Best 10 Malayalam Motivational stories
Malayalam eBooks of best 10 inspiring stories are now available for 1 hour online reading.
1. നല്ല ശിഷ്യൻ
സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും.
രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി-
"കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാജ്യം വിട്ടു പോകണം? അങ്ങയുടെ എത്രയോ മിടുക്കരായ ശിഷ്യന്മാർ ഈ ലോകമെങ്ങും ജോലി ചെയ്യുന്നു. എല്ലാ ശിഷ്യന്മാരും ഒരുപോലെയാകുമോ? രാജാവിന്റെ വിവരക്കേടിന് നമ്മുടെ ആശ്രമം എന്തു പിഴച്ചു?"
"എങ്കിൽ നല്ലതുപോലെ നോക്കിയിട്ട് ഒരു ശിഷ്യനെ, തെരഞ്ഞെടുത്ത് വിദ്യ കൊടുക്കാം "
ഗുരുജി അതിനായി തയ്യാറെടുത്തു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും രാജാവിന്റെയും മന്ത്രിയുടെയും മക്കൾക്ക് ഗുരുകുല വിദ്യാഭ്യാസം കൊടുക്കേണ്ട സമയമായി. വീരമണിയുടെ അടുക്കലേക്കു തന്നെ കുട്ടികളെ വിടാൻ കൊട്ടാരത്തിൽ നിന്ന് തീരുമാനമായി. കുട്ടികൾ അടുത്ത ചിങ്ങമാസം തുടങ്ങിയപ്പോൾ ഗുരുകുലത്തിൽ ചെന്നെങ്കിലും അവരെയെല്ലാം ഗുരുജി മടക്കി അയച്ചു! ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെ രാജകുടുംബാംഗങ്ങൾക്ക് പ്രവേശനം നിഷേധിച്ചത്!
ഇതിൽ രാജാവ് കലിപൂണ്ടു. ഉടൻതന്നെ, രാജാവും മന്ത്രിയും കുതിരപ്പുറത്ത് ആശ്രമത്തിലെത്തി. അവിടെ നോക്കിയപ്പോള്‍ ശങ്കുണ്ണി എന്നൊരു കുട്ടിയെ മാത്രമേ പുതിയ ശിഷ്യനായി വീരമണി സ്വീകരിച്ചിട്ടുള്ളൂ. രാജാവ് വീരമണിയോട് വിശദീകരണം ആവശ്യപ്പെട്ടു. വീരമണി ഒട്ടും മടിക്കാതെ പറഞ്ഞു തുടങ്ങി- "ഇത്തവണ എന്റെ പരീക്ഷകളിൽ തൃപ്തികരമായി വിജയിച്ചത് ഈ ശങ്കുണ്ണി മാത്രമാണ് "
"എന്തു പരീക്ഷ?"
മന്ത്രിക്കും ഇതു രസിച്ചില്ല.
വീരമണി: "ഇവിടെ ചേരാൻ പല കുട്ടികൾ വന്നിരുന്നു.
ആശ്രമത്തിലേക്കുള്ള നടപ്പാതയിലൂടെ ഒരു വൃദ്ധ വിറകുകെട്ടും ചുമന്നുകൊണ്ടു വരാൻ ഞാൻ ഏർപ്പാടാക്കിയിരുന്നു. ഇങ്ങോട്ടുള്ള പല കുട്ടികളും ഒന്നു സഹായിക്കാതെ കടന്നു പോയി. അവരെ ഞാൻ ശിഷ്യരാക്കിയില്ല"
മന്ത്രി: "ആരും സഹായിച്ചില്ലേ?"
വീരമണി: "ഏതാനും കുട്ടികൾ സഹായിച്ചു. പക്ഷേ, അടുത്ത ഘട്ടത്തിൽ പിന്നെയും കുറച്ചു പേർ തോറ്റു "
"അതെന്തായിരുന്നു?"
വീരമണി: "വൃദ്ധയെ സഹായിച്ച ചിലർ വന്നപ്പോൾ ആശ്രമത്തിന്റെ ഉമ്മറത്ത് എന്റെ അമ്മ ഇരിപ്പുണ്ടായിരുന്നു. അമ്മ കുട്ടികൾക്ക് വാഴപ്പഴം തിന്നാൻ കൊടുത്തു. തൊലി പൊളിച്ച് വായിലേക്ക് വച്ചു തിന്ന എല്ലാവരെയും ഞാൻ തിരിച്ചയച്ചു”
"അതിലെന്താ തെറ്റ്?"
വീരമണി: "പഴം തിന്നാൻ തുടങ്ങുമ്പോൾ പകുതി ഒടിച്ചു വേണം കഴിക്കാൻ, അങ്ങനെയെങ്കിൽ, മറ്റൊരാൾ ആവശ്യപ്പെട്ടാൽ പകുതി കൊടുക്കാമല്ലോ"
"അതിൽ എത്ര പേർ വിജയിച്ചു?"
വീരമണി: "ഏതാനും കുട്ടികൾ അതിലും ജയിച്ചു. പിന്നീട്, അവരോടു നാളത്തെ പൂജയ്ക്കുള്ള കുറച്ചു പൂക്കള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ മിക്കവാറും കുട്ടികളും പൂക്കള്‍ കൊണ്ടുവന്നു. പക്ഷേ, നാലു കുട്ടികള്‍ പൂമൊട്ടുകള്‍ സമര്‍പ്പിച്ചു"
"എന്താ അതിന്റെ പ്രത്യേകത?"
വീരമണി: "ബുദ്ധിയുള്ള കുട്ടികള്‍ കൊടുത്ത പൂമൊട്ടുകള്‍ അടുത്ത ദിവസം പൂജാ സമയത്ത് വിടരുമ്പോള്‍ മറ്റുള്ളവരുടെ പൂക്കള്‍ വാടിപ്പോകുകയും ചെയ്യുമല്ലോ. അതില്‍ ജയിച്ച നാലുപേര്‍ അവശേഷിച്ചു"
"എന്നിട്ട്?”
മന്ത്രിക്ക് ആകാംക്ഷയായി.
വീരമണി: "അപ്പോൾ, അമ്മ തിണ്ണയില്‍ നാലു മൂര്‍ച്ചയുള്ള കത്തികള്‍ വച്ചിരുന്നത് എടുത്തു തരാൻ അവരോടു പറഞ്ഞു. പക്ഷേ, അതിൽ ഒരു കുട്ടി മാത്രമാണ് വായ്ത്തലയിൽ പിടിച്ചുകൊണ്ട് പിടിയുള്ള ഭാഗം അമ്മയ്ക്കു നീട്ടിയത്!"
രാജാവ് പറഞ്ഞു -
"ആ കുട്ടികൾ അമ്മ പറഞ്ഞത് അനുസരിച്ചല്ലോ. പിന്നെന്താണ് പ്രശ്നം?"
വീരമണി പറഞ്ഞു -
"മറ്റുള്ളവരെ മുറിവേല്പിക്കാതെ കത്തി കൊടുത്ത് കരുതൽ കാണിച്ച മനസ്സ് ഈ നിൽക്കുന്ന ശങ്കുണ്ണി മാത്രമാണ് കാട്ടിയത്"
കാര്യം ഗ്രഹിച്ചു രാജാവും മന്ത്രിയും ക്ഷമാപണം നടത്തി അവിടം വിട്ടു.
