അനുഭവ കഥകൾ
“മാതൃവിദ്യാലയമേ മാപ്പ്!”
രാവിലത്തെ പത്രവാര്‍ത്തകള്‍ ബിജേഷ് നോക്കിയിരിക്കുമ്പോള്‍ ഭാര്യ ഒപ്പം കൂടി. ഏതോ സ്കൂളിന്റെ പരസ്യം അവള്‍ എത്തിനോക്കിയിട്ട് പറഞ്ഞു:
“ഈ വര്‍ഷത്തെ അഡ്മിഷന്‍ തുടങ്ങിയല്ലോ. ഞാനിന്നലെ പറഞ്ഞ സ്കൂളില്‍ നിങ്ങള് പോയി അന്വേഷിക്കാമെന്ന് പറഞ്ഞിട്ട് എന്തായി? മോളുടെ ഒന്നാം ക്ലാസ്സിലെ കാര്യമാണെന്ന് മറക്കരുത്"
“ഓ...ഞാന്‍ കേട്ടു. ഇനീം മാസങ്ങള്‍ ഒണ്ടല്ലോ. നീ വെറുതേ ടെന്‍ഷനടിക്കണ്ട. കോട്ടയത്താണോ സ്കൂളിനു പഞ്ഞം?”
“നല്ല സ്കൂളില്‍ കിട്ടാന്‍ കുറെ ബുദ്ധിമുട്ടും. ബിജേഷ് ഒറ്റയൊരാള്‍ വാശി പിടിച്ചാണ് ടൗണിലെ സ്കൂളില്‍ വിടാതിരുന്നത്, അവിടെയായിരുന്നേല്‍ എല്‍കെജി തൊട്ട് പ്ലസ്ടു വരെ ഒന്നും അറിയണ്ടായിരുന്നു"
“ഓഹോ..സമ്മതിച്ചു. എന്നാല്‍, ഞാന്‍ ഇത്തവണ തിരുത്തിയേക്കാം. നീ പണ്ട് പഠിച്ചിടത്ത് കൊച്ചു പഠിക്കട്ടെ. മദാമ്മ സ്ഥാപിച്ച സ്കൂളിന്റെ ചരിത്രവും പാരമ്പര്യവും എല്ലാര്‍ക്കും അറിയാവുന്നതാ"
“അത്..നമുക്ക് സി.ബി.എസ്.ഇ മതി. കേരളാ വേണ്ട"
“അതെന്താ, ഇപ്പൊ അങ്ങനെ. നിന്റെ സ്കൂളിനെപ്പറ്റി പറയുമ്പോ നൂറു നാവാണല്ലോ. ഫെയ്സ്ബുക്കിലും വാട്സാപ്പിലുമൊക്കെ നിന്റെ കൂട്ടുകാരൊക്കെ തേനും പാലും ഒഴുക്കും. പക്ഷേ, ഒരാളും പിള്ളേരെ അവിടെ ചേര്‍ക്കുകയുമില്ല"
“ബിജേഷിന്റെ കൂട്ടുകാരും അങ്ങനെ തന്നെ. നിങ്ങളുടെ നാട്ടിലായിരുന്നെങ്കില്‍ ഇതുതന്നെയാ ബിജേഷും ചെയ്യൂ..ഇനിയുള്ള കാലത്ത് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയില്ലെങ്കില്‍...രണ്ടുവര്‍ഷം മുന്‍പ് നിങ്ങളൊരു ഇന്റര്‍വ്യൂ പൊളിഞ്ഞത് മറന്നുപോയോ? മലയാളവും കെട്ടിപ്പിടിച്ച് ഇരുന്നോ.."
അവള്‍ എന്തോ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി.
