വിനോദങ്ങൾ (Hobbies) എങ്ങനെയാവണം? (Malayalam digital book)
വിനോദം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! (മലയാളം ഡിജിറ്റൽ ബുക്ക്)
ഹോബികളേക്കുറിച്ച് ചില ശാസ്ത്രീയ വസ്തുതകൾ
1. ഏതെങ്കിലും ഒരു ഹോബി മതിയാവും. മൂന്നില്‍ കൂടുതലായാല്‍ ദോഷമെന്നു പഠനങ്ങള്‍.
2. മറ്റുള്ള ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള സൂത്രമായി ഹോബിയെ കാണരുത്. പകരം അതില്‍നിന്നും ഊര്‍ജം ഉള്‍ക്കൊള്ളണം.
3. കുട്ടികളെ നല്ലൊരു ഹോബി തെരഞ്ഞെടുക്കാന്‍ സഹായിക്കുക.
4. അമിതസമയം ഹോബികള്‍ക്ക് ചെലവിടരുത്. സന്തുലനം പാലിക്കുക.
5. ഹോബികള്‍ സ്വയമായോ മറ്റുള്ളവര്‍ക്കോ ദോഷം ചെയ്യാതെ ശ്രദ്ധിക്കുക.
6. സ്റ്റാമ്പ്-നാണയ ശേഖരണം തുടങ്ങിയ ഹോബികള്‍ ചെലവേറിയതാകയാല്‍ കുടുംബത്തിന്റെ സാമ്പത്തികശേഷി നോക്കി ഉചിതമായത് തെരഞ്ഞെടുക്കണം.
7. അപകടം നിറഞ്ഞ ഹോബികള്‍ ഒഴിവാക്കണം. trekking, para-gliding, sky-diving, mountaineering, surfing, ice-ski-skating, boxing, water adventures, car-bike stunts, racing തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഒഴിവാക്കുക. പ്രശസ്ത കാര്‍-റേസര്‍ ആയിരുന്ന മൈക്കിള്‍ ഷൂമാക്കര്‍ ഐസ്-സ്കീയിംഗ് ചെയ്യുന്നതിനിടെ തെന്നി പാറയില്‍ തലയടിച്ച് ഒന്‍പതു മാസക്കാലം അബോധാവസ്ഥയില്‍ ആയിരുന്നു. സ്പോര്‍ട്സ്- ഗെയിംസ് അപകടങ്ങളുടെ ഇരകളായ അനേകം മലയാളികള്‍ കേരളത്തില്‍ ദുരിതം അനുഭവിക്കുന്നുണ്ട്. ഏതെങ്കിലും പത്ര-മാസികകളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ടിട്ട് കുറച്ചുപേര്‍ക്ക് സഹായം കിട്ടിയാല്‍ ഭാഗ്യമെന്നു പറയാം. 8. ബീച്ചില്‍ കുളിക്കാന്‍ ശ്രമിക്കരുത്. കുട്ടികളെ മുതിര്‍ന്നവര്‍ കയ്യില്‍ പിടിക്കണം. കേരളത്തിലെ ലൈഫ് ഗാര്‍ഡ് ഇല്ലാത്തതും അപകടം നിറഞ്ഞതുമായ കടല്‍ത്തീരങ്ങളെ ഒഴിവാക്കണം. മദ്യപിച്ച് കടലില്‍ ഇറങ്ങി കളിക്കരുത്.
9. വ്യായാമത്തില്‍ കഴിവതും യന്ത്രങ്ങളെ ഒഴിവാക്കുക. നടക്കാന്‍ walker ഉപയോഗിച്ചാല്‍ മുട്ടിനു തേയ്മാനം വരാന്‍ സാധ്യതയുണ്ട്.