ആശയം -
മറ്റുള്ളവരെ കരുതുന്ന നിസ്വാര്‍ത്ഥത സൂചിപ്പിക്കുന്ന കഥയാണിത്. പണ്ടത്തെ, ഗുരുകുല സമ്പ്രദായം മികച്ച വിദ്യാഭ്യാസ രീതിയായിരുന്നു. യോഗയും അവിടെ ഒരു വിഷയമായി കുട്ടികള്‍ പഠിച്ചിരുന്നു. ഇക്കാലത്ത്, നാടന്‍സമ്പ്രദായങ്ങളും പഴമയുടെ നന്മകളും മലയാളഭാഷയും മറക്കാന്‍ ശ്രമിക്കുമ്പോള്‍ അധ്യാപക-വിദ്യാര്‍ഥി ബന്ധങ്ങള്‍ ശിഥിലങ്ങളാവുന്നു!
2. അവലോകനം (An Inspirational story)
ഒരിക്കൽ, ജോണിക്കുട്ടി ബന്ധുവിന്റെ വീട്ടിൽ ഒരു സൗഹൃദ സന്ദർശനം നടത്തി. ആ വീട്ടിലെ കസിന്റെ മകൾ ബി.എസ്.സി നഴ്സിങ്ങിനു നാലാം വർഷം പഠിക്കുകയാണ്.
അവൾ വൈകുന്നേരം ക്ലാസ് വിട്ടു വന്ന സമയത്ത് ജോണിക്കുട്ടി കുശലാന്വേഷണം നടത്തി. ആ പെൺകുട്ടിക്ക് പൊക്കം തീരെ കുറവാണ്. വല്ലാതെ മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതി.
"കോഴ്സ് കഴിയാറായി അല്ലേ? ഇനിയെന്താ പ്ലാൻ? മോളെന്താ ഇവിടെ ഗവൺമെന്റ് സർവീസിൽ കയറാൻ നോക്കുന്നുണ്ടോ?"
ഉടൻ, അവളുടെ അമ്മയാണ് മറുപടി പറഞ്ഞത് -
"ഓ.. ആർക്കു വേണം ഇവിടത്തെ ജോലി? അവൾക്ക് യു.എസിൽ പോകണമെന്നാണു താൽപര്യം "
അപ്പോൾ, ജോണിക്കുട്ടി അല്പനേരം ആലോചിച്ച ശേഷം പറഞ്ഞു -
"അമേരിക്കക്കാരൊക്കെ വലിപ്പമുള്ള ആളുകളാ, ആ പേഷ്യന്റ്സിനെ കൈകാര്യം ചെയ്യണമെങ്കിൽ ഇങ്ങനെയിരുന്നാൽ പോരാ. നല്ലതുപോലെ ഭക്ഷണം കഴിക്കണം, കേട്ടോ " അവൾ പറഞ്ഞു- "അങ്കിളേ, നല്ലതുപോലെയൊക്കെ കഴിക്കുന്നുണ്ട്, പക്ഷേ, ഞാൻ വണ്ണം വയ്ക്കുന്ന ടൈപ്പല്ല "
"എങ്കിൽ, ഒരു കാര്യം ചെയ്യ്. പ്രാക്ടീസിന് കുട്ടികളുടെ നഴ്സിങ് തെരഞ്ഞെടുത്താൽ മതിയല്ലോ. കൈകാര്യം ചെയ്യാൻ എളുപ്പമാണ്"
"എനിക്ക് കാർഡിയോളജി മതി, വേക്കൻസി കൂടുതലാണ്"
പെൺകുട്ടിയുടെ ഉറച്ച മറുപടി കേട്ടപ്പോൾ ജോണിക്കുട്ടി പിന്നൊന്നും പറഞ്ഞില്ല.
എന്നാൽ, ജോണിക്കുട്ടി പോയിക്കഴിഞ്ഞപ്പോൾ അപ്പനും അമ്മയും മകളും കൂടി മുറുമുറുത്തു.
മകൾ പറഞ്ഞു -
"നഴ്സിങ് പഠിച്ച എനിക്കാണോ, അതോ, അയാൾക്കാണോ ഇതിനെപ്പറ്റി അറിയാവുന്നത്?"
അവർ മൂവരും ജോണിക്കുട്ടിയെ പരിഹസിച്ചു തൃപ്തിയടഞ്ഞു. അവിടത്തെ പ്രായമായ വല്യമ്മയുടെ മനസ്സില്‍ ഒന്നും ഇരിക്കാതെ വേറൊരു ബന്ധുവിനോടു ഇതേപ്പറ്റി പറഞ്ഞത് നാലഞ്ചു ചെവികള്‍ കൈമാറി ജോണിക്കുട്ടിയുടെ ചെവിയിലെത്തി!
ഇനി ജോണിക്കുട്ടിയുടെ അറിവിനെപ്പറ്റി അല്പം -
ആറു മാസം മുൻപ്, അയാളുടെ സുഹൃത്തിന്റെ ഭാര്യ (നഴ്സ് ) യു.എസിൽനിന്ന് ഇരുപതു ദിവസത്തെ അവധിയെടുത്ത് നടുവേദനയുടെ ചികിൽസയ്ക്ക് നാട്ടിൽ വന്നിരുന്നു.
വർത്തമാനത്തിനിടയിൽ പറഞ്ഞത് -
"എന്റെ നടുവ് പ്രശ്നമാകുമെന്ന് കരുതിയില്ല. കാർഡിയാക് ഡിസീസ് വരുന്ന ഭൂരിഭാഗം ആളിനും അമിത വണ്ണമാണ്. അവരെ പിടിച്ചു കിടത്തുമ്പോൾ നടുവിന്റെ ആരോഗ്യം പോകും നമ്മൾ ഇന്ത്യാക്കാരുടെ വലിപ്പമല്ല അവർക്ക്. അവിടത്തെ വെളുമ്പന്മാരും കറുമ്പന്മാരും (സായിപ്പും നീഗ്രോയും) ഭയങ്കര സൈസാണ്"
"അങ്ങനെയെങ്കിൽ വേറെ ബ്രാഞ്ചിലേക്കു മാറാൻ പറ്റില്ലേ?"
"ഇല്ല. എക്സ്പീരിയൻസ് ഏതിലാണോ അതിലായിരിക്കും നിയമനം. ഞാൻ നഴ്സിങ്ങ് കോഴ്‌സ് കഴിഞ്ഞയുടൻ കാർഡിയോളജിയാണ് എടുത്തത്. ഓരോ വിങ്ങിലും അതിന്റെതായ കുഴപ്പങ്ങളുണ്ട്. ഓപറേഷൻ തിയറ്റർ നഴ്സായ എന്റെ ഫ്രണ്ടിന് ഡ്യൂട്ടിക്ക് ഒരേ നിൽപ്പുനിന്ന് വെരിക്കോസ് വെയിനാണ്!
എന്നാൽ, പീഡിയാട്രിക് റിസ്ക് കുറവാണ് പേഷ്യന്റ് പരാതിയും പറയില്ല, ഈസിയായി ഹാന്റിൽ ചെയ്യാൻ പറ്റും"
അനേകം വർഷങ്ങളായി ജോലി ചെയ്യുന്ന മേഖലയിൽ പ്രായോഗികമായി ധാരാളം അറിവുകൾ ലഭിക്കും. മനുഷ്യന്റെ അതിജീവനത്തിനായി നന്മകള്‍ എവിടെയും പ്രസരിപ്പിക്കുന്ന ചില സാധാരണക്കാരെ കാണുമ്പോള്‍ പരിഹസിക്കരുത്. അനുഭവങ്ങളിൽ നിന്നു ലഭിക്കുന്ന അറിവിനു വില കല്പിക്കുമല്ലോ.
