(520) പഴയ കഥയും പുതിയ കഥയും!
പണ്ടുപണ്ട് , സിൽബാരിപുരം ദേശമാകെ കാടായിരുന്നു. ഏതാനും കാട്ടുവാസികളായ മനുഷ്യർ മാത്രം അതിനുള്ളിൽ താമസിച്ചിരുന്നു.
ഒരിക്കൽ, ഒരു കറുത്ത കാട്ടാട് ഒറ്റയ്ക്ക് തീറ്റി തിന്നു നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു വേടൻ അതുവഴി പോയത്. അയാൾ ഈ ആടിനെ കണ്ടു. പക്ഷേ, കയർ പിരിച്ചുണ്ടാക്കിയ വലയും കുടുക്കും അവന്റെ കയ്യിൽ ഇല്ലായിരുന്നു.
അവൻ തിടുക്കത്തിൽ ഗുഹയിൽ പോയി അതുമായി മടങ്ങിവന്നു. വല വീശാൻ ഒരുങ്ങിയപ്പോൾ കാട്ടാട് അതിന്റെ ഭാഗ്യമെന്നു പറയട്ടെ, വേടനെ കണ്ടു കഴിഞ്ഞിരുന്നു ! അത് കാട്ടിലൂടെ കുതിച്ചു പാഞ്ഞു! വേടൻ പിറകെയും!കുറെ ദൂരം പിന്നിട്ടപ്പോൾ കാട്ടാട് മറ്റൊരു അതിജീവന തന്ത്രം പുറത്തെടുത്തു. കറുത്ത പോലത്തെ ഇലകൾ മൂടിയ ഇരുണ്ട നിറമുള്ള ഒരു കാട്ടുമരം കണ്ടപ്പോൾ അതിനടിയിൽ ഒളിച്ചു !
അപ്പോൾ കാട്ടാട് ആ മരത്തിനോടു പറഞ്ഞു - "നിന്റെ ഇലകളും ചില്ലകളും കാറ്റത്ത് ഇളകിമാറിയാൽ അയാൾ എന്നെ കണ്ടുപിടിക്കും "
മരം പറഞ്ഞു - "നിന്നെ രക്ഷിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. ഞാൻ അനങ്ങാതെ പിടിച്ചു നിൽക്കാം "
അന്നേരം, വേടൻ പള്ളപ്പടർപ്പുകൾ ഇളക്കി നോക്കിയെങ്കിലും ആടിന്റെ പൂട പോലും അവിടെ കണ്ടില്ല. കുറെ ശാപ വാക്കുകൾ ഉരുവിട്ടുകൊണ്ട് അയാൾ നിരാശനായി തിരികെ ഗുഹയിലേക്കു പോയി.
ഭാര്യയെ കണ്ടപ്പോൾ അവൻ പറഞ്ഞു -
"ഹൊ! അത്രയും നല്ലൊരു ആടിനെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല. പക്ഷേ, അത് എന്നെ വെട്ടിച്ച് കടന്നു കളഞ്ഞു "
അപ്പോൾ അവൾ പറഞ്ഞു -
" ചിലപ്പോൾ അത് അവിടം വിട്ടു പോയിക്കാണില്ല. തീറ്റി തിന്ന് വയറു നിറഞ്ഞാൽ അവിടെ കിടന്ന് അയവെട്ടും, അത്ര തന്നെ"
ഭാര്യ പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നി അവൻ പറഞ്ഞു - "ഞാനൊന്നു മയങ്ങട്ടെ. അതു കഴിഞ്ഞ് അവിടെ ഒന്നു കൂടി പോയി നോക്കാം" അപ്പോൾ, അവൾ പറഞ്ഞു- " ഉം... ഞാനും കൂടി സഹായിക്കാൻ വരാം. കുറച്ചു നാളായി കാട്ടുമൂപ്പന് നല്ല ഇറച്ചി കൊടുത്തിട്ട് "
അതേ സമയം, വേടൻ പോയെന്ന് ഉറപ്പാക്കിയ കാട്ടാട് താൻ ഒളിച്ചു നിന്ന മരത്തിലേക്ക് നന്നായി നോക്കിയ ശേഷം, അതിന്റെ ഇലകൾ കറുമുറെ തിന്നാൻ തുടങ്ങി.