10. യാത്ര ഹോബിയാക്കിയവര്‍ ശ്രദ്ധിക്കുക- നമ്മുടെ കേരളത്തില്‍ എല്ലാത്തരം കാലാവസ്ഥയും സ്മാരകങ്ങളും പൈതൃകങ്ങളും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ്. ഇവിടെയുള്ളത് കണ്ടതിനുശേഷം വിദേശ രാജ്യങ്ങളില്‍ യാത്ര പോകാന്‍ ശ്രമിക്കുക.
11. മദ്യപിച്ച് ഏതൊരു ജലാശയത്തിലും ഇറങ്ങരുത്. നന്നായി നീന്താന്‍ പോലും കഴിയാതെ ജീവന്‍ അപകടത്തിലാകും.
12. ഹോബികള്‍ സാമ്പത്തിക ഭദ്രതയെ വെല്ലുവിളിക്കാതെ നോക്കണം.
13. കുടുംബത്തില്‍ നിശ്ചിത സമയമെങ്കിലും പരസ്പരം സംസാരിക്കാനും പ്രശ്നങ്ങള്‍ പറയാനും ഓരോ അംഗവും ശ്രദ്ധിക്കുക. കുടുംബത്തെ മറന്നുള്ള കളികളുടെ അവസാനം ദുരിതമായി മാറാന്‍ സാധ്യതയേറെ. കുട്ടികള്‍ പല രീതിയിലും ദുഷിച്ചു പോയിടത്ത് മാതാപിതാക്കളെ ശ്രദ്ധിക്കുക. അവരുടെ സമയമില്ലായ്മയുടെ ബാക്കിപത്രമായിരിക്കും അതെല്ലാം. പണം മാത്രം ലക്ഷ്യമിട്ട് 'workaholic' ആയാല്‍ അന്തിമ ഫലം നിരാശയായി മാറിയേക്കാം.
14. ഇന്റര്‍നെറ്റ് അനേകം ദുശ്ശീലങ്ങളും പഠിപ്പിക്കുന്ന ഉറവിടവും ആകയാല്‍ കുട്ടികളുടെ മേല്‍ ശ്രദ്ധ ഉണ്ടായിരിക്കണം. ഇതില്‍ അമിതസമയം ചെലവഴിക്കുന്ന പ്രവണത പല രോഗങ്ങളിലും കൊണ്ടെത്തിക്കും. ജോലിയുടെ ഭാഗമായിട്ടല്ലാതെ ദിവസവും ഒരു മണിക്കൂറില്‍ കൂടുതല്‍ ഇന്റര്‍നെറ്റില്‍ ചെലവിട്ടാല്‍ മറ്റു പലതിനുമുള്ള നല്ല സമയങ്ങള്‍ അത് അപഹരിക്കും. 15. സംഗീതം ഹോബിയാക്കിയവര്‍ അയല്‍ക്കാരെയും കൂടി ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ശബ്ദം കൂട്ടരുത്. ചെവിയില്‍ തിരുകുന്ന ഏതുതരം സ്പീക്കറും കേള്‍വിശക്തിയെ ബാധിച്ചേക്കാം. സിനിമാ തീയറ്ററിലെ ശബ്ദവും ഹാനികരമായിരിക്കും. വാഹനം ഓടിക്കുമ്പോള്‍ സംഗീതം ആസ്വദിച്ചാല്‍ ഡ്രൈവിങ്ങിലുള്ള ശ്രദ്ധ കുറഞ്ഞ് അപകടങ്ങള്‍ക്ക് വഴിതെളിയാം.
16. ഡ്രം, ജാസ്, ചെണ്ട തുടങ്ങിയ സംഗീത ഉപകരണങ്ങള്‍ കേള്‍വിയെ ദോഷമായി ബാധിക്കാന്‍ ഇടയുണ്ട്. കൂടിയ അളവിലുള്ള ശബ്ദം മാനസിക പ്രശ്നങ്ങള്‍ക്കു വരെ കാരണമാകാം.