3. സ്വത്ത് എത്ര വേണം? (Motivation story in Malayalam)
സിൽബാരിപുരംദേശത്തിലെ ഒരു ഗുരുകുലമാണ് രംഗം.
അവിടെ ആഴ്ചയിൽ ഒരിക്കൽ പൊതുജനങ്ങളുടെ സംശയ നിവൃത്തി വരുത്തുന്നതിനും ഉപദേശം നൽകുന്നതിനുമായി ഗുരുജി എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഒരിക്കൽ ഒരാൾ ചോദിച്ചു -
"ഗുരുജീ.. ഒരുവന് സമ്പത്ത് എത്ര വരെയാകാം? സമ്പാദിക്കുന്നത് ഒരു തെറ്റാണോ?"
ഗുരുജി പ്രതിവചിച്ചു -
"സമ്പാദിക്കുന്നത് ഒരു തെറ്റല്ല. പക്ഷേ അമിതമായും അന്യായ മാർഗത്തിലൂടെയും ഒരു വെള്ളിനാണയം പോലും ആരും സമ്പാദിക്കാൻ പാടില്ല"
അതിനു ശേഷം, ഗുരുജി എണീറ്റു പോയി. അവിടെ താമസിച്ചു പഠിക്കുന്ന കുട്ടികൾക്ക് മുട്ട കൊടുക്കുന്നതിനായി ധാരാളം കോഴികളെ വളർത്തുന്നുണ്ടായിരുന്നു. അദ്ദേഹം, അടുക്കളയിൽ നിന്ന് ഒരു ചെറിയ കുട്ടയുമായി നേരേ കോഴിക്കൂട്ടിലേക്ക് നടന്നു. ഏകദേശം ഇരുപതു മുട്ടയോളം കുട്ടയിൽ വച്ച് തിരികെ സദസ്സിലേക്കു വന്നു.
എന്നിട്ട്, സംശയം ചോദിച്ചയാളിനെ ഗുരുജി അടുത്തേക്കു വിളിച്ചു. കൈനീട്ടാൻ ആവശ്യപ്പെട്ടു. അയാളുടെ കയ്യിലേക്ക് മുട്ടകൾ ഓരോന്നായി കൊടുക്കാൻ തുടങ്ങി. അയാൾ ആദ്യമൊക്കെ മുട്ടകൾ ഇരുകയ്യും ചേർത്തു പിടിച്ചു ശേഖരിച്ചു. എന്നാൽ, ഗുരുജി ഒന്നും മിണ്ടാതെ കൊടുത്തു കൊണ്ടിരുന്നു.
അയാൾ മുട്ട താഴെപ്പോകാതിരിക്കാന്‍ വിഷമിച്ചു!
"ഗുരുജീ.. മതി..എനിക്കു പിടിക്കാനാവില്ല. ദയവായി നിർത്തൂ.."
എങ്കിലും, ഗുരുജി അതിനുമേൽ വച്ചുകൊണ്ടേയിരുന്നു. മുട്ട താഴെ വീഴാതിരിക്കാൻ വെപ്രാളപ്പെട്ടപ്പോൾ കയ്യിലെ പത്തിലധികം മുട്ടകളെല്ലാം ഒന്നിനു പിറകേ ഒന്നായി താഴെ വീണു പൊട്ടിച്ചിതറി!
അതിനു ശേഷം ഗുരുജി എല്ലാവരോടുമായി പറഞ്ഞു -
"സമ്പത്തു സമ്പാദിക്കുന്നതും ഇതുപോലെയാണ്. നമുക്കു വേണ്ടതു മാത്രമേ കയ്യിൽ ശേഖരിക്കാവൂ. കൂടുതൽ സമ്പത്താവുമ്പോൾ ആദ്യം ഇതെല്ലാം കൈവിട്ട് താഴെപ്പോകുമോ എന്നു പേടി തുടങ്ങി മനസ്സമാധാനം പോകും. ദു:ഖിക്കും, അത് രോഗങ്ങളിലെത്തിക്കും. അങ്ങനെയുള്ള ചിലർക്ക് മാനസിക ശാരീരിക ആത്മീയ ആരോഗ്യവും നഷ്ടപ്പെട്ട് സർവ്വ സമ്പത്തും അനുഭവിക്കാനാവാതെ പോയേക്കാം"
4. കച്ചവടക്കാരിയും ആശാനും ( Malayalam digital book for inspiring thought)
സിൽബാരിപുരംചന്തയിൽ നാണിയമ്മ എന്നൊരു പഴക്കച്ചവടക്കാരി ഉണ്ടായിരുന്നു. ഓറഞ്ചും മുന്തിരിയും മാമ്പഴവും പേരയ്ക്കയും കൈതച്ചക്കയും മാതളനാരങ്ങയുമൊക്കെ അവർ ഭംഗിയായി അടുക്കിവച്ചിരിക്കുന്നതു കണ്ടാൽത്തന്നെ അവിടുന്നു വാങ്ങാൻ ആളുകൾക്കു തോന്നിപ്പോകും. അടുത്തുള്ള ആശ്രമത്തിലെ ആശാൻ കുട്ടികൾക്കായി എന്നും പഴങ്ങൾ വാങ്ങുന്നത് നാണിയമ്മയുടെ കടയിൽ നിന്നാണ്.
പക്ഷേ, ആശാന് ഒരു കുഴപ്പമുണ്ട്. അല്പം മുൻശുണ്ഠി കൂടുതലാണ്. പഴം വാങ്ങി ഇറങ്ങുന്ന സമയത്ത് ഏതെങ്കിലും ഒരെണ്ണം അല്പം കിള്ളിയെടുത്ത് വായിൽ വയ്ക്കും.
"ത്ഫൂ.. ഇതിനൊന്നും രുചി ഒട്ടുമില്ല, പിന്നെ പ്രായമായ സ്ത്രീയല്ലേ എന്നോർത്ത് മേടിക്കുന്നതാ"
അങ്ങനെ കുറ്റം പറഞ്ഞിട്ട് കടയുടെ മുന്നിലിരുന്ന് പിച്ച യാചിക്കുന്നവന്റെ വിരിച്ച തുണിയിലേക്ക് ഇടും! അന്നേരം, നാണിയമ്മ മറുത്തൊന്നും പറയാറുമില്ല. ഇത് മറ്റൊരാൾ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ നാണിയമ്മയോട് ചോദിച്ചു -
"നിങ്ങളെയും ഈ പഴങ്ങളെയും നിന്ദിച്ചിട്ടാണല്ലോ ആശാൻ പഴങ്ങൾ വാങ്ങിക്കൊണ്ടു പോകുന്നത്. നാണിയമ്മ ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണ്?"
നാണിയമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു -
"ആശാന്റെ ദേഷ്യമൊക്കെ ചുമ്മാ വേലയാണ്. എന്നും പിച്ചക്കാരന് ഓരോ പഴം കൊടുക്കാനുള്ള സൂത്രവിദ്യയാണ്! എനിക്ക് അതു മനസ്സിലാകില്ലെന്നാണ് ആശാന്റെ വിചാരം. ഞാൻ അന്നേരം മറ്റൊരു വേല പ്രയോഗിക്കാറുണ്ട്. എന്നും ഒരു പഴം ആശാന്റെ പൊതിയില്‍ കൂടുതൽ വയ്ക്കും. എന്റടുത്താ ആശാന്റെ കളി!"
