Kerala Folk Tales in Malayalam (കേരളത്തിലെ നാടോടിക്കഥകള്‍)

Malayalam eBooks of Kerala folk tales for online reading

1. കാലിന്‍റെ നീളം! (കേരളത്തിലെ നാടോടിക്കഥകള്‍)

സിൽബാരിപുരംദേശത്ത് വലിയൊരു ഗുരുകുലമുണ്ടായിരുന്നു. അവിടെ നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. അക്കൂട്ടത്തിൽ രാവുണ്ണി എന്നൊരു കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവന്റെ സഹപാഠിയായിരുന്ന ശങ്കുവാണ് അതു കണ്ടുപിടിച്ചത് - "എടാ, എല്ലാരും നോക്കടാ.. രാവുണ്ണിയുടെ കാലിന് എന്തൊരു നീളമാണ് !"

അപ്പോൾ, മറ്റുള്ള കുട്ടികൾ രാവുണ്ണിയുടെ കാലിനു ചുറ്റിനും കൂടി അതു നോക്കിയിട്ട് അഭിപ്രായം പറഞ്ഞു തുടങ്ങി. അന്നു തന്നെ രാവുണ്ണിക്ക് 'പേക്കാലൻ', 'ഏറുമാടം', 'തോട്ടി' എന്നൊക്കെ ഇരട്ടപ്പേരുകൾ വീണു. ആദ്യമൊന്നും രാവുണ്ണി ഇതത്ര കാര്യമാക്കിയില്ല. എന്നാൽ, കുറച്ചു മാസങ്ങൾ കടന്നു പോയപ്പോൾ പരിഹാസം കൂടിവരികയും ചെയ്തു. രാവുണ്ണി എന്ന പേരു തന്നെ കുട്ടികൾ മറന്നു പോയി!

അങ്ങനെ, നീളക്കൂടുതലുള്ള സ്വന്തം കാലിനെ രാവുണ്ണി വെറുക്കാനും ശപിക്കാനും തുടങ്ങി. മനസ്സു വല്ലാതെ മടുത്തപ്പോൾ രാവുണ്ണി ഗുരുകുലത്തിൽ നിന്ന് ദൂരെ ദിക്കിലുള്ള കോസലപുരംദേശത്തേക്ക് ഒളിച്ചോടി.

അലഞ്ഞു തിരിഞ്ഞ് ഏതാനും വർഷങ്ങൾ കഴിഞ്ഞ് കോസലപുരത്തെത്തി. അവന്റെ കാലിന് വീണ്ടും നീളം വച്ചിരുന്നു. ആ നാട്ടിലൂടെ ചെറുകിട പണികൾ ചെയ്തു കഴിഞ്ഞു പോന്നു.

ഒരു ദിവസം - വഴിയിലൂടെ നടന്നപ്പോൾ എവിടെ നിന്നോ ഒരു പാണ്ടൻനായ രാവുണ്ണിയുടെ നേരേ കുരച്ചു ചാടി!

"അയ്യോ! ഈ പട്ടിയെ ആരെങ്കിലും തല്ലിക്കൊല്ലോ.."

അവൻ വിളിച്ചുകൂവിക്കൊണ്ട് ഒറ്റയോട്ടം!

ചന്തയുടെ മുന്നിലൂടെ ശരം വിട്ട പോലെ ഓടിപ്പോകുന്നതു കണ്ടപ്പോൾ ചന്തയിലെ കാര്യങ്ങൾ നോക്കിയിരുന്ന ഭടന്മാർ അഭിപ്രായപ്പെട്ടു -

"പുതിയ അഞ്ചലോട്ടക്കാരന്റെ ഒരു വേഗം! ഹൊ! അപാരം!"

ഭടന്മാർ കൊട്ടാരത്തിലെ അഞ്ചലോട്ടക്കാരുടെ മുറിയിൽ ഈ വാർത്ത എത്തിച്ചു.