ബിജേഷ് കസേരയിലേക്ക് ചാരിയിരുന്നു-
ശരിയാണ്, അവള്‍ പറഞ്ഞത്. ഇന്റര്‍വ്യൂ സമയത്ത് സ്പോക്കണ്‍ഇംഗ്ലീഷിന് നല്ല ഒഴുക്കു കിട്ടിയില്ല. സത്യത്തില്‍ ആ ജോലിക്ക് മലയാളത്തിന്റെ ആവശ്യമേ ഉള്ളൂ. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം. കേരളം അനുഭവിക്കുന്ന ഒരു ദാരിദ്ര്യം മലയാളം എന്ന മാതൃഭാഷയുടെതാകുന്നു. പട്ടണത്തില്‍ മാത്രമല്ല, ഗ്രാമങ്ങളിലെ കടകളുടെ പേരുപോലും ഇംഗ്ലീഷില്‍! സര്‍ക്കാരും 'Government of Kerala' എന്ന്‍ പല ബോര്‍ഡുകളിലും എഴുതിവച്ചു. ഇംഗ്ലീഷിനു വേണ്ടി 'Keralam' സംസ്ഥാനത്തിന്റെ പേരിലെ 'M' അക്ഷരത്തെ പടിയിറക്കി വിട്ടു. അതായത്, മലയാളത്തിന്റെ ആദ്യാക്ഷരം! അങ്ങനെ, അക്കൂട്ടത്തില്‍ മലയാളഭാഷയും മാതൃവിദ്യാലയങ്ങളും സംസ്കാരവുമെല്ലാം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലം.
ബിജേഷിന്റെ അനുവാദം ചോദിക്കാതെ മനസ്സ് അയാളുടെ കുട്ടിക്കാലത്തിലേക്ക് പാഞ്ഞുകയറി..
ബോണിഫസ് പുണ്യാളന്‍റെ അനുഗ്രഹം പേറുന്ന മണ്ണിലെ പഴയ പള്ളിയും പള്ളിക്കൂടവും അവിടെ ഇരമ്പി. അക്കാലം നിറയ്ക്കുന്ന വികാരവിചാരങ്ങളെ വേർതിരിക്കാൻ അത്ര എളുപ്പമല്ലെങ്കിലും ഓരോ സ്കൂൾദിനവും തുടങ്ങുന്നതിനു മുന്‍പ്-
പള്ളിയിലെ "നിത്യസഹായ മാതേ"... എന്ന പ്രാർഥനാഗാനം മുഴങ്ങിക്കേൾക്കുന്നു..
ആത്മാർഥതയുള്ള ഗുരുജനങ്ങൾ...
നിഷ്കളങ്കരായ കൂട്ടുകാർ...
പുണ്യപുരുഷനായ ആശാൻ...
ആത്മീയമായി കരുത്തു പകരുന്ന അന്തരീക്ഷം..
ലൈബ്രറിയിലെ പുതിയതായി അനുവദിച്ച കഥപുസ്തകങ്ങള്‍...
പലതിനും സാക്ഷിയായി നിൽക്കുന്ന സപ്പോട്ടമരം..കുട്ടികൾ അതില്‍ കയറിയിറങ്ങി മൂടുകൾ ഉരച്ച് മരമാകെ പട്ടിന്റെ മിനുസമായിരിക്കുന്നു. മരം അവരുടെ കളികളെല്ലാം മിണ്ടാതെ നിന്ന് ആസ്വദിച്ചിട്ടുണ്ടാവണം. പഴയ രാജപാതയായ എം.സി റോഡ് ചുണങ്ങുപോലത്തെ ടാറും ചെറുകുഴികളും നിറഞ്ഞു കിടന്നതിനാല്‍ കപ്പക്കാ വണ്ടി ഐമൂപ്പച്ചകൊണ്ട് ഓടിച്ചു വന്നിരുന്നത് റോഡിനു നടുവിലൂടെ. കാരണം, ഏതെങ്കിലും വാഹനം വരുന്നുണ്ടെകില്‍ അകലെ നിന്നേ അറിയാം. അയല്‍പക്കത്ത്, ചന്തയില്‍ പോകുന്ന മൂന്നു കാളവണ്ടിയുണ്ടായിരുന്നെങ്കിലും രണ്ടിലും, പിറകിലെ തടിയില്‍ തൂങ്ങാന്‍ പേടിയില്ലായിരുന്നു. തൂങ്ങുമ്പോള്‍ മുന്നില്‍ വലിവ് ഡ്രൈവര്‍ക്ക് അറിയാം-
"ആരെടാ..തൂങ്ങാതെ പോടാ പിള്ളേരെ.."