ചിന്തിക്കുക..നന്മയുടെ ശൈലികൾ പലർക്കും സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാവുന്നതാണ് അല്ലെങ്കില്‍ രൂപകല്‍പന ചെയ്യാവുന്നതാണ്. മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവരാണ് ഏറ്റവും കൂടുതൽ ആനന്ദിക്കുന്നതെന്ന് ഹാർവാഡ് സർവകലാശാലയുടെ ( യു. എസ്.എ) പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
5. പ്രധാന ശിഷ്യന്‍
സില്‍ബാരിപുരംരാജ്യത്തിലെ ഒരു ആശ്രമം. അവിടെ ഇരുപതു ശിഷ്യന്മാരും പാര്‍ത്തിരുന്നു. എല്ലാ തിങ്കളാഴ്ചയും ഗുരുജി എങ്ങോട്ടോ പോകുന്നതിനാല്‍ അവര്‍ക്കു വിദ്യകള്‍ ഒന്നും അന്നു പഠിക്കേണ്ടതില്ല. ഒരു ദിവസം പ്രധാന ശിഷ്യന്‍ സഹപാഠികളോടു പറഞ്ഞു:
“എനിക്കൊരു സംശയം തോന്നുന്നു. ഓരോ തിങ്കളാഴ്ചയും ഗുരുജി രഹസ്യമായി പോകുന്നത് ശക്തി കിട്ടുന്ന നിഗൂഢമായ വിദ്യ പഠിക്കാനാകും. അല്ലെങ്കില്‍ ദൈവത്തെ കാണാന്‍ പോകുന്നതാണ്! സ്വര്‍ഗത്തില്‍ പോകുന്നതിനുള്ള മാര്‍ഗം തേടുകയാവും. നേരെ മറിച്ച്, ചിലപ്പോള്‍ ദുര്‍ന്നടപ്പാകാം. എന്തായാലും, ഞാന്‍ ഒരു ദിവസം ഈ കള്ളത്തരം പൊളിക്കും"
ഒരു തിങ്കളാഴ്ച, ശിഷ്യന്‍ രഹസ്യമായി ഗുരുജിയെ പിന്തുടര്‍ന്ന്‍ ഒരു വീട്ടിലെത്തി. ഒളിച്ചിരുന്ന് ശിഷ്യന്‍ ഗുരുജിയെ നിരീക്ഷിച്ചു. ആ വീട്ടിലേക്ക് ഗുരുജി കയറിയിട്ട് ഉച്ച കഴിഞ്ഞാണ് മടങ്ങിയത്. ഗുരുജി തിരികെ നടന്നപ്പോള്‍ ശിഷ്യന്‍ ഒട്ടും ശബ്ദമുണ്ടാക്കാതെ ആ വീട്ടില്‍ പ്രവേശിച്ചു. അവിടെ കട്ടിലില്‍ ഒരു മനുഷ്യന്‍ തളര്‍ന്നു കിടപ്പുണ്ടായിരുന്നു. അയാളുടെ മുറി വൃത്തിയാക്കി, കുളിപ്പിച്ച്, വസ്ത്രങ്ങളും അലക്കി, ഭക്ഷണവും ഉണ്ടാക്കി രോഗിയുടെ വായില്‍ വച്ചു കൊടുത്ത ശേഷമാണ് ഗുരുജി മടങ്ങിയത്!
ശിഷ്യന്റെ കണ്ണുതള്ളി!
അവന്‍ തിരികെ ആശ്രമത്തില്‍ ചെന്നപ്പോള്‍ സഹപാഠികള്‍ ചുറ്റിനും കൂടി സംശയങ്ങള്‍ ചോദിച്ചുതുടങ്ങി-
“ഗുരുജി ദുര്‍ന്നടപ്പിനു പോയതായിരുന്നുവോ?”
ശിഷ്യന്‍: “അല്ല, അത് നല്ല നടപ്പായിരുന്നു!”
“ഗുരുജി സ്വര്‍ഗം തേടുന്ന യാത്രയായിരുന്നോ?”
ശിഷ്യന്‍: “അല്ല, ഭൂമിയില്‍ സ്വര്‍ഗം ഉണ്ടാക്കുന്ന യാത്രയായിരുന്നു!”
“നിഗൂഢമായ വിദ്യ ഗുരുജി പഠിച്ചോ?”
ശിഷ്യന്‍: “അല്ല, അദേഹം ശ്രേഷ്ഠമായ വിദ്യ ലോകത്തെ പഠിപ്പിക്കുകയായിരുന്നു!”
“ദൈവത്തെ ഗുരുജി കണ്ടുകാണുമോ?”
ശിഷ്യന്‍: “ദൈവം ഗുരുജിയെ കണ്ടുകാണും!"
ചിന്തിക്കുക.. ( moral of the story)
പണ്ടു പണ്ട് പാലാഴി കടഞ്ഞപ്പോള്‍ അമൃത് കിട്ടി. ആധുനിക കാലത്ത്, ഭൂമി തുരന്നു താഴേക്കു പോയി ക്രൂഡ് ഓയില്‍ എടുത്ത് ശുദ്ധി ചെയ്തപ്പോള്‍ അതില്‍നിന്നും പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാരഫിന്‍, ടാര്‍...എന്നിങ്ങനെ അനേകം ഉല്‍പന്നങ്ങള്‍ ഉണ്ടായി. ഇരുമ്പും സ്വര്‍ണവും അലുമിനിയവും നിക്കലും പോലുള്ള അനേകം മൂലകങ്ങളും ലോഹങ്ങളും മനുഷ്യര്‍ കുഴിച്ചെടുത്തു.
കാര്‍ബണ്‍ വകഭേദങ്ങളായ ഗ്രാഫൈറ്റ്, ചിരട്ടക്കരി, ചാരം എന്നിവയ്ക്ക് ചെറിയ വില കൊടുക്കുമ്പോള്‍ അതേ കുടുംബത്തിലെ ഏറ്റവും കാഠിന്യമുള്ള വജ്രം ഖനനം ചെയ്ത് ശുദ്ധി ചെയ്ത് എടുത്താല്‍ അപാരമായ വില നാം കൊടുക്കണം. ഭൂമിയില്‍ കല്‍ക്കരി, ഷെയ്ൽ ഗ്യാസ്, പ്രകൃതിവാതകം എന്നിങ്ങനെ എന്തെല്ലാം പദാര്‍ത്ഥങ്ങള്‍...
ഭൂമിയെ മാത്രമല്ല, മനുഷ്യ മനസ്സിനെയും നന്നായി കടഞ്ഞെടുത്താൽ പല വിശിഷ്ടങ്ങളായ ഉൽപന്നങ്ങളും കിട്ടും-
സ്നേഹം, പ്രണയം, സത്യം, സന്തോഷം, ആനന്ദം, അഹിംസ, ദയ, സഹാനുഭൂതി, വാൽസല്യം, നന്മ, കരുതല്‍, ബഹുമാനം, സഹനശക്തി, ദാനം, ക്ഷമ, മിതത്വം, എളിമ, വിനയം, ആരോഗ്യം..
അതിനൊപ്പം, വിഷങ്ങളായ ഉപ ഉല്പന്നങ്ങളും അനേകമുണ്ട്-
കോപം, ദുഃഖം, അക്ഷമ, പരദൂഷണം, അസൂയ, വിഷയാസക്തി, അത്യാഗ്രഹം, ധൂര്‍ത്ത്, പൊങ്ങച്ചം, ഗര്‍വ്, ഏഷണി, കള്ളം, സങ്കടം..