17. ഷോപ്പിംഗ് ഹോബി സൂക്ഷിച്ചു കൈകാര്യം ചെയ്യാത്തവര്‍ കടക്കെണിയില്‍ ആയ ചരിത്രമുണ്ട്. ഓരോ മാസവും ചെലവാക്കിയ തുക കുറിച്ചിട്ട് വരവും ചെലവും അറിഞ്ഞു നിയന്ത്രണം വേണം.
ഓര്‍മ്മിക്കാന്‍- ഓരോ വ്യക്തിക്കും ഒരു ഹോബിയെങ്കിലും ഉണ്ടായിരിക്കുന്നത് വളരെ നന്നായിരിക്കും. ജീവിതത്തിലെ നല്ല സമയങ്ങളില്‍ അത് രസകരമായ നിമിഷങ്ങള്‍ തരുമെന്നു മാത്രമല്ല, പ്രതിസന്ധി ഘട്ടത്തില്‍ ആശ്വസിപ്പിക്കുകയും ചെയ്യും. നല്ല ഹോബികള്‍ ദുശ്ശീലങ്ങളെ ചെറുക്കുന്നതിനാല്‍ കുട്ടിക്കാലത്തുതന്നെ അത് ജീവിതത്തിന്റെ ഭാഗമാക്കുക.
ഏറ്റവും മൂല്യമേറിയ ഹോബി ഏതാണ്?
ഉത്തരം- വായന!
എന്തിനാണു നാം വായിക്കുന്നത്? ഇന്ന് നാം ലോകത്തില്‍ കാണുന്ന ഉയര്‍ച്ചയുടെ പിന്നില്‍ വായന ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ വായന ഒരു അത്ഭുത പ്രതിഭാസംതന്നെ. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള അറിവു സമ്പാദിക്കാനായി നാമെല്ലാം വായിച്ചേ മതിയാകൂ. ബാല്യത്തില്‍ തുടങ്ങുന്ന ഈ പ്രക്രിയ ചിലപ്പോള്‍ ജീവിതസായാഹ്നം വരെ തുടരുന്നു. വിദ്യാഭ്യാസം, ജോലി, ഹോബി..ഇങ്ങനെ അതിനുള്ള വ്യാപ്തി വളരെ വലുതായിരിക്കും. വാര്‍ധക്യത്തില്‍ അല്ലെങ്കില്‍ എവിടെയെങ്കിലും ഒറ്റപ്പെട്ടു പോകുമ്പോളും കടുത്ത ഏകാന്തതയിലും കൈത്താങ്ങാവും പുസ്തകങ്ങള്‍ തരുന്ന സന്തോഷം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഭാവിയേത്തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒരു പ്രതിഭാസം. അതുകൊണ്ട് മൂല്യമുള്ള ഒരു ഹോബിയായി ഇതിനെ കരുതാം.
ഏറ്റവും നന്നായി പഠനകാലത്ത് വായനയെ പ്രയോജനപ്പെടുത്തുന്ന ഒരു വിദ്യാര്‍ഥി ഉയര്‍ന്ന നിലയിലേക്ക് എത്തുന്നത് സ്വാഭാവികമാണല്ലോ. പഴയ സ്ഥിതിയില്‍നിന്നു മാറി ഇപ്പോള്‍ കേരളത്തിലെ യുവതീയുവാക്കള്‍ സിവില്‍ സര്‍വീസ് പോലുള്ള ഉന്നതജോലികളില്‍ എത്തിപ്പെടുന്നുണ്ട്. അവരുടെയെല്ലാം മികവിന്റെ അടിസ്ഥാനം ഒന്നുമാത്രം—പരന്ന വായന. ചെറുപ്പം മുതല്‍ക്കേ തുടങ്ങുന്ന വായനാശീലമാണ‌് അവരുടെ ശക്തിയുടെ ഉറവിടം. വായന നല്‍കുന്ന അറിവ‌് സ്വന്തം ജീവിതത്തില്‍ ഉടനീളം സഹായഹസ്തം നീട്ടുന്നത് പലരും അറിയാറില്ല. അതായത്, അറിവു തിരിച്ചറിവായി മാറണം. വായിച്ചത് പ്രയോഗത്തില്‍ വരുത്തണം.
“വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും!”
കുഞ്ഞുണ്ണിമാഷിന്റെ പ്രശസ്തമായ പദ്യശകലത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ഒരു നല്ല പുസ്തകം നൂറ് അധ്യാപകരെക്കാളും മഹത്തരമെന്നു പണ്ഡിത മതം.
ഒരു മനുഷ്യായുസ്സ് മുഴുവനും കൊണ്ടും കൊടുത്തും നീങ്ങിയാല്‍ മാത്രമേ ജീവിത പരീക്ഷണങ്ങളില്‍ വിജയിക്കാനാവൂ. സ്വഭാവരൂപീകരണത്തിന് സഹായിക്കുന്ന നല്ലൊരു ഉപകരണമാണു പുസ്തകം എന്നത് തര്‍ക്കമറ്റ വസ്തുതയാണ‌്. മലയാളി മലയാളം തന്നെ വായിക്കാന്‍ തിരഞ്ഞെടുക്കണം. ഒരു നാടിന്റെ സ്പന്ദനം അതിന്റെ മാതൃഭാഷയിലാണ‌്- സംസ്കാരവും അതില്‍ത്തന്നെ. മലയാളിക്ക് മലയാളം മാതൃഭാഷ. പക്ഷേ, ഇന്ന് മലയാള അധ്യാപക ജോലിയുടെ അഭിമുഖത്തിനു വരെ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍! ഇംഗ്ലീഷ് ഒരു ലോകഭാഷ ആയതുകൊണ്ട് അത് രണ്ടാം ഭാഷയായി പഠിച്ചിരിക്കേണ്ടത് ആവശ്യം തന്നെ. എന്നാല്‍ ആ പഠനം മലയാളം ഉപേക്ഷിച്ചു കൊണ്ടാവരുത്.
മനുഷ്യ തലച്ചോറുകളുടെ കാര്യക്ഷമതയെ വര്‍ധിപ്പിക്കുന്ന പ്രക്രിയയാണു പുതിയ ഭാഷകള്‍ പഠിക്കുന്നതുമൂലം കൈവരുന്നത്. പണ്ഡിത ശ്രേണിയിലുള്ളവരെല്ലാംതന്നെ നിരവധി ഭാഷകളില്‍ വൈദഗ്ധ്യം നേടിയവരായിരുന്നു. പ്രാചീന മനുഷ്യര്‍ കല്ലുകളിലും ഗുഹകളിലും ലിപികള്‍ കൊത്തിവച്ചു. പിന്നെ കാലം മുന്നോട്ടു പോയപ്പോള്‍ മൃഗത്തിന്റെ തൊലിയിലും വൃക്ഷത്തിന്റെ തൊലിയിലും കോറിയിട്ട് അറിവിന്റെ തെളിവുകള്‍ നമുക്കു തന്നു. അതിനുശേഷം ചെമ്പുതകിടിലും മനുഷ്യന് എഴുതാനായി. പുരാതന ഈജിപ്ത് വംശം പാപ്പിറസ് എന്ന, ഇന്നത്തെ പേപ്പറിന്റെ മുന്‍ഗാമിയെ അവതരിപ്പിച്ചു.
