7 ലോക ക്ലാസ്സിക് കഥകൾ (വിശ്വസാഹിത്യം)

7 World classic stories in Malayalam

ഖലീൽ ജിബ്രാൻ കഥകൾ (Khalil Gibran stories)

ഖലീല്‍ ജിബ്രാന്‍ (1883-1931) ലെബനന്‍ രാജ്യത്തില്‍ ജീവിച്ചിരുന്ന കവിയും ചിത്രകാരനും കഥാകാരനുമായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ അമേരിക്കയിലേക്ക് കുടിയേറി. ഇംഗ്ലീഷിലും അറബിയിലും എഴുതുന്ന വേറിട്ടൊരു ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. ആത്മീയ കാഴ്ചപ്പാടും  കാല്പനികതയും വിപ്ലവങ്ങളും  സൗന്ദര്യവും ദാര്‍ശനിക ചുറ്റുപാടുമൊക്കെ അദ്ദേഹത്തിന്റെ കൃതികളില്‍ ഉണ്ട്. ഒരേ പുസ്തകത്തില്‍ കാണുന്ന കഥകളില്‍ത്തന്നെ അനേകം ആശയങ്ങള്‍കൊണ്ട് സമ്പന്നമായ രീതി ആ പ്രതിഭ സ്വീകരിച്ചിരുന്നു. ചില അര്‍ത്ഥതലങ്ങളൊക്കെ മനസ്സിലാക്കാനും എളുപ്പമല്ല. മദ്യപാനം മൂലം കരള്‍രോഗം ബാധിച്ച് 48 വയസ്സില്‍ ആ പ്രതിഭ ന്യൂയോര്‍ക്കില്‍ വച്ച് മരണമടഞ്ഞു. ലെബനനില്‍ നിര്‍മ്മിച്ച ജിബ്രാന്‍മ്യൂസിയം പ്രശസ്തമാണ്.

അദ്ദേഹം എഴുതിയ ലളിതവും, നര്‍മവുമുള്ള ഏതാനും ചെറുകഥകള്‍ ഇവിടെ വായിക്കൂ.. 

1. പുഞ്ചിരി

ഒരിക്കല്‍, നൈല്‍നദിയുടെ തീരത്ത് ഒരു കഴുതപ്പുലി മുതലയെ കണ്ടു സംസാരിക്കുകയായിരുന്നു. കഴുതപ്പുലി മുതലയുടെ സുഖവിവരം അന്വേഷിച്ചു.

"താങ്കള്‍ക്കു സുഖം തന്നെയല്ലേ?"

അപ്പോള്‍ മുതല പറഞ്ഞു:

"ഞാന്‍ വളരെ വിഷമത്തിലാണ‌്, എനിക്കു വേദന വന്നു കരയുമ്പോള്‍പോലും മറ്റു ജന്തുക്കള്‍ പറയുന്നത് എന്തെന്നോ? ഇതു വെറും മുതലക്കണ്ണീര്‍ ആണെന്ന്‍! ഇതെന്നെ വല്ലാതെ കരയിക്കുന്നു"

കഴുതപ്പുലിയും തന്റെ വിഷമം പങ്കുവച്ചു:

"ഞാന്‍ ഈ ലോകത്തിന്റെ സൗന്ദര്യം നോക്കി പുഞ്ചിരിക്കുകയും ചിരിക്കുകയും ചെയ്യുന്നു. അപ്പോള്‍, വനത്തില്‍ താമസിക്കുന്ന ആളുകള്‍ പറയുന്നത്- 'ഇത് കഴുതപ്പുലിയുടെ ചിരിയല്ലാതെ മറ്റൊന്നുമല്ലെന്ന്!' അവര്‍ എന്റെ ചിരിയെ മോശമായി ഉപമിക്കുന്നു"

2. മുത്തുച്ചിപ്പി

രണ്ട് ചിപ്പികള്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു.

"എന്റെ ഉള്ളില്‍ തീവ്രമായ വേദന, അതെന്നെ കാര്‍ന്നുതിന്നുന്നു"

അപ്പോള്‍ ഇതുകേട്ട് അടുത്തവന്‍ പറഞ്ഞു:

"അകത്തും പുറത്തും വളരെ ആരോഗ്യമുള്ള എനിക്ക് യാതൊരു വേദനയുമില്ല, അതുകൊണ്ട് സ്വര്‍ഗത്തിനും ഈ നഗരത്തിനും ഞാന്‍ നന്ദി പറയട്ടെ"

അവന്റെ വാക്കുകളില്‍ അഹങ്കാരമുണ്ടായിരുന്നു.