ഓരോ മനുഷ്യനും ഒരു ദിവസം തന്റെ മനസ്സില്‍ നിന്നും കടഞ്ഞെടുത്ത് പുറപ്പെടുവിക്കുന്ന ഉല്‍പന്നങ്ങള്‍ ഏതൊക്കെ എന്നു വിചിന്തനം ചെയ്യുക. വിശകലനം സത്യസന്ധമായിരിക്കണം. വെറുതെ നമ്മെ സ്വയം തൃപ്തിപ്പെടുത്താന്‍ വേണ്ടി ആവരുത്. അല്ലെങ്കില്‍ മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ഉള്ളതാവരുത്. അങ്ങനെ ശുദ്ധി ചെയ്ത നല്ല ഉല്പന്നങ്ങളുടെ വിപണനം നടക്കട്ടെ.
6. ഒരു വലിയ കുഴി (Motivation guidelines)
ബിജുക്കുട്ടന് കോളേജിൽ ക്ലാസില്ലാത്ത ദിവസം. അതിനാല്‍, പറമ്പിലേക്ക് തൂമ്പയുമായി ഇറങ്ങി. വേനൽക്കാലത്ത് വെള്ളം വറ്റുന്ന തന്റെ കിണറിന് അരികത്തായി ഒരു കാന പോലെ മഴക്കുഴി കുഴിച്ചുതുടങ്ങി. പുരപ്പുറത്തു വീഴുന്ന വെള്ളം ഈ കുഴിയിൽ എത്തിക്കുകയാണ് അവന്റെ ലക്ഷ്യം.
അന്ന് വൈകുന്നേരമായപ്പോൾ, സാമാന്യം വലിയ കുഴി അവൻ ഉണ്ടാക്കി വലിയ കാര്യം സാധിച്ചെന്ന മട്ടിൽ തൂമ്പയുമായി നിൽക്കുമ്പോഴാണ് നാട്ടുകാരനായ പണിക്കാരൻ കുഞ്ഞ് സൈക്കിളിൽ വഴിയെ പോയത്.
ബിജുക്കുട്ടനെ നോക്കി അയാൾ പറഞ്ഞു -
"കൊച്ചേ, നിനക്കു വേറെ പണിയൊന്നുമില്ലേ? മണ്ടത്തരം ..ഹാ.. "
ഇതിനൊക്കെ ചുട്ട മറുപടി കൊടുക്കുന്ന കോളേജ് പ്രായമാണ്, പക്ഷേ, അയാൾ സൈക്കിളിൽ മാഞ്ഞുപോയി. ബിജുക്കുട്ടൻ ഈ കാര്യം വീട്ടിൽ നല്ല കലിപ്പിൽ അവതരിപ്പിച്ചു. അവർക്കും അയാളുടെ പരിഹാസം പിടിച്ചില്ല.
"നമ്മുടെ തറവാട്ടീന്ന് എന്തുമാത്രം ഇവനൊക്കെ തിന്നിരിക്കുന്നു. നമ്മുടെ കയ്യാലപ്പണി, പിന്നെ ഈ വീടിന്റെ മുറ്റം കെട്ടിയത്.. മഴവെള്ളം കിണറ്റിൽ ചെല്ലുമെന്ന് ഈ ലോകം മുഴുവനുള്ള ആളുകളും പത്രക്കാരും പറയുന്നുണ്ട്. പിന്നെ അയാൾക്കെന്തിന്റെ കേടാ?എന്നാലും അവൻ എന്തു വിചാരിച്ചോണ്ടാ.."
ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ ബസ് കയറാൻ സ്റ്റോപ്പിൽ അടുത്ത നിന്ന കുഞ്ഞിനെ കണ്ടപ്പോൾ ബിജുക്കുട്ടൻ നീരസപ്പെട്ട് ചോദിച്ചു -
"കുഞ്ഞേട്ടനെന്താ ഞാൻ മഴക്കുഴി കുത്തിയതു കണ്ട് രസിക്കാത്ത വാചകമടിച്ചിട്ട് ഇന്നാളു പോയത്?"
"അല്ല.. കൊച്ച് അത് മൂടീല്ലേ? വാർക്കപ്പുറത്ത് വീഴുന്ന വെള്ളം കിണറിന്റെ അടുത്ത് കുഴീലോട്ട് തട്ടിയാൽ കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞു പോകും. ഏറ്റവും ചുരുങ്ങിയത് പത്ത് - പതിനഞ്ച് മീറ്റർ അകലത്തിലേ അങ്ങനെ ചെയ്യാൻ പറ്റൂള്ളൂ"
സ്കൂളിൽപോലും പോയിട്ടില്ലാത്ത ആ പണിക്കാരന്റെ സ്നേഹത്തിലുള്ള വാചകങ്ങൾ കേട്ടപ്പോൾ ബിജുക്കുട്ടന്റെ മനസ്സു നിറഞ്ഞു. അപ്പോൾത്തന്നെ, ഒരു മാസം കൊണ്ട് പണിതുയർത്തിയ വിദ്വേഷത്തിന്റെ കൽക്കെട്ടുകൾ ഇടിഞ്ഞു വീണു.
രത്നച്ചുരുക്കം-
സ്നേഹിക്കാൻ പണമോ സൗന്ദര്യമോ അധികാരമോ ഒന്നും വേണമെന്നില്ല.
അതിന് സ്വയം തയ്യാറാക്കിയ നല്ലൊരു മനസ്സു മാത്രം മതി!
7. ഒരു പുതപ്പിന്റെ വില (How to motivate yourself?)
സിൽബാരിപുരംഗ്രാമത്തിൽ, സർവ സുഖസൗകര്യങ്ങളോടും കൂടി ഒരു നാടുവാഴി ജീവിച്ചിരുന്നു. അതിന്റെ അഹങ്കാരവും അധികാരവും പൊങ്ങച്ചവുമൊക്കെ അയാളിൽ പ്രകടമായിരുന്നു.
ആ ഗ്രാമത്തിലെ കാലാവസ്ഥയും പ്രകൃതിസൗന്ദര്യവും മനോഹരമായിരുന്നു. വിശറിയും പുതപ്പുമൊന്നും വേണ്ടാത്ത സുഖകരമായ അന്തരീക്ഷം അനുഭവപ്പെട്ടിരുന്ന കാലം.
ഒരു ദിവസം -
നാടുവാഴിയുടെ ഭാര്യയും മക്കളും കൂടി പത്തു ദിവസത്തെ തീർഥാടനത്തിനു അയൽ രാജ്യമായ കോസലപുരത്തേക്കു പോയി. കാർഷിക ഉൽപന്നങ്ങളുടെ ലേലം ഉണ്ടായിരുന്നതിനാൽ അയാള്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചു.
പതിവുപോലെ അദ്ദേഹം ഉറങ്ങാൻ കിടന്നു. പാതിരാ സമയത്ത്, പതിവില്ലാതെ കനത്ത മഴ പെയ്യാൻ തുടങ്ങി. ആ മഴ പെരുമഴയായി നാലു ദിവസം നീണ്ടുനിന്നു. പിന്നെയുള്ള ദിവസങ്ങളിൽ മഴ കുറഞ്ഞെങ്കിലും മഴക്കാറു മൂടി സൂര്യപ്രകാശം ഒട്ടും ഭൂമിയിൽ പതിക്കാതെയായി. ആറാം ദിവസത്തെ രാത്രിയിൽ പതിവിലേറെ അന്തരീക്ഷം തണുത്തിരുന്നു. പാതിരാത്രിയിൽ, അയാള്‍ക്ക് പുതപ്പിന്റെ ആവശ്യം വേണ്ടിവന്നു.