നമ്മുടെ നാട്ടില്‍ അച്ചടിയും കടലാസ്സും വന്നെത്തുന്നതിനു പിന്നെയും എത്രയോ നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. കടലാസ്സിനു മുന്‍പു നാരായംകൊണ്ട് പനയോലയിലെഴുതിയ മലയാളം നമ്മുടെ ലൈബ്രറികളിലും മ്യൂസിയങ്ങളിലും മറ്റും ഇന്നും ജീവിക്കുന്നു. ചെപ്പേട് എന്നറിയപ്പെട്ട ചെമ്പുതകിടിന്മേല്‍ ആലേഖനം ചെയ്യപ്പെട്ട പഴയ മലയാള നാടിന്റെ ചരിത്രവും സംസ്കാരവും നല്‍കുന്ന അറിവും അമൂല്യംതന്നെ. വട്ടെഴുത്തും കോലെഴുത്തും എഴുതിയ ശിലാസനങ്ങളിലൂടെ മലയാളത്തിന്റെ പരിണാമ ദശ നമ്മെ വിളിച്ചറിയിക്കുന്നു. അതെ, മലയാള ഭാഷ തുടര്‍ച്ചയായ പരിണാമത്തിലൂടെ കടന്നു പൊയ‌്‌ക്കൊണ്ടിരിക്കുന്നു.
ഇന്ന്, ഉന്നത സാങ്കേതിക വിദ്യ എല്ലാ മേഖലയിലുമെന്ന പോലെ വായനയുടെ കാര്യത്തിലും നമ്മെ ഒട്ടേറെ സഹായിക്കുന്നുണ്ട്. നമുക്ക് വായിക്കാനായി കടലാസ്സിനു പുറമേ ഡിജിറ്റല്‍ രൂപത്തിലും കാത്തിരിക്കുന്നു. ഇലക്ട്രോണിക് പത്രങ്ങളും പുസ്തകങ്ങളും സര്‍വ്വസാധാരണമായി. ലോകം മുഴുവനും കൈവെള്ളയില്‍ ആക്കുന്ന സാങ്കേതികവിദ്യയായ ഇന്റര്‍നെറ്റ് നമ്മുടെ വായന വളരെ വേഗത്തിലും എളുപ്പത്തിലും ആക്കിയെന്നു പറയാം.
ഹോം ലൈബ്രറി (Home Library, Reading Room) തയ്യാറാക്കുന്നത് എങ്ങനെ?
1. പല പ്രശസ്തരായ എഴുത്തുകാരും നേരിട്ട ഒരു പ്രശ്നമായിരുന്നു പുസ്തകങ്ങളുടെ ആധിക്യം. മറ്റു മുറികളും തികയാതെ വന്നപ്പോള്‍ അടുക്കളയിലുംവരെ പുസ്തകം സൂക്ഷിച്ചവരും ഉണ്ട്. കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനും പഠിക്കണം.
2. എണ്ണത്തില്‍ കുറവും അതേസമയം അമൂല്യ ശേഖരവുമാവട്ടെ നിങ്ങളുടെ ലൈബ്രറി. പഴയ പുസ്തകങ്ങളിലെ വേണ്ടതായ വിവരങ്ങള്‍ കുറിച്ചെടുത്ത ശേഷം പുസ്തകം കളയുക.
3. അടുക്കും ചിട്ടയും ഉള്ള വായനാമുറി നല്ല വായനയ‌്‌ക്കു നിങ്ങളെ പ്രേരിപ്പിക്കുമെന്നു തീര്‍ച്ച.
4. പുസ്തകം ഓരോന്നും നമ്പര്‍ ഇട്ടു സൂക്ഷിക്കുക. ഓരോ വിഷയത്തിനും നൂറു നമ്പര്‍ എങ്കിലും ഇടവേള കൊടുക്കുക. പുതിയ പുസ്തകം മേടിക്കുന്ന അവസരത്തില്‍ ആ ഒരേ സീരീസില്‍ തുടങ്ങാനാവും. ഉദാഹരണത്തിന‌്, ചെറുകഥകള്‍ നൂറിലാണ‌് എങ്കില്‍ നോവല്‍ ഇരുനൂറുതൊട്ടു തുടങ്ങുക.
