നേർവഴിയുടെ കഥകൾ!

മാതാപിതാക്കളും കുട്ടികളും വായിക്കേണ്ട കഥകൾ

1. ശർക്കരയിലെ കയ്പ്

സില്‍ബാരിപുരംരാജ്യത്തിലെ പ്രധാനപ്പെട്ട ഒരു ആശ്രമം. അവിടെ ഗുരുജിയുടെ കീഴില്‍ ഇരുപതു ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ, പാചകം ചെയ്യുന്ന ശിഷ്യന്‍ ഗുരുജിയോടു പറഞ്ഞു:"ഗുരുജീ, അടുക്കളയിലെ ശര്‍ക്കര തീര്‍ന്നിരിക്കുന്നു. വൈകുന്നേരം പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ എന്തുചെയ്യും?”

"ചന്തയില്‍നിന്ന് ശര്‍ക്കര കൊണ്ടുവന്നിരുന്ന ആള്‍ എവിടെ?”

"ഈ ആഴ്ച അയാള്‍ വന്നില്ല. എന്തുപറ്റിയെന്ന് അറിയില്ല"

വേഗം ശര്‍ക്കര തീരാന്‍ കാരണമുണ്ട്- അതീവ സ്വാദുള്ള ശര്‍ക്കര ചേര്‍ത്ത് ഉണ്ടാക്കുന്ന അരിപലഹാരങ്ങള്‍ ആശ്രമത്തിലെ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. ശിഷ്യന്മാര്‍ നല്ലതുപോലെ തിന്നുകയും ചെയ്യും.

ഉടന്‍, ഗുരുജി അഞ്ചു ശിഷ്യന്മാരെ വിളിച്ചുവരുത്തി പറഞ്ഞു:

"നിങ്ങള്‍ നാലു ഭരണിയുമായി ചന്തയില്‍ പോയി ശര്‍ക്കര വാങ്ങി വരിക. ഭരണിയുടെ മൂടി അടയ്ക്കാന്‍ മറക്കരുത്. ഒരാള്‍ പണസഞ്ചി പിടിക്കട്ടെ"

അവര്‍ ചന്തയില്‍ ചെന്ന് ഭരണികളില്‍ ശര്‍ക്കരയുമായി തിരികെ മടങ്ങി. തോളില്‍ വച്ച് അത് ചുമന്നപ്പോള്‍ ഒരുവന്‍ പറഞ്ഞു:

"ഇതിന്റെ മൂടി മാറ്റുകയാണെങ്കില്‍ വക്കിൽ പിടുത്തം കിട്ടും. വേഗത്തില്‍ നടക്കാം. പക്ഷേ, ഗുരുജി പറഞ്ഞത് മൂടിവച്ചു വരണമെന്ന്”

അപ്പോള്‍, പണസഞ്ചി പിടിച്ചിരുന്ന പ്രധാന ശിഷ്യന്‍ പറഞ്ഞു:

“ഭരണിയില്‍ ഒന്നും വീഴാതിരിക്കാന്‍ പറഞ്ഞതായിരിക്കും. അതിനൊരു വഴിയുണ്ട്. ആശ്രമത്തിന് അടുത്ത് ചെല്ലുമ്പോള്‍ അടച്ചു വച്ചാല്‍ മതി"

അങ്ങനെ, അതിന്റെ മൂടികൾ എല്ലാം കൂടി പ്രധാന ശിഷ്യൻ കയ്യിൽ വച്ചു. കുറച്ചു ദൂരം കാടിനു സമീപത്തുള്ള വഴിയിലൂടെ പിന്നിട്ടപ്പോള്‍ ശര്‍ക്കരയുടെ മണം ഒരു കൊമ്പനാനയുടെ മൂക്കിലെത്തി. ആന ചിന്നം വിളിച്ച് അവരുടെ സമീപത്തേക്ക് ഓടിയടുത്തു!

ആന പാഞ്ഞുവരുന്നതു കണ്ട് അവര്‍ ഭരണിയെല്ലാം താഴെയിട്ട് ജീവനുംകൊണ്ട് ഓടി. ഭരണി പൊട്ടി ശര്‍ക്കരയുണ്ടകള്‍ നാലുപാടും ഉരുണ്ടു. ആന അതെല്ലാം ആര്‍ത്തിയോടെ തിന്നുതുടങ്ങി.

അവർ ഓടിയോടി തളര്‍ന്ന് ഒരുവിധം ആശ്രമത്തിലെത്തി.

