മലയാളം ഡിജിറ്റൽ വായന (Malayalam Digital Reading)

മലയാളം ഡിജിറ്റൽ വായനയിലെ പ്രധാനകാര്യങ്ങൾ

1. ഡിജിറ്റല്‍ വായനയുടെ ഗുണങ്ങള്‍

1. ലോകത്തെവിടെയും പെട്ടെന്ന് വായിക്കാം. ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ മതിയാവും. ഓണ്‍ലൈന്‍ ആയി വായിക്കാം. അല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് എക്കാലവും വായനക്കാരന്റെ ഡിവൈസില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം.

2. പുസ്തകം വാങ്ങാനുള്ള യാത്ര വേണ്ട. കാത്തിരിപ്പുവേണ്ടാത്ത ചെലവുകുറഞ്ഞതും വേഗമേറിയതുമായ വായന.

3. ബുക്ക്‌ഷെല്‍ഫിന്റെ വിലയും സ്ഥലവും വേണ്ട. എക്കാലവും സൂക്ഷിക്കാം.

4. പഴയ പുസ്തകങ്ങളുടെ അലെര്‍ജി പേടിക്കേണ്ട.

5. എഴുത്തുകാരന‌് ആരുടേയും സഹായമില്ലാതെ പ്രസിദ്ധീകരിക്കാം. പിന്നീടും തെറ്റുകള്‍ തിരുത്താം.

6. ഇരുട്ടിലും വായിക്കാം. ഇഷ്ടമുള്ള ഫോണ്ടില്‍, നിറത്തില്‍ വലുതാക്കി വായിക്കാം.

7. പെട്ടെന്ന് റഫറന്‍സ് സാധ്യമാകുന്നു.

8. യാത്രകളിലും മറ്റും വായനയെ വിനോദമാക്കാം.

9. മരങ്ങള്‍ മുറിക്കപ്പെടാതെ പരിസ്ഥിതിയെ നോവിക്കാതെ, പേപ്പര്‍ വേണ്ടാത്ത വായന.

10. ഡിജിറ്റല്‍പുസ്തകങ്ങള്‍ കുട്ടികളുടെ സ്കൂള്‍ബാഗ്‌ ഭാരം ഒഴിവാക്കും.

11. പ്രായമായവര്‍ക്കുപോലും മറ്റുള്ളവരെ ആശ്രയിക്കാതെ ഭാരംകുറഞ്ഞ ഡിജിറ്റല്‍വായന നല്ലത്.

12. കുട്ടികളും യുവതലമുറയും സ്മാര്‍‌ട്ട്ഫോണ്‍-ടാബ് ഒരുപാടു സമയം ഉപയോഗിക്കുന്നവരാകയാല്‍, അവരില്‍ വായനാശീലം വളര്‍ത്താന്‍ ഇ- ബുക്കുകള്‍ പ്രയോജനപ്പെടും. അപകടം നിറഞ്ഞ ഗെയിമുകള്‍ കുറയും.

13. എഴുത്തുകാരന്റെ കൃതികളും വായനക്കാരന്റെ ഡിജിറ്റല്‍ ലൈബ്രറിയും ഒരിക്കലും നശിക്കുന്നില്ല.

14. സ്മാര്‍ട്ട്‌ഫോണ്‍/ടാബ് എന്നിവയൊക്കെ എപ്പോഴും കൂടെ കരുതുന്നതാകയാല്‍ ഫലത്തില്‍, ഒരു ഡിജിറ്റല്‍ലൈബ്രറി കൂടെയുണ്ട് എന്നു കരുതാം.

2. മലിനീകരണത്തിന്റെ ചില കണക്കുകള്‍...