"ഏയ്..പുതിയ അഞ്ചലോട്ടക്കാരൊന്നും ഇവിടെയില്ല"

അവർ അത് നിഷേധിച്ചു. എങ്കിലും ആ സമയത്ത് അത്തരം ജോലിക്ക് പറ്റിയ യുവാക്കളെ കിട്ടാനില്ലായിരുന്നു. അതു കൊണ്ട് ചന്തയിലൂടെ ഓടിയവനെ ഉടൻ കൊട്ടാരത്തിൽ എത്തിക്കാൻ കല്പന പുറപ്പെടുവിച്ചു.

അതിൻപ്രകാരം, രാവുണ്ണിയെ അവിടെയെത്തിച്ചു. ഇത്രയും കാൽ നീളമുള്ള അഞ്ചലോട്ടക്കാർ ആരും കോസലപുരത്ത് ഉണ്ടായിട്ടില്ലത്രെ!

പിന്നെയങ്ങോട്ടുള്ള കാലം രാവുണ്ണിയുടെ നീണ്ട കാലുകൾക്ക് വിശ്രമമില്ലായിരുന്നു. അനേകം കത്തുകളും കുറിമാനങ്ങളും ദൂതുകളും കല്പനകളും രാവുണ്ണി അതിവേഗം ലക്ഷ്യത്തിലെത്തിച്ചുകൊണ്ടിരുന്നു. എല്ലാവർക്കും രാവുണ്ണിയെ വലിയ മതിപ്പായിരുന്നു. 

അവർ പറഞ്ഞു - "രാവുണ്ണിയുടെ കാലിന്റെ നീളക്കൂടുതൽ ഭഗവാന്റെ അനുഗ്രഹമാണ്. അതു കൊണ്ട് മിന്നൽവേഗത്തിൽ പണി ചെയ്യാൻ പറ്റുമല്ലോ"

പത്തുവർഷം ഈ ജോലിയിൽ തുടർന്നാൽ പിന്നെ, ആയുഷ്കാല ജീവിതച്ചെലവ് ഉൾപ്പെടെയുള്ള വിശ്രമമാണ്. എന്നാൽ, രാവുണ്ണിയുടെ ആത്മാർഥമായ ജോലി അവനെ 'രാജമിത്രം' എന്ന രാജ്യബഹുമതിക്ക് അർഹനാക്കി.

അങ്ങനെ, ഒരു കാലത്ത് താൻ ശപിച്ചിരുന്ന നീണ്ട കാൽ നോക്കി രാവുണ്ണി അഭിമാനം പൂണ്ടു.

ആശയം- (Idea of this Malayalam stories)

ഓരോ മനുഷ്യനെയും പ്രപഞ്ചം സംവിധാനം ചെയ്തിരിക്കുന്നത് പ്രത്യേകതരം കഴിവുമായിട്ടാണ്. എങ്കിൽ മാത്രമേ, ഭൂമിയിൽ വൈവിധ്യം ഉണ്ടാകുകയുള്ളൂ. പക്ഷേ, കഴിവ് അറിഞ്ഞു പ്രയോഗിച്ച ജീവിതകാലമുള്ളവർ നമ്മിൽ എത്ര പേരുണ്ടാകും? സ്വന്തം കുറ്റങ്ങളും കുറവുകളും വരെ ഗുണകരമാകില്ലെന്ന് ആരു കണ്ടു? സ്വയം വിശകലനം നടത്തുമല്ലോ.

2. കലാകാരന്മാരുടെ തര്‍ക്കം (Kerala nadodikathakal)

സിൽബാരിപുരംരാജ്യം വിക്രമൻരാജാവ് വാണിരുന്ന കാലം. അദ്ദേഹത്തിന് കലാകാരന്മാരെ വലിയ ഇഷ്ടമായിരുന്നു. ഇടയ്ക്ക് കൊട്ടാരത്തിൽ സഭ വിളിച്ചു ചേർത്ത് അവർക്കായി കലാപരിപാടികളും പിന്നെ സമ്മാനങ്ങളും കൊടുക്കാറുമുണ്ട്.

