ചങ്ങാത്തം നിറഞ്ഞ കഥക്കൂട്ട്
മലയാളം ഡിജിറ്റൽ കഥക്കൂട്ട്
1. കടല്‍ത്തീരത്തെ സുഹൃത്ത്
ആ കടല്‍ത്തീരം മനോഹരമായിരുന്നു. അതിനൊരു കാരണമുണ്ട്- അവിടെ കീറിയ സാരിയുടുത്ത് ഒരു സ്ത്രീ ആ ബീച്ചിലെ കുപ്പിച്ചില്ലുകളും മറ്റുള്ള മാലിന്യങ്ങളും സ്വന്തം കൈകൊണ്ട് പെറുക്കിയെടുത്ത് ദൂരെ കളയും. എന്നിട്ട്, അതിന്റെ കൂലിപോലെ അന്നത്തെ ആഹാരത്തിനുള്ള വകയ്ക്കായി ബീച്ചില്‍ ഉല്ലസിക്കുന്ന ആളുകളുടെ അടുക്കല്‍ കൈനീട്ടും. പക്ഷേ, വിനോദയാത്രയിലെ ഈ രസംകൊല്ലിയെ ഭൂരിഭാഗം ആളുകളും ഓടിച്ചുവിടും! ഒരു ദിവസം- ബീച്ചില്‍ ആ സ്ത്രീ മഴക്കാലത്ത് പട്ടിണിമൂലം മരിച്ചുകിടന്നു. അപ്പോള്‍, പത്രക്കാരും പ്രാദേശിക ചാനല്‍കാരും എഴുതി-
“സേവനത്തിന്റെ മഹത്തായ മാതൃക"
“സഫലമീ ജീവിതം"
“നന്മയുടെ നിറകുടം"
അവിടെ സ്ഥിരമായി വൈകുന്നേരം പോയിരുന്ന ആളുകള്‍ അപ്പോഴാണ് തങ്ങള്‍ ഒരു ശല്യമായി കണ്ടിരുന്ന പിച്ചക്കാരി ചെയ്ത കര്‍മം ഓര്‍ത്തത്-വൃത്തിയുള്ള ബീച്ച്..പ്ലാസ്റ്റിക് കുപ്പികളും കവറുകളും കുപ്പിച്ചില്ലുകളും ഭക്ഷണ പാനീയ അവശിഷ്ടങ്ങളും ഇല്ലാത്ത കടല്‍ത്തീരം..അവിടെ തങ്ങളുടെ കാലുകള്‍ സുരക്ഷിതമായിരുന്നു! ആ പഞ്ചാരമണലില്‍ കുട്ടികള്‍ വീടുകള്‍ തീര്‍ത്തും ഓടിക്കളിച്ചും ആനന്ദിച്ചു!
അങ്ങനെ ധാരാളം സഹതാപ നിശ്വാസങ്ങള്‍ അവിടെ ഉതിര്‍ന്നു വീണു. പക്ഷേ, അതുകൊണ്ട് ആ സ്ത്രീക്കു എന്താണു നേട്ടം? ഇനി കൂലി സ്വീകരിക്കാന്‍ അവര്‍ക്കാവില്ലല്ലോ.
അല്പം ചിന്തിക്കുക..ഭൂമിയുടെ ആദ്യകാലത്ത്, ഉരുകിത്തിളയ്ക്കുന്ന ഗോളമായിരുന്നുവത്രെ. അന്തരീക്ഷത്തിൽ പുകപടലം മുഴുവൻ നിറഞ്ഞ് വർഷങ്ങളോളം സൂര്യപ്രകാശം ഉപരിതലത്തിൽ പതിക്കാതെയായി. അതു തണുത്ത് അനേക വർഷങ്ങൾ തുടർച്ചയായി മഴയായി പെയ്തു. അങ്ങനെയാണ് ഭൂമിയുടെ മുക്കാലോളം വരുന്ന കടൽ ഉണ്ടായത്. ശരീരത്തിന്റെ മൊത്തത്തിലുള്ള അടിസ്ഥാന ഘടകം - കോശം! അങ്ങനെ നോക്കുമ്പോൾ കടലിന്റെ അടിസ്ഥാന ഘടകം-മഴത്തുള്ളി!
മനുഷ്യരുടെ സ്വഭാവത്തിനും പെരുമാറ്റത്തിനും സ്നേഹത്തിനും നന്മയ്ക്കും എല്ലാം അടിസ്ഥാനമായി ചെറു ചെറു യൂണിറ്റുകൾ ഉണ്ട്. കൊച്ചു കൊച്ചു നന്മകൾ ചെയ്യാൻ പറ്റുന്നത് ചെയ്യുക. അതിന്റെ ആകെത്തുക വലുതാകും! നാലാൾ അറിയുന്ന തരത്തിലുള്ളവ ചെയ്യാൻ നോക്കിയിരുന്നാൽ ഒന്നും നടക്കില്ല.