നാലു ശിഷ്യന്മാരും വിവരം പറഞ്ഞ്‌ ഗുരുജിയുടെ കാൽക്കൽ വീണ് അനുസരണക്കേടിനു മാപ്പു ചോദിച്ചു. അദ്ദേഹം അവരോടു ക്ഷമിക്കുകയും ചെയ്തു.

അതേസമയം, പ്രധാന ശിഷ്യന് അതൊരു നല്ല കാര്യമായി തോന്നിയില്ല. ഭരണി താന്‍ ചുമന്നിരുന്നില്ലല്ലോ എന്നൊരു ധൈര്യവും അവനുണ്ടായി. ആ ശിഷ്യന്‍ ഗുരുജിയോടു ചോദിച്ചു-

"ശർക്കരയുടെ മണം പിടിച്ച് ആന വരുമെന്ന് എന്തുകൊണ്ട് എന്നോടു പറഞ്ഞില്ല?

കാടിന്റെ സമീപമല്ലാത്ത സുരക്ഷിത വഴിയിലൂടെ ഞങ്ങളെ ഗുരുജിക്ക് വിടാമായിരുന്നില്ലേ? അല്ലെങ്കില്‍, ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ ചന്തയിൽ നിന്ന് ശർക്കരക്കാരൻ ഇവിടെ വരുമായിരുന്നല്ലോ? ഞാന്‍ പണസഞ്ചിയുടെ കാര്യം മാത്രമേ നോക്കിയുള്ളൂ"

അപ്പോള്‍, അവനു നേരെ ഗുരുജി ഗൗരവത്തില്‍ നോക്കി. അതില്‍ പന്തികേട് തോന്നിയിട്ട് അവൻ പറഞ്ഞു -

"ക്ഷമിക്കണം, ഇനി ആവർത്തിക്കാതെ നോക്കാം"

ഇതെല്ലാം കേട്ട് ഗുരുജി കോപിച്ചു:

"നിങ്ങൾ അഞ്ചുപേരും ചെയ്ത കുറ്റം ഒന്നു തന്നെയായതിനാൽ നിന്നോടും ഞാൻ ക്ഷമിച്ചേനെ. പക്ഷേ, നീ തെറ്റിനെ ന്യായീകരിച്ചു. തെറ്റിന്റെ ഒരു പങ്ക് എനിക്കും കൂടി നൽകാൻ നിനക്ക് വല്ലാത്ത ആവേശം. നിന്നെ മേലിൽ ആശ്രമത്തിൽ കണ്ടു പോകരുത്. കടക്ക് പുറത്ത്!"

ആശയം -

തെറ്റിനെ സ്വയം ന്യായീകരിക്കുക

തെറ്റ് അംഗീകരിക്കാതെ അടിച്ചുപരത്തുക

ഉപാധികളോടെയുള്ള ക്ഷമ പറച്ചില്‍

എതിരാളിയുടെ മുന്‍കാല തെറ്റുകള്‍ നിരത്തി ഇപ്പോഴത്തെ സ്വന്തം തെറ്റുകള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുക

തെറ്റ് സമൂഹ പ്രതിഭാസമാക്കി കാണിച്ച് നിസ്സാരവല്‍ക്കരിക്കുക

തെറ്റിന്റെ ഉത്തരവാദിത്തം പങ്കിട്ട് ഭാരം കുറയ്ക്കുക

മാതാപിതാക്കള്‍ പരസ്പരം ഇങ്ങനെയൊക്കെ കാണിക്കുമ്പോള്‍ പിണക്കം, വാശി, തര്‍ക്കം, വൈരാഗ്യം, വിവാഹമോചനം, ക്വട്ടേഷന്‍ എന്നിവയൊക്കെ സംഭവിച്ചേക്കാം. അത്തരം കുടുംബങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്ന മാതൃക നിലവാരം ഇല്ലാത്തതായിരിക്കും. ആ കുട്ടികള്‍ ദേഷ്യത്തോടെ, അനുസരണം ഇല്ലാതെ, തര്‍ക്കുത്തരമൊക്കെ പറഞ്ഞാല്‍ അതില്‍ തെറ്റായ പേരെന്റിംഗ് പ്രധാന ഘടകം എന്നു മനസ്സിലാക്കണം!