തന്റെ ഏഴാം ക്ലാസ് പഠനവും കഴിഞ്ഞ് ആ യു.പി.സ്കൂളിന്റെ പടികളിറങ്ങുമ്പോൾ അവൻ ഒന്നുറപ്പിച്ചിരുന്നു- എന്റെ കുട്ടികളും ചെങ്കല്ലു നിറത്തിലുള്ള തറയോടു പാകിയ തറയിലൂടെ ഓടിക്കളിക്കണം! മൂന്നാം ക്ലാസ്സിന്റെ തട്ടിൻപുറത്തൂടെ ഒച്ച കേൾക്കുന്ന വിധത്തിൽ ചാടണമെന്ന്! ഗ്രൗണ്ടിലൂടെ പറന്നുനടക്കണമെന്ന്!
പക്ഷേ, പിന്നീട് അവന്റെ തീരുമാനത്തെ തലേവരയും കാലവും കൂടിച്ചേർന്ന് ദയനീയമായി പരാജയപ്പെടുത്തി. എന്താ കാര്യം? ഒന്നാമതായി താൻ നാട് വിട്ടു പോന്നിരിക്കുന്നു.
മാത്രമല്ല, കാലം കോന്ത്രപ്പല്ലുകാട്ടി ചിരിച്ചപ്പോൾ ബഹുനില കെട്ടിടങ്ങളും പുതിയ സിലബസുകളും ഭാഷകളും ഷൂസും ടൈയും മറ്റും ഉതിർന്നു വീണു. ഞങ്ങൾ കുട്ടികള്‍ ഓടിത്തിമിർത്ത കളിക്കളമാകട്ടെ, രാജപാതയുടെ വണ്ണം കൂട്ടാനായി യന്ത്രപ്പല്ലുകൾ മാന്തിയെടുത്തിരിക്കുന്നു. കാലത്തിന്റെ മറപറ്റി ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ മുളച്ചുപൊന്തി. അതിനൊപ്പം, കേന്ദ്ര സിലബസിനെ മാതാപിതാക്കൾ കെട്ടിപ്പുണർന്നപ്പോൾ കുട്ടികൾ അതിനിടയിൽ കിടന്ന് ശ്വാസം മുട്ടി. 'അമ്മേ' എന്നു മലയാളത്തിൽ വിളിക്കാൻ പോലും അനുവദിക്കാത്ത ബാല്യങ്ങൾ 'മമ്മീ' എന്നു നിർവികാരമായി വിളിച്ചു പിടഞ്ഞു. തുണികൊണ്ട് പരിഷ്കാരികൾ കുട്ടികളുടെ കാലിലും കഴുത്തിലും വിലങ്ങണിയച്ചു. തണുപ്പിൽനിന്നും രക്ഷ നേടാൻ പാശ്ചാത്യരാജ്യങ്ങൾ കുട്ടികളെ ഷൂ ധരിപ്പിച്ചതു കേട്ട് മലയാളിമണ്ടന്മാർ വിയർത്തൊലിക്കുന്ന നേരത്തും ടൈയും ഷൂവും ധരിപ്പിച്ച് കേമരെന്നു നടിച്ചു. യൂണിഫോം നിറഞ്ഞു നിൽക്കുന്ന ബാഡ്ജുകൾ, മാലകൾ, റിബണുകൾ, തകിടുകൾ... എന്നിവയുടെ തലക്കനത്താൽ യൂണിഫോം വലിഞ്ഞു തൂങ്ങി.