ഒരിക്കൽ, പതിവുപോലെ അവരെല്ലാം കൊട്ടാരത്തിൽ എത്തണമെന്ന് കല്പന പുറപ്പെടുവിച്ചു. അതിൻപ്രകാരം, ഉൾഗ്രാമത്തിൽനിന്നും ശില്പിയായ കിട്ടുവും കലാപ്രാവീണ്യമുള്ള കുറച്ചു കൂട്ടുകാരും കൊട്ടാരത്തിലേക്കു യാത്രയായി. എല്ലാവരും തുണിസഞ്ചിയിൽ പണിയായുധങ്ങളും മറ്റു ചെറു സാധനങ്ങളും ഭക്ഷണവും കരുതിയിരുന്നു. വൈകുന്നേരമായപ്പോൾ നടന്നു ക്ഷീണിച്ച് പാതയോരത്തു കണ്ട ആലിൻചുവട്ടിൽ വിശ്രമിച്ചു.

അതിനിടയിൽ കിട്ടു മറ്റുള്ളവരോടു പറഞ്ഞു -

"രാത്രിയിൽ ഇവിടം വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലമാണെന്നു കേട്ടിട്ടുണ്ട്. അതു കൊണ്ട് നാം ഓരോ ആളും ഒരു മണിക്കൂറെങ്കിലും ഉണർന്നിരിക്കണം. ഓരോ ആളും തങ്ങളുടെ ഊഴം ചെയ്യുകയാണെങ്കിൽ ഉറക്കക്ഷീണമില്ലാതെ നാളെ നമുക്കെല്ലാം കൊട്ടാരത്തിൽ ചെല്ലാമല്ലോ "

ആ നിബന്ധന എല്ലാർക്കും സമ്മതമായി. ആദ്യം കിട്ടുവിന്റെ ഊഴമായിരുന്നു. മറ്റുള്ളവർ ഉറക്കം പിടിച്ചു. പക്ഷേ, കിട്ടുവിനും ഉറക്കം വന്നു തുടങ്ങി. രാത്രിപ്പണികൾ ഉള്ളപ്പോൾ ഉറക്കത്തെ ഓടിക്കാൻ കട്ടൻകാപ്പിയാണു കുടിക്കാറ്. ഇവിടെ അതു കിട്ടുകയുമില്ല. ഇനിയെന്താണു ചെയ്ക?

അവൻ ഒരു സൂത്രം കണ്ടു പിടിച്ചു. നിലാവിന്റെ വെട്ടത്തിൽ ആ പറമ്പിൽ കിടന്ന ഒരു തടിയെടുത്ത് മടിയിൽ വച്ചു. ഉറക്കം കളയാൻ അല്പം മാറിയിരുന്ന് അത് ചെത്തി മിനുക്കി. ഒന്നര മണിക്കൂർ കൊണ്ട് അതൊരു സുന്ദരിയായ സ്ത്രീയുടെ ശില്പമായി മാറി. അടുത്തയാളിനെ ഉണർത്തിയിട്ട് കിട്ടു ഉറങ്ങി.

രണ്ടാമൻ നോക്കിയപ്പോൾ ശില്‌പത്തിൽ ചായം പൂശണമെന്ന് തോന്നിയതിനാൽ അങ്ങനെ ശില്പം ഭംഗിയാക്കി. അയാൾ മൂന്നാമനെ ഉണർത്തിയിട്ട് കിടന്നു. മൂന്നാമൻ, ആ ശില്‌പത്തിൽ ആഭരണങ്ങൾ ചാർത്തിയിട്ട് ഉറങ്ങാൻ കിടന്നു.