മരങ്ങള്‍ അന്തരീക്ഷത്തിലുള്ള CO2 ആഗീകരണം ചെയ്യുമെന്ന് നാം പഠിച്ചിട്ടുണ്ട്. ഒരു മരം ഏകദേശം 7.5 മുതല്‍ 13 kg വരെ CO2 ഓരോ വര്‍ഷവും വലിച്ചെടുക്കുന്നുണ്ട്. ഒരു ഏക്കര്‍ വനത്തിലെ മരങ്ങള്‍ ഇങ്ങനെ 2.6 ടണ്‍ ഒരു വര്‍ഷം സംഭരിക്കുന്നു.

ഒരു ടണ്‍ പത്രക്കടലാസ്സിനുവേണ്ടി മറിഞ്ഞുവീഴുന്നത് ശരാശരി 12 മരങ്ങളായിരിക്കും. എന്നാല്‍, ബുക്ക്-ഓഫിസ് ഉപയോഗങ്ങള്‍ക്കുള്ള നല്ല പേപ്പര്‍ ഉണ്ടാക്കാന്‍ 24 മരങ്ങള്‍ വേണ്ടിവരും.

കാനഡയില്‍, ഒരു വര്‍ഷം, 50 മില്ല്യന്‍ പ്രിന്റ്‌ ബുക്കുകള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ കൂടെ 50,000 മെട്രിക് ടണ്‍ CO2 ഉണ്ടാകുന്നുണ്ട്. അതേസമയം, ഒരു ബുക്ക് ഏകദേശം 4.5 kg CO2 ഉണ്ടാകാന്‍ കാരണമാകുന്നു.

ഒരു ബുക്ക് അതിന്റെ മുഴുവന്‍ ജീവിതകാലത്ത്, ഏകദേശം 34 kg CO2 ഉണ്ടാക്കും. കാരണം, മരം മരിക്കുന്നതുകൂടാതെ, പേപ്പര്‍ ഉണ്ടാക്കുന്നതും കൊണ്ടുപോകുന്നതും ദുരുപയോഗം ചെയ്യുന്നതും ബുക്കുകള്‍ ആവശ്യത്തിലധികം പ്രിന്റ്‌ ചെയ്യുന്നതുമൊക്കെ മലിനീകരണത്തിനിടയാകും.

പഴയ പുസ്തകങ്ങള്‍ കത്തിച്ചുനശിപ്പിക്കുമ്പോഴും അല്ലെങ്കില്‍, ഏറ്റവും അവസാനം ജീര്‍ണ്ണിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു. അതുകൊണ്ട്, മരങ്ങളെ പേപ്പര്‍ ആവശ്യങ്ങള്‍ക്കുവേണ്ടി മുറിച്ചിട്ടാല്‍ എന്ത് സംഭവിക്കും? ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഘടനതന്നെ മാറിമറിയും. അതിനാല്‍, ഡിജിറ്റല്‍ പുസ്തകങ്ങള്‍ മലിനീകരണം കുറയ്ക്കുന്നു. എന്നാല്‍, ഒരു ഡിജിറ്റല്‍ ഉപകരണം ഉണ്ടാക്കുന്ന സമയത്ത്, ഏകദേശം 15 -നും 25-നും പ്രിന്റ്‌ പുസ്തകങ്ങള്‍ ഉണ്ടാക്കുന്ന അതേ മലിനീകരണം ഉണ്ടാക്കും. എങ്കിലും, നൂറുകണക്കിനു ഇ-ബുക്കുകള്‍ അതിലൂടെ വായിക്കുമ്പോള്‍ കൂടുതല്‍ നേട്ടമാകും. മാത്രമല്ല, അത്തരം ഉപകരണത്തിന്റെ വിവിധ ഉപയോഗങ്ങള്‍ നോക്കുമ്പോള്‍ വളരെയേറെ ഗുണങ്ങള്‍ ചെയ്യും. ഉദാഹരണത്തിന്, സ്മാര്‍ട്ട്‌ ഫോണ്‍, ടാബ്, കമ്പ്യൂട്ടര്‍ എന്നിവ അനേകം ജോലികള്‍ ചെയ്യുന്നുമുണ്ട്.

