കവികളുടെ ദുരിതകാലം (ഇ-ബുക്ക് - 522)
പണ്ടുപണ്ട്, ബിജേഷിന്റെ സ്കൂൾകാലം. സഹപാഠി ജോയി (ശരിപ്പേരല്ല) ബോണിഫസ് സ്കൂളിൽ പഠിച്ചത് ഏതാണ്ട് നാലാം ക്ലാസുവരെ. അതു കഴിഞ്ഞ് റ്റി.സിയും മേടിച്ച് അവൻ വേറൊരു സ്കൂളിലേക്കു പോയി. അതിനിടയിലെ ചില കാര്യങ്ങൾ എഴുതാൻ തോന്നുന്നു -
അതൊരു എയ്ഡഡ് സ്കൂളായിരുന്നു. അന്ന് , പ്രശസ്തമായ സ്കൂളിൽ പലതും എയ്ഡഡ് മലയാളം മീഡിയം ആയിരുന്നു. ബാലകലോൽസവം, സയൻസ് എക്സിബിഷൻ എന്നു ഞങ്ങൾ വിളിച്ചിരുന്ന രണ്ടു സംഭവങ്ങൾക്കായി മിക്കവാറും മറ്റുള്ള സ്കൂളിൽ പോകേണ്ടി വരും. ചിലപ്പോൾ സംഘാടനം സ്വന്തം സ്കൂളിൽ ആകുമ്പോൾ വേറെ സ്കൂൾ കുട്ടികൾ അന്നേരം ഇങ്ങോട്ടും വരും.
അതൊരു രസമാണ്. ഞങ്ങൾക്ക് വളരെ എളുപ്പമായി തോന്നിയത് സയൻസ് എക്സിബിഷനാണ്, കാരണം, ഓരോ ആളും എന്തെങ്കിലും ചെയ്യണമെന്നു പറഞ്ഞാൽ പിന്നെ അന്നാട്ടിലെ പറമ്പുകളിലൂടെ മുകളിലോട്ടു നോക്കി നടപ്പാണ്. എങ്ങനെയെങ്കിലും ഒരു പക്ഷിക്കൂട് ഒപ്പിക്കും. അതുകൊണ്ടുതന്നെ, എക്സിബിഷന്റെ പ്രധാന ആകർഷണം പക്ഷിക്കൂടുകളായിരുന്നു. ഏതാണ്ട് കൂട് ഫാക്ടറി പോലെ തോന്നിക്കും. എന്നാൽ, അന്നും കുറച്ചു ധീരന്മാർ ഉണ്ടായിരുന്നു. അവർ അപകടം പിടിച്ച കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് പേര് അറിയാൻ വയ്യാത്ത വലിയ പക്ഷിക്കൂടുകൾ കൊണ്ടുവന്ന് ഹീറോയാകും! എന്നാലോ? എന്റെ മാസ്റ്റർപീസ് ഐറ്റം തൂക്കണാംകുരുവിക്കൂടാണ്.
എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ജോയി എന്ന മിതഭാഷിയായ കൂട്ടുകാരൻ ഞങ്ങളെയെല്ലാം ഞെട്ടിച്ചു. ഒരു തുറന്ന റേഡിയോ പോലൊന്ന് നിറച്ചു വയറുകളും ബൾബും ബാറ്ററിയുമൊക്കെയായി പാട്ടൊക്കെ കേൾപ്പിക്കും. അതിന്റെ പ്രവർത്തന തത്വം ആളുകൾക്കു മുന്നിൽ വിശദീകരിച്ചു കൊടുക്കുന്നു. അന്ന് ഞങ്ങൾ കൂട്ടുകാർ പറഞ്ഞു -
" ഇവൻ വലുതാകുമ്പോൾ ശാസ്ത്രജ്ഞനാകുമെന്ന് തോന്നുന്നു " ( അന്ന് സയന്റിസ്റ്റ് എന്ന വാക്ക് ഞങ്ങളുടെ പ്രയോഗത്തിലില്ലായിരുന്നു). അതിന് അടുത്ത വർഷം ജോയി വേറൊരു സ്കൂളിലേക്ക് പോയി. പിന്നെ വിവരമൊന്നുമില്ല. ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ല. ആരും അവനേക്കുറിച്ച് പറഞ്ഞു കേട്ടതുമില്ല. പിന്നെ, നാലു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.