സത്കർമങ്ങൾ എല്ലാം ഇതുപോലെ! സന്തോഷവും- ചെറുതിൽ ആശ്വാസം കണ്ടെത്തുക! ധർമദാനങ്ങളിലും- അങ്ങനെ തന്നെ!ചെറിയ സത്യസന്ധതയിലും- ആദ്യം ഊന്നൽ കൊടുക്കാം. എത്രമാത്രം നല്ല രീതിയിൽ മുന്നോട്ടു പോയെന്ന് ഈ പ്രഭാതത്തിൽ എല്ലാവരും ചിന്തിക്കുമല്ലോ!
2. പുഴ കണ്ട ചങ്ങാത്തം
സിൽബാരിപുരംദേശത്ത് ആളുകൾ ജീവിച്ചിരുന്നത് സിൽബാരിപ്പുഴയുടെ തീരത്തായിരുന്നു. പണ്ട്, പട്ടിണിയായിരുന്ന സമയത്ത് ജനങ്ങള്‍ പരസ്പരം സഹകരിച്ചു വളക്കൂറുള്ള മണ്ണില്‍ കൃഷിയിറക്കി പുരോഗതി പ്രാപിച്ചു. പട്ടിണി മാറി സുഖ സൗകര്യങ്ങള്‍ വന്നപ്പോള്‍ മത്സരവും ആര്‍ത്തിയും അവരില്‍ പ്രവേശിച്ചു. അങ്ങനെ, ആളുകൾ ചെറിയ കാര്യങ്ങൾക്കു വരെ തമ്മിലടിക്കുന്നത് പുഴ നോക്കി നിന്നു.
മതവും ജാതിയും ഉപജാതിയും വർഗ്ഗവും നിറവും രാഷ്ട്രീയവും തിങ്ങിനിറഞ്ഞ വഴക്കുകൾ കേട്ട് പുഴയുടെ മനസ്സു നൊന്തു .
'പട്ടിയുണ്ട് സൂക്ഷിക്കുക'
'അന്യ മതസ്ഥർക്കു പ്രവേശനമില്ല'
'ഈ വഴി നടക്കാൻ പാടില്ല'
'പാദരക്ഷകൾ വെളിയിൽ സൂക്ഷിക്കുക'
'ഇവിടെ വസ്ത്രങ്ങൾ ഉപയോഗിക്കരുത്'
'നേർച്ചയിടുന്നവർ മാത്രം അകത്തേക്കു കയറുക'
'ഇത് പൊതുവഴിയല്ല'
'പരസ്യം പതിക്കുന്നത് ശിക്ഷാർഹം'
'അനുവാദമില്ലാതെ അകത്തു കടക്കരുത്'
'മൽസ്യ മാംസാദികൾ ഇവിടെ നിരോധിച്ചിരിക്കുന്നു'
ഇത്യാദി ബോർഡുകൾ കണ്ട് പുഴ അമ്പരന്നു. മനുഷ്യന്റെ അഹങ്കാരം ശമിപ്പിക്കാൻ നദി കടലമ്മയോടു പ്രാർഥിച്ചു. അപ്പോൾ, കടലിന് ആ പ്രാർഥന കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം, ആയിരക്കണക്കിനു വർഷങ്ങളായി കടലമ്മയ്ക്ക് വെള്ളമെത്തിച്ചിരുന്ന നദിയായിരുന്നു സിൽബാരിപ്പുഴ.
ഉടൻ, കടലമ്മ ശക്തമായ നീരാവി ഉയർത്തി വിട്ടു കടൽക്കാറ്റ് രൂപം കൊണ്ടു. അത് പുഴയുടെ വൃഷ്ടിപ്രദേശത്ത് പ്രളയ മഴയായി ഇടിച്ചിറങ്ങി. പ്രളയജലം പുഴയിലൂടെ ശക്തമായി ഒഴുകി. ബോർഡുകൾ ഓരോന്നായി പിഴുതെറിഞ്ഞു. പ്രവേശനമില്ലാത്ത സ്ഥലങ്ങളിൽ ജീവൻ രക്ഷിക്കാൻ ആളുകൾ പാഞ്ഞുകയറി.
അതിര്‍ത്തി കാത്തിരുന്ന നായ്ക്കള്‍ വെള്ളപ്പൊക്കത്തില്‍ എങ്ങോ ഒഴുകിപ്പോയി. ഉന്നത മതക്കാരെ താണ ജാതിക്കാർ രക്ഷിച്ചു. ആചാരവസ്ത്രങ്ങളും അടയാളങ്ങളും ഒഴുക്കിൽ പോയി. വേർതിരിവിന്റെ മതിലുകൾ ഇടിഞ്ഞു വീണു. അതിർത്തി തർക്ക വിഷയമായിരുന്ന വേലിപ്പത്തലുകൾ പിഴുതെറിയപ്പെട്ടു. ഇതെല്ലാം നോക്കി സിൽബാരിപ്പുഴ പൊട്ടിച്ചിരിച്ചു.
