കുട്ടികള്‍ക്കുള്ള കഥകള്‍ (Children's Stories)
5 ബാലകഥകൾ- കുട്ടികൾ വായിച്ചു വളരട്ടെ!
1. ഗുരുകുല സ(മ്പദായം
നിലവിലുണ്ടായിരുന്ന പഴയ കാലം. രാജാവിന്റെയും മ(ന്തിയുടെയും മക്കള്‍ ആശ്രമത്തിലെ ഗുരുവിന്റെ അടുക്കല്‍നിന്നു കുറച്ചുവര്‍ഷങ്ങള്‍ നീണ്ട വിദ്യാഭ്യാസം നേടി. പഠനത്തിനൊടുവില്‍ കൊട്ടാരത്തിലേക്കുള്ള മടക്ക യാത്രയുടെ സമയമായി. ഗുരു അവരെ വിളിച്ചതിനുശേഷം പറഞ്ഞു:
“നിങ്ങളുടെ പഠനം പൂര്‍ത്തിയായിരിക്കുന്നു. നിങ്ങള്‍ വന്ന സമയത്തെക്കാള്‍ കാട് ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു. എന്നാല്‍, ഏതു ദിക്കിലൂടെ പോയാലും കൊട്ടാരത്തിലെത്താനുള്ള പ്രധാന വഴിയില്‍ എത്തിച്ചേരും. സ്വയ രക്ഷയ‌്‌ക്കായി നിങ്ങള്‍ അഞ്ചുപേര്‍ക്കും ഓരോ മഴു തന്നുവിടുന്നു. എന്നാല്‍, ഓരോ ആളും തനിച്ചു യാത്ര ചെയ്യണം”
അവര്‍ യാത്ര തുടങ്ങി. ഒന്നാമന്‍ കുറെ ദൂരം ചെന്നപ്പോള്‍ അകലെ ഒരു പുള്ളിമാന്‍ നില്‍ക്കുന്നത് കണ്ടു.
“ഹാ, തടിച്ചുകൊഴുത്ത മാന്‍, അതിനെ കൊന്ന് ഇറച്ചിയുമായി രാജസന്നിധിയില്‍ ചെന്ന് ആഘോഷിക്കണം”
അവന്‍ കയ്യിലുള്ള മഴുവുമായി അതിന്റെ മുന്നിലേക്ക് ചാടി വീണെങ്കിലും അതെങ്ങോ പോയി മറഞ്ഞു. കലിപൂണ്ട അവന്‍ മഴു തലങ്ങും വിലങ്ങും വീശി.
അതേസമയം, രണ്ടാമന്‍ മറ്റൊരു വഴിയിലൂടെ നടന്നപ്പോള്‍ അവനും ഒരു മാന്‍ വഴിയില്‍ കിടക്കുന്നതു കണ്ടു.
“ഇതിനെ കൊന്നിട്ട് മനോഹരമായ തോലുരിയണം, കൊമ്പും തലയും എടുക്കണം. എന്നിട്ട്, കൊട്ടാരത്തിന്റെ ചുവരില്‍ പതിക്കണം. അതുകാണുമ്പോള്‍ പിന്നീട് എല്ലാവരും എന്നെ ഒരു വീരനായി ഓര്‍ക്കുമല്ലോ”
പക്ഷേ, അവനും നിരാശയായിരുന്നു ഫലം. മാന്‍ അവനെയും പറ്റിച്ചു കടന്നുകളഞ്ഞു.
മൂന്നാമന്‍ നടന്ന പാതയിലും മാന്‍ കാണപ്പെട്ടു. അവന്‍ ചിന്തിച്ചത് മറ്റൊരു രീതിയിലായിരുന്നു.
“ഇതിനെ ഇണക്കി വളര്‍ത്തണം. കൊട്ടാരത്തിനുള്ളില്‍ ഒരു കൂട്ടില്‍ വളര്‍ത്തിയാല്‍ എനിക്ക് എന്നും സന്തോഷം നല്‍കാന്‍ ഇതിനാവും”
അയാള്‍ അതിനുവേണ്ടി വള്ളികൊണ്ട് കുടുക്കുണ്ടാക്കി എറിഞ്ഞെങ്കിലും അത് വിദഗ്ധമായി ഓടിക്കളഞ്ഞു.