ഉറക്കച്ചടവോടെ, അയാൾ പിറുപിറുത്തു കൊണ്ട് കുറെ നേരം പുതപ്പ് തപ്പി. ഒടുവിൽ, ഒരെണ്ണം കയ്യിൽ തടഞ്ഞു. അതെടുത്ത് പുതച്ചു. പക്ഷേ, ഒരു പ്രശ്നം അയാളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു -
പുതപ്പിനു നീളമില്ല!
മുട്ടിനു താഴെ എത്തുന്നില്ല!
കാരണം, അത് ഇളയ മകന്റെ കുട്ടിപ്പുതപ്പായിരുന്നു! അദ്ദേഹം ദേഷ്യത്തോടെ അതെടുത്ത് മുറിയിലെ മൂലയിലേക്ക് എറിഞ്ഞു.
കിടപ്പുമുറിയിൽ പണപ്പെട്ടി ഉള്ളതിനാൽ ആർക്കും അവിടെ കയറാൻ അനുവാദമില്ലായിരുന്നു. അതിനാൽ, വേലക്കാരനെ വിളിച്ചതുമില്ല. അടുത്ത പ്രഭാതത്തിൽ നിലത്തുകിടന്ന പുതപ്പെടുത്ത് ദേഷ്യം തീരാതെ വഴിയിലെ ചവറുകൂനയിലേക്ക് എറിഞ്ഞു.
കുറച്ചു ദിവസങ്ങൾക്കു ശേഷം -
നാടുവാഴിയുടെ പണിക്കാർ ഒരു പിച്ചക്കാരനെ പിടിച്ചുവലിച്ചുകൊണ്ട് മുറ്റത്തെത്തി വിവരം വിളമ്പി-
"ചന്തയിലെ അങ്ങുന്നിന്റെ കടയുടെ മുന്നിൽ രാവിലെ മൂടിപ്പുതച്ച് ഇവൻ ഉറങ്ങുകയായിരുന്നു. ഈ തറവാടിന്റെ അടയാളം പുതപ്പിന്മേൽ കണ്ടപ്പോഴാണ് ഇവൻ കള്ളനാണെന്ന് മനസ്സിലായത്''
പക്ഷേ, ഇതുകേട്ട്, നാടുവാഴിക്കു ചിരിയാണു വന്നത്.
"ഹേയ്, അവൻ കള്ളനൊന്നുമല്ല. ഞാൻ വഴിയിൽ ഉപേക്ഷിച്ചു കളഞ്ഞ പുതപ്പായിരുന്നു അത് "
അപ്പോൾ, യാചകൻ കരഞ്ഞുകൊണ്ട് അദ്ദേഹത്തോട് അപേക്ഷിച്ചു-
"അങ്ങ്, ദയവായി ഈ പുതപ്പ് കൊണ്ടുപോകാൻ എന്നെ അനുവദിക്കണം. കാരണം, കഴിഞ്ഞ രാത്രിയിലെ തണുപ്പത്ത് ഇതില്ലായിരുന്നെങ്കിൽ ഞാൻ ചത്തുപോയേനെ"
നാടുവാഴി അട്ടഹസിച്ചു-
"എടാ, കട്ടിലിൽ ഉറങ്ങിയ എനിക്ക് പുതയ്ക്കാൻ പോലും തികയാത്ത പുതപ്പ് നിനക്ക് എന്തിനാ? നിന്റെ പേട്ടു തല മൂടാൻ മാത്രമല്ലേ സാധിച്ചുള്ളൂ.. പടുവിഡ്ഢീ.."
"അയ്യോ! അല്ല.. അങ്ങുന്നേ.. ഞാൻ കിടന്നതു കണ്ടാലും"
യാചകൻ പെട്ടെന്ന് പുഴമണൽ വിരിച്ച മുറ്റത്ത് കിടന്ന് പുതപ്പുകൊണ്ട് മൂടി.
ആദ്യം കാലുകൾ മടക്കി വച്ചപ്പോൾ മുഴുവനും മൂടാനായി!
പിന്നീട്, കാലുകൾ നിവർത്തി. പക്ഷേ, നടുവളച്ചു കിടന്നപ്പോൾ ശരീരം പുതപ്പിനുള്ളിൽ!
കൂടാതെ, ചരിഞ്ഞു കിടന്ന് ഒരു വളയംപോലെ തലയും കുമ്പിട്ടു കിടന്നപ്പോഴും ആ കുട്ടിപ്പുതപ്പ് അവനു ധാരാളമായിരുന്നു!
അപ്പോൾ ഭൃത്യന്മാർ ദേഷ്യപ്പെട്ടു -
" അങ്ങുന്നേ.. ഈ ധിക്കാരിയുടെ കോമാളിത്തരം കണ്ടില്ലേ? മുക്കാലിയിൽ കെട്ടി തെരണ്ടിവാലുകൊണ്ട് അടിക്കാൻ കല്പിച്ചാലും "
"അതൊന്നും വേണ്ട, അവൻ എന്നെ തോൽപ്പിച്ചവനാണ്"
അനന്തരം, നാടുവാഴി യാചകനിൽനിന്ന് പുതപ്പു തിരികെവാങ്ങി. എന്നിട്ട്, തന്റെ മടിശ്ശീലയിൽനിന്ന് നാലു വെള്ളിക്കാശ് വലിയ പുതപ്പിനായി ദാനം ചെയ്തു. യാചകൻ വർദ്ധിച്ച സന്തോഷത്തോടെ അവിടം വിട്ടു !
പിന്നീട്, ആ ചെളി പറ്റിയ പുതപ്പ് നോക്കി നാടുവാഴി ചിന്തയിലാണ്ടു-
എനിക്ക് തല കുനിക്കാനും കാൽ മടക്കാനും നടുവളയ്ക്കാനുമൊക്കെ പറ്റാത്തത് എന്തുകൊണ്ടാണ്? രോഗം കൊണ്ടല്ല. എന്റെ തലക്കനവും അഹങ്കാരവും പൊങ്ങച്ചവും അധികാരവുമല്ലേ ഇതിനു കാരണം? അതു മനസ്സിലാക്കാൻ ഒരു കുട്ടിപ്പുതപ്പും യാചകനും വേണ്ടിവന്നു! നാട്ടുകാര്‍ പലതരത്തിലുള്ള വിഷമങ്ങള്‍ അനുഭവിക്കുന്ന സമയത്ത് ഞാന്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല.
അന്നു മുതല്‍, ധൂര്‍ത്തും അനാവശ്യ ആഘോഷങ്ങളും യാത്രകളും മറ്റും അയാള്‍ ഒഴിവാക്കിത്തുടങ്ങി. ദുര്‍ച്ചെലവുകള്‍ തടഞ്ഞു. ഏതാനും മാസത്തിനുള്ളിൽത്തന്നെ 'സാധുവീട്' എന്ന പേരിൽ അന്നാട്ടിലെ അന്തേവാസികൾക്കായി ഒരു വലിയ വീട് നാടുവാഴി പണിയിച്ചു നാടിനു സമര്‍പ്പിച്ചു.
