eBooks-519 -മാങ്ങാ കച്ചവടം
ബിനീഷിന്റെ പുരയിടത്തിൽ നല്ലതുപോലെ മാങ്ങാ പിടിക്കുന്ന രണ്ടു വലിയ മാവുണ്ട്. എല്ലാ വർഷവും ഒരേ സമയത്ത് മാങ്ങാ പാകമാകുകയും ചെയ്യും. അത് കഴിഞ്ഞ പത്തു വർഷങ്ങളായി ഒരു മൊത്തക്കച്ചവടക്കാരൻ തന്നെയാണ് കൊണ്ടു പോകുന്നത്. എന്നാൽ, മാവ് പൂക്കുമ്പോൾത്തന്നെ ഒറ്റ വില പറഞ്ഞ് വാക്ക് ഉറപ്പിക്കുകയും ചെയ്യും. മാങ്ങാ പറിക്കാൻ പെട്ടി ഓട്ടോയും ഓടിച്ച് വരും. സഞ്ചി അറ്റത്തു പിടിപ്പിച്ച മാങ്ങാത്തോട്ടിയുമായി ഒരു മെലിഞ്ഞ ചെറുപ്പക്കാരനാണ് മാവിൽ കയറുക. അവർ ഏതോ അച്ചാറു കമ്പനിയ്ക്ക് നേരിട്ട് കയറ്റിവിടും.
അങ്ങനെയിരിക്കെ, ഒരു വർഷം മാവ് പൂത്തു. പതിവിനു വിപരീതമായി മെലിഞ്ഞവൻ മാത്രമായി ഗേറ്റ് കടന്നു വന്നു- "സാറേ, നാലായിരം രൂപയ്ക്ക് മാങ്ങാ കച്ചവടമുറപ്പിക്കട്ടെ"
"ഇയാൾടെ ആശാൻ എവിടെ ? അയാളുമായിട്ടാണല്ലോ വർഷങ്ങളായിട്ടുള്ള ഇടപാട്?"
"അയ്യോ! സാറത് അറിഞ്ഞില്ലേ? ആശാന് അടുത്തയിടയ്ക്ക് ഒരു വലിയ നഷ്ടം വന്നു. ലക്ഷങ്ങൾ പോയി. എന്നോടു തന്നെത്താൻ ചെയ്തോളാൻ പറഞ്ഞു"
ബിനീഷ് പറഞ്ഞു - "ശരി. ഓ.കെ. പക്ഷേ, താൻ പറഞ്ഞ നാലായിരത്തിന് മുകളിൽ ആരു പറഞ്ഞാലും ഞാൻ കച്ചവടമാക്കും. അതു പിന്നെ പറഞ്ഞില്ല എന്നു പറഞ്ഞേക്കരുത് !"
"ഓ.. അതൊക്കെ സാറിന്റെ ഇഷ്ടം. ഇത്തവണ മാങ്ങാ പിടിത്തം മാവേൽ കുറവാണല്ലോ. ഞാൻ പരമാവധി വിലയാണ് ഇട്ടത് " അവൻ നടന്നുനീങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ ശരം കണക്കെ ആശാൻ വരുന്നു!അകലെ നിന്നേ അയാൾ കലി തുള്ളിയാണു വരുന്നതെന്നു മനസ്സിലായി.
"സാറേ, എന്റെ കൂടെ പണിക്കു നടന്ന ആ ഞാഞ്ഞൂൽ എനിക്കിട്ട് പണിയാൻ തുടങ്ങി. ഞാൻ ഇതുപോലെ ഡീൽ ചെയ്തിടത്തൊക്കെ ചെന്ന് മാങ്ങാ കച്ചവടമാക്കുകയാണ്. അവൻ എത്രയാണ് വില പറഞ്ഞത്?"
ബിനീഷ് പറഞ്ഞു - " നാലായിരം രൂപ "
ആശാൻ - "എങ്കിൽ, ആറായിരം രൂപയ്ക്ക് ഞാൻ ഉറപ്പിച്ചു "
ബിനീഷ് സമ്മതവും മൂളി. മാങ്ങാ പറിക്കാനുള്ള സമയമായപ്പോൾ ശിഷ്യൻ സർവ്വ സന്നാഹങ്ങളോടെ എഴുന്നെള്ളി. പക്ഷേ, ആറായിരത്തിന് ആശാനു കൊടുത്തെന്നു വാക്കു പറഞ്ഞ കാര്യം കേട്ടപ്പോൾ അവൻ പറഞ്ഞു -
"ഇത് ആറായിരത്തിന് തലമണ്ടേൽ ആളനക്കമുള്ളവര് കൊണ്ടുപോകില്ല. രൂപ കയ്യീന്നു പോകും "
അവൻ പോയി. പക്ഷേ, ആശാൻ വന്നില്ല. ചുരുക്കത്തിൽ, ആശാനും ശിഷ്യനും പരസ്പരം പാര പണിതപ്പോൾ മാങ്ങകൾ പഴുത്തു ചീഞ്ഞു . അതെല്ലാം നിലത്തുവീണു നശിച്ചു.
ചിന്തിക്കുക - ഇവിടെ ആശാന്റെ ഇടപാടുകാരെ നേരത്തേ പോയി കണ്ട് ആശാന്റെ നെഞ്ചത്ത് ചവിട്ടേണ്ട കാര്യം ഈ ശിഷ്യനില്ലായിരുന്നു. സ്വന്തമായി ചെയ്യണമെങ്കിൽ പുതിയ സ്ഥലം നോക്കണമായിരുന്നു !
ഇനി ആശാൻ ചെയ്ത മോശം പ്രവൃത്തി എന്താണ്? ശിഷ്യനെ തോൽപ്പിക്കാനായി പത്തിലേറെ വർഷങ്ങൾ കച്ചവടം തന്നുകൊണ്ടിരുന്ന മാങ്ങകൾ നശിക്കാൻ ഇടയായ നന്ദികേട്!
Malayalam eBooks-519-PDF File is now ready to read online- https://drive.google.com/file/d/1EHEkbzGi_zCAVGegbCjWIWddcPIwj6pu/view?usp=sharing
Comments