നാലാമന്‍ മറ്റുള്ളവരെപ്പോലെ ആയിരുന്നില്ല. അവന്‍ മാനിനെ കണ്ടമാത്രയില്‍ ധര്‍മസങ്കടത്തിലായി. കാരണം മുന്നേ പോയ മൂവരും ചിന്തിച്ചതൊക്കെ അവനും തോന്നി. പക്ഷേ, ഒരു പ്രശ്നം:
“ഗുരുവിനു കുറച്ചു ജ്ഞാന ദൃഷ്ടിയൊക്കെ വശമുണ്ട്. ഞാന്‍ വല്ല ഉടായിപ്പും കാണിച്ചെന്ന് അറിഞ്ഞാല്‍ നാണക്കേടാ. ഒരുപാട് ധര്‍മമൊക്കെ പഠിപ്പിച്ചുവിട്ടതല്ലേ?”
അതിനു പകരമായി ഒരു സൂത്രം അവന്‍ കണ്ടുപിടിച്ചു.
“ഇതിനെ കെട്ടിവലിച്ചു മുന്നില്‍ നടത്തുക. ഏതെങ്കിലും വന്യമൃഗങ്ങള്‍ മുന്നില്‍ വരികയാണെങ്കില്‍ മാനെ തിന്നോളും, ഞാന്‍ സുരക്ഷിതനായി”
അവിടെ കണ്ട പഴം പറിച്ചുകൊടുത്തെങ്കിലും അടുത്തുവരാതെ മാന്‍ ദൂരെ ഒളിച്ചു.
അഞ്ചാമന്റെ മുന്നിലും മാന്‍ വന്നു. അതിന്റെ സൗന്ദര്യം കണ്ടിട്ട് അവന്‍ പറഞ്ഞു:
“ഭഗവാനേ, അങ്ങയുടെ ഈ സുന്ദരസൃഷ്ടിയിലും നിന്റെ മഹത്വം ഞാന്‍ ദര്‍ശിക്കുന്നു. ഇതിനു ഞാന്‍ എന്താണു തിന്നാന്‍ കൊടുക്കുക?”
അവന്‍ കുറച്ച് ഇലകള്‍ പറിച്ചിട്ടുകൊടുത്തു. അതു തിന്നുകൊണ്ടിരുന്നപ്പോള്‍ പുറത്തു തലോടി. പിന്നീട് ഒരു വഴികാട്ടിയേപ്പോലെ മാന്‍ മുന്നില്‍ നടന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നാടു കാണാറായി. പെട്ടെന്ന് മാന്‍ എങ്ങോട്ടോ പോയി മറഞ്ഞു. അങ്ങനെ അവന്‍ കൊട്ടാരത്തിലെത്തി.
അതേസമയം, മറ്റു നാലുപേരും അലഞ്ഞുതിരിഞ്ഞു വീണ്ടും ആശ്രമത്തിലെത്തി. അവരെ കണ്ട ഗുരു പറഞ്ഞു:
“എന്റെ സാന്നിധ്യം ഇല്ലെന്നറിഞ്ഞാല്‍ നിങ്ങള്‍ എന്തുചെയ്യുമെന്നുള്ള അവസാന പരീക്ഷയായിരുന്നു ആ മാനിന്റെ രൂപത്തില്‍ വന്നത്. അതില്‍ ഒരാള്‍ മാത്രം വിജയിച്ച് കൊട്ടാരത്തിലെത്തി. നിങ്ങള്‍ ഒരുവര്‍ഷം കൂടി ഇവിടെ ഇനിയും പഠിക്കണം. അധര്‍മത്തിനായി മഴുമാത്രമല്ല, ഒരിക്കലും മനസ്സിലെ ആയുധംപോലും പുറത്തെടുക്കരുത്”
ഇന്ത്യയിലെ അഴിമതികളൊക്കെ ഇന്നു ലക്ഷങ്ങളില്‍നിന്നു കോടികളിലെത്തിയിരിക്കുന്നു. ഒരു വാഴക്കുല കട്ടാല്‍ അവന്‍ കള്ളനായി മുദ്ര കുത്തപ്പെടും. എന്നാല്‍ കോടികള്‍ കട്ടെടുക്കുന്നവനൊക്കെ അഴിമതിക്കാരന്‍ മാത്രമായി മാന്യത നേടുന്നു. പണം ആവശ്യത്തില്‍ കൂടുതല്‍ സംഭരിക്കുകയെന്നത് ചിലരുടെ മനോരോഗമായി മാറിയിരിക്കുന്നു. അകാലചരമമടയുന്ന റോഡ് ടാറിങ്ങും പാലങ്ങളും എത്ര ജീവനുകള്‍ പരലോകത്തേക്കു കൊണ്ടുപോയിരിക്കുന്നു!