8. വരാന്തയിലെ കാര്യം (A Soft story)
ബിന്റോ കോളജിന്റെ വരാന്തയിലൂടെ നടന്നപ്പോൾ അവിടെ മറ്റൊരു കോഴ്സിന്റെ (ഓർഗാനിക്) എന്നു തോന്നുന്നു. ക്ലാസ് നടക്കുകയാണ്.
സാർ പറഞ്ഞു -
"നിങ്ങൾക്കറിയാമോ ഏതാണ് ദാനങ്ങളിൽ ഏറ്റവും മഹത്വമേറിയത്? വിശിഷ്ടമായിട്ടുള്ളത്?"
അദ്ദേഹം തന്നെ ഉത്തരവും പറഞ്ഞു -
"അന്നദാനം!"
കൂട്ടുകാരേ, അതൊരു കിടിലൻ ആശയമല്ലേ?
ബിന്റോ പിന്നെ ആ വിഷയത്തില്‍ കുറച്ചു കാര്യങ്ങൾ തപ്പി.
അതിനേക്കുറിച്ച്...
ആരെങ്കിലും പണം ദാനം ചെയ്താലും ആളുകൾക്കു പിന്നെയും വേണം.
മൂന്നു സെന്റ് സ്ഥലം ദാനം കിട്ടിയാലും ഒരേക്കർ വേണമെന്നു പറയും!
പഴയ മാരുതി 800 മേടിച്ചു കൊടുത്താലും ഇന്നോവ വേണമെന്നു പറയും!
ഒരു സ്വർണക്കമ്മൽ മേടിച്ചു കൊടുത്താലും പാദസരം കൂടി കിട്ടിയാലേ തൃപ്തിയാവൂ!
ഒരു മിക്സി മേടിച്ചു കൊടുത്താൽ 40 ഇഞ്ച് LED TV കൂടി വേണം!
ഒരു കോട്ടാസാരി മേടിച്ചു കൊടുത്താലും കാഞ്ചീപുരം സിൽക്കു സാരി വേണം!
എന്നാലോ?
ഒരാൾക്കു നാം ഭക്ഷണം വിളമ്പിയാൽ അയാൾക്കു വയർ നിറഞ്ഞു കഴിഞ്ഞാൽ-
"ഹാവൂ... എനിക്കു മതി- തൃപ്തിയായി"
എന്നു പറഞ്ഞ് സന്തോഷത്തോടെ എണീറ്റു പോകും!
അന്നദാനം മഹാദാനം!
പണ്ടുകാലങ്ങളില്‍, ഒരു ദേശത്തുനിന്നു മറ്റൊരിടത്തേക്കു ആളുകള്‍ നടന്നു പോകുമ്പോള്‍ വിശന്നു വലയുന്ന യാത്രികര്‍ ഏതെങ്കിലും അടുത്തു കാണുന്ന വീടുകളില്‍ ചെന്നു ഭക്ഷണം ചോദിച്ചിരുന്നു. അപ്പോള്‍, വളരെ സന്തോഷത്തോടു കൂടി അന്നദാനം ചെയ്യുന്നതില്‍ അവര്‍ സംതൃപ്തി കണ്ടെത്തിയിരുന്നു..
എന്നാല്‍, ഇന്നു കാലം വളരെ വഷളായിരിക്കുന്നു. മനസ്സില്‍ നന്മ സൂക്ഷിക്കുന്ന പല അമ്മച്ചിമാരും ഭക്ഷണമോ വെള്ളമോ എടുക്കാന്‍ അടുക്കളയിലേക്ക് പോകുമ്പോള്‍ പിറകിലൂടെ മോഷണമോ അല്ലെങ്കില്‍ ആക്രമണവും നടക്കുന്ന കാലമാണല്ലോ ഇത്.
അതിനാല്‍, അന്നദാനത്തിലും ജാഗ്രത വേണ്ടിയിരിക്കുന്നു. നമ്മുടെ ഉപകാരങ്ങള്‍ സ്വയം ഉപദ്രവമാകാതെ സൂക്ഷിക്കുകയും വേണം.
9. നമ്മുടെ കൂട്ടരല്ല! ( Short story of positive thought)
പെട്ടെന്നുള്ള ഏതാനും ദിവസത്തെ അവധിക്കു നാട്ടിൽ വന്ന ആൾ ബെന്നിച്ചന്റെ കയ്യിൽ നാലായിരം രൂപ ഏൽപ്പിച്ചിട്ടു പറഞ്ഞു -
"നീ ഇത് ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുത്തേക്ക്. പക്ഷേ, പിച്ചക്കാർക്ക് വേണ്ട അവരു മുഴുവൻ മാഫിയാക്കാരാ"
അവനു സന്തോഷമായി- തന്നിൽ വിശ്വാസം ഉള്ളതുകൊണ്ടാണല്ലോ ഇത് ഏൽപ്പിച്ചത്. മാത്രമല്ല, നന്മയുടെ അംശം പുണ്യമായി ദൈവം സ്വന്തം അക്കൌണ്ടില്‍ ഇടുന്ന പണി ആണല്ലോ.
ആർക്കാണ് കൊടുക്കുക?
മൂന്നു സാധുക്കളുടെ മുഖം മനസ്സിൽ തെളിഞ്ഞു. അതിൽ യോഗ്യതയിൽ മുന്നിൽ നിൽക്കുന്ന സ്ത്രീക്കു കൊടുക്കാമെന്ന് തീരുമാനമായി.
ബെന്നിച്ചന്റെ ബന്ധുവീടിന്റെ അയൽപക്ക വീട്ടിലെ ആ സാധു സ്ത്രീയ്ക്ക് ചെറുപ്പം മുതൽക്കേ ആസ്ത്മയും മറ്റു ചില രോഗങ്ങളും ഉള്ളതിനാൽ കല്യാണം കഴിച്ചില്ല. മാതാപിതാക്കൾ മരിച്ചു.
ഇപ്പോൾ ഏകദേശം അറുപതു വർഷം പഴക്കമുള്ള എല്ലും തോലും ആയ ശരീരം. സഹായിക്കാൻ വരുന്ന കുടിയനായ ബന്ധു അവരുടെ കയ്യിൽ നിന്നും ഏതു കാര്യത്തിനും അമിതക്കൂലി ഈടാക്കുന്നുമുണ്ട്. മാത്രമല്ല, ആ ദരിദ്ര വീട്ടിൽ നിന്നും മോഷ്ടിക്കുകയും ചെയ്യും!
ബെന്നിച്ചന് നേരിട്ട് സ്ത്രീയുമായി പരിചയമില്ലാത്തതിനാൽ ബന്ധുവീട്ടിൽ കൊടുത്താൽ മതിയെന്ന് തീരുമാനിച്ചു. അങ്ങനെ ബന്ധുവീട്ടിൽ പോയി.
അവിടെയുള്ള ആന്റി പെൻഷൻ പറ്റിയ ടീച്ചറാണ്. കാര്യം അവതരിപ്പിച്ചപ്പോൾ ഇതിൽ വലിയ താൽപര്യം കാട്ടാതെ അവർ പറഞ്ഞു -
"നാലായിരം രൂപയോ? നിനക്കു നിർബന്ധമാണെങ്കിൽ ആയിരം രൂപ കൊടുത്തേക്കാം"
രോഗിയായ സ്ത്രീയെ വിളിച്ച് രൂപ അപ്പോൾത്തന്നെ കൊടുക്കയും ചെയ്തു.