പകരം, നാലാമൻ ഉണർന്നു നോക്കിയപ്പോൾ നിറമുള്ള ആഭരണമുള്ള ശില്പം. പക്ഷേ, പട്ടുചേല തുന്നിച്ചേർത്തിട്ടാണ് അയാൾ കിടന്നത്. അഞ്ചാമൻ നോക്കിയപ്പോൾ മുടിയുടെ കുറവു കണ്ട് തിരുപ്പൻ (വയ്പുമുടി) ശില്‌പത്തിന്റെ തലയിൽ വച്ചു. പിന്നീട്, ആറാമൻ എണീറ്റ് ശില്പത്തിന്റെ നെറ്റിയിൽ തങ്കഭസ്മം പുരട്ടി.

അങ്ങനെ, നേരം വെളുത്തു. എന്തോ ശബ്ദം കേട്ട് എല്ലാവരും ഒരുമിച്ച് ഞെട്ടിയെണീറ്റു. അവരുടെ മുന്നില്‍ മനോഹരമായ ശില്പം പകൽവെളിച്ചത്തിൽ കണ്ട് എല്ലാവരും അത് സ്വന്തമാക്കാൻ വഴക്കായി. സ്വന്തം ചെയ്തികൾ നിരത്തി ഓരോ ആളും അവകാശവാദം ഉന്നയിച്ചു-

"ഞാനാണ് തടിക്കഷണം ശില്പമാക്കിയത് "

"അല്ല, ഞാനാണ് ചായമടിച്ച് സുന്ദരിയാക്കിയത് "

"ഞാനാണ് ആഭരണങ്ങൾ ചാർത്തിയത് "

"ഹേയ്, പട്ടുചേല തുന്നിയത് ഞാനാണ് "

"മുടിയില്ലാത്ത ശില്പം എന്തിനു കൊള്ളാം?"

"തങ്കഭസ്മം ചാർത്തിയ ഞാനാണ് ശില്പത്തിന്റെ അവകാശി"

ഇങ്ങനെ തർക്കം മുറുകി വന്നപ്പോൾ അവിടെ വലിയ അലർച്ചയും മുഴങ്ങാൻ തുടങ്ങി. ആകെ ബഹളമയം. ഉടനെ, തദ്ദേശവാസിയായ ഒരാൾ അവിടെ പ്രത്യക്ഷപ്പെട്ടു. അയാൾ പറഞ്ഞു -

"ഈ ശില്പം നിങ്ങളുടേതായിരിക്കാം പക്ഷേ, അതിനുള്ളിലെ തടി എന്റെ സ്വന്തമാണ്. എന്റെ പറമ്പിലെ തടി നിങ്ങൾ ആരോടു ചോദിച്ചിട്ടാണ് എടുത്തത് ? മോഷണത്തിന് കൈവെട്ടുന്നതാണ് രാജകല്പന. നിങ്ങൾ അതു മറന്നുവോ? പിന്നെ ജീവിതത്തിൽ ഒരിക്കലും കരവേലയെടുക്കാൻ കഴിയില്ല!"

അതു കേട്ടപ്പോൾ എല്ലാവരും നിശബ്ദരായി. എങ്കിലും കിട്ടുവിന് വല്ലാത്ത നിരാശ തോന്നി. അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു-

"താങ്കളുടെ പറമ്പിൽ കിടന്നപ്പോൾ അതൊരു വെറും തടിക്കഷണം മാത്രമായിരുന്നു. ഈ സുന്ദരമായ ശില്പം ഞങ്ങളുടെ ഒരു രാത്രിയിലെ കഠിനാധ്വാനമാണ്"

"ഓ...ഹോ.. ശരി. സമ്മതിച്ചു. നിങ്ങളുടെ ശില്പം എനിക്കു വേണ്ട, പകരം എനിക്ക് പറമ്പിലെ തടി തിരിച്ചു തന്നേക്കൂ.. "

കിട്ടുവും കൂട്ടരും ആ അപരിചിതനോടു ക്ഷമ ചോദിച്ചു കൊണ്ട് ശില്പം തിരികെ കൊടുക്കാൻ തുടങ്ങിയപ്പോൾ അയാൾ ഒരു വ്യവസ്ഥ പറഞ്ഞു-