5. വാരികകളും പത്രങ്ങളും മാസികകളും പരസ്യചാക്കുകളാണ‌്. നാലഞ്ചുപേജുകള്‍ മാത്രമേ നിങ്ങള്‍ക്കു വേണ്ടത് അതിലുള്ളൂ എങ്കില്‍ എന്തിനു മുഴുവന്‍ലക്കം സൂക്ഷിച്ചു സ്ഥലം കളയണം? ആ പേജുകള്‍ മാത്രം കീറിയെടുത്ത് വിഷയം തിരിച്ചു ഫയല്‍ ചെയ‌്താല്‍ മതിയാകും. അങ്ങനെ ഇടം ലാഭിക്കാം.
6. ഒരിക്കലും പുസ്തകങ്ങള്‍ നേരിട്ട് പൊടി കയറുന്ന വിധത്തില്‍ സൂക്ഷിക്കരുത്.പൊടിയും അഴുക്കും പുസ്തകത്തില്‍ അടിഞ്ഞു നിങ്ങളില്‍ അലര്‍ജി ഉണ്ടാക്കും.
7. പുസ്തക അലമാര അടച്ചുസൂക്ഷിക്കുക. അല്ലെങ്കില്‍, പ്രാണികളും പാറ്റയും എട്ടുകാലിയും എലിയും ഇരട്ടവാലനും ഒളിച്ചിരിക്കുന്ന സങ്കേതമായി അവിടം മാറും.
8. മിക്കവാറും ആളുകള്‍ ചെയ്യുന്നതുപോലെ റഫറന്‍സ് കഴിഞ്ഞിട്ട് പുസ്തകങ്ങള്‍ അലമാരയില്‍ തിരികെ യഥാസ്ഥാനത്ത് വയ്ക്കാതെ മേശപ്പുറത്തു വലിച്ചുവാരിയിടരുത്. അടച്ച അലമാരകളില്‍ അവയെ രക്ഷിക്കുക.
9. ഒരു പുസ്തകത്തിനുമേല്‍ ലോഡ് പോലെ അടുത്ത വരി പുസ്തകം വയ‌്ക്കരുത്. ഒരു നിര മാത്രം എന്ന രീതിയില്‍ തട്ടുകള്‍ ക്രമീകരിക്കുക. അകത്തേക്കും നിരകള്‍ വരാതെ നോക്കുക. തിരയാനും എടുക്കാനും സമയം ലാഭിക്കും.
10. കനംകുറഞ്ഞ processed wood അലമാരകള്‍/ ഭിത്തിയില്‍ ഉറപ്പിക്കുന്ന അലുമിനിയം അലമാരകള്‍ ഇതിനായി ഉപയോഗിക്കാം. അല്ലെങ്കില്‍ സ്റ്റീല്‍ അലമാരകള്‍ അളവുകൊടുത്ത് വേണ്ടവിധം ഉണ്ടാക്കണം.
11. പുറമേ ഗ്ലാസ്സ് ഉള്ള അലമാരകളായിരിക്കും നല്ലത്. കാരണം വൃത്തിയായി ക്രമീകരിച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഗ്ലാസ്സിലൂടെ കാണുമ്പോള്‍ അതെടുത്തു വായിക്കാനായി നിങ്ങളേയും മറ്റുള്ളവരേയും പ്രചോദിപ്പിക്കും.
12. ഒരൊറ്റ വലിയ ഷെല്‍ഫിനെക്കാളും നല്ലത്, പുനക്രമീകരണം ചെയ്യാനാവുന്ന ചെറിയ യൂണിറ്റുകളാണ‌്.
13. മുഴുവന്‍ ബുക്കുകളുടെയും ഒരു കാറ്റലോഗ് തയ്യാറാക്കുന്നത് ഏറെ തപ്പുന്ന സമയം ലാഭിക്കും. അതും ഡിജിറ്റല്‍ നല്ലത്.
14. ഇനി വായനമുറിയില്‍ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടാവണം എന്ന് നോക്കാം.