പലതരം സിലബസുകൾ കുട്ടികളിൽ തട്ടുതട്ടായി വേർതിരിവ് ഉണ്ടാക്കി. കുട്ടികളും മാതാപിതാക്കളും അനാരോഗ്യകരമായ മത്സരവും അസൂയയും അപകര്‍ഷവും പരസ്പരം കുത്തിവയ്ക്കുകയാണ്. മുന്തിയ സ്കൂള്‍ഫീസ് വിളംബരം ചെയ്തു നടക്കുന്ന ദുഷിച്ച കാലം. ഒരാളുടെ സാമ്പത്തിക നില മനസ്സിലാക്കാനുള്ള തന്ത്രം ഒരു ചോദ്യത്തില്‍ ഒതുക്കുന്നു-
“പിള്ളേര് ഏതു സ്കൂളിലാ പഠിക്കുന്നത്?”
ഇപ്പോള്‍, സ്കൂളുകളില്‍ പൂർവ വിദ്യാർഥിസമ്മേളനങ്ങൾ അനേകം നടക്കുന്നുണ്ട്. മുന്തിയ സ്കൂളിൽ വിട്ടിട്ട് പഴയ പെരുമ വിളമ്പി മസിലു വിറപ്പിച്ച്, രോമാഞ്ചംകൊണ്ട്, കണ്ണുകൾ നിറഞ്ഞ്, സ്കൂളിന്റെ മെലിച്ചിൽകണ്ട് മുതലക്കണ്ണീര് ഒഴുക്കിവിടുന്നു. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവും സംസ്കാരവും പേറുന്ന വിദ്യാലയത്തിന് ഇന്ന് തളർച്ച ബാധിച്ചിരിക്കുന്നു. കുട്ടികളെ നിലനിർത്താൻ അധ്യാപകർ പാടുപെടുകയാണ്.
ഒരു പക്ഷേ, പൂർവ വിദ്യാർഥികൾ അവരുടെ സ്കൂളിനോടുള്ള കടപ്പാട് കാട്ടിയിരുന്നുവെങ്കിൽ, ഇന്നു പല പഴയ സ്കൂളുകളിലും കുട്ടികളുടെ ആരവം നിലയ്ക്കില്ലായിരുന്നു.
ബിജേഷ് സ്വയം ന്യായീകരണത്തിനായി ഭാര്യയുടെ പ്രായോഗിക വീക്ഷണം കടമെടുത്തു-
"നാടോടുമ്പോള്‍ നടുവേ ഓടണം..”
"ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേരയുടെ നടുക്കണ്ടം തിന്നണം..”
അതിലൊന്നും ആശ്വാസം കാണാതെ ഒടുവില്‍ അയാളുടെ മനസ്സാക്ഷി മന്ത്രിച്ചു-
“മാതൃവിദ്യാലയമേ മാപ്പ്!”
മലയാളമണ്ണിലെ അടിമകൾ
ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞ് അയാൾ അഞ്ചര കഴിഞ്ഞ് ഇറങ്ങിയപ്പോൾ തൊണ്ട വരണ്ടു. ഒരു കപ്പ് കാപ്പി കുടിക്കാനായി കോഫീഹൗസ് ലക്ഷ്യമാക്കി ചന്തയിലൂടെ നടന്നപ്പോൾ-
അതാ വരുന്നു, തന്റെ പഴയ പ്രൊജക്റ്റിന്റെ തട്ടകമായിരുന്ന കമ്പനിയില്‍, ഒരേ ഹാളില്‍ ജോലി ചെയ്തിരുന്ന സൂസി എന്ന സൂസമ്മ. കൈയിൽ കുറച്ചു പച്ചക്കറിയല്ലാതെ ജോലിസ്ഥലത്തെ സ്ഥിരം ബാഗ് കണ്ടില്ല.
"എന്താ, സൂസീ ഒന്നുരണ്ടു വർഷായല്ലോ കണ്ടിട്ട്? ജോലി കഴിഞ്ഞു വരുവായിരിക്കും?"
"അല്ല. ഞാൻ ചന്തേന്ന് കുറച്ചു സാധനങ്ങൾ... പിന്നെ വേറെ ഒരിടത്ത് കയറണം"
"ഫ്രണ്ട്സ് ഒക്കെ ജോലി സ്ഥലത്ത് സുഖായിട്ട് ഇരിക്കുന്നോ? എല്ലാരേയും എന്റെ അന്വേഷണം അറിയിക്കണം കേട്ടോ"
"ഹാ.. ഇതായി നല്ല കൂത്ത്. ഏതു കമ്പനി? എന്തോന്നു ജോലി. ആരും ഇപ്പോ അവിടില്ല"
"അതെന്താ?"