"നിങ്ങൾ ആറു കൂട്ടുകാരും വഴക്കിട്ടപ്പോൾ ഞാൻ ന്യായം പറഞ്ഞതാണ്. നിങ്ങളുടെ കലാബോധത്തെ ഞാനും ബഹുമാനിക്കുന്നു. ഈ സുന്ദര ശില്പം രാജാവിനു സമർപ്പിക്കുക. കിട്ടുന്ന സമ്മാനം തുല്യമായി വീതിച്ചെടുത്തോളൂ..''

അവർ സന്തോഷത്തോടെ കൊട്ടാരത്തിലേക്ക് യാത്രയായി.

ചിന്തിക്കുക- നാം ഈ നിമിഷത്തിൽ എന്തായിരിക്കുന്നുവോ അതിനു പിന്നിൽ അനേകം ആളുകളുടെ സംഭാവനകളുണ്ട്. ചിലർ ബഹുദൂരം മുന്നേറിയിരിക്കാം. പക്ഷേ, അതിന് ഇന്ധനമായവരെ ഒരിക്കലും പിൻതിരിഞ്ഞു നോക്കാറില്ല. എല്ലാം സ്വയം വെട്ടിപ്പിടിച്ചുവെന്ന് അഹങ്കരിക്കും. അങ്ങനെയെങ്കില്‍, സ്വയം തിരുത്തുമല്ലോ.

3. കഴുതയും മണലും (Kerala regional stories)

സിൽബാരിപുരവും കോസലപുരവും അയൽരാജ്യങ്ങളായിരുന്നു. യുദ്ധങ്ങളൊന്നും ഇല്ലാതെ സമാധാനപരമായി ജീവിച്ചിരുന്ന കാലം. എങ്കിലും, ഈ രാജ്യങ്ങളിൽ പരസ്പരമുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും വലിയ ചുങ്കം ചുമത്തിയിരുന്നു. അതുകൊണ്ട്, ചുങ്കം ലാഭിക്കാൻ വേണ്ടി കള്ളക്കടത്ത് വ്യാപകമായി. അതിനാൽത്തന്നെ, രാജ്യാതിർത്തിയിൽ ശക്തമായ കാവൽ ഏർപ്പെടുത്തി.

കോസലപുരം വനത്തില്‍ നിന്നും ഉറവയെടുത്ത് രാജ്യത്തിനു ജലസേചനം നടത്തിയിരുന്ന കോസലപ്പുഴയിലെ മണ്ണിന് മഞ്ഞ കലർന്ന നിറമായിരുന്നു. കള്ളക്കടത്തുകാരുടെ പ്രധാന ഇനം ഈ നദിയിലെ മണ്ണായിരുന്നു. മണ്ണ് പ്രത്യേക രീതിയിൽ അരിച്ചെടുത്ത് ചില പ്രക്രിയകൾ നടത്തിയാൽ ശുദ്ധമായ സ്വർണം ലഭിക്കുമത്രെ! പക്ഷേ, അതിനുള്ള വിദ്യകൾ കോസലപുരത്തു ലഭ്യമല്ലായിരുന്നു. സിൽബാരിപുരത്ത് സ്വർണമണലിന് കൂടിയ വില കിട്ടുകയും ചെയ്യും. എന്നാൽ, കൃത്യമായ കയറ്റുമതിച്ചുങ്കം കൊടുക്കാതെയുള്ള കള്ളക്കടത്തു തടയാൻ കാവൽഭടന്മാരെ കോസലപുരത്തെ അതിർത്തിയിൽ വിന്യസിച്ചിരുന്നു.

