ഗുണപാഠ കഥകൾ
Malayalam eBooks of soft stories with moral values
ബസ് യാത്രകൾക്കിടയിൽ ബിനീഷ് ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാറുണ്ട്. തന്റെ സീറ്റ് പ്രായമായവർക്കോ കുട്ടികളുമായി വരുന്നവർക്കോ വേണ്ടി എണീറ്റു കൊടുക്കുന്നതിൽ അയാൾ സന്തോഷം കണ്ടെത്തുന്നു.
അപ്പോൾ സ്വാഭാവികമായും ഒരു സംശയം നമുക്കു തോന്നും-
എങ്കിൽപിന്നെ എന്തിനാണ് അയാൾ സീറ്റിൽ ഇരിക്കാൻതന്നെ പോകുന്നത്?
അതിന് അയാൾക്ക് ഉത്തരമുണ്ട് -
അയാൾ ഇരുന്നില്ലെങ്കിൽ ആരോഗ്യമുള്ള സാധാരണക്കാർ ഇരിക്കും. അവർ മറ്റുള്ളവർക്കായി എണീറ്റു കൊടുക്കില്ല. അതായത്, സീറ്റുകൾ ആവശ്യക്കാർക്കായി ബിനീഷ് മുൻകൂർ റിസർവ് ചെയ്യുന്നുവെന്ന് സാരം.
ഇങ്ങനെ, വർഷങ്ങളായി പല യാത്രകളിലും ചെയ്തു വന്നപ്പോൾ ഒരിക്കൽ, ഒരാശയം അയാളുടെ മനസ്സിലേക്കു കടന്നു വന്നു -
ഈ ചെറിയ ഉപകാരം കിട്ടുന്നവർ പ്രത്യുപകാരത്തിന് ശ്രമിക്കുമോ?
അങ്ങനെ, ദീർഘദൂര യാത്രകളിൽ ബിനീഷിന്റെ കൊച്ചു പരീക്ഷണവും നടത്തി നോക്കി.
സംഗതി ഇതാണ്-
പല അവസരങ്ങളിലായി ഏഴ് പേർക്ക് തന്റെ സീറ്റ് ഒഴിഞ്ഞു കൊടുത്ത് ആ സീറ്റിന്റെ മുന്നിലായി ബിനീഷ് നിന്നു. ഉപകാരം കിട്ടിയ ആറു പേരും അയാൾക്കു മുൻപു തന്നെ സീറ്റൊഴിഞ്ഞ് മുന്നിൽ നിൽക്കുന്ന ബിനീഷിനെ നോക്കുക പോലും ചെയ്യാതെ സ്ഥലം വിട്ടു!
എന്നാൽ, ഒരു വൃദ്ധൻ മാത്രം പറഞ്ഞു -
"മോനേ, വല്യുപകാരമായി. എനിക്ക് തലകറക്കമുള്ളതാ. ഞാന്‍ ഇവിടിറങ്ങുവാ, ഇയാള് ഇവിടിരുന്നോ "
ആശയം-
നമുക്ക് ഉപകാരം ചെയ്തവരെ ഓർമ്മയിൽ നിന്ന് ഓടിക്കാൻ ശ്രമിക്കരുത്. കിട്ടിയ ഉപകാരങ്ങള്‍ ചെറുതിനുപോലും, സാധിക്കുമെങ്കിൽ പ്രത്യുപകാരം ചെയ്യുക. അല്ലെങ്കിൽ മറ്റുള്ളവർക്കായി ചേതമില്ലാത്ത ഇത്തരം ഉപകാരങ്ങളിൽ ഏർപ്പെടുമല്ലോ.
Comments