അപ്പോള്‍, അതുവഴി വന്ന ഒരു ഞണ്ട് ഈ സംസാരത്തിനു മറുപടിയായി രണ്ടാമത്തെ ചിപ്പിയോടു പറഞ്ഞു:

"നീ സുഖം അനുഭവിക്കുന്നതു ശരിതന്നെ. എന്നാല്‍, നിന്റെ കൂട്ടുകാരന്‍ചിപ്പി അനുഭവിക്കുന്നത് മനോഹരമായ മുത്തുച്ചിപ്പി ഉണ്ടാകാനുള്ള വേദനയാണെന്ന് മാത്രം!"

3. സന്യാസി

ഒരിക്കല്‍, കാട്ടിലെ ജോടികളായി കഴിഞ്ഞിരുന്ന ജന്തുക്കളെല്ലാം പതിവുപോലെ സന്യാസിയുടെ കുടുംബസന്തോഷത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തി. അപ്പോള്‍, പുള്ളിപ്പുലി ഒരു സംശയം ഉന്നയിച്ചു:

"ഗുരുജി ഞങ്ങളോട് കുടുംബസ്നേഹത്തേക്കുറിച്ച് എപ്പോഴും വായ തോരാതെ പറയുന്നുണ്ടല്ലോ, പക്ഷേ, അങ്ങയുടെ ഭാര്യയെ ഞങ്ങള്‍ കണ്ടിട്ടില്ല, എവിടെ?'

"എനിക്ക് ഭാര്യയില്ല"

ഇതുകേട്ട് മൃഗങ്ങള്‍ ആരവം മുഴക്കി. അവര്‍ തമ്മില്‍ ഉറക്കെ പറഞ്ഞുതുടങ്ങിയത് സന്യാസി കേട്ടു.

"ഇയാള്‍ ഇവിടെ നമ്മോട് എങ്ങനെയായിരിക്കും  സ്നേഹത്തെയും കൂട്ടായ‌്മയെക്കുറിച്ചുമൊക്കെ  പറയുന്നത്? ഇതൊന്നുമില്ലാത്ത ആളല്ലേ?"

ഉടന്‍തന്നെ എല്ലാ മൃഗങ്ങളും അവിടം വിട്ടു പോയി.

അന്നു രാത്രി സന്യാസിക്ക് ഉറക്കം വന്നില്ല. അയാള്‍ പായ വിരിച്ചു കിടന്നിടത്ത് മുഖം പൊത്തി ദയനീയമായി കരഞ്ഞു! 

4. നായയുടെ പ്രസംഗം

അന്ന്, രാത്രിയില്‍ മേഘങ്ങളൊന്നുമില്ലാത്ത ആകാശമായിരുന്നു. പൂര്‍ണച(ന്ദന്‍ പതിവിലും ശോഭയില്‍ തെളിഞ്ഞു നിന്നു. അതുനോക്കി അന്നാട്ടിലെ മുഴുവന്‍ നായ‌്ക്കളും കുര തുടങ്ങി. എന്നാല്‍, ഒരു നായ മാത്രം കുരച്ചില്ല. അവന്‍ ആ സംഘത്തിനു  കര്‍ശന താക്കീത് എന്നവണ്ണം  പറഞ്ഞു:

"മറ്റുള്ളവരുടെ നിദ്രയില്‍ നിങ്ങള്‍ നിശബ്ദത പാലിക്കുക. നമ്മുടെ കുര  മൂലം ച(ന്ദനെ ഭൂമിയിലേക്ക്‌ കൊണ്ടുവരരുത്" അവന്റെ കല്പന അനുസരിച്ച് മറ്റുള്ള എല്ലാവരും കുര നിര്‍ത്തി. എങ്ങും ഭയാനകമായ നിശബ്ദത നിറഞ്ഞു. അതേസമയം, ആ നേതാവ‌് രാത്രി മുഴുവന്‍സമയവും നിശബ്ദതയുടെ ആവശ്യം മറ്റുള്ളവരെ ബോധവല്‍ക്കരിക്കാന്‍ കുരച്ചുകൊണ്ടിരുന്നു!