ഒരിക്കൽ, രങ്കൻ എന്നു പേരുള്ള യുവാവ് കോസലപ്പുഴയിൽ മുങ്ങിക്കുളിക്കുകയായിരുന്നു. അപ്പോൾ നാലു കാവൽഭടന്മാർ അവൻ തിരികെ കയറുന്നതും കാത്ത് കരയിൽ നിലയുറപ്പിച്ചു. രങ്കൻ തിരികെ കയറിയതും ഭടന്മാർ ചൂരൽ കൊണ്ട് തലങ്ങും വിലങ്ങും മർദ്ദിച്ചു. അവർ ആക്രോശിച്ചു -

"സ്വർണമണൽ വാരുന്ന പെരുങ്കള്ളനാ നീ. മേലിൽ ഇങ്ങോട്ടു വന്നു പോകരുത്!"

അന്നു രാത്രിയിൽ ദേഹമാസകലം ഒടിഞ്ഞു നുറുങ്ങുന്ന വേദന മൂലം അവന് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.

"കുളിക്കാൻ പോയ എന്നെ അടിച്ചവരെ ഞാൻ വെറുതെ വിടില്ല"

അവൻ പിറുപിറുത്തു. രണ്ടു ദിവസം കഴിഞ്ഞ് കഴുതപ്പുറത്ത് മണൽചാക്ക് വച്ചുകൊണ്ട് രങ്കൻ സിൽബാരിപുരത്തേക്കുള്ള അതിർത്തിയിലെത്തി. തന്നെ അടിച്ച കാവൽ ഭടന്മാർ നിന്നിടത്തേക്ക് ധൈര്യസമേതം രങ്കൻ നടന്നു ചെന്നു.

ഒരു ഭടൻ പറഞ്ഞു - " ഹൊ! അവൻ മണൽചാക്കുമായി വരുന്നുണ്ട്. ശിഷ്ടകാലം തടവറയിൽ കിടന്നു മരിക്കാൻ യോഗമുണ്ട് "

അവർ ചാക്കു തുറന്ന് വിശദമായി പരിശോധിച്ചു. അത് സ്വർണമണൽ ആയിരുന്നില്ല. വെറും പഞ്ചാര മണൽ. അത് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കിയതിനു ശേഷം സിൽബാരി പുരത്തേക്കു കടത്തിവിട്ടു.

അപ്പോൾ വേറൊരു ഭടൻ പറഞ്ഞു - "ഇത് അവന്റെ സൂത്രമാണ്. ആദ്യം സാധാരണ മണൽ, പിന്നെ കുറച്ചു കഴിയുമ്പോൾ നമ്മുടെ നോട്ടം കുറയുമ്പോൾ സ്വർണമണൽ കടത്താമല്ലോ"

ഇങ്ങനെ അനേകം ദിവസങ്ങളിൽ ഇതേ കാര്യം തന്നെ രങ്കൻ ആവർത്തിച്ചു. കബളിപ്പിക്കപ്പെടും എന്നോർത്ത് ഭടന്മാർ മണല്‍ചാക്ക് ഓരോ തവണയും പരിശോധിക്കും. ഒന്നും കിട്ടുകയുമില്ല. 

അപ്പോൾ, ഭടൻമാര്‍  പറഞ്ഞു- "ഇവൻ ഭ്രാന്തനാണ്. അല്ലെങ്കിൽ മറ്റൊരു കഴുത "

“ഏയ്‌, ഇവന്‍ എപ്പോഴാ നമ്മളെ പറ്റിക്കുന്നതെന്നു പറയാനാകില്ല"

കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം സിൽബാരിപുരത്തേക്കു പോയ രങ്കൻ തിരികെ വന്നില്ല!