"ബിജേഷ്, കാര്യമൊന്നുമറിഞ്ഞില്ലേ? ഞങ്ങളെയെല്ലാം പിരിച്ചുവിട്ടു!"
"ശ്ശൊ. സൂസി അവിടെ കയറീട്ട് പത്തുവർഷത്തിനു മേലായില്ലെ. നിങ്ങളില്ലാതെങ്ങനാ അവിടത്തെ വർക്ക് നടക്കുന്നത്?"
"ഓ...ഞങ്ങൾടെ കഷ്ടപ്പാട് പുറത്താരാ അറിയുന്നത്? ഈ കമ്പനിയില്‍ ആയിരുന്നപ്പോള്‍ പുറത്തുള്ള കുറെ പീസ്-വര്‍ക്കും ആ ലേബലില്‍ കിട്ടുമായിരുന്നു. എന്നിട്ടിപ്പോള്‍, കറിയിലെ കറിവേപ്പില പോലെ. അല്ലാണ്ടെന്താ.."
പെട്ടെന്ന് അവളുടെ കണ്ണുനിറഞ്ഞു.
"മോന് ജോലി കിട്ടീതുകൊണ്ട് ഭാഗ്യായി. അല്ലെങ്കിൽ, ഞങ്ങളു രണ്ടും പട്ടിണി കിടന്ന് ചത്തേനെ!"
'ഞങ്ങളു രണ്ടും' എന്നു പറയാൻ ഒരു സംഗതിയുണ്ട്- സൂസിയെയും കുഞ്ഞിനെയും പണ്ടെങ്ങോ ഭർത്താവ് ഉപേക്ഷിച്ചു വേറെ സംബന്ധം കൂടി സ്ഥലം വിട്ടത്രെ!
നിമിഷനേരത്തിൽ, സൂസി കരച്ചിലിന്റെ വക്കോളമെത്തി.
ഇനി ഇവിടെ നിന്നാൽ ആപത്താണ്! തന്റെ കഷ്ടകാലത്തിന് ഏതെങ്കിലും പരദൂഷണഭൂതങ്ങൾ കണ്ടാൽ? അവർക്കു പറ്റിയ ചന്ത സ്ഥലം. കുടത്തിൽനിന്ന് തുറന്നുവിട്ട കുട്ടിച്ചാത്തനെപ്പോലെ അതങ്ങ് പറന്നുപോയി ലോകമെങ്ങും വേണ്ടാതീനം വിളമ്പും.
കാരണമെന്താ? മലയാളികൾ ഏറ്റവും കൂടുതൽ ഏഷണി പറയാൻ ഇഷ്ടപ്പെടുന്ന ഗണത്തിൽ ഈ പാവം സ്ത്രീയും ഉൾപ്പെടുന്നു- ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീ!
ചിലയിടങ്ങളില്‍, ഗൾഫുകാരുടെയും പട്ടാളക്കാരുടെയും ഭാര്യമാരും, വിധവകളും പരദൂഷണത്തിന് ഇരയാകാറുണ്ട്. സത്യത്തിൽ, അവരെയൊക്കെ വളയ്ക്കാൻനോക്കി പരാജയപ്പെട്ടവർ കൊതികുത്തിയിട്ട് നാവുവളച്ച് അശ്ലീലം ഉണ്ടാക്കുന്നതാകാം.
ബിജേഷ് വേഗം കളം കാലിയാക്കി കോഫീഹൗസിൽ അഭയം പ്രാപിച്ചു.
"സാർ, എന്താ വേണ്ടത്?"