അന്തസ്സോടെ തെറ്റ് ഏറ്റു പറയാനും അതൊക്കെ ക്ഷമിക്കാനും നല്ല സംസ്കാരം വേണം. അത്തരക്കാർ പിന്നെ അതേ തെറ്റ് ആവർത്തിക്കുകയുമില്ല. പൂര്‍ണമായ ക്ഷമാപണം ചെയ്യുന്ന ആളിന് മറ്റുള്ളവരുടെ തെറ്റുകളോടും പൂര്‍ണമായി ക്ഷമിക്കാന്‍ സാധിക്കുന്നു. കുട്ടികള്‍ നല്ലതു മാതൃകയാക്കാന്‍ മാതാപിതാക്കള്‍ നിമിത്തമാകട്ടെ!

2. രണ്ടു ഭൃത്യന്മാരുടെ കഥ

പണ്ടുപണ്ട്, സിൽബാരിപുരംഗ്രാമത്തിൽ ഒരു ജന്മിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ വേലക്കാരായ ചീരനും രാമനും വീട്ടുജോലികൾ ചെയ്തു വന്നു. രണ്ടു പേരും ഏകദേശം ഒരേ സമയത്തുതന്നെയാണ് അവിടെ ജോലിയിൽ പ്രവേശിച്ചത്. ഓരോ മാസവും മുപ്പത് വെള്ളിനാണയങ്ങൾ വീതം അവർക്കു കൃത്യമായി കൂലി ലഭിച്ചിരുന്നു.

കുറച്ചു മാസങ്ങൾ കടന്നുപോയപ്പോൾ, രാമനു തന്റെ ശമ്പളത്തിൽ പത്ത് നാണയങ്ങളുടെ വർധനയോടെ നാൽപത് നാണയം കിട്ടിത്തുടങ്ങി. പക്ഷേ, ചീരനു മാറ്റമില്ലാതെ പഴയതുമാത്രം. അയാൾക്ക് അമർഷം തോന്നിയെങ്കിലും യജമാനനോടു പരാതിപ്പെടാനുള്ള ധൈര്യമില്ലായിരുന്നു.

മൂന്നു മാസങ്ങൾ പിന്നിട്ടപ്പോൾ രണ്ടാമന്റെ മാസശമ്പളം അൻപത് നാണയങ്ങൾ!

അത്, ചീരനു താങ്ങാനായില്ല. അയാൾ യജമാനനോടു രണ്ടും കല്പിച്ചു പരാതിപ്പെട്ടു -

"ഏമാനേ, ഒരേ പണി ചെയ്യുന്ന ഞങ്ങൾ രണ്ടു പേർക്കും രണ്ടു തരം കൂലിയാണല്ലോ"

ജന്മി ശാന്തമായി മറുപടി പറഞ്ഞു -

"അതിനുള്ള കാരണം വെറുതെയങ്ങ് പറഞ്ഞാൽ നിനക്കു മനസ്സിലാകില്ല. കുറച്ചു ദിവസത്തിനുള്ളിൽ പരിഹാരമുണ്ടാക്കാം"

അടുത്ത ദിവസം ഉച്ചസമയത്ത്, വീടിനു മുന്നിലുള്ള ചെമ്മൺപാതയിലൂടെ ഒരു കാളവണ്ടി പോകുന്നത് ജന്മിയുടെ ശ്രദ്ധയിൽ പെട്ടു -

"എടാ, ചീരാ, നീ ചെന്ന് ആ കാളവണ്ടിയിൽ എന്താണെന്ന് അറിഞ്ഞു വരിക"

അതിൽ നെല്ലാണെന്ന് അവൻ വന്നു പറഞ്ഞു. അപ്പോൾ ജന്മി വീണ്ടും ആവശ്യപ്പെട്ടു-

"എങ്ങോട്ടാണ് കാളവണ്ടിയുമായി അയാളുടെ യാത്ര?"

ചീരൻ ഓടിച്ചെന്ന് വിവരം അറിഞ്ഞു മടങ്ങി.

"തെക്കൻചന്തയിലേക്കാണ് ഏമാനേ"

"കാളവണ്ടിക്കാരന്റെ പേരു കൂടി എനിക്ക് അറിയണം"

അതും ചീരൻ ജന്മിയെ അറിയിച്ചു. ഉടൻതന്നെ, ജന്മി രാമനെ വിളിച്ചു.