കാവൽഭടന്മാർക്കു സംശയമായി - " അവൻ ചത്തു തുലഞ്ഞു കാണും. നമ്മുടെ ഒരുപാട് സമയം കളഞ്ഞ പൊട്ടൻ"

അതേസമയം, കോസലപുരത്തെ കഴുതകളുടെ എണ്ണം പെട്ടെന്ന് കുറഞ്ഞിരിക്കുന്നു. എന്നാല്‍, സില്‍ബാരിപുരത്ത് കഴുതകളും കച്ചവടവും കൂടി. അന്വേഷിച്ചപ്പോള്‍ കോസലപുരത്തെ രാജാവിന് ഒരു രഹസ്യവിവരം കിട്ടി. രാജ്യത്തെ അനേകം കഴുതകളെ ഇവിടത്തെ പ്രജയായ രങ്കൻ സിൽബാരിപുരത്തു കൊണ്ടുപോയി വിറ്റിരിക്കുന്നു! അവൻ കച്ചവടം ചെയ്ത് ധനികനായിരിക്കുന്നു!

വീഴ്ച വരുത്തിയ നാലു കാവൽഭടന്മാരെയും ബന്ധിച്ച് കൊട്ടാരത്തിൽ ഹാജരാക്കി. രാജാവ് കല്പിച്ചു - "രങ്കനെ ആ രാജ്യത്തില്‍ നിന്നും വിട്ടുകിട്ടാന്‍ നിയമമില്ല. അതിനാല്‍, സത്യാവസ്ഥ അറിഞ്ഞു വരാൻവേണ്ടി സൈന്യാധിപൻ രങ്കന്റെ അടുത്തു പോകണം. എന്നിട്ട്, കാര്യങ്ങൾ എഴുതി കൊണ്ടുവരണം. എന്നിട്ടാകാം ഇവരുടെ ശിക്ഷ''

അയാൾ കുതിരപ്പുറത്ത് അതിവേഗം പാഞ്ഞു. തിരികെ വന്ന് രങ്കന്‍റെ ചുരുൾ നിവർത്തി വായിച്ചു- "അങ്ങ് എന്നോടു മാപ്പാക്കിയാലും. കോസലപ്പുഴയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ സ്വർണമണൽ മോഷണമെന്നു പറഞ്ഞ് ഈ നാലു ഭടന്മാരും എന്നെ മർദിച്ചു. അതിന്റെ പ്രതികാരമായിട്ടാണ് മണൽ കാട്ടി ശ്രദ്ധ തിരിച്ച് കബളിപ്പിച്ച് ഓരോ തവണയും ഓരോ കഴുതയെ ഈ രാജ്യത്തിലേക്കു കടത്തി വിറ്റു ധനികനായത്. അന്ന്, ഉഴപ്പി നടന്നിരുന്ന എന്നെ ഭടന്മാരുടെ അടിയാണ് ധനികനാക്കിയത്. അവരോട് എനിക്ക് നന്ദിയുണ്ട്. ദയവായി അവരോടു ക്ഷമിച്ചാലും"

രാജാവ് ഭടന്മാരെ ശിക്ഷിക്കാതെ വെറുതെ വിട്ടു.

ആശയം- Lesson of this Kerala native stories

ഇക്കാലത്തും മാജിക് കാണിക്കുന്നവര്‍ തിളക്കമുള്ള വടികളും വസ്ത്രങ്ങളും തൊപ്പിയും മറ്റും വച്ചു നമ്മുടെ ശ്രദ്ധ തിരിക്കുന്നു. രാഷ്ട്രീയക്കാരും രാജ്യത്തലവന്മാരും വരെ വേറെ പ്രശ്നം കൊണ്ടുവന്നു തിളക്കി വലിയതിന്റെ ശ്രദ്ധ മാറ്റുന്നുണ്ടല്ലോ. ജീവിതത്തിൽ തിരിച്ചടിയും ചൂഷണവും കഷ്ടപ്പാടും ചതിയും അനുഭവിക്കേണ്ടി വരുമ്പോൾ പലർക്കും പ്രതികാര മോഹം ഉദിക്കാറുണ്ട്. യഥാർഥ പ്രതികാരം അഗ്നിപോലെ പലതും നശിപ്പിക്കും. എന്നാൽ, മധുര പ്രതികാരം ചിലപ്പോൾ കൂടുതൽ ഉയർച്ചയിലേക്കു നയിച്ചേക്കാം.

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