(528) ആരാണ് ശക്തൻ?
പണ്ടുപണ്ട്, സിൽബാരിപുരം രാജ്യം വീരഭദ്രൻ എന്ന രാജാവ് ഭരിച്ചിരുന്ന കാലം. മാസത്തിലൊരിക്കൽ പണ്ഡിത സദസ്സ് ഒത്തുകൂടിയിരുന്നു. അയൽരാജ്യങ്ങളിലെ പണ്ഡിതന്മാരും അവിടെ സന്നിഹിതരാകും. ഒരിക്കൽ, സഭ കൂടിയപ്പോൾ അന്നത്തെ പ്രധാന വിഷയം ഇതായിരുന്നു - "ആരാണ് ഈ ലോകത്തിലെ ശക്തിമാൻ?" ഉടൻ, കേശവപുരം പണ്ഡിതന്റെ ഉത്തരം വന്നു- "വജ്രം ആണു മഹാരാജൻ. അതിനെ മുറിക്കാൻ വജ്രം തന്നെ വേണമല്ലോ " രാജപുരം പണ്ഡിതൻ പറഞ്ഞു: "അല്ല. വജ്രം തീയിലിട്ടാൽ കരിക്കട്ടയായി മാറും !" ആറ്റുപുരം പണ്ഡിതൻ: " തീയുടെ ശക്തി വെള്ളം കണ്ടാൽ കെട്ടുപോകില്ലേ?" ഉദ്യാനപുരം പണ്ഡിതൻ പറഞ്ഞു - "സൂര്യനെ കാണുമ്പോൾ വെള്ളം നീരാവിയായിപ്പോകും!" കോസലപുരത്തെ പണ്ഡിതൻ: " വെള്ളം ആവിയാക്കാൻ ശ്രമിക്കുന്ന സൂര്യനെ പരാജയപ്പെടുത്തുന്ന മേഘത്തിന്റെ കഴിവ് നോക്കുക. സൂര്യപ്രകാശത്തെ മുഴുവൻ തടയാൻ തക്ക ശക്തിയുണ്ട് !" ചിത്തിരപുരത്തെ പണ്ഡിതൻ: " ഹേയ്, അങ്ങനെയല്ല. കാറ്റടിച്ചാൽ പറന്നു പോകുന്ന മേഘം വെറും പേടിത്തൊണ്ടനാണ്. സ്വന്തമായി സ്ഥിരം രൂപം പോലുമില്ല. കൊടുങ്കാറ്റിന്റെയും ചുഴലിക്കാറ്റിന്റെയും ശക്തി നമുക്ക് അറിവുള്ളതല്ലേ?"