പേപ്പര്‍ വേണ്ടാത്ത വായനാരീതിയായ ഇത്തരം ഡിജിറ്റല്‍/ഇലക്ട്രോണിക് പുസ്തകങ്ങള്‍, ലാപ്ടോപ്-ഡസ്ക്‌ടോപ്‌-ടാബ് തുടങ്ങിയ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ ഫോണ്‍, ഇ-റീഡര്‍ എന്നിവയിലൂടെ വായിക്കാം. പ്രിന്റ്‌ പുസ്തകങ്ങളുടെ പകരക്കാരനായ ഇതിനെ ഡിജിറ്റല്‍ ബുക്സ് എന്നും വിളിക്കപ്പെടുന്നു.

ഇതുവരെയും മലയാളഭാഷ കമ്പ്യൂട്ടര്‍-ഡിജിറ്റല്‍ വിദ്യകളുടെ സുഹൃത്തായെന്നു പറഞ്ഞുകൂടാ. എവിടെയും ഉപയോഗിക്കാനാവുന്ന പൊതുവായ ലിപികളും മറ്റും ഇല്ലാത്തതിനാല്‍ ഇപ്പോഴും ഒരുതരം കാടന്‍‌മലയാളമായിരിക്കും വെബ്‌ പേജുകളില്‍ പലയിടത്തും കിട്ടുന്നത്. മലയാളം ബ്ലോഗുകള്‍ മുരടിക്കാനും ഇത് കാരണമായി. ഇത്തരം സ്ക്രീന്‍വായന നമ്മുടെ പരമ്പരാഗതമായ ഫിസിക്കല്‍പുസ്തകങ്ങള്‍ക്ക് ഒരു പകരക്കാരനായി കടന്നുവരുന്നു.

പലപ്പോഴും സ്ക്കൂളുകളില്‍ പാഠപുസ്തകം വൈകുന്നതിനാല്‍ കുട്ടികള്‍ വളരെ വിഷമിക്കുന്നുണ്ട്. കുറഞ്ഞ ചെലവിലുള്ള ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ കുട്ടികള്‍ക്കായി വികസിപ്പിച്ചിരുന്നെങ്കില്‍ ഈ കുഴപ്പങ്ങളും അച്ചടിയുടെ വലിയ ചെലവും കാലതാമസവും ഒഴിവാക്കി പഠനം രസകരമായേനെ. സ്ക്കൂള്‍ബാഗിന്റെ അമിതഭാരവും ഒഴിവാകുമായിരുന്നു. ഭാരതസര്‍ക്കാരിന്റെ 'ആകാശ്' ടാബ് നിലംതൊട്ടതുമില്ല. പിന്നീട്, ചെലവ് കുറഞ്ഞ ലാപ്ടോപ് വന്നു. പക്ഷേ, അവിടെയും കേരളത്തിന്റെ കണക്ക് പിഴച്ചു. നമ്മുടെ നാടൻ ലാപ് തുടക്കത്തിൽ തന്നെ തകരാറുകൾ കാണിച്ചുതുടങ്ങി. അനേകം ആളുകളുടെ രൂപ നഷ്ടപ്പെട്ടു.

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും ടില്ലര്‍-ട്രാക്ടര്‍ വന്നപ്പോള്‍ കലപ്പയും കാളകളും കര്‍ഷകനും പണിപോകുമെന്നു പറഞ്ഞുനടന്നത്. ഇതേപോലെതന്നെ, കമ്പ്യൂട്ടര്‍ വന്നപ്പോഴും മുറുമുറുപ്പുകള്‍ കേട്ടു. സെല്‍ഫോണ്‍ വന്നപ്പോള്‍ ലാന്‍ഡ്‌‌ലൈന്‍ ചെവിയടച്ചു. അതുപോലെ, പ്രിന്റ്‌ പുസ്തകങ്ങള്‍ ഒരുനാള്‍ ഡിജിറ്റല്‍വിപ്ലവത്തിനായി മാറിക്കൊടുക്കും.