അതിന്റെ രക്തക്കറയുള്ള കൈക്കൂലികൊണ്ടു സന്തോഷിക്കുന്നത് പ്രപഞ്ചശക്തിയെ വെല്ലുവിളിക്കുന്നതിനു തുല്യമല്ലേ? കൈക്കൂലിയുടെ അനന്തസാധ്യതയുള്ള കാലത്തിലാണു ഇപ്പോള്‍ നാം ജീവിക്കുന്നത്. അവയില്‍ ചിലത് തലമുറകളിലേക്ക് ശാപം പകരുന്നവയായിരിക്കും.
കേരളത്തില്‍ ഒരു വര്‍ഷം പന്തീരായിരം കോടിയുടെ മുകളില്‍ മദ്യം വില്‍ക്കുന്നുണ്ട്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അത്രയും കോടി കുടുംബസന്തോഷമാണു നശിപ്പിക്കുന്നത്. കാരണം, ആ തുക മലയാളികുടുംബങ്ങളുടെ സന്തോഷത്തിനും അഭിവൃദ്ധിക്കും സുസ്ഥിതിക്കും ഉപയോഗിക്കേണ്ടതായിരുന്നു. മയക്കുമരുന്ന്, പുകവലി എന്നിവയൊക്കെ വിഭ്രാന്തിയുടെ സന്തോഷം നല്‍കുന്നു. ഇത്തരം ദുഷിച്ച ശീലങ്ങള്‍ കുടുംബങ്ങളെ കാര്‍ന്നുതിന്നുന്ന അര്‍ബുദമാണ‌്.
കുടുംബാംഗങ്ങള്‍ സദാചാരബോധം, മൂല്യബോധം, നീതി എന്നിവയൊക്കെ ജാഗ്രതയോടെ പാലിക്കുവാന്‍ കടപ്പെട്ടവരാണ‌്. വ്യക്തി-സമൂഹ-രാജ്യ-ലോക നന്മകള്‍ തുടങ്ങുന്നത് നമ്മുടെ കുടുംബങ്ങളില്‍നിന്നാണ‌്.
മഹത്തായ വചനങ്ങള്‍:
“സ്വാഭാവികവും ധാര്‍മികവുമായ എല്ലാ തിന്മകള്‍ക്കും കാരണം സ്വാര്‍ഥതയാണ‌്” (എഡ്മണ്ട്സ്)
“മിത്രങ്ങളെ തൂക്കി അളന്നറിയാനുള്ള ഏക ത്രാസ് അധപതന കാലഘട്ടം ഒന്നുമാത്രമാണ‌്” (പ്ലൂട്ടാര്‍ക്ക്)
“ദു:ശീലങ്ങളെ നിയ(ന്തിക്കാത്ത പക്ഷം അവ അത്യാവശ്യങ്ങളായി പരിണമിക്കും” (സെയിന്റ് അഗസ്റ്റിന്‍)
“ഒരു ദു:സ്വഭാവത്തിനുവേണ്ടി ചെലവഴിക്കുന്ന പണംകൊണ്ട് രണ്ടു കുട്ടികളെ വളര്‍ത്താം” (ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍)
“അന്യര്‍ക്കു സന്തോഷം വേണമെങ്കില്‍ നിങ്ങള്‍ കാരുണ്യം ശീലിക്കുക. നിങ്ങള്‍ക്കു സന്തോഷം വേണമെങ്കില്‍ നിങ്ങള്‍ കാരുണ്യം ശീലിക്കുക” (ദലൈലാമ)
പ്രവര്‍ത്തിക്കാന്‍:
തിന്മകളെയും ദുശ്ശീലങ്ങളെയും സന്തോഷത്തിനായി കൂട്ടുപിടിക്കരുത്. പണം സമ്പാദിക്കുന്നത് നേരായ വഴിയിലൂടെ എന്നുറപ്പാക്കുക. സ്വാര്‍ത്ഥത നീങ്ങിപ്പോകട്ടെ. മാതാപിതാക്കളുടെ തിന്മകള്‍ കണ്ട് കുട്ടികളും ആ വഴിയിലേക്ക് തിരിയാനുള്ള പ്രവണത ഉള്ളതിനാല്‍ കുടുംബത്തില്‍ തിന്മകള്‍ കുറയട്ടെ..
