വിളക്കും പണവും (518)
പണ്ടുപണ്ട്, സിൽബാരിപുരംരാജ്യം സാമ്പത്തികമായി പുരോഗതി പ്രാപിച്ചിരുന്നില്ല. ശക്തിവേലു എന്ന രാജാവായിരുന്നു അവിടം ഭരിച്ചിരുന്നത്. കൊട്ടാരം വക ജോലികൾക്കു പോലും ന്യായമായ ശമ്പളം കിട്ടിയിരുന്നില്ല.
അക്കൂട്ടത്തിൽ വരുന്ന കൊട്ടാര ജോലിക്കാരായിരുന്നു കേശുവും ചീരനും . അവർക്ക് ഞായറാഴ്ച്ച ദിവസം മാത്രം ജോലി ചെയ്യേണ്ടതില്ല. അന്ന്, അവർ ഗ്രാമത്തിലെ ആൽത്തറയിൽ ഒന്നിച്ചു കൂടും. എന്നാലോ? അവരുടെ പ്രധാന സംസാരം ജോലിയുടെ തുച്ഛമായ കൂലിയും കഷ്ടപ്പാടും ആയിരിക്കും. കൊട്ടാരത്തിൽ നിന്ന് വലിയ തൂക്കുവിളക്കുമായി അനേകം സ്ഥലങ്ങളിൽ വെളിച്ചം പകർന്ന് തിരികെ കൊട്ടാരത്തിൽ എത്തിച്ചേരുക എന്നതായിരുന്നു കേശുവിന്റെ ജോലി.
അതേസമയം, ചീരൻ കൊട്ടാരത്തിൽനിന്ന് പണവുമായി പലയിടങ്ങളിൽ പകൽ മുഴുവനും സഞ്ചരിക്കണം. പതിവു പോലെ ഒരു ദിനം അവർ സംസാരിച്ചത് നമുക്ക് ഒന്നു ശ്രദ്ധിക്കാം - കേശു പറഞ്ഞു- "ഹോ! ഇന്നലെ ഞാൻ വീട്ടിലെത്തിയപ്പോൾ സമയം പാതിരാ കഴിഞ്ഞു. ആദ്യം സന്ധ്യാസമയത്ത് വഴി വിളക്കുകൾ തെളിച്ചു. അമ്പല വിളക്കുകൾ കത്തിച്ചു. ചുറ്റുവിളക്കും തെളിച്ചു. പിന്നീട്, ചില തറവാടുകളിലെത്തി നിലവിളക്കു തെളിച്ചു. ഇതിനിടയിൽ ഉൾഗ്രാമത്തിലേക്ക് പോകുന്ന ചിലർക്ക് കൈവിളക്കിലേക്കും മണ്ണെണ്ണ വിളക്കിലേക്കും തീ പകർന്നു. പൂജ നടക്കുന്നിടത്ത് നെയ് വിളക്ക് കത്തിച്ചു. കാവുകളിൽ കൽവിളക്കും കെടാവിളക്കും തെളിച്ചു. കാളവണ്ടിക്കാർക്ക് റാന്തൽ വിളക്കിനും വെളിച്ചം പകർന്നു .വിളക്കുമാടത്തിൽ കയറാനായിരുന്നു ഏറെ ബുദ്ധിമുട്ട് "
അതിനു ശേഷം , ചീരനും തന്റെ കഷ്ടപ്പാടുകൾ വിവരിച്ചു -
" പ്രഭുക്കന്മാരുടെ മാളികയിൽ ചെന്ന് തലവരിപ്പണം വാങ്ങണം , ചന്തയിൽ ചെന്ന് നികുതിപ്പണം, പലിശപ്പണം വാങ്ങണം. അമ്പലത്തിൽ പോയി നേർച്ചപ്പണവും കാണിക്കയും മേടിക്കണം. ഗ്രാമങ്ങളിലെ ജോലിക്കാർക്ക് ദിവസക്കൂലി കൊടുക്കണം. ശമ്പളം വാങ്ങുന്ന നല്ല ജോലിക്കാരുമുണ്ട്. ഇതിനിടയിൽ കള്ളപ്പണം വെളുപ്പിക്കാൻ ആരെങ്കിലും വരും. അവരെ ഓടിക്കണം. പിന്നെ, ജപ്തിപ്പണം, കുടിശ്ശികപ്പണം, പിഴപ്പണം എന്നിവയിൽ ഒഴിവു കിട്ടാൻ ചിലർ കിമ്പളം തരാൻ നോക്കും. ഞാൻ വഴങ്ങാറില്ലാ. സാധുക്കളായ പെൺകുട്ടികൾക്ക് കൊട്ടാരത്തിൽ നിന്ന് സ്ത്രീധനം അനുവദിക്കുന്നതും , ഞാനാണ് അവർക്ക് എത്തിക്കേണ്ടത്. അതേസമയം, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്ക് ജീവനാംശവും കൊട്ടാരത്തിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. വിരമിച്ച കൊട്ടാര ജോലിക്കാർക്ക് അടുത്തൂൺ (പെൻഷൻ) ഞാൻ എത്തിക്കണം. ഒരിക്കൽ കൊള്ളക്കാർക്ക് കൊട്ടാരം വക മോചനദ്രവ്യം കൊടുത്തതും ഞാനാണ്. തൊഴിലില്ലായ്മ വേതനവും വിതരണം ചെയ്യണം. കൈക്കൂലി വാങ്ങാറുമില്ലാ . കരുതൽപ്പണം, അടങ്കൽ ത്തുക, വർഷാശനം എന്നിങ്ങനെ പലതുമുണ്ട് "
അന്നേരം, കേശു പറഞ്ഞു -
" ഞാൻ തൂക്കുവിളക്കുമായി എവിടെയെല്ലാം വെളിച്ചം കൊടുക്കുന്നതാണ്. പക്ഷേ, തിരികെ കൊട്ടാരത്തിൽ ചെന്ന് വിളക്കു തൂക്കിയ ശേഷം ഞാൻ വെട്ടമില്ലാതെ തപ്പിത്തടഞ്ഞ് വീട്ടിലെത്തും. വീട്ടിലും രാത്രിയായാൽ ഒരു തരി പോലും വെട്ടമില്ല!"
"എടാ, കേശൂ, എന്റെ കാര്യവും അങ്ങനെ തന്നെ. നാടു മുഴുവനും പണം മേടിച്ചും കൊടുത്തും കഴിഞ്ഞ് പണസഞ്ചി കൊട്ടാരത്തിൽ ഏൽപ്പിച്ചു കഴിഞ്ഞ് കയ്യിൽ ഒരു വെള്ളിക്കാശുപോലും ഇല്ലെന്ന് ഭടന്മാർ ദേഹമാസകലം നോക്കിയിട്ടാണ് എനിക്കു പോരാൻ പറ്റുകയുള്ളൂ. മാസാവസാനം കിട്ടുന്ന ശമ്പളം കൊണ്ട് അരി മേടിക്കാൻ പോലും തികയില്ല" ഇവരുടെ സംസാരം കേട്ടുകൊണ്ട് ആൽത്തറയിൽ കിടന്നിരുന്ന ഒരു സന്യാസി കണ്ണു തുറക്കാതെ അവരോടു പറഞ്ഞു -
"കഷ്ടപ്പാടുകൾക്കിടയിലും നിങ്ങളുടെ കർമ്മം നന്നായി അനുഷ്ഠിക്കണം. അടുത്ത ജന്മത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് എത്രയോ ശ്രേഷ്ഠം !"
ആ വാക്കുകൾ അവർക്ക് ആശ്വാസമായി.
Malayalam eBooks-518 pdf file is ready to read- https://drive.google.com/file/d/1pkZ5VKvUjn0L_4PIRHUeNdHgAqVMPWsR/view?usp=sharing
Comments