"നീ പോയി കാളവണ്ടി എവിടെ പോകുന്നുവെന്ന് തിരക്കിയിട്ട് വരിക"

ചെമ്മൺപാത കുണ്ടും കുഴിയും നിറഞ്ഞതാകയാൽ കാളവണ്ടി മെല്ലെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. രാമൻ അതിനു പിന്നാലെ ഓടി. എന്നാൽ, രാമൻ മടങ്ങിയെത്തിയത് ഏതാനും മണിക്കൂറുകൾ കഴിഞ്ഞാണ്. അവൻ ഓടിക്കിതച്ച് ജന്മിയുടെ മുന്നിലെത്തി -

"ഏമാനേ, ഞാൻ വൈകിയതിൽ ക്ഷമിക്കണം, ആ സാധുവായ കാളവണ്ടിക്കാരൻ ദൂരെ ദിക്കിൽനിന്ന് നെല്ലു വിൽക്കാനായി വന്നതാണ്. അയാൾ തെക്കൻചന്തയിൽ ആദ്യമായി വരുന്നതിനാൽ യാതൊരു പരിചയവുമില്ല. അതിനാൽ, നല്ല വില കിട്ടുന്ന കടയിൽ അയാളെ കൂട്ടിക്കൊണ്ടുപോയി വിൽപന നടത്തി. അതിന്റെ സന്തോഷത്തിൽ എനിക്ക് പത്ത് നാണയം പ്രതിഫലമായി തരികയും ചെയ്തു. ഇതാ, നാണയം ഏമാൻ സ്വീകരിച്ചാലും"

അപ്പോൾ, ജന്മി സന്തോഷത്തോടെ തിരിഞ്ഞ് ചീരനോടു പറഞ്ഞു-

"നിങ്ങൾക്കു രണ്ടു തരം മാസക്കൂലി തരുന്നതിന്റെ കാര്യം ഇപ്പോൾ ചീരനു മനസ്സിലായല്ലോ. രാമൻ എന്തു കാര്യം ചെയ്താലും നിലവാരം പുലർത്താൻ ശ്രമിക്കാറുണ്ട്. ഇതുവരെ ഈ തറവാടിന് ഇല്ലാതിരുന്ന പലതരം അഭിവൃദ്ധിക്കും അത് വഴിതെളിച്ചു"

"ഉവ്വ്, ഏമാനേ, എനിക്കു മനസ്സിലായി"

ചീരൻ തല കുലുക്കി.

രണ്ടാഴ്ച പിന്നിട്ടപ്പോൾ, ആ മാസത്തെ കൂലിയും വാങ്ങിയിട്ട് ചീരൻ പറഞ്ഞു:

"ഏമാനെ, ഞാനിത് വീട്ടിൽ കൊടുത്തിട്ട് നാളെ രാവിലെ തിരികെ വരാം"

വൈകുന്നേരം, ചീരൻ വീട്ടിലെത്തിയ ഉടൻ ഭാര്യയോടു പറഞ്ഞു-

"എടീ.. ആ ദുഷ്ടൻ ഇത്തവണയും എനിക്ക് കൂലി കൂട്ടിയില്ല. അവന്റെ തറവാടിന് നിലവാരം കൂട്ടാനല്ല ഞാൻ പണിയെടുക്കുന്നത്!

ത്ഫൂ..!

അത്യാവശ്യം വേണ്ടതൊക്കെ ഒരു ഭാണ്ഡക്കെട്ടിൽ എടുത്തോ. നീചനായ ജന്മിയും, നാടുവാഴിയും അറിയാതെ ഇന്നു രാത്രിയിൽത്തന്നെ മലയിറങ്ങി വെളുപ്പിന് അയൽനാട്ടിലെത്തണം, അവിടം ഒരുപാട് ജന്മിമാരുള്ള നാടാണ്! പണി കിട്ടാൻ ഒരു വിഷമവുമില്ല"

അതുകേട്ട് ഭാര്യ പറഞ്ഞു -

"അതെ. ഏമാൻ നാടുവാഴിയോട് പറഞ്ഞാൽ ശിക്ഷയും കിട്ടും, പിന്നെ ഈ നാട്ടില് ഒരിടത്തും പണി കിട്ടുകേല"

അവർ മുറുമുറുപ്പോടെ രാത്രിയിൽ അവിടം വിട്ടു!