15. വീതി കുറഞ്ഞു നീളം കൂടിയ മേശ നല്ലത്. ഇത് കയ്യെത്തും ദൂരത്ത് എളുപ്പത്തില്‍ പുസ്തക സാമഗ്രികള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നു.
16. ചൂട് കുറവും റേഡിയേഷന്‍ ഇല്ലാത്തവയും നിസ്സാര വൈദ്യുതി എടുക്കുന്നതുമായ എല്‍.ഇ.ഡി. ബള്‍ബുകള്‍ ആയുസ്സിലും മുന്‍പിലാണ‌്. അത്തരം ബള്‍ബുകള്‍ ഉപയോഗിക്കുക.
17. സി.എഫ്.എല്‍. ചൂടും വികിരണങ്ങളും പുറപ്പെടുവിക്കുന്നതു കൊണ്ട് ഒഴിവാക്കണം.
18. അരണ്ടതും തീവ്രതയുള്ളതും ആയ പ്രകാശവും കണ്ണിനു ഹാനികരമായിരിക്കും. മിതമായ നിലയില്‍ അത് ക്രമീകരിക്കുക.
19. ടേബിള്‍-ലാമ്പുകള്‍ ഹോസ്റ്റലുകളിലും മറ്റും സൗകര്യപ്രദമെങ്കിലും വീടുകളില്‍ മുറി മുഴുവനും പ്രകാശമുള്ളതായിരിക്കും കണ്ണിനു നല്ലത്.
20. സാധാരണയായി ചിലതരം ജോലി ചെയ്യുന്നവര്‍ക്കും എഴുത്തുകാര്‍ക്കും രണ്ടു മേശ വേണ്ടിവരും. പെട്ടെന്നുള്ള കാര്യങ്ങള്‍ക്കും; ക്രമമായ കാര്യങ്ങള്‍ക്കും. കാരണം, ഓരോന്നിനും വേണ്ടി ഒരേ മേശ ഉപയോഗിക്കുമ്പോള്‍ പ്രവൃത്തിയുടെ ഒഴുക്ക് നഷ്ടപ്പെടും.
21. മുറിയുടെ ഭിത്തികള്‍ ഇളം നീല, പച്ച, മഞ്ഞ ഏറെ നന്ന്. കടും നിറങ്ങള്‍ പാടില്ല.
22. മിടുക്കരായ വിദ്യാര്‍ഥികളുടെ വായനാമുറിയും മിടുക്കുള്ളതായിരിക്കുമെന്ന് ഓര്‍മ്മയിലിരിക്കട്ടെ.
23. അധികമായാല്‍ അമൃതും വിഷം എന്ന് കേട്ടിരിക്കുമല്ലോ. വായനയുടെ കാര്യത്തിലും ഇത് ശരിയാണ‌്.
24. മാരത്തോണ്‍വായന ഒഴിവാക്കണം. ഒറ്റയിരുപ്പില്‍ മുക്കാല്‍ മണിക്കൂറില്‍ കൂടുതല്‍ വായിക്കരുത്. കണ്ണിനും കഴുത്തിനും നട്ടെല്ലിനും ചീത്തയാണ‌്.
25. അധികനേരം താഴോട്ടു നോക്കി വായിക്കുന്നവരില്‍ സ്പോണ്ടിലോസിസ് പോലുള്ള രോഗങ്ങള്‍ പിടിപെടാം.
26. വായനയ്ക്ക് റൈറ്റിംഗ് ബോര്‍ഡ് പോലുള്ളവ വച്ച് പുസ്തകം മുഖത്തിന്റെ നിലയിലേക്ക് ഉയര്‍ത്താം.
27. മാത്രമല്ല, തലചാരാനും പറ്റുന്ന കസേര ഉപയോഗിക്കുക.
28. ഹാന്‍ഡ് റെസ്റ്റ് ഇല്ലാത്ത കസേര ഉപയോഗിക്കാനും പാടില്ല.
