നായയുടെ നന്ദി! (Dog's gratitude)

Welcome to my Malayalam eBooks conversion to online free reading! 

This story explains the need of thanksgiving, virtues, gratitude, obligation and indebted mind for personality development.


ഒരു കാലത്ത്, സിൽബാരിപുരംദേശത്ത് പൊതുവേ നന്ദിയും കടപ്പാടുമൊന്നുമില്ലാത്ത ദുഷ്ടരായ സമൂഹമായിരുന്നു ജീവിച്ചിരുന്നത്. അസൂയയും ഏഷണിയും പല്ലുകടിയും അസംതൃപ്തിയും കൊണ്ട് പരസ്പരം ശല്യപ്പെടുത്തുന്ന ശൈലിയായിരുന്നു അവരുടേത്. വിരലിലെണ്ണാൻ മാത്രമേ നല്ല മനുഷ്യരുണ്ടായിരുന്നുള്ളൂ.

അവിടെ, ഒരു സാധുവായ എഴുത്താശാൻ ജീവിച്ചിരുന്നു. അദ്ദേഹം അവിവാഹിതനാണ്. പാതയോരത്ത് ഒറ്റ മുറിയുള്ള കൊച്ചുകുടിലിലായിരുന്നു ജീവിതം.

ഒരു ദിവസം - രാവിലെ മുതൽക്കേ നല്ല മഴ തുടങ്ങിയിരുന്നു. ആശാൻ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു. അപ്പോൾ വാതിൽക്കൽ ഒരാൾ നനഞ്ഞൊലിച്ച് ആശാനെ വിളിച്ചു.

ആ വഴിയാത്രക്കാരനെ അദ്ദേഹം വിളിച്ചു കയറ്റി സന്തോഷത്തോടെ കട്ടിലിൽ ഇരിക്കാൻ അനുവാദം കൊടുത്തു -

"ആരുമില്ലാത്ത എനിക്ക് കുറെ നേരം മിണ്ടാനും പറയാനും ഒരു കൂട്ടായല്ലോ"

കുറച്ചു കഴിഞ്ഞ് മറ്റൊരാൾ മഴയത്ത് ഓടിക്കയറി. അയാളെ ആശാൻ അകത്തേക്കു വിളിച്ചപ്പോൾ ഒന്നാമൻ പറഞ്ഞു -

"കട്ടിലിൽ ഇനി ഇടമില്ലല്ലോ "

ആശാൻ പറഞ്ഞു -

"കിടക്കാൻ പറ്റില്ലന്നേയുള്ളൂ. ഇരിക്കാമല്ലോ "

കുറച്ചു നേരം കഴിഞ്ഞപ്പോൾ വേറൊരുവൻ അഭയം ചോദിച്ചു. അപ്പോൾ മറ്റു രണ്ടു പേർ ആശാനോടു പറഞ്ഞു -

"ഇനി കട്ടിലിൽ ഇരിക്കാനും ഇടമില്ല"

അപ്പോഴും ആശാൻ ആഗതനെ നിരാശപ്പെടുത്തിയില്ല -

"സാരമില്ല, അയാൾ മുറിയിൽ നിൽക്കട്ടെ"

കുറച്ചു സമയം പിന്നിട്ടപ്പോൾ ഒരു നായ കുടിലിനു മുന്നിൽ തണുത്തു വിറച്ച് നിൽക്കുന്നുണ്ടായിരുന്നു. ആശാന് മനസ്സലിഞ്ഞു. അതിനെ കൈകാട്ടി വിളിച്ചപ്പോൾ മറ്റുള്ളവർ പിറുപിറുത്തു -

"പട്ടിക്ക് മഴ നനഞ്ഞാലും കുഴപ്പമില്ല"

നായ മടിച്ചുമടിച്ച് മുറിയുടെ അകത്തേക്കു കയറി നിന്നു വാലാട്ടി.

വൈകാതെ, ഒരു വഴിപോക്കൻ കൂടി കുടിലിനു മുന്നിലേക്കു വന്നു!