2. കടയുടെ കഥ
തിന്മയെ പിന്തുണയ്ക്കാന്‍ എല്ലാവര്‍ക്കും വലിയ ആകാംഷയും ജാഗ്രതയും കരുതലും ധാരാളമായിരിക്കും. ചിലപ്പോള്‍, ജനങ്ങള്‍ പരോഷമായി പിന്തുണയ്ക്കുന്നതും സാധാരണം. അത്തരം ചില പിന്തുണയാണ് പീഡന വാര്‍ത്തകള്‍ക്കു മീഡിയയിലൂടെ കിട്ടുന്ന സ്വീകാര്യത. അതുപോലെ മദ്യപാനം ഒരു തമാശയായി സോഷ്യല്‍ മീഡിയയില്‍ പിന്തുണയ്ക്കുന്നു. ടി.വിയില്‍ നിലവാരം കുറഞ്ഞ വാഗ്വാദങ്ങളും ചര്‍ച്ചകളും വള്ളിപുള്ളി വിടാതെ കേള്‍ക്കാന്‍ എന്തൊരു ആവേശമാണ് മലയാളികള്‍ക്ക്!
ദിവസവും ആളുകള്‍ ഇടിച്ചുകയറുന്ന അശ്ലീല സൈറ്റുകള്‍ മറ്റൊരു ഉദാഹരണം! എന്നാലോ? യാതൊരു മുടക്കുമുതലും വേണ്ടാത്ത നന്മ ചെയ്യുന്ന ഒരു കൈചൂണ്ടിയാകാന്‍പോലും ആരും നിന്നുകൊടുക്കാറില്ല. ചുരുക്കം ചില കൈചൂണ്ടികളെ കാണാറുണ്ട്. അങ്ങനെ ഒരാളാണു മനോജിനു തുണയായത്. അവന്‍ ടി.വി വാങ്ങാന്‍ കോട്ടയത്തു വന്നപ്പോള്‍ അടുത്തുകണ്ട ഒരാളോട്:
“ചേട്ടാ, ഇവിടെയൊരു .....ടിവിയുടെ വലിയ കട....അത് എവിടെയാ?”
“ആ കടയില്‍ വില കൂടുതലാ, പരസ്യ ബഹളം മാത്രമേയുള്ളൂ. താങ്കളൊരു കാര്യം ചെയ്യൂ. വേണ്ട മോഡലിന്റെ ആ കടയിലെ വില കുറിച്ചെടുത്തിട്ടു ....കടയില്‍ ചെന്നുനോക്ക്. ഞാന്‍ അവിടുന്നാ മേടിച്ചത്. ഇവിടന്നു നാലഞ്ചു കിലോമീറ്റര്‍ മാറിയായതിനാല്‍ വിലക്കുറവാ”
മനോജ് അവിടെനിന്നു വാങ്ങി. രൂപ രണ്ടായിരത്തോളം കുറവു കിട്ടി. ചോദിച്ച കടയുടെ പേരുമാത്രം പറഞ്ഞ് അവസാനിപ്പിക്കാമായിരുന്നെങ്കിലും ഒരു കൈചൂണ്ടി ആകാന്‍ ആ വഴിപോക്കനു കഴിഞ്ഞു.
