽ ലഭ്യമാണ്-https://www.malayalamplus.com/2022/04/blog-post.html

തമാശയുള്ള പ്രയോഗങ്ങൾ മാത്രമായി ചിലത് താഴെ കൊടുത്തിരിക്കുന്നു-

ഉണ്ണിക്കുട്ടന്‍ ക്ലാസ്സിലെ ഒന്നാന്തരം ഉഴപ്പനായിരുന്നു. വാക്യത്തിൽ പ്രയോഗിക്കാൻ നൽകിയ വാക്കുകൾക്ക് അവന്റെ ഉത്തരങ്ങള്‍ ദാ...ഇങ്ങനെ...

നാലരക്കോടി -
നാലേമുക്കാലിനുള്ള ബസ്സ് കിട്ടാനായി ഞാൻ നാലരക്കോടി.

സിംഹാസനം-
അഭ്യാസിയായ സിംഹം, സര്‍ക്കസ് കൂടാരത്തിലെ തീവളയത്തിലൂടെ ചാടിയപ്പോള്‍ സിംഹാസനം പൊള്ളി.

കാട്ടാന-
നാലുപേര്‍കൂടി എന്നെ വളഞ്ഞിട്ടു തല്ലിയപ്പോള്‍ ഞാനെന്തു കാട്ടാനാ?

ഉത്തരം മുട്ടുക-
വീടിന്റെ പൊട്ടിയ ഓടുമാറ്റി ഇറങ്ങിയപ്പോള്‍ എന്റെ തലയില്‍ ഉത്തരം മുട്ടി.

ഇനിമേല്‍-
ഊണുകഴിക്കാന്‍ വിളിച്ചപ്പോള്‍ അച്ഛൻ പറഞ്ഞു- ഇനിമേല്‍ കഴുകിയിട്ട് വരാമെന്ന്.

തട്ടിമുട്ടി ജീവിക്കുക-
ശശി തിരക്കേറിയ ബസിലെ കണ്ടക്ടറായതിനാല്‍ തട്ടിമുട്ടി ജീവിച്ചുപോന്നു.

വിമ്മിഷ്ടം -
പതിവായി സര്‍ഫ് സോപ്പ് ഉപയോഗിച്ച് മടുത്ത അമ്മയ്ക്ക് അച്ഛൻ ഇന്നലെ വാങ്ങിക്കൊണ്ടുവന്ന വിമ്മിഷ്ടമായി.

മതികെട്ടാന്‍-
അതിര്‍ത്തിത്തര്‍ക്കം ഉള്ളതിനാല്‍ മതില്‍ പണിയുന്നവരോട് അമ്മ പറഞ്ഞു- മതികെട്ടാന്‍ വരട്ടെ.

എട്ടുംപൊട്ടും -
എട്ടുമുട്ടകൾ എന്റെ കയ്യില്‍നിന്നും തറയില്‍ വീണപ്പോള്‍ മനസ്സിലായി- എട്ടും പൊട്ടും!

നാലുകെട്ട്-
മൂന്നാമത്തെ ആളും സുമതിയെ ഉപേക്ഷിച്ചപ്പോള്‍ കണിയാന്‍ അവളോടു പറഞ്ഞു- നാലുകെട്ട്.

മുടന്തന്യായം-
കവലയില്‍ വച്ചു പിച്ചക്കാരനായ ഒരു മുടന്തന്‍ ന്യായം പറയുന്നതു ഞാന്‍ കേട്ടു.

പിടികിട്ടി-
ഇന്നലെ ശക്തമായ മഴയിലും കാറ്റിലും എന്റെ കുടയുടെ മേല്‍ഭാഗം പറന്നുപോയപ്പോള്‍ പിടികിട്ടി.

അടിച്ചേല്‍പ്പിച്ചു-
രാവിലെ എട്ടുമണിക്കു ശേഷവും ഉറങ്ങുകയായിരുന്ന എന്നെ അമ്മ അടിച്ചേല്‍പ്പിച്ചു.

മഹാബലി-
കള്ളന്‍ മതില്‍ ചാടിയത് പോലീസുകാരുടെ മഹാബലിഷ്ഠമായ കൈകളിലേക്കായിരുന്നു.

ആപാദചൂഡം-
ഇന്ദ്രചൂഡന്റെ ചേട്ടനായിരുന്നു ആപാദചൂഡന്‍.

ശബ്ദതാരാവലി-
തോട്ടി നീട്ടിപ്പിടിച്ചു ശബ്ദതാര മാങ്ങാ പറിക്കുമ്പോള്‍ അമ്മ പറഞ്ഞു- ശബ്ദതാരാവലി.