എന്നാൽ, ഡിജിറ്റൽ ബുക്കുകളുടെ പ്രചാരത്തിൽ വെപ്രാളം പിടിച്ച് ചിലർ നടക്കുന്നത് കാണാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) പോലെ പുതിയ വിദ്യകൾ അനേകം വരുന്നു. അവ പല മനുഷ്യ പ്രവൃത്തികളെ മാറ്റിമറിക്കുന്നു. ഇവിടെ വായനയുടെ കാര്യത്തിൽ മാത്രം പഴഞ്ചൻ ചിന്താഗതി എന്തിന് അവർ വച്ചുപുലർത്തണം?

ഈ മഹാമാരിയുടെ കാലത്ത്, ഡിജിറ്റൽ വായനയിലും കുതിപ്പുണ്ടായി. അമേരിക്കൻ ഐക്യനാടുകൾ ഇത്തരം സ്ക്രീൻ വായനയിൽ മുന്നിലാണെന്നും നാം മനസ്സിലാക്കണം. അവർ യാത്ര ചെയ്യുമ്പോൾ ട്രെയിൻ, കാർ, വിമാനം എന്നിവയിൽ എല്ലാം മറ്റുള്ളവരുടെ കാര്യം നോക്കാതെ സ്വന്തം വായനയിൽ മുഴുകുന്നത് സ്ഥിരം കാഴ്ചയാകുന്നു.

ഇലക്ട്രോണിക് വായനയെ കൂടുതൽ ഇഷ്ടപ്പെടുന്നവർക്കായി ആമസോൺ, സോണി, ആപ്പിൾ, കോബോ തുടങ്ങിയവർ ഫോൺ, ഇന്റർനെറ്റ് സൌകര്യമില്ലാത്ത ഉപകരണങ്ങൾ വിൽക്കുന്നു. അതായത്, സാധാരണ ടാബ്, ഫോൺ, ലാപ് എന്നിവയിൽ വായനയ്ക്കിടയിൽ അനേകം വിളികളും സോഷ്യൽ മീഡിയ മെസ്സേജുകളും മറ്റും വരുമ്പോൾ വായന മുറിഞ്ഞു പോകുന്നു! അത് ഇങ്ങനെ ഒഴിവാക്കാമല്ലോ.

എനിയ്ക്കു കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, കോട്ടയം ജില്ലാ ലൈബ്രറിയില്‍ അംഗത്വം ഉണ്ടായിരുന്നു. എന്നാല്‍, ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരയുമ്പോള്‍ അനുഭവപ്പെടുന്ന പഴക്ക മണം പണ്ടൊക്കെ പ്രശ്നമല്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ജലദോഷം വരുത്താറുണ്ട്. അതിനാല്‍, ഇപ്പോള്‍ അവിടെ പോകാറില്ല. മാത്രമല്ല, ഞാന്‍ പഠിപ്പിക്കുന്ന സ്കൂള്‍ ലൈബ്രറി മികച്ച പുസ്തകങ്ങള്‍ ഉള്ള ഒന്നാന്തരം സ്ഥലമാണ്. അവിടെയും പഴയ പുസ്തകങ്ങളോടുള്ള ആവേശമൊന്നും ഇല്ല. കാരണം, ഇ-വായനയും ഇ-എഴുത്തും പ്രയോഗിക്കാന്‍ നാം അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുത്തുന്ന സമയം വകയിരുത്തിയാല്‍ ധാരാളം മതിയാകും.

അതായത്, ഞാന്‍ ഒരു ഉദാഹരണം പറയാം. ഞാന്‍ വൈകുന്നേരം പോരുന്ന ട്രെയിന്‍ മിക്കവാറും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ താമസിക്കാറുണ്ട്. ആ സമയത്ത് ഫോണില്‍ എഴുത്തും വായനയും സ്വന്തം മൂഡ് നോക്കി പ്രയോഗിക്കാമല്ലോ. ഏകദേശം അമ്പത്-നൂറു ചെറിയ ബുക്കുകള്‍ അങ്ങനെതന്നെ എഴുതിയിട്ടുണ്ടെന്നു തോന്നുന്നു.

