കല്ലുകള്‍ പറഞ്ഞ പ്രണയകഥ
ഒരിക്കൽ, അവിടെ മതിൽ കെട്ടുന്നതിനായി കരിങ്കല്ലുകൾ പണിക്കാരു കൊണ്ടുവന്നു തുടങ്ങി. പല വലിപ്പമുള്ള കൂർത്ത പരുക്കൻകല്ലുകൾ.
ഒരു വലിയ കരിങ്കല്ല് മുറ്റത്തെ ഉരുളൻകല്ലിനോടു പറഞ്ഞു-
"ഹൊ! നിന്റെയൊരു യോഗം നോക്കണേ. കാണാനും സുന്ദരൻ. എന്തൊരു മിനുസമാണ് നിന്റെ ദേഹത്ത്. കണ്ടാൽ മിഠായി പോലെ തോന്നുന്നുണ്ട്. എന്തായാലും ഈ പ്രശസ്തമായ മുറ്റത്തുതന്നെ തിളങ്ങി നിൽക്കാൻ പറ്റിയല്ലോ"
അപ്പോൾ ഉരുളൻ പറഞ്ഞു -
"ചങ്ങാതീ, എന്റെ കഥ നിനക്കറിയില്ല. ആയിരം വർഷങ്ങൾക്കു മുൻപാണ് വലിയൊരു കല്ലിൽനിന്നും ഞാൻ വേർപെട്ടത്. അന്ന്, ഞാനും കൂർത്ത് കുറച്ചു വലിപ്പമുള്ളതായിരുന്നു. പിന്നെ, സില്‍ബാരിപ്പുഴയിലൂടെ എത്ര ദൂരം ഒഴുകിയെന്ന് എനിക്കറിയില്ല. വലിയ പാറക്കല്ലുകളിൽ ഇടിച്ചും ഉരഞ്ഞും കുഴിയിൽ കുടുങ്ങിയും വെള്ളച്ചാട്ടങ്ങളിൽ തല്ലിയലച്ചു വീണ് പിന്നെയും ഒഴുകിയൊഴുകി എങ്ങോട്ടെന്നില്ലാത്ത ദുരിതയാത്ര. അതോടൊപ്പം, എന്റെ പരുക്കൻ ശരീരം മിനുസപ്പെട്ടുകൊണ്ടിരുന്നു. ഒഴുക്കിനൊപ്പിച്ച്, ഞാൻ ഉരുളൻ കല്ലായി മാറി. പിന്നെ, ഒരു വെള്ളപ്പൊക്കത്തിൽ, പുഴമണലിനൊപ്പം കരയ്ക്കടിഞ്ഞു. അവിടെ നിന്ന്, പത്തു വർഷങ്ങൾക്കു മുന്നേ ഇവിടെ എത്തിച്ചേർന്നു"
ഇതു കേട്ട്, കരിങ്കല്ല് പറഞ്ഞു -
"സുഹൃത്തേ, ക്ഷമിക്കൂ. നിനക്കു പിന്നിൽ നൂറുകണക്കിനു വർഷത്തെ വേദനകൾ നിറഞ്ഞ ഭൂതകാലം ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല. മറ്റൊരു കാര്യം- ഇവിടത്തെ വിഗ്രഹം പഞ്ചലോഹമാണോ?"