കറുത്ത മരം പെട്ടെന്ന് പകച്ചു - " നീയെന്താണ് ഈ ചെയ്യുന്നത് ? അല്പ സമയം മുൻപ് നിന്നെ രക്ഷിച്ച കാര്യം നീ ഇത്രവേഗം മറന്നോ ?"
അന്നേരം , കാട്ടാട് പറഞ്ഞു -
" അത് കഴിഞ്ഞ കഥ. എന്റെ ബുദ്ധികൊണ്ട് ഞാൻ ഈ കറുത്ത മരം തെരഞ്ഞെടുത്ത് വേടനെ പറ്റിച്ചു രക്ഷപ്പെട്ടു. അത്ര തന്നെ "
ആർത്തിയോടെ മരത്തൊലിയും ആടു തിന്നാൻ തുടങ്ങിയപ്പോൾ മരത്തിനു വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു. അതിന്റെ കറ ചോർന്നു തുടങ്ങിയതോടെ മരത്തിനു ക്ഷീണം അനുഭവപ്പെട്ടു. അവിടമാകെ മൂടിനിന്ന ഇലകൾ ആടു തിന്നതോടെ മരച്ചുവട് തെളിഞ്ഞു കാണാറായി. പെട്ടെന്നാണ് മരം ആ കാഴ്ച കണ്ടത്! വേടനും ഭാര്യയും കയ്യിൽ വലയും കുടുക്കുമായി ആടിനെ തെരയുന്ന കാഴ്ച! ഉടൻ, മരത്തിന് ബുദ്ധിയുദിച്ചു. അത് പരമാവധി ശക്തി സംഭരിച്ച് ഇളകിയാടാൻ തുടങ്ങി. പെട്ടെന്ന് , അവരുടെ ശ്രദ്ധ അങ്ങോട്ടായി. ഭാര്യ കുടുക്ക് എറിഞ്ഞ് കാട്ടാടിന്റെ കഴുത്തിൽ വീഴിച്ചു. വേടൻ, വല വീശിയെറിഞ്ഞ് ആടിന് കാര്യം മനസ്സിലായപ്പോഴും ഒന്നനങ്ങാൻ പോലും കഴിഞ്ഞില്ല. ആട് വളരെ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് മരത്തോടു കേണപേക്ഷിച്ചു -
" എന്നെ നീ മുൻപ് രക്ഷിച്ചതുപോലെ എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കാമോ?"
മരം പരിഹസിച്ചു - " അത് പഴയ കഥ. എന്റെ പുതിയ കഥയിൽ നന്ദിയും കടപ്പാടും ഒന്നുമില്ല. നിന്റെ കഥ ഇവിടെ അവസാനിച്ചു "
നിമിഷ നേരം കൊണ്ട് വേടനും ഭാര്യയും ആടിനെ വരിഞ്ഞു മുറുക്കി നടന്നുനീങ്ങി.
ചിന്താവിഷയം - ആപത് ഘട്ടത്തിലെ സഹായങ്ങൾ വളരെ പെട്ടെന്ന് മറക്കാൻ മനുഷ്യർക്കു സഹജവാസനയുണ്ട്. തുടർച്ചയായി സഹായ ഹസ്തം വേണ്ടവരെങ്കിൽ അത് തീരുന്നതു വരെ കാലാവധി കാണും, അത്രമാത്രം!
Malayalam digital books-520 as PDF- https://drive.google.com/file/d/1IO7OzrCtUHHv9BZxnZmqD1OuctsJoeId/view?usp=sharing
Comments