ഇപ്പൊഴും ഞാന്‍ അലമാരയിലെ പുസ്തകങ്ങള്‍ എടുക്കുമ്പോള്‍ മാസ്ക് വയ്ക്കാറുണ്ട്. പണ്ടൊരു തോര്‍ത്തായിരുന്നു. ഇപ്പോള്‍ മാസ്ക് ചെലവു കഴിഞ്ഞു മിച്ചമാണല്ലോ. മാത്രമല്ല, ഈ ലോക് ഡൌണ്‍ കാലത്ത് വായനശാലകള്‍ മിക്കവയും നാശം നേരിട്ടു എന്നു പറയാം. അവിടെ ഡിജിറ്റല്‍ വായനയെ വലിയ പ്രസാധകര്‍ പ്രോല്‍സാഹിപ്പിക്കയും നിമിത്തം യഥാര്‍ത്ഥ പുസ്തകവിലയുടെ നാലില്‍ ഒന്നു വിലയില്‍ അനേകം ആളുകള്‍ക്ക് വായിക്കാനായി.

എന്നാല്‍, അതിനൊപ്പം പുസ്തകങ്ങളെയും പാരമ്പര്യത്തെയും എഴുത്തുകാരെയും നശിപ്പിക്കുമെന്ന് ഒരു കൂട്ടം ആളുകള്‍ പറയുകയുണ്ടായി. അതില്‍, വലിയ കഴമ്പില്ലെന്നു കാണാം. അടഞ്ഞു കിടന്ന ഗ്രന്ഥശാല മൂലം വായനക്കാരെ നഷ്ടപ്പെടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ ഡിജിറ്റല്‍ വായന വിപ്ലവത്തിനു കഴിഞ്ഞു. എങ്കിലും ഒരു കാര്യം പറയാതെ വയ്യ. എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴിയായി വാങ്ങിയ പുസ്തകങ്ങള്‍ ആവശ്യമില്ലാതെ ഷെയര്‍ ചെയ്യുന്ന വിദ്വാന്മാരും ഇവിടെയുണ്ട്.

ആമസോണ്‍ കിന്‍ഡില്‍ ഇ-റീഡിങ് ലോകത്തെ പ്രമുഖരാണ്. ആപ്പിള്‍ ഐ പാഡ്, എന്നിങ്ങനെ, രാത്രിയിലും ഇരുണ്ട വെളിച്ചത്തിലും പകല്‍ വെട്ടത്തിലും വായിക്കാന്‍ സൌകര്യമുണ്ട്. ബുക് മാര്‍ക് വയ്ക്കാം. പിന്നെ, നിഘണ്ടു അതില്‍ത്തന്നെ ഉപയോഗിക്കാം. ഫോണ്ട് വലിപ്പം കൂട്ടാനും കുറയ്ക്കാനും പറ്റും. ആമസോണ്‍ മോബി ഫോര്‍മാറ്റ് ഉപയോഗിക്കുമ്പോള്‍ ആപ്പിള്‍ ഇ-പബ് രീതിയില്‍ ചെയ്യുന്നു. ഗൂഗിള്‍ ബുക്സ് പി.ഡി.എഫ് രൂപം തരുന്നുണ്ട്.

എന്തായാലും, വായന നശിക്കാതിരിക്കട്ടെ. പുസ്തകങ്ങള്‍ ഹാര്‍ഡ് കോപ്പി ആയിട്ടോ സോഫ്റ്റ് ആയിട്ടോ പോകട്ടെ. കാരണം, ലോകം എല്ലാ കാര്യത്തിലും വേഗം കൂട്ടുകയാണ്! വായന അവിടെ എന്തിന് മാറിനില്‍ക്കണം?

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