Malayalam eBooks-525-സമയംകൊല്ലികൾ
സമയംകൊല്ലികളെ വളർത്തരുത്!
ഏതാനും വർഷങ്ങൾക്കു മുൻപ് ബിനീഷിന്റെ രണ്ടുവർഷ കാലയളവിനുള്ളിൽ മൊബൈൽ ഫോണിലൂടെ അനേകം മണിക്കൂറുകൾ കത്തിച്ചു തീർത്ത ഒരു പഴയ സുഹൃത്തിനേക്കുറിച്ച് ആകട്ടെ ഈ സംഭവ കഥ.
അയാളുടെ പേര് തൽക്കാലത്തേക്ക് ജയൻ എന്നു വിളിക്കാം. ആളൊരു വി.ഐ.പി. കുടുംബത്തിലെ അംഗമാണ്. ബിരുദാനന്തര ബിരുദവും വേറെ കുറച്ചു കോഴ്സുകളുമൊക്കെ കയ്യിലുള്ള ആളാണെങ്കിലും ഒരിടത്തും തികച്ച് മൂന്നു മാസം ജോലി ചെയ്യാറില്ല. കാരണം, ഒട്ടും ഫ്ലെക്സിബിൾ അല്ലെന്നു ചുരുക്കം. ചിലപ്പോൾ ബോസ് പറയും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം , പ്രൊജക്റ്റിൽ മാറ്റം വരുത്തണം എന്നു പറഞ്ഞാൽ പിന്നെ ദേഷ്യപ്പെട്ട് രാജിവച്ചു സലാം പറയുന്നതാണ് ഈ കക്ഷിയുടെ സ്ഥിരം രീതികൾ.
അങ്ങനെ വർഷങ്ങൾ മുന്നോട്ടു പോയി. അയാൾക്ക് 32 വയസ്സുള്ളപ്പോഴാണ് അവിചാരിതമായി ബിനീഷിന്റെ സുഹൃത്തായി മാറിയത്. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ചോദിച്ചായിരുന്നു തുടക്കം. പുസ്തകം, ലൈബ്രറി, ഡിജിറ്റൽ വിദ്യകൾ, പ്രസാധനം , വായന ഇത്യാദി കാര്യങ്ങൾ ഒക്കെ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്ന സേവനത്തിൽ ബിനീഷിനു സന്തോഷമേയുള്ളൂ. എല്ലാ ആഴ്ചയിലും അവധി ദിവസങ്ങളിൽ കുറച്ചു നീളമുള്ള ഫോൺ കോളുകൾ പതിവായി. അങ്ങനെ ഏകദേശം രണ്ടു വർഷത്തോളം പോയി. അതിനിടയിൽ അയാളുടെ കല്യാണ ആലോചനകൾ വരുന്ന കാര്യങ്ങൾ പറയും. എന്നാൽ, ഒന്നും ശരിയാകുന്ന മട്ടു കണ്ടില്ല. കാരണം, കൃത്യമായ ശമ്പളമുള്ള ജോലി ഇല്ലാത്തതായിരുന്നു പ്രശ്നം.
ആദ്യമൊക്കെ, വി.ഐ.പി ബന്ധുക്കളുടെ പിന്തുണയോടെ സ്ഥിരമായ ജോലിയിൽ കയറിപ്പറ്റാൻ നിർദ്ദേശിച്ചപ്പോൾ അയാളുടെ മറുപടി ഇങ്ങനെ:
"അങ്ങനെ ആരുടെയും കാലുപിടിച്ചുള്ള ജോലിയൊന്നും എനിക്ക് ആവശ്യമില്ല. പിന്നെ, ആയുഷ്കാലം അവരു പറയുന്നത് ഞാൻ കേൾക്കേണ്ടിവരും!"
സ്വന്തമായി ബിസിനസ്സ് ചെയ്യുക, ഷെയർ മാർക്കറ്റ്, പരസ്യ ഏജൻസി , ഡിസ്ട്രിബൂഷൻ, ഇൻവെസ്റ്റ്മെന്റ് അങ്ങനെ പ്രായോഗികമായ പല നിർദ്ദേശങ്ങളും ബിനീഷ് അയാളോടു പറഞ്ഞെങ്കിലും വെറും തടസ്സങ്ങൾ എടുത്തിട്ടു കൊണ്ടിരുന്നു.
