How to be a good student?

15 SUPER TIPS for students from Malayalam EBOOKS. Read online now!
ഏറ്റവും മികച്ച വിദ്യാർത്ഥിയാകാനുള്ള 15 വഴികൾ

1. ടി.വി. സീരിയലുകൾ ഒഴിവാക്കുക. ശിഥിലമാകുന്ന കുടുംബങ്ങളും അപഥ സഞ്ചാരങ്ങളും ചതികളും പരദൂഷണങ്ങളും നിറഞ്ഞ കുടുംബചിത്രം കുട്ടികളിൽ പതിയും. കുടുംബം ഏതാണ്ട് ഇതുപോലെയെന്ന് തെറ്റിദ്ധരിക്കപ്പെടും.

2. ഏഴേകാല്‍ മണിക്കൂര്‍ കുട്ടികൾ ഉറങ്ങണം. പരീക്ഷയുടെ തലേ ദിവസം ഉറക്കമിളയ്ക്കരുത്. ഉറക്കത്തിലാണ് പഠിച്ച വസ്തുതകളെ ഓർമകളാക്കി അലമാരയിലെന്ന പോലെ അടുക്കി സൂക്ഷിക്കുന്നത്. മാതാപിതാക്കളും നേരത്തേ ഉറങ്ങാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ കുട്ടികളും അതിനൊപ്പിച്ച് എണീറ്റിരിക്കും.

3. ബേക്കറി, ഹോട്ടൽഭക്ഷണം ഒഴിവാക്കുക. യാത്രകളിൽ ഇതത്ര പ്രായോഗികമല്ലെങ്കിലും അത്യാവശ്യ സമയത്തല്ലാതെ ദുശ്ശീലവും കൊതിയും മൂലം കഴിക്കുന്നത് ഒഴിവാക്കാമല്ലോ.

4. കുട്ടികൾ പഴങ്ങളും പച്ചക്കറികളും കഴിക്കില്ലെന്ന് മാതാപിതാക്കൾ മിക്കപ്പോഴും പരാതിപ്പെടാറുണ്ട്. അതു കുറച്ചൊക്കെ പരിഹരിക്കാൻ ഒരു മാർഗ്ഗമിതാണ് - പഴം-പച്ചക്കറികൾ കൃഷി ചെയ്യുമ്പോൾ കുട്ടികളെ കൂടെ കൂട്ടുക. വിളവെടുക്കുമ്പോൾ എന്റെ മോൻ / മോൾ കൃഷി ചെയ്തതാണെന്ന് പലരോടും പറയുക. കുട്ടികളുടെ ആത്മാഭിമാനം ഉണർന്ന് പഴങ്ങളും പച്ചക്കറികളും ജീവിതത്തിന്റെ ഭാഗമായിക്കൊള്ളും.

5. വീട്ടിലെ ജോലികളിൽ മെല്ലെ പങ്കാളിയാക്കുക. അതേസമയം, അടിമപ്പണി പോലെ തോന്നിപ്പിക്കാതെ നോക്കണം. പെൺകുട്ടികളെ അടുക്കളപ്പണികൾ പഠിപ്പിക്കണം. ആദ്യം ഉള്ളിയും വെളുത്തുള്ളിയും പൊളിക്കുന്ന പോലെ ചെറിയ ടാസ്ക് കൊടുക്കുക. കഴിച്ച ശേഷമുള്ള പാത്രങ്ങൾ തനിയെ കഴുകട്ടെ.

6. യൂണിഫോം അയൺ ചെയ്യിക്കാം. തുണികൾ അലമാരയിൽ അടുക്കിവയ്പിക്കാം.

7. പുറത്തു നിന്നുള്ള ഫുഡ് പാക്കറ്റുകൾ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ വാങ്ങിക്കൊടുത്താൽ കുട്ടികളുടെ നാവിൽ കൃത്രിമ രുചികളോട് ആവേശമുണ്ടാകും. പിന്നീട്, നാടൻ രുചിയുള്ള വീട്ടു പലഹാരങ്ങളെ വെറുക്കും.

8. ദോശ, ഇഡ്ഢലി, പുട്ട്, ഇടിയപ്പം ഉപ്പുമാവ്, ഇലയട, ചപ്പാത്തി, കൊഴുക്കട്ട, അരിയുണ്ട, അവൽ, അവലോസുണ്ട, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട എന്നിങ്ങനെ നാടൻ പലഹാരങ്ങൾ കൊടുക്കുക.

9. രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. 'അത്താഴം അത്തിപ്പഴത്തോളം' എന്ന ചൊല്ല് ശ്രഡിക്കുക. രാത്രിയിൽ അല്പാഹാരം മതിയെന്നാണ്. 'അത്താഴമുണ്ടാൽ അരക്കാതം നടക്കണം' എന്നൊരു നാട്ടുപ്രയോഗം അർഥമാക്കുന്നത് നോക്കിയാൽ അതും ദഹനത്തെ സഹായിക്കാനെന്നു കാണാം.

10. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുമ്പോൾ ഏതാനും നിമിഷങ്ങൾ ദൈവത്തിനു നന്ദി പറയണം. കാരണം, ആ നിമിഷങ്ങളിൽ ലോകമെങ്ങും ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിൽ കഴിയുകയാണ്!

11. മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക. എന്നാൽ, തീൻമേശയിൽ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും വേണ്ട. കഴിക്കുന്നതിനിടയിൽ ഫോൺ അടുത്തു വേണ്ട.

12. കുട്ടികളെ മിതത്വം ശീലിപ്പിക്കണം. കുട്ടി ഒരു പെൻസിൽ ചോദിക്കുമ്പോൾ ഒരു ബോക്സ് പെൻസിലുകൾ കൊടുക്കുന്ന മാതാപിതാക്കൾ ഓർമ്മിക്കുക - അവിടെ പെൻസിലിന് യാതൊരു വിലയും കിട്ടാതെ മുന കൂർപ്പിച്ചും ക്ലാസിൽ എറിഞ്ഞു കളിച്ചും നശിപ്പിക്കും. മുന്തിയ സ്കൂളുകളിലെ മുറികളിൽ പെൻസിലുകളും പേനകളും നിലത്തു കിടക്കുന്നതു കാണാം. വീട്ടിൽ ചെന്ന് അടുത്തത് എടുക്കാമെന്ന ലാഘവബുദ്ധി കുട്ടികൾ ശീലിക്കും.

13. സ്വന്തം മുറി ,പഠന ഇടം എന്നിവ കുട്ടി സ്വയം വൃത്തിയാക്കട്ടെ.

14. സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.

15. മാതാപിതാക്കളുടെ പൂവണിയാത്ത സ്വപ്നങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപിക്കരുത്. അവരെ സ്വതന്ത്രമായി സ്വപ്നങ്ങൾ നെയ്യാൻ അനുവദിക്കണം. അതിനുള്ള മാർഗനിർദേശം കൊടുക്കാവുന്നതാണ്.

Comments