എഡിസൺ ബൾബ് (Edison's bulb)

എഡിസൺ തന്റെ പരീക്ഷണശാലയിൽനിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി.

അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അത് പ്രവർത്തിപ്പിക്കാനുള്ള ഒരുക്കത്തിനായി ആ ബൾബ് തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. നിര്‍ഭാഗ്യത്തിന്, അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടി!

എഡിസണ്‍ കോപിക്കുമെന്നു ഭയന്ന് എല്ലാവരും നിശബ്ദരായി. ബള്‍ബ്‌ പൊട്ടിച്ച ആള്‍ പേടിച്ചു വിറച്ചു! 

എന്നാല്‍, ഒന്നും സംഭവിച്ചില്ല. നിരാശയോടെ എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു-

"ഇത് വീണ്ടും ഉണ്ടാക്കാന്‍ ഒരുദിവസം വേണ്ടിവരും. അതിനാൽ നാളെ വൈകിട്ട്  പ്രദർശനം ഉണ്ടായിരിക്കും"

പിന്നീട്, അദ്ദേഹം പരീക്ഷണശാലയിലേക്ക് പോയി.

പിറ്റേ ദിവസം, എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി. അദ്ദേഹം ചുറ്റും നോക്കി. അപ്പോള്‍, തന്റെ അസിസ്റ്റൻറ് ദൂരെ മാറി നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു. എല്ലാവരും ആകാംക്ഷയോടെ നോക്കിയപ്പോള്‍ ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അത് വിജയകരമായി പ്രദർശിപ്പിച്ചു.

 പിന്നീട്, ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചു-

"ഒരിക്കല്‍ താഴെയിട്ട അയാളുടെ കയ്യിലേക്ക് ബള്‍ബ് കൊടുക്കാന്‍ താങ്കള്‍ക്ക് എങ്ങനെ ധൈര്യം വന്നു?"

മറുപടിയായി എഡിസൺ പറഞ്ഞു-

"ഇനി ഒരിക്കൽ കൂടി ഇത് തകർന്നാലും ഇരുപത്തിനാല് മണിക്കൂര്‍ എടുത്ത് എനിക്കിത് പുനർനിർമ്മിക്കാം. എന്നാൽ, അയാളുടെ ആത്മവിശ്വാസം നഷ്ടമായാൽ ഇരുപത്തിനാല് വർഷമെടുത്താലും ചിലപ്പോൾ തിരികെ നൽകാൻ സാധിച്ചെന്ന് വരില്ല"

ബള്‍ബിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് മറ്റൊരു മഹത്തായ കാര്യവും അദ്ദേഹം പറഞ്ഞിരുന്നു. എഡിസന്റെ ആയിരത്തോളം പരീക്ഷണ നിരീക്ഷണ പരാജയങ്ങള്‍ക്കു ശേഷമാണു ലോകത്തെ ആദ്യ വൈദ്യുത ബള്‍ബിന്റെ വിജയം നേടാനായത്. ആളുകള്‍ ആ പരാജയങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു-

“വൈദ്യുത ബള്‍ബ് ഉണ്ടാക്കാന്‍ പറ്റാത്ത ആയിരത്തോളം വഴികള്‍ ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു!”

എന്നാല്‍, ബള്‍ബിന്റെ ഫിലമെന്റ്റ് കൂടുതല്‍ നേരം കത്തിനില്‍ക്കുന്നതിനായി   ഏകദേശം ആയിരം വസ്തുക്കള്‍ പരീക്ഷിച്ചു! പച്ചക്കറിത്തണ്ട് പോലും നോക്കിയെന്ന് എഡിസണ്‍ പ്രസ്താവിച്ചിട്ടുണ്ട്!

ആദ്യ വൈദ്യുത ബള്‍ബ് ഉണ്ടാക്കിയത് ഹംഫ്രി ഡേവി ആയിരുന്നുവെങ്കിലും അത് അല്‍പനേരം മാത്രം കത്തിയ പ്രായോഗികമല്ലാത്ത ഒന്നായിരുന്നു. പിന്നീട്, ജോസഫ്‌ സ്വാന്‍ എന്നൊരു ബ്രിട്ടിഷുകാരന്‍ ബള്‍ബ് ഉണ്ടാക്കി. അല്പം കഴിഞ്ഞ് എഡിസണ്‍ ഉണ്ടാക്കി. പ്രധാന വ്യത്യാസം, എഡിസണ്‍ തന്റെ ബള്‍ബിനുള്ളില്‍ കാര്‍ബണ്‍ ഫിലമെന്റ്റ് കൂടുതല്‍ നേരം കത്തിനില്‍ക്കുന്ന വാക്വം സൃഷ്ടിച്ചപ്പോള്‍, സ്വാന് പൂര്‍ണമായി അതിനു കഴിഞ്ഞില്ല. എങ്കിലും, ബ്രിട്ടിഷ് കോടതിയില്‍ എഡിസണ്‍ തോറ്റു. പിന്നീട്, എഡിസണും സ്വാനും ഒരുമിച്ച് എഡിസ്വാന്‍കമ്പനി തുടങ്ങി. അത് പിന്നീട് ജനറല്‍ ഇലക്ട്രിക്‌ (ജി.ഇ) എന്ന പേരില്‍ പരിണമിച്ചു പ്രശസ്തമായി. ഇപ്പോള്‍, നിങ്ങള്‍ക്ക് ഒരു സംശയം തോന്നാന്‍ ഇടയുണ്ട്- ഇങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് വൈദ്യുത ബള്‍ബിന്റെ പിതാവായി എഡിസണ്‍ അറിയപ്പെടുന്നത്?

വ്യാവസായിക അടിസ്ഥാനത്തില്‍ മനുഷ്യരാശിക്കു പ്രയോജനപ്പെട്ട ബള്‍ബിന്റെ ആദ്യ അവകാശി അദ്ദേഹം തന്നെ!         

ആശയം-

ഇക്കാലത്ത്, മേലധികാരികള്‍ ജോലിസ്ഥലത്ത് കീഴ്ജീവനക്കാരെ തരംതാഴ്ത്തി പറയുന്നതു പതിവായിട്ടുണ്ട്. ശമ്പളവും ആനുകൂല്യങ്ങളും കൂടുതല്‍ ചോദിക്കാതിരിക്കാനും അധികാരം കാണിക്കാനും മറ്റും ഇങ്ങനെ ചെയ്യുമ്പോള്‍ ജോലിക്കാരന്റെ മനോവീര്യം പോകുമെന്ന് മഹാനായ എഡിസണ്‍ സൂചിപ്പിച്ചത് ഓര്‍ക്കുമല്ലോ.

പരാജയങ്ങളെ വിജയങ്ങളായി കാണുന്ന പോസിറ്റീവ് മൈന്‍ഡ് അദ്ദേഹം ഇവിടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

This is a motivational story of Thomas Alva Edison and his inventions, first ever bulb based on my Malyalam ebooks-330

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