ഉരുളൻ പറഞ്ഞു -
"ഏയ്.. അല്ല. അത് ഒരു കരിങ്കൽ പ്രതിമയാണ്. ഏതോ ശില്പിയുടെ മനസ്സിൽ പിറന്ന കരിങ്കല്ലിൽ തീർത്ത ശില്പം. ഈ ആരാധനാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് ആ കരിങ്കല്ലു തന്നെ"
അതു കേട്ടപ്പോൾ കരിങ്കല്ലിന് അഭിമാനം തോന്നി. അത് ചോദിച്ചു -
"ഞങ്ങൾ കരിങ്കല്ല് കറുത്തതാണല്ലോ. നിന്റെയിനം കല്ലാണെങ്കിൽ കൂടുതൽ ഭംഗിയായേനേ''
ഉരുളൻ ചിരിച്ചു കൊണ്ടു പറഞ്ഞു -
"നിനക്ക് ഞാനാകാനോ, എനിക്ക് നീയാകാനോ ഈ ജന്മത്ത് പറ്റില്ല. ശില്പിയുടെ ഉളി വയ്ക്കുമ്പഴേക്കും ഞങ്ങൾ പൊടിഞ്ഞു പോകും. പക്ഷേ, മുറ്റത്തു വിരിക്കാൻ നല്ലതു ഞങ്ങൾ തന്നെ. മനുഷ്യരുടെ പാദങ്ങളെ നോവിക്കാതെ നോക്കും. മുറ്റം ചൂടാകുകയുമില്ല. എന്നാൽ, നിങ്ങളുടെ കാഠിന്യം മൂലം ആരാധനാലയത്തിന്റെ അടിത്തറ കരിങ്കല്ലിലാണ് പണിതിരിക്കുന്നത്. തൂണുകളിൽ ശില്പി നിരവധി ചിത്രങ്ങൾ കൊത്തു പണികൾ നടത്തിയിരിക്കുന്നു! നോക്കൂ, ഞങ്ങൾ അവിടെയെല്ലാം എത്ര നിസ്സാരന്മാരായിരിക്കുന്നു? നിങ്ങൾ കരിങ്കല്ലിൽ പത്തു കൊല്ലം മുമ്പ് അടിത്തറ കെട്ടിയതുകൊണ്ടാണ് ഈ മുറ്റത്ത് എനിക്കു കിടക്കാനായത്!"
കരിങ്കല്ല് പറഞ്ഞു -
"മിസ്റ്റർ ഉരുളൻ പറഞ്ഞതൊക്കെ ഞാൻ സമ്മതിച്ചു. അടിത്തറയിലെ കല്ലിന് ആരാണ് അംഗീകാരം കൊടുക്കുന്നത്? ഒരിക്കലും പുറത്തു കാണുന്നു പോലുമില്ല. മാത്രമല്ല, ഈ ദേശത്ത് നാടു വളരെ കുറവും കാട് കൂടുതലുമാണല്ലോ. കാട്ടിൽ ഇതുപോലത്തെ വീടുകൾ ഇല്ലല്ലോ"
ഉരുളൻ പറഞ്ഞു -
"അതും നിന്റെ തോന്നലാണ്. പ്രകൃതിയിൽ തീയുണ്ടാക്കിയത് കരിങ്കല്ലുകൾ തമ്മിൽ ഉരച്ചാണ്, അങ്ങനെയാണ് ആദിമനുഷ്യർ പാചകം തുടങ്ങിയത്!"
കരിങ്കല്ല് മറ്റൊരു അഭിപ്രായം പറഞ്ഞു-
"നാട്ടിൽ ഇപ്പോൾ തീ കത്തിക്കാൻ ആരും കല്ല് ഉരയ്ക്കുന്നില്ലല്ലോ"
ഉരുളൻ-
" അതു ശരിയാണ്. പക്ഷേ, ആട്ടുകല്ലും അരകല്ലും ഇടികല്ലും ഉരലും വേലിക്കല്ലും അളവുകല്ലും അങ്ങനെ പലതരം വീട്ടാവശ്യങ്ങൾക്കുള്ള കല്ലുകളെല്ലാം കരിങ്കല്ലാണ് !"
കരിങ്കല്ല്-
"ശരി തന്നെ. ഞങ്ങളുടെ ഉപയോഗം കൂടുതലാണെങ്കിലും വില കൂടുതൽ വജ്രക്കല്ലിനാണ്!"
ഉരുളൻ -
"രത്നക്കല്ലിന് വില കൂടുതലാണ്. എന്നാൽ, ആഭരണമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വെറുതെ കാണാൻ ചന്തമുണ്ടെന്നല്ലാതെ യാതൊരു വീട്ടുകാര്യങ്ങൾക്കും കൊള്ളില്ല. അല്ലെങ്കിലും മൂല്യമുള്ള പ്രവർത്തനങ്ങളെയും ആശയങ്ങളെയും പുല്ലായി കാണാൻ മനുഷ്യർ ശീലിച്ചിരിക്കുന്നു"
അതിനോട് കരിങ്കല്ല് യോജിച്ചു-
"ഹും.. അന്നം കൊടുക്കുന്ന കർഷകരെ 'മണ്ണിൽക്കുത്തി, പറമ്പിൽകുത്തി' എന്നു കളിയാക്കി പണക്കാരായ സിനിമാ താരങ്ങളുടെ പിറകേ സെൽഫിയെടുക്കാൻ നടക്കുന്ന വൃത്തികെട്ട മനുഷ്യവർഗ്ഗം! ത്ഫൂ..."