4. മനുഷ്യന്റെ ദാഹം
അക്കാലത്ത്, സില്‍ബാരിപുരംരാജ്യം വാണിരുന്നത് വിക്രമന്‍രാജാവായിരുന്നു. ക്രൂരമായ ശിക്ഷകള്‍ ഉണ്ടായിരുന്നതുകൊണ്ട് നാട്ടിലെ കുറ്റകൃത്യങ്ങള്‍ വളരെ കുറവെങ്കിലും ജനങ്ങള്‍ക്കിടയില്‍ ദുരാചാരങ്ങളും ചതിയും പരദൂഷണവും അസൂയയും മറ്റും നടമാടിയിരുന്നു.
അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ അനേകം ആളുകള്‍ ജോലി ചെയ്തു പോന്നു. അവരുടെ കുടുംബങ്ങളും കൊട്ടാരത്തിനോടു ചേര്‍ന്നായിരുന്നു താമസിച്ചിരുന്നത്. അവിടെയും ഓരോ പ്രശ്നങ്ങള്‍ തലപൊക്കി. അപവാദങ്ങളും കെട്ടുകഥകളും പലരുടെയും മനസ്സമാധാനം കെടുത്തി.
ഇതിന് ഒരു മാറ്റം വരുത്തുന്നതിനായി രാജാവ് തന്റെ നാട്ടിലെ മികച്ചൊരു ഗുരുകുലം നടത്തിവന്ന ഗുരുജിയെ അവിടേക്കു ക്ഷണിച്ചു.
അങ്ങനെ, ഗുരുജിയുടെ പ്രഭാഷണം കേള്‍ക്കാന്‍ കൊട്ടാരനിവാസികളെ എല്ലാവരെയും അങ്ങോട്ടു വിളിച്ചു.
അദ്ദേഹം പറഞ്ഞുതുടങ്ങി-
ഒരിക്കല്‍, ഞാന്‍ ഒരു സത്രം നടത്തിവന്നിരുന്നു. പല യാത്രക്കാരും കോസലപുരം ദേശത്തേക്കു പോകുമ്പോള്‍ അവിടെ തങ്ങുക പതിവാണ്. ഒരു ദിനം തങ്ങുന്നതിനു കൂലിയൊന്നുമില്ല. ഒന്നിലധികം ആളുകള്‍ ഉള്ള സംഘം വരുമ്പോള്‍ ഞാന്‍ ഒരു ചെറു പരീക്ഷണം നടത്തും.
ആളുകള്‍ സത്രത്തിലേക്കു വരുമ്പോഴേ ഒരു മൊന്ത കുടിവെള്ളം ചോദിക്കും. ഞാന്‍ പക്ഷേ, അതില്‍ പകുതി വെള്ളം മാത്രമേ ഓരോ ആളിനും കൊടുക്കയുള്ളൂ. പിന്നെയാണു കാര്യം. ചിലര്‍ രഹസ്യമായി പറയും-
“ഈ സത്രക്കാരന്‍ എന്തൊരു മര്യാദയില്ലാത്തവനാണ്!”
“ഇത് പകുതിവെള്ളമേ ഉള്ളൂ"
“സൗജന്യ താമസമെന്നു കരുതി എന്തും ആകാമെന്നോ?”
“പകുതിവെള്ളം അതിഥിയെ അപമാനിക്കുന്നതിനു തുല്യമാണ്"
അതേസമയം, മറ്റു ചിലര്‍-
“ഹാവൂ..എന്തൊരാശ്വാസം..തൊണ്ട വരണ്ടിരിക്കുകയായിരുന്നു"
“ദാഹം അടങ്ങിയില്ല. അതിനെന്താ, ഒരു മൊന്ത വെള്ളംകൂടി ചോദിക്കാമല്ലോ"
കുറെക്കൂടി ഉത്തമരായ ആളുകള്‍ നന്ദി പറഞ്ഞു യാത്രയാകും.
കൊട്ടാര വാസികളെ, ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായോ?
മനുഷ്യര്‍ പലതരമാണ്. നാം ഇപ്പോള്‍ ലഭിച്ചിരിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കുമായി നന്ദി പ്രകാശിപ്പിക്കുവിന്‍. പാതി നിറഞ്ഞ മറ്റുള്ളവരുടെ കഴിവുകളെ പരിഹസിക്കരുത്. ചിലര്‍ക്ക് നമുക്കായി പാതി ഉപകാരമോ നന്മയോ ചെയ്യാനായുള്ളൂ എന്നുവരാം. അതിനെ പുച്ഛമായി അവതരിപ്പിക്കരുത്. നന്മയുടെ പാതിപാത്രത്തില്‍ ഒഴിഞ്ഞ പാതി നാം ഓരോരുത്തരും നിറയ്ക്കാന്‍ ശ്രമിക്കുക"
അദ്ദേഹം പറഞ്ഞുനിര്‍ത്തി.
Comments