ഈ കഥയിലെന്നപോലെ, സമൂഹത്തിന്റെ സംസ്കാരവും ചിന്തയും നിലവാരം പുലർത്താൻ അനേകം എഴുത്തുകാരുടെ അധ്വാനങ്ങൾ സഹായകമാകാറുണ്ട്. എങ്കിലും, മുൻനിര എഴുത്തുകാരെ മാത്രമേ സാമാന്യമായി ജനങ്ങൾ അംഗീകരിക്കാറുള്ളൂ.

പുതിയ എഴുത്തുകാരെയും, പ്രശസ്തിയുടെയും അവാർഡുകളുടെയും മാധ്യമങ്ങളുടെയും അകമ്പടി ഇല്ലാത്തവരെയും, സോഷ്യൽ മീഡിയയിൽ നെഞ്ചുവിരിക്കാത്തവരെയും വളർത്താനല്ല, തളർത്താനാകും സമൂഹം ശ്രമിക്കുക.

ഇപ്പോൾ, വായനക്കാർ ആലോചിക്കുന്നുണ്ടാവും- 'നിലവാരം' എന്ന സംഗതിയുടെ പ്രസക്തി എന്താണ്? അതിന്റെ പ്രാധാന്യം പറയാം -

നിലവാരമില്ലാത്ത വാദങ്ങൾ വിവാദങ്ങളാകും!

നിലവാരമില്ലാത്ത ശീലങ്ങൾ ദുശ്ശീലങ്ങളാകും!

നിലവാരമില്ലാത്ത മരുന്നുകൾ വിഷങ്ങളാകും!

നിലവാരമില്ലാത്ത രാജ്യങ്ങൾ ലോകശത്രുക്കളാകും!

നിലവാരമില്ലാത്ത ഭക്ഷണങ്ങൾ രോഗങ്ങളാകും!

നിലവാരമില്ലാത്ത വഴികൾ നരകങ്ങളാകും!

നിലവാരമില്ലാത്ത ഡ്രൈവിങ്ങ് അപകടങ്ങളാകും!

നിലവാരമില്ലാത്ത വിദ്യാഭ്യാസം മൂല്യമില്ലാത്തതാകും!

നിലവാരമില്ലാത്ത വസ്ത്രധാരണം ആഭാസങ്ങളാകും!

നിലവാരമില്ലാത്ത അധ്യാപകർ ദുർമാതൃകയാകും!

നിലവാരമില്ലാത്ത സൗഹൃദങ്ങൾ വഴിപിഴച്ചതാകും!

നിലവാരമില്ലാത്ത കുടുംബം സമൂഹശാപമാകും!

നിലവാരമില്ലാത്ത സാഹിത്യം സമയംകൊല്ലികളാകും!

നിലവാരമില്ലാത്ത രാഷ്ട്രീയം അഴിമതിയാകും!

നിലവാരമില്ലാത്ത പത്രങ്ങൾ അസത്യങ്ങളാകും!

നിലവാരമില്ലാത്ത പ്രണയം ചതിയാകും!

നിലവാരമില്ലാത്ത ദാമ്പത്യം ദുസ്സഹമാകും!

നിലവാരമില്ലാത്ത ഗവേഷണം പൊങ്ങച്ചമാകും!

നിലവാരമില്ലാത്ത അയൽപക്കം അസൂയയാകും!....

ഇങ്ങനെ നിലവാരമില്ലാത്ത അനേകം രംഗങ്ങൾ സമൂഹത്തെ വല്ലാതെ ഞെരുക്കുന്നുണ്ട്. ഇങ്ങനെയുള്ള ഏതെങ്കിലും ശാഖയിലെ നിലവാരത്തകർച്ച പ്രത്യക്ഷമായോ പരോക്ഷമായോ മിക്കവാറും മനുഷ്യർ അനുഭവിക്കുന്നുണ്ടാവാം. പക്ഷേ, അതൊക്കെ മനസ്സിലാകാത്തവർ 'നിലവാരം' ആവശ്യമില്ല, എന്നെ ബാധിക്കുന്നില്ല എന്ന വിചാരത്താൽ എഴുത്തുകാരെ പുച്ഛിക്കുന്നു! സാമൂഹിക നിലവാരം മെച്ചപ്പെടുത്താന്‍ എഴുത്തുകാരുടെ തൂലികയ്ക്ക് കഴിവുണ്ട്! നല്ലതു വായിച്ച് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിനു കടമയുണ്ട്!

3. കോച്ചിങ്ങിനു പോകണമോ?

പല ഉദ്യോഗാര്‍ത്ഥികളും സംശയിക്കുന്ന ഒരു കാര്യമാണ്. ചില കാര്യങ്ങള്‍ പറയാം- കോച്ചിംഗ് സെന്ററുകളില്‍ ഗുണവും ദോഷവും ഉണ്ടെന്നു കരുതണം. നിങ്ങളിലെ ഗുണദോഷങ്ങള്‍, ശക്തി-ദൗര്‍ബല്യങ്ങള്‍ എന്നിവയൊക്കെ സ്വയം തിരിച്ചറിഞ്ഞ് നല്ല തീരുമാനങ്ങള്‍ എടുക്കുക.

ഗുണങ്ങള്‍- ഒരു വിദ്യാര്‍ത്ഥിക്ക് തനിയെ ഇരുന്നാല്‍ ഒന്നും പഠിക്കാന്‍ തോന്നുന്നില്ലെങ്കില്‍ ക്ലാസ്സിലെ ഗ്രൂപ്പ്‌ പഠനം പ്രചോദനം നല്‍കും

ഓരോ ക്ലാസ്സിലും മിടുക്കരായ പത്തു ശതമാനം കുട്ടികള്‍ എങ്കിലും കാണും. ഒരു സാധാരണ ഉദ്യോഗാര്‍ഥി അവരെ നിരീക്ഷിച്ചു മാതൃകയാക്കിയാല്‍ സ്വന്തം നിലവാരം ഉയര്‍ന്നുവരും

പരീക്ഷാ മാതൃകയിലുള്ള ടെസ്റ്റ്‌ പേപ്പറുകള്‍ നിശ്ചിത സമയത്ത് പരീക്ഷാ ഹാളില്‍ പങ്കെടുക്കുന്ന അതേ അനുഭവത്തില്‍ കിട്ടും. വീട്ടില്‍ ഇരുന്ന് ഇങ്ങനെ പറ്റില്ലല്ലോ. ഇത്തരം റിഹേഴ്സലുകള്‍ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തും

ഫോണിലും ഇന്റര്‍നെറ്റിലും ഒരുപാടു സമയം ചെലവിടുന്ന അടിമകള്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ പഠിക്കാന്‍ നല്ലതായിരിക്കും

ഈ മേഖലയിലെ അധ്യാപകരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കിട്ടുന്നു

ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത ഇന്റര്‍വ്യൂ ടിപ്സ്, വിജയിച്ചവരുടെ പഠന സമ്പ്രദായങ്ങള്‍ അറിയാന്‍ പറ്റും

സ്വകാര്യമേഖലയിലെ തൊഴില്‍ അവസരങ്ങള്‍ അറിയാന്‍ സാധിക്കുന്നു. ചെറുകിട ജോലിക്കുള്ള ശുപാര്‍ശയും കിട്ടിയേക്കാം

വിലയുള്ള പഠന സാമഗ്രികള്‍ ഷെയര്‍ ചെയ്യാം.

ദോഷങ്ങള്‍- പഠിക്കാനുള്ള ചെലവ് വര്‍ദ്ധിക്കുന്നു.

യാത്ര മൂലം പഠിക്കാനുള്ള സമയം കുറയുന്നു.

ലക്ഷ്യബോധമില്ലാതെ വരുന്ന ഉദ്യോഗാര്‍ഥികള്‍ നല്ലവര്‍ക്കു ശല്യമാകും.

പ്രണയിക്കാന്‍ മാത്രമായി വരുന്ന ചിലരും എല്ലാ ക്ലാസ്സിലും കാണും. അവരുടെ കെണിയില്‍ വീണാല്‍ ഉദ്യോഗാര്‍ഥിയുടെ ഭാവി ഇരുട്ടിലാകാം.

'വീട്ടില്‍ കുത്തിയിരുപ്പാണ്' എന്നുള്ള പേരുദോഷം മാറ്റാന്‍ വരുന്ന കൂട്ടരും ക്ലാസുകള്‍ ഉഴപ്പാന്‍ സഹായിച്ചേക്കാം.

പരിശീലന കേന്ദ്രങ്ങളുടെ പഠനസഹായികളില്‍ മാത്രം അന്ധമായി വിശ്വസിച്ചാല്‍ പരീക്ഷാ പ്രകടനത്തില്‍ പിറകിലായേക്കാം.

കുട്ടികള്‍ കുറയാതിരിക്കാന്‍ നല്ല സ്വാതന്ത്ര്യം കിട്ടുന്നിടത്ത് സഹപാഠികളില്‍നിന്നും ദുശ്ശീലങ്ങള്‍ പകര്‍ന്നുകിട്ടാനും സാധ്യതയുണ്ട്.

