സദുപദേശ കഥകള്‍
മലയാളം ഇ-ബുക്ക് ഓണ്‍ലൈന്‍ വായന
ഉണ്ണിക്കുട്ടന്‍ സ്കൂളില്‍നിന്നും എത്തിയ ശേഷം, വാ തോരാതെ അന്നത്തെ വിശേഷങ്ങള്‍ നാണിയമ്മയുടെ മുന്നില്‍ വിളമ്പുകയായിരുന്നു-
"വല്യമ്മച്ചീ..ഇന്ന്, മോങ്കുട്ടനു പത്തില്‍ പത്തു മാര്‍ക്കും കിട്ടി. പക്ഷേ, അവന്‍ സൂത്രത്തില്‍ പുസ്തകം നോക്കി പരീക്ഷ എഴുതുന്നത് ഞാന്‍ കണ്ടതാ"
"ആഹാ..വേറെ ആരൊക്കെയാ കണ്ടെഴുതിയത്?”
"അത്..പിന്നെ..ഒരുപാടു പേര് കോപ്പിയടിച്ചു"
ഉണ്ണിക്കുട്ടന്‍ പരുങ്ങിയതു കണ്ടപ്പോള്‍-
"ഉണ്ണീ..നീ കോപ്പിയടിച്ചോ? സത്യമേ പറയാവൂ..”
"ഞാന്‍, അടുത്തിരിക്കുന്ന സൂരജിന്റെ ഒരെണ്ണം മാത്രം"
മുത്തശ്ശി ഉണ്ണിക്കുട്ടനോടു പറഞ്ഞ അന്നു രാത്രിയിലെ കഥ കേള്‍ക്കൂ..
സിൽബാരിപുരംദേശത്ത് കിട്ടു എന്നൊരു കള്ളനുണ്ടായിരുന്നു. അയാൾ പകൽ സമയങ്ങളിൽ വലിയ മരങ്ങളുടെ മുകളിൽ ഒളിച്ചിരിക്കും. രാത്രി മോഷണത്തിന് താഴെ ഇറങ്ങുകയും ചെയ്യും. ഒരു ദേശത്തും കൂടുതൽ തങ്ങാറില്ല.
ഒരു ദിവസം പുഴക്കരയിലുള്ള വലിയ മരത്തിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു കിട്ടു. എന്തോ ശബ്ദം കേട്ട് താഴേക്കു നോക്കിയപ്പോൾ ഒരു പാൽക്കാരൻ തന്റെ കുപ്പിയിൽ പാലിനൊപ്പം പുഴവെള്ളം ചേർക്കുകയാണ്!
കിട്ടു അനങ്ങാതെ മരത്തിലിരുന്നു. അയാള്‍, വീണ്ടും ഉറക്കമായി. അന്നു വൈകുന്നേരം പാൽക്കാരൻ അവിടെ കുളിക്കാന്‍ വന്നു. ആ ശബ്ദം കേട്ട്, കിട്ടു വീണ്ടും ഉണര്‍ന്നു. പാല്‍ക്കാരന്‍, കുളിക്കാനായി മുണ്ടഴിച്ച് കരയിൽ വച്ചപ്പോൾ പണക്കിഴിയും തുണിയുടെ അടിയിൽ ഒളിച്ചു വച്ചത് കിട്ടു കണ്ടു!
പാൽക്കാരൻ മുങ്ങിക്കുളിക്കുന്ന സമയത്ത് കിട്ടു താഴെയിറങ്ങി കിഴിയെടുത്ത് മരത്തിൽ വീണ്ടും ഒളിച്ചു. കുളിച്ചു കയറിയ പാൽക്കാരൻ കിഴി കാണാതെ നിലവിളിച്ചു. അയാൾ ആ പരിസരം മുഴുവനും തപ്പി. ഒടുവിൽ മരത്തിലിരിക്കുന്ന കിട്ടുവിനെ കണ്ടു.
"ഇറങ്ങി വാടാ.. കള്ളാ.. നിന്നെ ഞാൻ കൊട്ടാരത്തിൽ ഏൽപ്പിക്കും"
കള്ളനും വിട്ടുകൊടുത്തില്ല -
"നീ എന്നെ ഏൽപിച്ചാൽ നീയും കള്ളനാണെന്ന് കൊട്ടാരത്തില്‍ ഞാൻ വിളിച്ചു പറയും "
"എങ്ങനെ? ഞാനൊന്നും മോഷ്ടിച്ചിട്ടില്ല''
" നീ അങ്ങനെ പറയരുത്. പാലിൽ വെള്ളം ചേർക്കുന്നത് ഞാൻ കണ്ടതാണ് "
പാൽക്കാരൻ അതുകേട്ട് ഞെട്ടി.
കിട്ടു താഴെയിറങ്ങി ന്യായം പറഞ്ഞു -
"ഫലത്തില്‍, ഞാനും നീയും കള്ളന്മാരാണ്. അതുകൊണ്ട്, എന്നെ കൊട്ടാരത്തില്‍ എല്പിക്കാതിരുന്നാല്‍ നിന്റെ കിഴി തിരികെ തന്നേക്കാം. പക്ഷേ, എനിക്കു മോഷണമുതൽ കിട്ടില്ലെങ്കിൽ നിനക്കും വേണ്ട, നീ മോഷ്ടിച്ച വെള്ളത്തിന്റെ കൂലി പുഴയ്ക്കുതന്നെ കൊടുത്തേക്കാം!"
എന്നിട്ട്, പണക്കിഴിയിലെ പകുതി നാണയങ്ങൾ നദിയിലെ ആഴങ്ങളിലേക്ക് കിട്ടു എറിഞ്ഞു!
വെള്ളത്തിലേക്ക് ഊളിയിട്ടു പോകുന്ന നാണയങ്ങളെ പാൽക്കാരൻ വിഷമത്തോടെ നോക്കി നിന്ന ശേഷം, തർക്കിക്കാന്‍ നില്‍ക്കാതെ കിട്ടിയ കിഴിയുമായി അവിടം വിട്ടു!
അതേ സമയം, കള്ളന്‍ കോസലപുരംദേശത്തേക്കു കടന്നു.
ആശയം- Lesson of Malayalam eBook story
സ്വന്തം തെറ്റുകുറ്റങ്ങൾ മനസ്സിലാക്കാതെ പോകുന്നവർ ധാരാളമാണ്. ചിലർ മനസ്സിലാക്കിയാലും കണ്ണടച്ച് ഇരുട്ടാക്കുന്നു. അതേസമയം, മറ്റുള്ളവരുടെ മേൽ പഴിചാരാൻ മിടുക്കു കാട്ടുകയും ചെയ്യും. ആ പ്രകൃതം സ്വന്തം വ്യക്തിത്വത്തെ വികൃതമാക്കുമെന്നു ചിന്തിച്ചുകൊണ്ട്- ഇന്നുതന്നെ, സ്വയം മാറിത്തുടങ്ങുക.
Comments