29. അതുപോലെ, ഉറക്കമിളച്ചുള്ള വായനയും പഠനവും ആരോഗ്യം തകര്‍ക്കും.
30. പഠനത്തിനുള്ള വായന രാവിലെ ആദ്യംതന്നെ ആവണം.
31. വിനോദത്തിനുള്ള വായന ബോറടിച്ചിരിക്കുമ്പോളും യാത്ര ചെയ്യുമ്പോഴും ആവാം.
32. ബസ്സില്‍ യാത്രയുടെ സമയത്ത് വായന അരുത്; കേരളത്തിലെ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒട്ടും പാടില്ല! കാരണം, ആനക്കുഴികളിലെ തുടര്‍ചലനങ്ങള്‍ കണ്ണിന്റെ ആരോഗ്യം കളയും.
33. പുസ്തകത്തിനുള്ള പേപ്പര്‍ ഉണ്ടാക്കണമെങ്കില്‍ എത്ര മരങ്ങളിലായിരിക്കും മഴു വീഴേണ്ടത്. കൂടാതെ, പേപ്പര്‍ നിര്‍മാണ ഘട്ടത്തില്‍ പരിസര മലിനീകരണം ഉണ്ടാകുന്നുമുണ്ട്. പഴയ പുസ്തകങ്ങള്‍ ഉണ്ടാക്കുന്ന അലര്‍ജികള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയൊക്കെ നോക്കുമ്പോള്‍ ഇ-പ്രസിദ്ധീകരണങ്ങള്‍ ഗുണകരങ്ങളായിരിക്കും. അടുത്ത അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇ-ബുക്കുകള്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കുമെന്നാണു വിദഗ്ധരുടെ അഭിപ്രായങ്ങള്‍.
പുസ്തകം ഫിസിക്കലോ ഡിജിറ്റലോ ആകട്ടെ, ഒരു പുസ്തകം ഒരേസമയം തരുന്നത് പലതരം ജീവിതങ്ങളുടെ പകര്‍പ്പുകളാണെന്നു തീര്‍ച്ച. സാധാരണക്കാരന് സ്വജീവിതം നന്നായി ജീവിച്ചു തീര്‍ക്കണമെങ്കില്‍ അതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ‌്.
മഹത്തായ വചനങ്ങള്‍:
“വിശ്രമവേള എന്തെങ്കിലും പ്രയോജനകരമായത് ചെയ്യുവാനുള്ള സമയമാണ‌്” (നോവ)
“ശരീരത്തിനു വ്യായാമം പോലെയാണു വായന മനസ്സിന‌്‍” (റിച്ചാര്‍ഡ് സ്റ്റീല്‍)
“വായനപോലെ ചെലവു ചുരുങ്ങിയതും ആനന്ദം നീണ്ടു നില്‍ക്കുന്നതുമായ മറ്റൊരു വിനോദമില്ല” (ലേഡി മൊന്റെഗ്)
“സാമ്രാജ്യ അധിപനായിരുന്നില്ലെങ്കില്‍ ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ‌് എനിക്കിഷ്ടം” (നെപ്പോളിയന്‍)
പ്രവര്‍ത്തിക്കാന്‍:
ഏറ്റവും മികച്ചൊരു ഹോബിയായി വായനയെ ലോകം പരിഗണിക്കുന്നു. വായിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കരുത്. കയ്യില്‍ പുസ്തകങ്ങള്‍ കരുതാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ ഫോണ്‍-ടാബ് എന്നിവയില്‍ ഡിജിറ്റല്‍ ബുക്സ് ഉണ്ടായിരിക്കട്ടെ. യാത്രയിലും കാത്തിരിപ്പിന്റെ സമയത്തും മറ്റും സമയം പോകുകയും ചെയ്യും. അറിവ് വര്‍ദ്ധിക്കുകയും ജീവിത ഗുണമേന്മ ക്രമേണ കൂടുകയും ചെയ്യുമെന്ന് ഉറപ്പ്.
Comments