അപ്പോൾ എല്ലാവരും കൂടി ഒന്നിച്ചു പറഞ്ഞു -

"ഇനി ഇവിടെ നിൽക്കാൻ പോലും ഇടമില്ല"

ഇത്തവണ ആശാനും എതിരായി ഒന്നും പറയാനില്ലായിരുന്നു -

"ശരിയാണ്, താങ്കൾ ക്ഷമിക്കുക. ഈ മുറിയിൽ സ്ഥലമില്ലല്ലോ. ഏതെങ്കിലും മരച്ചുവട്ടിൽ നിന്നോളൂ "

പെട്ടെന്ന്, നായ വളഞ്ഞു കൂടി പൊക്കം കുറഞ്ഞ കട്ടിലിനടിയിലേക്ക് നുഴഞ്ഞു കയറി!

അത്ഭുതത്തോടെ, ആശാന്‍ പുറത്തു നിന്നവനോടു പറഞ്ഞു -

"അകത്തേക്കു കയറിക്കൊള്ളൂ. ഒരാൾ താങ്കൾക്കു വേണ്ടി സഹകരിച്ചു!"

"ആരാണത്?"

അപരിചിതൻ നന്ദി പറയാൻവേണ്ടി ആശാനോടു ചോദിച്ചു.

"താങ്കൾക്കു വേണ്ടി കട്ടിലിന്റെ അടിയിലേക്കു പോയ നായ!"

ഉടൻ, അയാൾ പറഞ്ഞു -

"ഓ... ഈ പട്ടിയായിരുന്നോ. അവറ്റകൾക്ക് എവിടെയും വളഞ്ഞുകൂടി കിടക്കാമല്ലോ "

മഴ കുറഞ്ഞപ്പോൾ ആശാൻ അവരോടു പറഞ്ഞു-

"നിങ്ങൾ എല്ലാവരും സ്വാർഥമായി ജീവിക്കുന്നവരാണ്. ഓരോ ആളും മഴ നനയാതെ രക്ഷപ്പെട്ടയുടൻ സ്വന്തം സുഖം നോക്കി മറ്റുള്ളവരെ ഒഴിവാക്കാൻ നോക്കി. എന്നാൽ, എവിടെ നിന്നോ വന്ന ഒരു നായയ്ക്കു മാത്രമേ നന്ദിയുണ്ടായിരുന്നുള്ളൂ! ആ സാധുമൃഗം അവസാന ആളിനു വേണ്ടി അറിഞ്ഞോ അറിയാതെയോ സ്ഥലമുണ്ടാക്കിത്തന്നത് മനസ്സിലായോ? ചാറ്റൽമഴയേ ഇപ്പോഴുള്ളൂ. നിങ്ങൾ മനുഷ്യർക്കു പോകാം!"

ഇതു കേട്ടിട്ടും പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ അവർ ധൃതിയിൽ നടന്നു പോയി. അന്നു മുതൽ ആ നായയാകട്ടെ, ആശാന്റെ കുടിലിൽ സ്ഥിരതാമസവുമായി.

ആശയം - (story of dog's gratitude)-ഒരിക്കല്‍ തടിപ്പാലത്തിലൂടെ അക്കരെയെത്തിയാല്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കാനായി ആ പാലം വലിച്ചു മാറ്റുന്ന രീതികള്‍ നമുക്കു ചുറ്റുമുണ്ട്. കടന്നുവന്ന വഴിത്താരകളെ മറവി ബാധിച്ച്, ഒരേ ദുരവസ്ഥയിലൂടെ കടന്നുപോകുന്നവരെ പോലും മനുഷ്യർ അവഗണിക്കുന്നു. പലപ്പോഴും മനുഷ്യന്‍ മൃഗത്തേക്കാള്‍ അധ:പതിക്കുന്ന കാഴ്ച എത്ര ശോചനീയം!

"വന്ന വഴി മറക്കരുത്" (പഴമൊഴി)

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