ഓര്‍ക്കുക- ഓരോ പരീക്ഷയുടെയും സിലബസ്, പഠനവിഷയങ്ങളുടെ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നിവയ്ക്ക് യാതൊരു പഞ്ഞവുമില്ലാത്ത കാലമാണിത്. എവിടെവച്ച് പഠിച്ചു എന്നല്ല, എന്തുമാത്രം ആഴത്തില്‍ പഠിച്ചു എന്നതാണ് പ്രധാനം. പഠിക്കാനുള്ള മനസ്സും, സമയം കണ്ടെത്തലും, ശാസ്ത്രീയ വിനിയോഗവും നിങ്ങളെ വിജയത്തില്‍ എത്തിക്കും.

4. ഉദ്യോഗാർഥികൾ വായിക്കാൻ

സോഷ്യൽ മീഡിയ വഴിയായി അനേകം തൊഴിൽ അവസരങ്ങൾ ലിങ്ക് സഹിതം ഷെയർ ചെയ്യപ്പെടുന്നുണ്ട്. അതിൽ നല്ലൊരു പങ്കും തട്ടിപ്പുകളായിരിക്കും.

പ്രായത്തിലും വിദ്യാഭ്യാസ യോഗ്യതയിലും ശമ്പളത്തിലും അപേക്ഷാ തീയതിയിലും മറ്റും ഒരുപാട് ഇളവുകൾ നൽകുമ്പോൾ തൊഴിലന്വേഷകർ പെട്ടെന്നു വീഴുകയും ചെയ്യും.

സാധാരണയായി ഒറിജിനൽ സൈറ്റ് തകരാറിൽ കിടക്കുന്ന ദിവസവും മറ്റും ഇത്തരക്കാർ തല പൊക്കും. സൈറ്റിനോടു സാദൃശ്യമുണ്ടെങ്കിലും https ഇവയ്ക്ക് കാണുകയില്ല.

ഓരോ അപേക്ഷകനും 100-500 തുകയൊക്കെ മാത്രം പോകുന്നതിനാൽ ആരും പിന്നീട് പരാതിപ്പെടാൻ പോകാറുമില്ല. മറ്റു ചിലർ 'എന്നെ വിളിക്കും' എന്ന പ്രതീക്ഷയിലുമായിരിക്കും.

ശ്രദ്ധിക്കുക..

തൊഴിൽ വിജ്ഞാപന വിവരങ്ങൾ മുൻനിര പത്രങ്ങളിൽ നിന്ന് അറിയുക.

അല്ലെങ്കിൽ, ഔദ്യോഗിക വെബ്സൈറ്റിൽ നേരിട്ടു കയറുക. ലിങ്ക് വഴി പോകരുത്.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തേക്ക് മാറ്റി വയ്ക്കരുത്. തപാല്‍സമരം, ഹര്‍ത്താല്‍, ഹെവി ഓണ്‍ലൈന്‍ ട്രാഫിക്‌, വെബ്സൈറ്റ് തകരാര്‍ എന്നിവ മൂലം പലരുടെയും അവസരങ്ങള്‍ നഷ്ടപ്പെടാം.

തൊഴിൽ അവസരങ്ങൾ അറിയാനും പഠിക്കാനും മലയാളത്തിലെ രണ്ട് പ്രചാരം കൂടിയ പത്രങ്ങളുടെ തൊഴിൽ പ്രസിദ്ധീകരണം വാങ്ങുക.

മറ്റൊരു സൂത്രം പരീക്ഷിച്ചു നോക്കാവുന്നതാണ്- നിങ്ങൾ വാങ്ങുന്ന പത്രവും തൊഴിൽ പ്രസിദ്ധീകരണവും രണ്ടു ഗ്രൂപ്പിന്റേതാവണം. കാരണം, രണ്ട് വ്യത്യസ്ത തരത്തിലുള്ള അറിവുകളും തൊഴിലവസരവും ശൈലിയും മേഖലയും എഴുത്തുകാരെയും കിട്ടും!

ജോലി ആഗ്രഹിക്കുന്നവർ ഇന്നുതന്നെ അതിന്റെ വരിക്കാരായി നന്നായി പഠിച്ചു തുടങ്ങൂ..