പ്രതികരണം-
കോടതിവരാന്തയില്‍ വാദിയുമായി വഴക്കിട്ടു പ്രതികരണം നോക്കി അടിച്ചു.

പൊട്ടിത്തെറി-
ആശുപത്രിയില്‍ ഡോക്ടറെ കണ്ടപ്പോള്‍ പൊട്ടി തെറി വിളിച്ചു.

ആന്ത്രനോവ്-
വയറുവേദനയുമായി ഞാന്‍ ആയുര്‍വേദ ഡോക്ടറെ കണ്ടപ്പോള്‍ ഒരു ആന്ത്രനോവിന്റെ കാര്യം പറഞ്ഞു. ആ റഷ്യക്കാരന്‍ ആരുവാ?

നാഴികക്കല്ല്-
ഞാന്‍ ചുമടുമായി പോയപ്പോള്‍ വഴിയില്‍ കണ്ട നാഴികക്കല്ലില്‍ ഇറക്കിവച്ചു വിശ്രമിച്ചു.

അക്കരപ്പച്ച-
റെയില്‍വേ ഗേറ്റില്‍ അക്കരപ്പച്ച തെളിഞ്ഞപ്പോള്‍ എന്റെ കാര്‍ മുന്നോട്ടു കുതിച്ചു.

ചാരപ്പണി -
കഴിഞ്ഞ പത്തുവര്‍ഷമായി ഞങ്ങളുടെ തെങ്ങുകളുടെ ചാരപ്പണികള്‍ ചെയ്യുന്നത് വാസുവാണ്.

പൊട്ടിച്ചിരിക്കുന്നു-
അച്ഛൻ അതിഥികള്‍ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന മിക്ചര്‍പായ്ക്കറ്റ് ഞാനറിയാതെ ചേച്ചി പൊട്ടിച്ചിരിക്കുന്നു.

കിംവദന്തി-
കവലയില്‍വച്ച് നാലഞ്ചുപേര്‍ ഒരു കിംവദന്തിയെ തല്ലിക്കൊന്നു മരത്തില്‍ കെട്ടിത്തൂക്കി.

അഴിമതി -
വീടുപണിയുമ്പോൾ സിറ്റൗട്ടിൽ ജനലിനു പകരം അഴിമതി എന്ന് അമ്മ പറഞ്ഞു.

സദാചാരം-
വീട്ടിലെ അടുപ്പിൽ നിന്നും അമ്മ സദാചാരം വാരുന്നത് ഞാന്‍ കാണാറുണ്ട്.

മഹാനായ-
അടുത്ത വീട്ടിലെ ജിമ്മിപ്പട്ടി ആറ്റില്‍ വീണ ബാഗ് കടിച്ചുനീന്തി തിരികെ എത്തിച്ചപ്പോള്‍മുതല്‍ മഹാനായ എന്നറിയപ്പെട്ടു.

വട്ടം കറക്കുക-
സ്കൂളിലെ മാവിനു ചുറ്റും ശശി എന്നെ വട്ടം കറക്കുക പതിവാണ്.

ജീവിക്കുക-
ജീ വിക്കുകയാണെങ്കില്‍ അല്പം വെള്ളം കുടിക്കട്ടെ.

ഊട്ടിയുറപ്പിക്കുക-
ടൂര്‍ പോകാന്‍ മൈസൂര്‍ വേണോ ഊട്ടി വേണോ എന്നു കുഴങ്ങിയപ്പോള്‍ ടീച്ചര്‍ ഊട്ടിയുറപ്പിച്ചു.

മോടി കൂട്ടുക-
ഡീസലിന്റെ വില മോടി കൂട്ടുക പതിവാണ്.

ആരോപണം-
ആരോപണം മോഷ്ടിച്ചതിനാല്‍ ഞാന്‍ സാധനങ്ങള്‍ വാങ്ങാതെ തിരികെ വീട്ടിലേക്കു നടന്നു.

നാടുനീങ്ങുക-
പണ്ടുകാലത്ത്, പട്ടിണി കാരണം ആളുകള്‍ മലബാറിലേക്ക് നാടുനീങ്ങുക പതിവായിരുന്നു.

തീ തിന്നുക-
അഗ്നിപര്‍വതം പൊട്ടി പ്രദേശങ്ങളെല്ലാം തീ തിന്നുന്നത് സാധാരണമാണ്.

തീപ്പെട്ടു -
കാട്ടു തീയില്‍പ്പെട്ടു മൃഗങ്ങളും വനങ്ങളും നശിച്ചു.

This is from my Malayalam digital books-329 about happy school students comedy sentence making during examination. question papers and answer sheet jokes.

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