ഇതിനിടയിൽ അയാളുടെ അടുത്ത നാട്ടിലുള്ള ഒരാൾ ബിനീഷിന്റെ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് അറിവു കിട്ടി. അതിൽ പിന്നെ, തന്റെ വിവരങ്ങൾ ബിനീഷിനു ചോർന്നു കിട്ടുന്നുണ്ടെന്ന് സംശയവും ജയനു തോന്നിത്തുടങ്ങി.
എന്തായാലും, ഈ സുഹൃത്ത് എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്നു വിചാരിച്ച് ഒടുവിൽ ബിനീഷിനു മറ്റൊരു ആശയം തോന്നി.
"ജയന് പല കാര്യങ്ങളിലും തെറ്റായ മുൻവിധികളുണ്ട്. അത്, ലൈഫ് കയ്യീന്നു പോകാൻ ഇടയാക്കും. ഞാൻ പറഞ്ഞാൽ ഇനി ശരിയാകില്ല. നല്ലൊരു കൗൺസിലർ അല്ലെങ്കിൽ സൈക്കോളജിസ്റ്റിനെ ഒന്നു കൺസൾട്ട് ചെയ്താൽ മാത്രമേ ഇതിനൊരു പരിഹാരമാകൂ"
ഇതു കേട്ടയുടൻ, ജയൻ ചോദിച്ചു - "ബിനീഷിന്റെ കൂടെ വർക്ക് ചെയ്യുന്നവൻ കാര്യമായി സംസാരിച്ചെന്നു തോന്നുന്നു "
അതിനു ശേഷം , ജയനെ രണ്ടു തവണ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും കൂട്ടാക്കിയില്ല. ജയൻ ഇപ്പോഴും സ്വന്തം സിദ്ധാന്തങ്ങളുമായി ഒറ്റയാനായി കഴിയുന്നു! ഇപ്പോൾ കുറച്ചു രോഗങ്ങളും കൂട്ടിനെത്തി.
കഴിഞ്ഞു പോയ രണ്ടുവർഷത്തെ അനേകം മണിക്കൂറുകൾ നീണ്ട സംഭാഷണ സേവനങ്ങൾക്കു മുന്നിൽ കൊഞ്ഞനം കുത്തിയിട്ട് ജയൻ തിരിഞ്ഞു നടന്നിരിക്കുന്നു. ഒരു പ്രയോജനവും ലക്ഷ്യവും നേടാതെ പാഴായ സമയങ്ങൾ!
അതിനു ശേഷം, ബിനീഷ് ഒരു തീരുമാനമെടുത്തു - കഴിവതും ഫോൺ വിളികൾ ഒഴിവാക്കുക. എന്തെങ്കിലും ആവശ്യങ്ങൾ കൊടുക്കാനും വാങ്ങാനും ഇമെയിൽ അല്ലെങ്കിൽ വാട്സാപ് മെസേജുകൾ ഉപയോഗിക്കുക. കാരണം, അവിടെ സമയത്തെ നമ്മുടെ നിയന്ത്രണത്തിൽ നിർത്താം. ആവശ്യമില്ലാത്തതിന് പ്രതികരിക്കേണ്ടല്ലോ. ബസ് യാത്ര പോലെ മറ്റൊന്നും ചെയ്യാനില്ലാത്ത സമയത്ത് മറുപടികൾ മെസേജ് ചെയ്യാം.
പ്രിയ വായനക്കാരേ, നിങ്ങളുടെയെല്ലാം സമയം മാരത്തൺ ഫോൺ വിളികളിലൂടെ ചൂഷണം ചെയ്യാൻ ആരും ശ്രമിക്കരുത്. ആരെയും അനുവദിക്കരുത്. ഫോണിൽ ഇനി സംസാരിക്കുമ്പോൾ വേണ്ടതായ കാര്യം ഒരു പേപ്പറിൽ കുറിച്ചു വച്ചും സമയം ലാഭിക്കാം.
Malayalam eBooks-525 PDF file for reading- https://drive.google.com/file/d/1MeaxIvFfaL_xtfGs6M-8xe6dOtC2sfOp/view?usp=sharing
Comments