5. തവളകളുടെ സംഗീതം

മഴ പെയ‌്തു വെള്ളം പൊങ്ങിയ സമയം. രാത്രിയില്‍ തവളകള്‍ 'ക്രോം...ക്രോം' ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഒരു ആണ്‍തവള പെണ്തവളയോടു പറഞ്ഞു:

"നമ്മളുടെ സംഗീതം ആ വീട്ടുകാരെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്  എന്നു തോന്നുന്നു"

"ഓ, അതിനെന്താ, ആ വീട്ടിലെ സ്ത്രീയും പകല്‍  എന്തുമാത്രം ഒച്ചയിടുന്നു? പകല്‍ നമ്മുടെ ഉറക്കത്തിനും അതു ശല്യമാകുന്നുണ്ടല്ലോ"

"എങ്കിലും, നമുക്ക് മൂന്നു ദിവസം രാത്രി മിണ്ടാതിരിക്കാം. ആ വീട്ടുകാര്‍ക്ക് പ്രയോജനം കിട്ടുമോയെന്ന് നോക്കാം "

അങ്ങനെ മൂന്നു രാത്രികള്‍ അവരുടെ സംഗീതമില്ലാതെ കടന്നുപോയി.  അടുത്ത ദിവസം രാവിലെ ആ വീട്ടിലെ സ്ത്രീ ഭര്‍ത്താവിനോട് പറയുന്നത് തവളദമ്പതികള്‍ ശ്രദ്ധിച്ചു:

"മൂന്നു രാത്രികളായി ഞാന്‍ ഉറങ്ങിയതേയില്ല. തവളകളുടെ ശബ്ദം കേള്‍ക്കാതെ എനിക്ക് ഉറക്കം വരില്ല. അവറ്റകള്‍ എവിടെപ്പോയി? ഉറക്കമില്ലാതെ ഞാന്‍ വല്ലാതായിരിക്കുന്നു"

ആണ്‍തവള ഇതുകേട്ട് പറഞ്ഞു:

"നമ്മുടെ  നിശബ്ദതയാല്‍ നമുക്കും ഭ്രാന്തു പിടിച്ചിരിക്കുന്നു"

അന്നു രാത്രിയില്‍ തവളകള്‍ സംഗീതത്തില്‍ ലയിച്ചു. അവരുടെ സംഗീതം ആ സ്ത്രീയെ നിദ്രയിലാഴ്ത്തും വിധം  എങ്ങും അലയടിച്ചു.

6. സമാധാനം

തെരുവില്‍ വെയില് കാഞ്ഞു കിടക്കുകയായിരുന്നു മൂന്നു നായ‌്ക്കള്‍. ഒന്നാമന്‍ പറഞ്ഞു:

"നമുക്കുള്ള പോലെ സഞ്ചാര സ്വാത(ന്ത്യം വേറെ എവിടെയും കാണില്ല. നമ്മുടെ സുരക്ഷിതമായ ജീവിതത്തേപ്പറ്റി ഓര്‍ക്കുക, വളരെ  അതിശയകരമായ ലോകമാണ‌് നായ‌്ക്കളുടെ ലോകം"

രണ്ടാമന്‍ പറഞ്ഞുതുടങ്ങി:

"നാം കലയില്‍ പ്രാവീണ്യം നേടിയവരാണ‌‌്. ഒരേ താളത്തില്‍ ച(ന്ദനെ നോക്കി പൂര്‍വികര്‍  ചെ‌യ‌്തതിനേക്കാള്‍ വളരെ നന്നായി നാം കുരയ‌്ക്കുന്നില്ലേ? വെള്ളത്തില്‍ നമ്മുടെ ചിത്രം നന്നായി കാണാനും പറ്റുന്നുണ്ട്"

മൂന്നാമനും തന്റെ വാദഗതി അവതരിപ്പിച്ചു:

"എനിക്ക് കൂടുതല്‍ താല്പര്യം, നമ്മുടെയിടയിലുള്ള പരസ്പരമുള്ള മനസ്സിലാക്കലും    ശാന്തതയും  സമാധാനവുമാണ‌്"

പെട്ടെന്ന്‍, ഒരു പട്ടിപിടുത്തക്കാരന്‍ പതുങ്ങി അങ്ങോട്ട്‌ വരുന്നതു കണ്ട്  അവര്‍ ഞെട്ടി! മൂവരും തെരുവിലൂടെ ചിതറിയോടി. ഓട്ടത്തിനിടെ, മൂന്നാമത്തെ നായ വിളിച്ചുകൂവി: "ജീവനും കൊണ്ട് ഓടിക്കൊള്ളൂ.. സംസ്കാരം നമ്മുടെ പിന്നാലെ ഉണ്ട്"

ലിയോ ടോള്‍സ്റ്റോയ്‌ കഥകൾ (Leo Tolstoy stories)