"ഒരു കോഫി"
ജോലിയുടെ ഭാഗമായെങ്കിലും തന്നെ സാറെന്നു തെറ്റിവിളിക്കുന്ന ഇങ്ങനെയും അപൂർവം ചിലർ ഈ ദുനിയാവിലുണ്ട്.. ഓർത്തപ്പോൾ അയാളുടെ ഉള്ളിലൊരു പൊട്ടൻചിരി പിറന്നു. താമസിയാതെ ചൂടുകാപ്പി വന്ന് മേശയിലിടിച്ചു. ചൂടേറിയ കാപ്പിയില്‍ ആവി പൊങ്ങുന്നതിനിടയിൽ പഴയകാല ചിന്തകൾക്കും ചൂടുപിടിച്ചു-
താൻ പ്രൊജക്റ്റ് ചെയ്യുന്ന കാലത്ത് സൂസി അവിടെ ഡി.ടി.പി. ചെയ്യുന്നുണ്ട്. അനേകം പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്ന വലിയൊരു കമ്പനി.
അതിൽ കനത്ത ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, അതിനിടയിൽ നോക്കുകുത്തികൾപോലെ ചില ദിവസക്കൂലിക്കാരും കരാറുകാരും പ്രൊജക്റ്റുകാരുമൊക്കെയുണ്ട്. അവരുടെ സേവനം കമ്പനിക്കു വേണം, വേഗം ജോലി തീർത്ത് സഹായിക്കാനായി വലിയ ഉദ്യോഗസ്ഥർക്കിടയിൽ ഇരുത്തുകയും വേണം. ഉദാഹരണത്തിന്, നൂറുകൂട്ടം ജോലിയുള്ളപ്പോൾ ടൈപ്പിംഗ് മൂലമുള്ള സമയം കളയുന്നതിനാൽ ഡി.റ്റി.പി ചെയ്യുന്നവരിൽ പ്രധാനിയാണ് സൂസി.
ഇംഗ്ലീഷും മലയാളവും ടൈപ് ചെയ്യുന്നതു നമ്മുടെ കണ്ണുകൾക്ക് കാണാനാവില്ല! ചലിക്കുന്നതായി പോലും കാണാൻ പറ്റാത്ത വേഗത്തിലാണ് ആ മാന്ത്രിക വിരലുകൾ!
ഒരേ സമയം, തലച്ചോറിന്റെ രണ്ടു ജോലികൾ ഒരുമിച്ചു ചെയ്യുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ശാസ്ത്രലോകം ടൈപ്പിങ്ങിനെ കാണുന്നു. ഇവിടെ കീബോർഡ് കണ്ണുകൊണ്ടു നോക്കാതെ ബ്രെയിൻ നേരിട്ട് വിരലുകളിലൂടെ മനസ്സിലാക്കി ചെയ്യുകയാണ്!
പക്ഷേ, ജോലിയുടെ മാസക്കൂലിയോ? നിസ്സാരമായ 2500 രൂപ! അതിനുവേണ്ടി പുറത്തുള്ള സ്ഥാപനമാണ് ജോലിക്കാരെ ഇങ്ങോട്ടു വിടുന്നത്.
മറ്റൊരു ദുര്യോഗവുമുണ്ട്- കമ്പനിയുടെ കന്റീനിൽ സ്ഥിരംജോലിക്കാർക്ക് ബിരിയാണി വിളമ്പുമ്പോൾ അതിനിടയിൽ താൽക്കാലിക ജോലിക്കാർ പൊതിച്ചോറുമായി ഇരുന്ന് ഭക്ഷണം കഴിക്കേണ്ട ഗതികേട്. ചില ദിവസം കന്റീനിൽ ഇരുന്നു കഴിക്കാനും പറ്റില്ലെന്ന് മുകളിൽനിന്ന് ഉത്തരവ് വരും!
എന്നാൽ, ഒരു തവണ ഏതോ അവാർഡ് കിട്ടിയ വകയിൽ ഇക്കൂട്ടരേയും വിളിച്ചു-പക്ഷേ, ഒരു നിബന്ധന-
'മറ്റുള്ളവരെല്ലാം പോയിട്ട് ഒന്നേകാൽമണി കഴിഞ്ഞ് കഴിക്കാൻ വന്നാൽ മതി!'