"മൂവായിരം നീ വേറെ എവിടെങ്കിലും കൊടുത്തോ"
"അതെന്താ ആന്റീ, അവർക്ക് മരുന്നു മേടിക്കാൻ പറ്റുമല്ലോ"
"അതല്ല, പ്രശ്നം. നീ ഇതങ്ങു കൊടുത്തിട്ടു പോകും. പക്ഷേ, ഇങ്ങനൊരു ദുശ്ശീലമിട്ടാൽ അടുത്ത മാസം മുതൽ എന്നോടു ചോദിക്കാൻ തുടങ്ങും''
അത്രയും അനുഭവ പരിചയമുള്ള ടീച്ചർ പറഞ്ഞാൽ അതിൽ കാര്യം കാണും എന്നു വിചാരിച്ച് ബെന്നിച്ചൻ അവിടന്ന് സ്ഥലം വിട്ടു.
ഇനിയാണ് കഥയിലെ യഥാർഥ ട്വിസ്റ്റ് വരുന്നത്-
ടീച്ചറിന്റെ ആങ്ങളയുടെ മകനെ ഒരു മാസം കഴിഞ്ഞ് ഒരു കല്യാണ സൽക്കാരത്തിനിടെ ബെന്നിച്ചൻ കണ്ടു.
അവർ അടുത്തടുത്താണ് ഇരുന്നത്. സമകാലിക വിഷയങ്ങൾ പറയുന്നതിനിടയിൽ അല്പം വീട്ടുകാര്യങ്ങളും പറഞ്ഞു -
"എടോ, ബെന്നിച്ചാ, നീ ടീച്ചറാന്റിയുടെ വീട്ടിൽ വന്നപ്പോൾ രൂപ വെട്ടിക്കുറച്ചത് അവരു കടം ചോദിക്കുമെന്ന് ഓർത്തൊന്നുമല്ല"
"ങേ... പിന്നെന്താ പ്രശ്നം?"
"നമ്മുടെ കൂട്ടർക്ക് കൊടുക്കാതെ ഇവൻ എന്തിനാ ....കൂട്ടർക്ക് കൊടുക്കുന്നതെന്ന് ടീച്ചർ എന്റമ്മയോട് പറഞ്ഞടാ"
ബെന്നിച്ചൻ അന്തം വിട്ടു! കഷ്ടം! ടീച്ചർ എത്ര സൗമ്യമായിട്ട് ചിരിച്ചുകൊണ്ടാണ് അന്ന് എന്നോടു കള്ളത്തരം ബോധിപ്പിച്ചത്!
നൂറു കണക്കിനു കുട്ടികളെ പഠിപ്പിച്ചു വിട്ടിട്ടും നിഷ്പക്ഷമായി ചിന്തിക്കാനുള്ള അറിവ് ഇല്ലാതെ പോയല്ലോ. പഴയ അടിയാൻ-കുടിയാൻ-ജന്മി സമ്പ്രദായമൊക്കെ അവരുടെ മനസ്സിൽ നിന്നും ഇനിയും ഒഴിഞ്ഞു പോയിട്ടില്ല!
10. സാറിന്റെ മുറുക്കാൻ
ബിനിൽ എട്ടാം ക്ലാസിൽ സർക്കാർ സ്കൂളിൽ പഠിക്കുന്ന കാലം.
അവിടെ വെളുത്ത് പൊക്കം കൂടിയ സീനിയർ അധ്യാപകൻ, സാമൂഹ്യപാഠ ക്ലാസിലേക്കു മുറുക്കാൻ ചവച്ചു കൊണ്ടാവും വരിക. ഹാജർ എടുത്ത ശേഷം ജനാലയിലൂടെ ആഞ്ഞു തുപ്പും. പിന്നെ തകർപ്പൻ ക്ലാസാണ്. ഇടയ്ക്ക് ചുണ്ടിന്റെ വശത്തൂടെ ഒലിച്ചിറങ്ങുന്ന ചുവന്ന ഉമിനീര് രണ്ടു കൈ വെള്ള കൊണ്ടും ഒപ്പിയെടുത്ത് കൈകൾ കൂട്ടിത്തിരുമ്മും.
കുട്ടികളോട് സൗഹൃദമായി ഇടപെടുന്ന മലയാളംസാറിനോട് ഇക്കാര്യം ബിനിൽ പറഞ്ഞു -
"സാറേ, ഞങ്ങൾ കുട്ടികളുടെ മുന്നിൽ വച്ച് മുറുക്കിക്കാണിച്ചാൽ ആരെങ്കിലുമൊക്കെ അത് തുടങ്ങിയാലോ?"
സാർ പറഞ്ഞു -
"ഇതൊക്കെ കാരണവന്മാരുള്ള വീട്ടിലെ പിള്ളേര് സ്ഥിരം കാണുന്നതല്ലേ? മാത്രമല്ല, അദ്ദേഹത്തിനു പെൻഷനാകാൻ ഒരു വർഷം കൂടിയേ ഉള്ളൂ. ഇനി ഞാനൊട്ട് പറഞ്ഞാലും സാറ് തിരുത്താനൊന്നും പോണില്ല. ഇതൊന്നും ഒരു കാര്യമല്ലടോ"
ആറേഴു വർഷം കഴിഞ്ഞ് ഒരു ദിവസം തന്റെ സഹപാഠിയായിരുന്ന ബിജുവിനെ ഒരു കടയുടെ സമീപത്തുവച്ച് ബിനിൽ കണ്ടു. അവൻ മുറുക്കിച്ചവച്ചു കൊണ്ട് നിൽക്കുന്നു.
"എടാ, ഇത്ര ചെറുപ്പത്തിലെ നീ മുറുക്ക് തുടങ്ങിയോ?"
"ഓ... ഞാൻ പണ്ടേ തുടങ്ങി. നീ ഓർക്കുന്നുണ്ടോ.. സാറ് മുറുക്കി ചുവപ്പിപ്പ് ക്ലാസിൽ വന്നോണ്ടിരുന്നത്. എട്ടാം ക്ലാസിൽ തൊടങ്ങി. നല്ല രസാടാ. നിനക്കു വേണോ. ഒരു സുഖമൊണ്ട്"
അപ്പോള്‍, ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് പണ്ടത്തെ തന്റെ നീതിബോധത്തെ ബിനില്‍ സ്വയം അഭിനന്ദിച്ചു.
ആശയത്തിലേക്ക്..
കടൽത്തീരത്ത് വിശ്രമിക്കുന്ന കപ്പലും അതിനുള്ളിലെ ചരക്കും കപ്പിത്താനും സുരക്ഷിതരാണ്. കടലിൽ ചുഴികളുണ്ട്, കൊടുങ്കാറ്റുണ്ട്, വൻതിരമാലകളുണ്ട് എന്നു കരുതി കയ്യും കെട്ടിയിരുന്ന് കാലാവസ്ഥയെ പുഛിച്ചാൽ മികച്ച കപ്പിത്താനും ആവില്ല. ലക്ഷ്യസ്ഥാനത്ത് ചരക്കും എത്തില്ലല്ലോ!
നാം അറിഞ്ഞും അറിയാതെയും മാതൃകയായും മാതൃകയാക്കിയും കടന്നു പോകുന്നു. ഓരോരുത്തരും അവരവർക്കു ചെയ്യാൻ പറ്റുന്നതു ചെയ്തിട്ടു രംഗം വിടുന്നു.
Comments