3. കള്ള സ്വർണ്ണം
കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവം. ഒരു ഇടവഴിയിലൂടെ യുവതി നടന്നുപോയപ്പോള്‍ കള്ളന്‍ പെട്ടെന്നു ചാടിവീണ‌് അവരുടെ തടിച്ച ‘സ്വര്‍ണ’മാല പൊട്ടിച്ചുകൊണ്ടോടി. അതുകണ്ട ഒരാള്‍ അവന്റെ പിറകേ ഓടി. ഏറ്റവും പിറകിലായിരുന്ന അവള്‍ വിളിച്ചുകൂവി:
പക്ഷേ, അതു കള്ളനും അയാളും നിര്‍ഭാഗ്യവശാല്‍ കേട്ടില്ല. മല്‍പിടുത്തത്തിനിടയില്‍ പരാജയം മണത്ത കള്ളന്‍ അരയില്‍ ഒളിപ്പിച്ചിരുന്ന പിച്ചാത്തിയെടുത്ത് ആ രക്ഷകന്റെ വയറ്റില്‍ ആഞ്ഞുകുത്തി.
“അതവന്‍ കൊണ്ടോക്കോട്ടെ...വരവുമാലയാ അത്...”
ആശുപത്രിയില്‍ ചെല്ലുന്നതിനുമുന്‍പേ അയാള്‍ മരിച്ചു. ഇവിടെ കള്ളന്‍ മാത്രമല്ല കുറ്റവാളി. കുറ്റവാളികളെ പ്രോല്‍സാഹിപ്പിക്കുന്നവരും കുറ്റത്തിന്റെ പങ്കുപറ്റുന്നുണ്ട്. സ്വര്‍ണ നിറത്തിലുള്ള മാല വെറും 10 രൂപയുടെയാണെന്ന് കള്ളന്‍ എങ്ങനെ മനസ്സിലാക്കും? ഡല്‍ഹിയില്‍ ഒരു യുവതിയുടെ പീഡന കൊലപാതകം രാത്രിയില്‍ സിനിമാ കണ്ടുകഴിഞ്ഞു മടങ്ങവേ ആയിരുന്നു. ആ സിനിമാ പകല്‍ കാണാന്‍ പോയിരുന്നെങ്കിലോ? സഞ്ചാര സ്വാത(ന്ത്യവും വസ്ത്രധാരണ സ്വാത(ന്ത്യവുമൊക്കെ ഇന്ത്യയില്‍ വെറുതെ പറയാന്‍ കൊള്ളാം. ഇതൊന്നും മദ്യം, മയക്കുമരുന്ന്, മറ്റു മനോരോഗങ്ങള്‍ ഉള്ളവരൊന്നും കണക്കിലെടുക്കില്ല എന്നോര്‍ക്കണം.
ഒറ്റപ്പെട്ട വലിയ വീടുകളില്‍ പ്രായം വളരെയായ അമ്മച്ചിമാരുടെ കഴുത്തില്‍ കിടക്കുന്ന മാലയുടെ വലിപ്പം പട്ടിയെ പൂട്ടുന്ന തുടലിന്റെ അത്രയും വരും. വിദേശമലയാളികള്‍ നാട്ടില്‍ വരുമ്പോള്‍ ഗമ കാണിക്കാന്‍ മേടിച്ചുകൊടുത്തിട്ടു പോകുന്നതായിരിക്കും അവയില്‍ പലതും. ആ മാല കള്ളന്മാരോടു ഇപ്രകാരം പ്രഖ്യാപിക്കുന്നു:
“അമ്മച്ചിയും വേലക്കാരിയും മാത്രമുള്ള ഈ വലിയ വീട്ടിലെ പത്തുപവന്റെ ഉരുപ്പടിയാ ഞാന്‍. കള്ളന്മാര്‍ക്കുള്ള ഈ സുവര്‍ണാവസരം പാഴാക്കരുതേ! എന്നെ പറിച്ചുകൊണ്ടുപോകൂ!”
4. മനസ്സിലെ നിറം
തിരുവനന്തപുരം നഗരത്തിലെ ഒരു കോളജ് കാമ്പസ്. കൂട്ടുകാരായ ജിഷയും നിമ്മിയും സ്കൂട്ടറുകള്‍ മരത്തണലില്‍ വച്ചിട്ടു പതിവുപോലെ വര്‍ത്തമാനം പറയുകയായിരുന്നു. അന്നേരം മറ്റൊരു കൂട്ടുകാരി അങ്ങോട്ടു വന്നു. സ്കൂട്ടറുകളെ ഒന്നു നോക്കിയിട്ട് അവള്‍ പറഞ്ഞു:
“നിങ്ങള്‍ രണ്ടുപേരും പല കാര്യത്തിലും മാച്ചാണല്ലോ. പിന്നെന്താ, സ്കൂട്ടര്‍ മാത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിപ്പോയത്?”