തൊട്ടപ്പുറത്ത്, വലിയ ബഹളം കേട്ടപ്പോൾ അവരുടെ സംഭാഷണം മുറിഞ്ഞു. ഒരു സംഘം മനുഷ്യർ പരസ്പരം ആക്രോശിക്കുന്നു-
"ഇവിടെ മതിൽ കെട്ടാൻ ഞങ്ങൾ സമ്മതിക്കില്ലടാ..''
എതിർകൂട്ടം ഇരമ്പിയാർത്തു -
"ഈ കല്ലുകൊണ്ടുതന്നെ ഞങ്ങൾ മതിൽ കെട്ടുന്നതു കാണിച്ചു തരാമെടാ...."
മനുഷ്യർ ഉന്തും തള്ളും പിടിവലിയും തുടങ്ങി. ഉടൻ, ഏതോ മതപരവേശം പിടിച്ചവൻ എടുത്താൽ പൊങ്ങാവുന്ന ഒരു കരിങ്കല്ലെടുത്ത് എതിരാളിയുടെ തലയ്ക്കടിച്ച് നരബലിയർപ്പിച്ചു.
പിന്നീട്, ആ ചുവന്ന മുറ്റത്തേക്ക് ആരും വരാതെയായി. ഭക്തരെല്ലാം അവിടം കയ്യൊഴിഞ്ഞു.
ആ സംഭവത്തോടെ സില്‍ബാരിപുരംമതക്കാർ തമ്മിലടിച്ചു പിരിഞ്ഞ്, വീണ്ടും പിരിഞ്ഞ് അനേകം ശാഖകളായി. ശത്രുക്കളായി. വിവേചനമായി. അസമത്വമായി.
പിന്നെയും കുറെ വർഷങ്ങൾ പിന്നിട്ടു ന്യൂജെൻകാലമെത്തി.
അപ്പോഴും സ്ഥാനചലനമില്ലാതെ ഉരുളൻകല്ലും കരിങ്കല്ലും അവിടെത്തന്നെ കിടന്നു.
ഇടയ്ക്ക് പരസ്പരം സംസാരിക്കും. മുന്നിലെ വഴിയിലൂടെ ആളുകൾ ജാഥയും റാലിയും ശക്തിപ്രകടനങ്ങളും മനുഷ്യമതിലും മനുഷ്യകോട്ടയും മനുഷ്യചങ്ങലയും തീർത്തതു നോക്കി അവർ രണ്ടു പേരും ചിരിക്കും.
ഒരു ദിവസം, അവർക്കു മുന്നിലെ വഴിയിലൂടെ അടുത്ത വിദ്യാലയത്തിലേക്കുള്ള കുറച്ചു കുട്ടികൾ പോകുന്നുണ്ടായിരുന്നു. ഒരുവന്‍ കൂട്ടുകാരനോടു ചോദിച്ചു -
"എടാ, നിന്റെ ലൈൻ എവിടെ വരെയായി?"
"ഓ... എന്റെ കഷ്ടകാലത്തിന് അതു പൊളിഞ്ഞു. ആരോ പാര പണിതതാ. വീട്ടിലറിഞ്ഞ് ആകെ പ്രശ്നായി. പപ്പാ കൈ വീശി ഒരെണ്ണം തന്നു!"
"ഛെ! നിന്റെ തന്തപ്പടി എന്തൊരു മനുഷ്യനാടേ. എന്താ, കാരണം പറയുന്നത്? "
"അതാണു രസം. അവള്‍ വേറെ മതക്കാരിയാണെന്ന്!"