കഴിഞ്ഞ വർഷം, (2021) ഒരു ഫേയ്സ്ബുക്ക് വീഡിയോ കണ്ടു - ജോയി ഒരു കവിത ചൊല്ലുന്നു. ഏതോ ചെറിയ ചാനലുകാർ പ്രൊമോട്ട് ചെയ്തതാണ്. ചെറിയ വെട്ടുകല്ലു വീട്, സിമന്റ് തേച്ചതല്ല. ദാരിദ്ര്യമുണ്ടെന്നു ലക്ഷണങ്ങൾ. വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു വിഡിയോ ആയിരുന്നു അത്. കുട്ടിക്കാലത്തെ ഞങ്ങളുടെ ശാസ്ത്ര പ്രതിഭ കവിയായി മാറിയപ്പോൾ കഷ്ടപ്പാടുകൾ നിറഞ്ഞതായിരിക്കുന്നു. കവിതയാണ് അവന്റെ ഭാവി കളഞ്ഞതെന്ന രീതിയിൽ ഒരു കമന്റ് ഫേയ്സ്ബുക്കിൽ അതിനൊപ്പം കണ്ടതുപോലെ തോന്നി.
ഒന്നു സഹായിക്കാമെന്നു വച്ചാലോ? സന്മനസ്സുള്ളവർക്ക് ദൈവം പണം കൊടുക്കാറില്ല! എങ്കിലും, ബിജേഷ് വെറുതെ ഒരു മനസ്സമാധാനത്തിന് ജോയിയുടെ പേര് ഡയറിയിൽ കുറിച്ചിട്ടു.
ചിന്താശകലം -
സാഹിത്യ ശാഖകളിൽ ഏറ്റവും വെല്ലുവിളി നേരിടുന്ന ശാഖയാണ് കവിതകൾ, പദ്യം എന്നിവ. ഒന്നാമതായി സാധാരണ വായനക്കാർ ഏറ്റവും കൂടുതലുള്ളത് നോവലിന്. പിന്നെ ചെറുകഥകൾ, ബാലസാഹിത്യം അങ്ങനെ പോകുന്നു. ഏറ്റവും കുറവ് കവിതാ സാഹിത്യമാണ്. പ്രസാധകർക്കും താൽപര്യമില്ല. ഉയരാനുള്ള സാധ്യത മങ്ങുന്നു. മറ്റേതെങ്കിലും നല്ല സ്ഥിര വരുമാനമുള്ള ജോലി കിട്ടിയിട്ട് സൈഡ് ഡിഷ് ആയിട്ട് മാത്രമേ ഈ രംഗത്തേക്കു കടക്കാവൂ. തീവണ്ടിത്തിണ്ണയിൽ മരിച്ചു കിടന്ന പ്രശസ്ത കവിയെ നിങ്ങൾക്ക് അറിയാമായിരിക്കും. അതുപോലെ, അലഞ്ഞുതിരിഞ്ഞു മരണപ്പെട്ട അനേകം കവി പ്രതിഭകൾ കേരളത്തിലുണ്ട്. കവികളെ ചെറുതായി കാണിക്കാനോ നിരുല്സാഹപ്പെടുത്താനോ പറഞ്ഞതല്ല! സിനിമയിലെ പാട്ടുകൾ എഴുതിയവർ രക്ഷപ്പെട്ടിട്ടുണ്ട്, പക്ഷേ, വളരെ ചുരുക്കം ആളുകൾ മാത്രമേ ആ ശ്രേണിയിൽ വരുന്നുള്ളൂ!
Malayalam eBooks-522 as PDF- https://drive.google.com/file/d/10UIu7tfRBSEYkzOFgXEiVzUGpvCePNHH/view?usp=sharing
Comments