നിമ്മിയുടെ മറുപടി ഉടന്‍ വന്നു: “ഞാനീ ജിഷയോടു പലതവണ പറഞ്ഞതാ, ബ്ലാക്ക് വേണ്ടെന്ന്, ചെളി പറ്റിയാല്‍ അറിയില്ല. തുരുമ്പുപിടിച്ചാലും അറിയില്ല”
“വെള്ള നിറമായാല്‍ പിന്നെ എപ്പോഴും തൂത്തുതുടയ‌്ക്കാനേ നേരം കാണൂ” ജിഷയും വിട്ടുകൊടുത്തില്ല.
തിന്മകളും ഇതുപോലെതന്നെ. നമ്മുടെ വ്യക്തിത്വത്തില്‍ ചെളിപിടിച്ചപോലെ തോന്നുന്ന ഇത് യഥാസമയം തുടച്ചുകളഞ്ഞില്ലെങ്കില്‍ ജീവിതം തുരുമ്പിക്കും, ദ്രവിച്ചില്ലാതാകും.
5. പുഴയിലെ വെള്ളം
പുഴയില്‍ ദിവസവും രാവിലെ കുളിക്കാന്‍ വരുമായിരുന്ന ഒരാള്‍, കുളികഴിഞ്ഞു വീട്ടില്‍ ചെന്നതിനുശേഷമാണ‌്, മോതിരം കളഞ്ഞുപോയെന്നു മനസ്സിലാക്കിയത്. ഉടന്‍തന്നെ പുഴയുടെ അടുക്കല്‍ ചെന്ന് പരാതിപ്പെട്ടു:
“എന്റെ മോതിരം നിന്റെ ശക്തമായ ഒഴുക്കിലാണു പോയത്. നീ എനിക്കു തിരിച്ചുതരണം, അതെവിടെയെന്നു കാട്ടിത്തരണം”
“ഹേ, മണ്ടനായ മനുഷ്യാ, നിന്റെ മോതിരത്തിനുവേണ്ടി വെള്ളത്തെ ഞാന്‍ തടഞ്ഞുനിര്‍ത്തിയാല്‍ ഇവിടെ വെള്ളപ്പൊക്കമുണ്ടാകും. ഈ ജലപ്രവാഹം കടലമ്മയിലാണു ലയിക്കുക. അതു നീരാവിയായി വീണ്ടും മഴയുണ്ടാക്കി ഇതിലേ ഒഴുകിവരേണ്ടതാണ‌്. അതു പ്രകൃതിനിയമം. അതെനിക്ക് പാലിച്ചേ മതിയാകൂ. ഇന്നലെ കുളിച്ച വെള്ളത്തില്‍ ഇന്നു കുളിക്കണമെന്നു വാശി പിടിക്കുന്നപോലുള്ള മണ്ടത്തരമാണത്”
തെറ്റുകളും ദുശ്ശീലങ്ങളും പുറകോട്ടുപോയി തിരുത്താനാവില്ല. കാരണം, സമയചക്രം മുന്നോട്ടുമാത്രമേ ഉരുളുകയുള്ളൂ. പല തെറ്റുകളും തിരിച്ചുപോയി നേരെയാക്കാന്‍ പറ്റാത്തവയായിരിക്കും. മനസ്സിന്റെ ചില മുറിവുകള്‍ കാലത്തിനു ഉണക്കാന്‍ പറ്റിയെന്നു വരില്ല. അധര്‍മങ്ങള്‍ നടപ്പിലാക്കാന്‍ മനുഷ്യര്‍ ചില മുട്ടുന്യായങ്ങളുടെ കൂട്ടുപിടിക്കും. എന്നിട്ട്, അതിലൂടെ സന്തോഷിക്കുകയും ചെയ്യും.
Comments