വിശ്വസാഹിത്യ ലോകത്തിലെ സുപരിചിതമായ നാമമാകുന്നു ലിയോ ടോൾസ്റ്റോയി എന്ന റഷ്യൻ പ്രതിഭ.  1828 മുതൽ 1910 വരെ 82 വർഷത്തെ എഴുത്തിന്റെയും തത്വചിന്തകളുടെയും സമാഹാരമാണ് അദ്ദേഹം. റഷ്യൻ, ഫ്രഞ്ച് ഭാഷകളിൽ അദ്ദേഹം കൃതികൾ രചിച്ചു. ടോൾസ്റ്റോയിയുടെ അഹിംസാ മാർഗം എന്ന ചിന്താഗതി ശ്രേഷ്ഠമായിരുന്നു. അങ്ങനെ, മഹാത്മാഗാന്ധിയും മാർട്ടിൻ ലൂഥറും പോലുള്ള അനേകം മഹാത്മാക്കളെ അദ്ദേഹത്തിന്റെ കൃതികൾ സ്വാധീനിച്ചിട്ടുണ്ട്. യുദ്ധവും സമാധാനവും, അന്നാ കരനീന എന്നിവ ഏറ്റവും പ്രശസ്തി നേടിയ കൃതികൾ.

ധനിക പ്രഭുകുടുംബത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്പകാലത്ത്, കുത്തഴിഞ്ഞ ജീവിതമായിരുന്നു നയിച്ചിരുന്നത്. പട്ടാളത്തിൽ ജോലിയിൽ ഏർപ്പെട്ടുവെങ്കിലും ചീട്ടുകളിയും മദ്യപാനവും തുടര്‍ന്നു. അതിനിടയില്‍, ആത്മകഥാപരമായ ചില കൃതികളിലൂടെ എഴുത്തിനു തുടക്കംകുറിച്ചു. പിന്നീട്, യൂറോപ്യന്‍ രാജ്യങ്ങള്‍ കറങ്ങിത്തിരിഞ്ഞ് നടന്നപ്പോള്‍, യാത്രകള്‍ അദ്ദേഹത്തിന് വിലപ്പെട്ട അറിവുകളും അനുഭവങ്ങളും സമ്മാനിച്ചു.

വിരമിച്ചപ്പോൾ എഴുത്തിലേക്കു തിരിഞ്ഞു. ടോൾസ്റ്റോയിയുടെ ഭാര്യ സോഫിയ കൃതികളുടെ വിവർത്തനത്തിലും പകർത്തിയെഴുത്തിലുമൊക്കെ ധാരാളം സഹായിച്ചിട്ടുണ്ട്. സ്വന്തം കൃതികൾക്ക് റോയൽറ്റി വാങ്ങാത്ത അപൂർവ എഴുത്തുകാരന്‍മാത്രമല്ല, സാഹിത്യ നോബല്‍ സമ്മാനവും അദ്ദേഹം നിരസിച്ചു! റഷ്യയിലെ സര്‍ചക്രവര്‍ത്തിയും ക്രിസ്തുമതത്തിലെ അഭിപ്രായവ്യത്യാസങ്ങളും കൂടാതെ, കുടുംബജീവിതത്തില്‍ ശത്രുക്കള്‍ ശല്യങ്ങളും ഉണ്ടാക്കിയപ്പോള്‍,  ടോൾസ്റ്റോയി തന്റെ എണ്‍പത്തിരണ്ടാം വയസ്സിൽ വീടുവിട്ടിറങ്ങി. പിന്നീട്, അസ്റ്റാപോവയിലെ തീവണ്ടിസ്റ്റേഷനിൽ ന്യൂമോണിയ ബാധിച്ച് അവശനിലയിൽ കാണപ്പെട്ടപ്പോൾ സ്റ്റേഷൻമാസ്റ്ററുടെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വച്ച് മരണമടഞ്ഞു.

സ്കൂൾ-കോളേജ് പഠന പുസ്തകങ്ങളിലും മറ്റും ലിയോ ടോൾസ്റ്റോയിയുടെ കഥകൾ ചിലതു പഠിക്കാനുണ്ടായിരുന്നു.

അത്തരം ഒരു കൊച്ചുകഥ വായിക്കുക.

7. മണ്ണിനോടുള്ള ആർത്തി

ഒരിക്കൽ, റഷ്യയിലെ ഒരു പ്രഭുവിന്റെ പക്കൽ ഒരാൾ വസ്തു വാങ്ങാനെത്തി. അദ്ദേഹത്തിന് കണ്ണെത്താദൂരത്തോളം കരഭൂമിയുണ്ടായിരുന്നു.