അതേസമയം, കമ്പനിചെലവിൽ കുടവയറും ദുർമേദസ്സും അവാർഡും വീടുമൊക്കെ കിട്ടിയവർ ഒരു സത്യം മറന്നു- നേട്ടങ്ങളിൽ ഒരു ചെറിയ പങ്ക് ഇത്തരം ജീവനക്കാർക്കുമുണ്ടെന്ന്.
അങ്ങനെ, യാതൊരു ആനുകൂല്യങ്ങളുടെയും ഭാരമില്ലാതെ ഒരു സുപ്രഭാതത്തിൽ ആ സ്ത്രീ പടിയിറങ്ങേണ്ടി വന്ന കാര്യം കുറച്ചു മുൻപു പറഞ്ഞപ്പോൾ കരച്ചിലിന്റെ വക്കിലെത്തിയതിൽ തെറ്റുപറയാനാകുമോ?
"സാർ, ബില്ല് "
അപ്പോഴാണ് ബിജേഷ് ചിന്തകളിൽനിന്ന് ഉണർന്നത്. യാന്ത്രികമായി കാപ്പിയൊക്കെ എപ്പോഴോ ഇതിനിടയിൽ തീർത്തിരുന്നു.
ആശയത്തിലേക്ക്..
സാമ്പത്തിക സുരക്ഷ നൽകുന്ന ജോലി സന്തോഷം പകരുന്ന ഒന്നാണ്. പക്ഷേ, ഒരേ സ്ഥാപനത്തിൽത്തന്നെ ദിവസക്കൂലി, കരാർജോലി, താൽക്കാലികജോലി എന്നിങ്ങനെ ജോലി ചെയ്യുന്നവർ ലോകമെമ്പാടുമുണ്ട്. സ്ഥാപനങ്ങളുടെയും സ്ഥിരജോലിക്കാരുടെയും ഉയർച്ചയ്ക്കു പിന്നിൽ അവരുടെ ശ്രമങ്ങളെ എല്ലാവരും പുച്ഛിച്ചു തള്ളുന്നു. ആയുസ്സിന്റെ നല്ല സമയം ബലിയർപ്പിക്കുന്ന ഇവർ ജീവിതപ്രകാശം എന്നു കരുതി കത്തിയെരിയുന്ന വിളക്കിലേക്കു പറന്നടുക്കുന്ന ഈയാംപാറ്റകൾ മാത്രം!
കയ്യെത്തും ദൂരത്ത്, ഒരേ കൂരയ്ക്കു കീഴില്‍ ജോലി ചെയ്യുന്ന സഹജീവനക്കാര്‍ മാന്യമായ ശമ്പളത്തിനായി ബുദ്ധിമുട്ടുമ്പോഴും പലതരം ന്യായങ്ങള്‍ ഉദ്യോഗസ്ഥരുടെ മുന്‍പിലെത്തും-
"യോഗ്യത കുറഞ്ഞ ജോലിക്കാര്‍ക്ക് എവിടെയും ഇങ്ങനത്തെ ജോലികളേ ലഭിക്കൂ. മറ്റുള്ളവരുടെ ജോലിക്കാര്യം അന്വേഷിക്കാനല്ല ഞങ്ങളെ സ്ഥാപനം ജോലിക്കെടുത്തിരിക്കുന്നത്. സ്വന്തം സ്ഥാപനം പലതും വെട്ടിച്ചുരുക്കി ലാഭം കൊയ്യട്ടെ. അതിന്റെ ആനുകൂല്യം സ്ഥിരം ജോലിക്കാര്‍ക്കാണ്. ആരും നിര്‍ബന്ധിച്ചിട്ടല്ല, തനിയെ വ്യവസ്ഥകള്‍ അറിഞ്ഞുവന്നവര്‍ അനുഭവിക്കട്ടെ. ആരെയും പിടിച്ചുവച്ചിട്ടില്ലല്ലോ. അവര്‍ക്ക് വേറെ ജോലിക്ക് പോകാന്‍ വയ്യേ?"
ബന്യാമിന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ- "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്!”
Comments