"ഓ...അതു ഞാനോർത്തില്ല. നിന്നെ പച്ചയ്ക്കു കത്തിക്കുന്ന കൂട്ടരാ"
“ഹോ...ഏതു പന്നിപ്പട്ടിയാടാ ഈ മതമൊക്കെ കണ്ടുപിടിച്ചത്?”
ഇതുകേട്ട്, ഉരുളൻകല്ലും കരിങ്കല്ലും ആർത്തുചിരിച്ചു.
കരിങ്കല്ലു പറഞ്ഞു -
"ഇപ്പോഴത്തെ കുട്ടികളുടെ ഒരു ദുർവിധി. ഇഷ്ടപ്പെട്ട പെണ്ണിനും ചെറുക്കനും കുഴപ്പമില്ലെങ്കിലും വീട്ടുകാർക്ക് മതവും ജാതിയും ഉപജാതിയും കൂടി ഇഷ്ടപ്പെടണം"
അപ്പോൾ ഉരുളൻ കൂട്ടിച്ചേർത്തു-
"രാഷ്ട്രീയവും പണവും കുടുംബ മഹിമയും പാരമ്പര്യമുള്ള തറവാടും കൂടി ഒത്തുവരണ്ടേ?"
അടുത്ത പ്രളയത്തിന് അവിടമാകെ ചെളി വന്നു മൂടി. അന്നാട്ടിലെ വീടുകൾ നശിച്ചു. മരങ്ങൾ കടപുഴകി. അല്ലെങ്കിലും പ്രകൃതിക്ക് ആരെ പേടിക്കാനാണ്?
വെള്ളവും ചെളിയും മൂടിയ മനുഷ്യരെ രക്ഷിക്കാന്‍ വന്ന ആളുടെ മതമോ ജാതിയോ നോക്കിയില്ല. കൈപിടിച്ച കയ്യിന്റെ തൊലിനിറം നോക്കിയില്ല. ഭക്ഷണം താണ ജാതിക്കാര്‍ ഉണ്ടാക്കിയതിനും ആദ്യമായി മേല്‍ജാതിക്കു രുചി തോന്നി. വേര്‍തിരിച്ചിരുന്ന മതില്‍കെട്ടും പേടിപ്പിച്ച പട്ടിക്കൂടും ഒഴുകിപ്പോയി.
ആശയം-
ഇതു വായിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും സ്കൂള്‍/കോളേജ് പഠന കാലത്ത് പലരെയും ഇഷ്ടപ്പെട്ടിരിക്കാം. ആരാധന തോന്നിയിരിക്കാം. പ്രണയിച്ചിരിക്കാം. എന്നാല്‍, ആ പ്രണയത്തിനും സ്നേഹത്തിനും വിവാഹത്തിനുമൊക്കെ തടസ്സമായി നിന്നത് പ്രധാനമായും മത-ജാതി-ഉപജാതി മുള്‍വേലി ആയിരുന്നില്ലേ?
സങ്കുചിത മനസ്സിന്റെ സൃഷ്ടിയായ ഇത്തരം വേര്‍തിരിവിനെ നിങ്ങള്‍ കുറച്ചുപേരെങ്കിലും ശപിച്ചിട്ടുണ്ടാവണം! കാരണം, ഈ സംവിധാനങ്ങള്‍ മൂലം പ്രണയത്തെ എതിര്‍ത്ത്- കുടുംബവഴക്കുകള്‍, വിഷാദങ്ങള്‍, ദുഃഖങ്ങള്‍, നിരാശകള്‍, ആത്മഹത്യകള്‍, ലഹളകള്‍, പരിക്കുകള്‍, കൊലപാതകങ്ങള്‍, കൂട്ടക്കൊലകള്‍...എന്തെല്ലാം ഈ മലയാളമണ്ണില്‍ നടന്നിരിക്കുന്നു?
കൊടിമൂത്ത ദുരഭിമാനക്കാര്‍ ഓര്‍ക്കുക- പ്രപഞ്ചശക്തിയായ ദൈവം മതങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ല. പിന്നെ, മനുഷ്യര്‍ക്ക് പ്രചരിപ്പിക്കേണ്ട മതം ഒന്നേയുള്ളൂ- സ്നേഹമതം!
Comments