വാങ്ങാനെത്തിയ ആളിനോട് പ്രഭു ഒരു വ്യവസ്ഥ പറഞ്ഞു:

"സ്ഥലത്തിന്റെ വില 10 റൂബിൾ മാത്രം. പക്ഷേ, ഈ വിലയ്ക്ക് നിനക്ക് ഒരു പകൽ നടന്നു വൈകുന്നേരം തിരിച്ചുവരാൻ പറ്റുന്ന അത്രയും ഭൂമി സ്വന്തമാക്കാം!"

ആ മനുഷ്യന് സന്തോഷം അടക്കാനായില്ല. അയാൾ ആർത്തിയോടെ അതിവേഗം നടക്കാൻ തുടങ്ങി. കാരണം, പരമാവധി ദൂരം പിന്നിട്ടാൽ അത്രയും അധികമായി ഭൂമി തനിക്കു സ്വന്തം! വിശപ്പും ദാഹവുമൊന്നും അയാൾ ഒട്ടും വകവച്ചില്ല. പൊരിയുന്ന ഉച്ചവെയിലിനെയും അയാൾ അവഗണിച്ചു. നടന്നു നടന്ന്, വൈകുന്നേരമാകുന്നു. അപ്പോഴാണ് അയാൾക്കു തിരികെ ഇരുട്ടുന്നതിനു മുൻപേ പ്രഭുവിന്റെ പക്കൽ  ചെല്ലേണ്ടതാണെന്ന് ഓർമ വന്നത്! തിരികെയെത്താൻ വൈകുമെന്ന് വിചാരിച്ച് അയാൾ തിരിഞ്ഞോടി. പക്ഷേ, കാലുകൾ കുഴഞ്ഞു. ശരീരം തളർന്നുതുടങ്ങി. അയാൾ പ്രഭുവിന്റെ അടുത്തെത്തിയപ്പോൾ കുഴഞ്ഞു വീണു മരിച്ചു.

അനന്തരം പ്രഭു പറഞ്ഞു:

"ഇതാ, എടുത്തു കൊള്ളുക, നിനക്ക് ആവശ്യമുള്ള ആറടി മണ്ണ്!"

ഈ കൊച്ചു കഥയിലെ ആശയത്തിന് സമകാലിക ജീവിതത്തില്‍ വിശാലമായ അർത്ഥമാണുള്ളത്. മനുഷ്യന്റെ അത്യാര്‍ത്തിക്കും ദുരാഗ്രഹത്തിനും യാതൊരു പരിധിയുമില്ല. അതിനു മനുഷ്യവംശത്തോളം പഴക്കവുമുണ്ടായിരിക്കും. അത്യാര്‍ത്തിയോടെ ഏതൊരു കാര്യത്തെ സമീപിച്ചുനോക്കിയാലും അവിടെ മൂല്യങ്ങളും ധാര്‍മികതയും മനുഷ്യബന്ധങ്ങളും ന്യായവുമെല്ലാം കാറ്റില്‍ പറക്കും. 

പണവും പെണ്ണും പൊന്നും മണ്ണും ലഹരിവസ്തുക്കളും മനുഷ്യന്റെ അത്യാര്‍ത്തികളില്‍ മുന്നില്‍ നില്‍ക്കുന്നു. അങ്ങനെ, ഇത്തരം ദുരാശകള്‍ പലരുടെയും നാശത്തിനും ദു:ഖത്തിനും കാരണമാകുന്നുണ്ട്. പണ്ട്, അഴിമതിപ്പണത്തിന്റെ അളവുകോല്‍ ലക്ഷങ്ങള്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് കോടികളും കടന്നു ശതകോടികളില്‍ എത്തിനില്‍ക്കുന്നു. എന്നാല്‍, ജീവിതത്തിലെ നല്ല നേട്ടങ്ങള്‍ കരസ്ഥമാക്കുവാന്‍ ചില നല്ല ആര്‍ത്തികള്‍ മുന്നിലെ പാതയില്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍, പോരാട്ടങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഊര്‍ജം കിട്ടില്ല. അതായത്, ആവശ്യത്തിനുള്ള സുഖസൗകര്യങ്ങളും മാന്യതയും സന്തോഷവും ലഭിക്കാന്‍ നല്ല ആര്‍ത്തികളെ കൂടെ നിര്‍ത്തുക.

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