സോഷ്യൽ മീഡിയയിലും ഇന്റര്‍നെറ്റിലും സമയം കുറയ്ക്കൂ..

അണ്‍ലിമിറ്റഡ് 4ജി മൂലം അണ്‍ലിമിറ്റഡ് അവസരങ്ങള്‍ കളയരുത്!

5. ഉദ്യോഗാർഥികളുടെ സമയത്തിന്റെ വിലയെന്താണ്?

സ്വാഭാവികമായും നാം ഏതു കാര്യത്തിലും കൂടുതൽ സമയം ചെലവിട്ടാൽ അതിന്റെ ഫലം വ്യക്തമായി അതിൽത്തന്നെ പ്രതിഫലിക്കും.

ജോലിക്കായുള്ള മൽസര പരീക്ഷകളിൽ പഠനത്തിനായി കൂടുതൽ സമയം മാറ്റിവച്ചാൽ അവരുടെ പേര് മൽസരഫലത്തിന്റെ റാങ്ക് ലിസ്റ്റിൽ പ്രതിഫലിക്കും.

അപ്പോൾ, സോഷ്യൽ മീഡിയയിലും മൊബൈൽഫോൺ വിനോദങ്ങളിലും സമയം നിക്ഷേപിക്കുന്നവർ ന്യായമായും പിറകിലാകുന്നതിൽ നിരാശപ്പെട്ടിട്ട് എന്തു കാര്യം?

കർമഫലം അനുഭവിക്കാതെ തരമില്ലല്ലോ!

ഓരോ വര്‍ഷവും പിന്നിടുമ്പോള്‍ ഉന്നത വിദ്യാഭ്യാസമുള്ളവരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കും. സ്വാഭാവികമായും അപേക്ഷകര്‍ പെരുകുമ്പോള്‍ മത്സരവും മുറുകും. അതുകൊണ്ട്, എത്രയും വേഗം സര്‍ക്കാര്‍ജോലിയില്‍ കയറുക എന്നുള്ളത് നിങ്ങളുടെ ഒന്നാമത്തെ ലക്ഷ്യമാക്കി മാറ്റുക!

അറിവിന്റെ സമസ്ത മേഖലയും സ്പര്‍ശിക്കുന്ന പരീക്ഷ സഹായി ഏതാണ്?

ഒട്ടും സംശയിക്കേണ്ട- നമുടെ ദിനപത്രംതന്നെ! അതിനാല്‍, പത്രം വെറുതെ വായിച്ചുവിട്ടാല്‍ പോരാ, അത് മനസ്സില്‍ നില്‍ക്കില്ല. വിവരങ്ങള്‍ ഒരു ബുക്കില്‍ വിഷയം തിരിച്ച് എഴുതിവച്ച് പഠിക്കുക. അതുതന്നെ റിവിഷനും നടത്തണം. യാത്രയ്ക്കിടയിലോ ചടങ്ങുകള്‍ക്കിടയിലോ മറ്റൊന്നും ചെയ്യാതെ കിട്ടുന്ന ഒഴിവു സമയം ഇത്തരം നോട്ടുകള്‍ പഠിക്കാന്‍ കഴിയും. നിങ്ങളുടെ ഫോണിലോ ടാബിലോ ലാപ്ടോപ്പിലോ നോട്ടുകള്‍ സൂക്ഷിച്ചാല്‍ ഏറെ സൗകര്യമായിരിക്കും.

ഇനി മറ്റൊരു കാര്യം- അനേകം കോച്ചിംഗ് സെന്ററുകള്‍ കേരളത്തില്‍ മത്സര പരീക്ഷയ്ക്കുള്ള പരിശീലനം ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. അത്തരം സ്ഥാപനങ്ങളില്‍ ചിലത് പുറത്തിറക്കുന്ന ഗൈഡുകള്‍ തെറ്റുകള്‍ നിറഞ്ഞവയാണ്! തെറ്റായ ഉത്തരങ്ങള്‍ മനസ്സില്‍ കയറിയാല്‍ പിന്നെ അതിനെ ഇറക്കിവിടാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍, മുന്‍നിര സ്ഥാപനങ്ങളുടെ പഠനസഹായികള്‍ മാത്രം വാങ്ങാന്‍ ശ്രമിക്കുക. അല്ലെങ്കില്‍, മുന്‍നിര പത്രങ്ങളുടെ ഗൈഡുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാകയാല്‍ അതും വാങ്ങി പഠിക്കാം.

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