ആസക്തികളെ തിരിച്ചറിയുക!

അതിശക്തമായ താല്പര്യത്തെ ആസക്തി (Addiction) എന്നു പറയാം. അനേകം ഭാവങ്ങളിലും രൂപങ്ങളിലും മനുഷ്യരെ ദുശ്ശീലങ്ങളും അടിമത്തവും നിറഞ്ഞ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്ന വലിയൊരു പ്രശ്നമാകുന്നു ഇത്! അമിതമായി ആഹാരം കഴിക്കുന്നതും എല്ലാ സിനിമകളും കണ്ടുതീർക്കുന്നതും പോലുള്ള ചില ആസക്തികൾ മറ്റാർക്കും ദോഷം ചെയ്യാതെ ആ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നു. പക്ഷേ, അതിവേഗ ഡ്രൈവിങ് പോലെ സമൂഹത്തിനും ദോഷം ചെയ്യാൻ പ്രാപ്തിയുള്ള ഒട്ടേറെ തരങ്ങൾ ഉണ്ടെന്ന് നാം ഓർക്കണം. പലർക്കും തങ്ങളിൽ ആസക്തി ഉണ്ടെന്ന് ഇനിയും അറിഞ്ഞിട്ടു പോലുമുണ്ടാവില്ല! ഇവിടെ യാത്രകളുമായി ബന്ധപ്പെട്ട ആസക്തിയെ അറിയാം.

ചെറുപ്പം മുതൽ ബസിൽ കയറിയാൽ ബിനീഷ് സൈഡ് സീറ്റിൽ ഇരിക്കാനുള്ള അവസരം നോക്കിയിരിക്കും. കാരണം, അക്കാലത്ത് ബസ് പോകുന്നത് പച്ച വിരിച്ച പാടങ്ങളിലൂടെ. ഇടയിലൂടെ തോടും കുറച്ചു കിളികളും അങ്ങനെ പ്രകൃതി ഒരുക്കിയ രംഗപടം മനസ്സിനു തരുന്ന ഒരു കുളിർമ അത് അനുഭവിച്ചു തന്നെ അറിയണം. ഇതിനിടയിൽ, ചില സ്റ്റോപ്പുകളിൽ സ്ഥിരം ആളുകൾക്ക് ഓടി വന്ന് കയറാൻ പാകത്തിന് ബസ് ഏതാനും നിമിഷം കാത്തു നിൽക്കും. അവർ വന്നു കയറിക്കഴിഞ്ഞ് താമസിക്കാനുണ്ടായ കാരണങ്ങൾ പരിചയക്കാരോടു വിസ്തരിക്കുന്നതു കേൾക്കുന്നതും ഒരു രസമാണ്. ഇതെല്ലാം പ്രൈവറ്റ് ബസുകൾക്കു മാത്രം വഴങ്ങുന്ന കാര്യങ്ങളാണ്. സർക്കാർ ബസുകൾക്ക് യാതൊരു വികാരങ്ങളുമില്ല. അഥവാ തോന്നിയാലും ദേഷ്യം മാത്രം!

പിന്നീട്, കോളജ് പഠനകാലത്ത് എവിടെയോ ഏതോ ഒരു എഴുത്തുകാരൻ (പേര് ഓര്‍ക്കുന്നില്ല) അഭിമുഖത്തിൽ എഴുതിയത് വായിച്ചു. അദ്ദേഹത്തിന് കേന്ദ്ര സർക്കാർ ജോലി ആയിരുന്നുവത്രെ. അതുകൊണ്ട് ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ജോലി ചെയ്യാൻ സാധിച്ചതിലൂടെ അനേകം ആളുകൾ, സംസ്കാരം, മിത്തുകൾ, പുരാതന ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, ഭാഷകൾ തുടങ്ങിയവയെ അടുത്തറിയാൻ സാധിച്ചെന്ന്. അപ്പോഴാണ്, ബിനീഷിന്റെ ചിന്തയിലേക്ക് ഒരാശയം മിന്നിയത്. കേന്ദ്ര സർക്കാർ ജോലിക്കുള്ള പരീക്ഷകൾ എഴുതുക. ജോലി കിട്ടിയിട്ടു വേണം ലീവെടുക്കാൻ എന്ന പ്രയോഗം നിങ്ങൾ കേട്ടിട്ടുണ്ടാവും. ഇവിടെ ബിനീഷിനു ജോലി കിട്ടിയിട്ടു വേണം ടൂർ പോകാൻ എന്നു ചെറിയൊരു മാറ്റം! പക്ഷേ, അശാസ്ത്രീയമായ തയ്യാറെടുപ്പുകളും വായനയും എഴുത്തും ഇടകലർന്ന വിനോദങ്ങളും ജോലി കിട്ടുന്നതിൽ നിന്നും അകറ്റി. മാത്രമല്ല, കിട്ടിയ കമ്പനി ജോലിയാകട്ടെ, എട്ടു വർഷത്തെ സമയവും ഊർജവും കുളയട്ട പോലെ കടിച്ചു പിടിക്കുകയും ചെയ്തു! അങ്ങനെ, സർക്കാർ ജോലിക്കുള്ള പഠന സമയവും ക്ഷീണിച്ചു പോയി!

പിന്നീട്, പി.ആർ. നാഥൻ എന്ന സാത്വികനും സത്കർമ്മിയുമായ എഴുത്തുകാരന്റെ പുസ്തകങ്ങൾ വാങ്ങിയത് ദർശന ഇന്റർനാഷണൽ ബുക്ക് ഫെയറിലാണ്. അതിൽ - 'വിജയമന്ത്ര' എന്ന മനോഹരമായ പുസ്തകത്തിന് അവാർഡ് ലഭിക്കുകയും ചെയ്തു. പണ്ട്, ബിനീഷ് ആഗ്രഹിച്ച പോലുള്ള ഭാരതീയ യാത്രകൾ ചെയ്യാൻ ദൈവം അനുഗ്രഹിച്ച എഴുത്തുകാരനായിരുന്നു പി.ആർ. നാഥൻ. അദ്ദേഹം കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു. അതിനിടയിൽ, അനേകം ആത്മീയ, ആത്മിക ചിന്തകളും ആശയങ്ങളും മിത്തുകളും ലഭിക്കുന്ന ആശ്രമങ്ങൾ, കാവുകൾ, പുരാതന ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനങ്ങളും സത്സംഗങ്ങളും തരുന്ന അറിവുകൾ അദ്ദേഹത്തിന്റെ പല പുസ്തകങ്ങളിലും കാണാവുന്നതാണ്.

ഒരിക്കൽ, ബിനീഷ് തന്റെ ചെന്നൈ മെയിൽ ട്രെയിൻ യാത്രയിൽ അടുത്തിരുന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു. അയാൾ സെൻസസുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണ്. ജോലിയുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലെ അനേകം സ്ഥലങ്ങളിൽ പോകണമത്രെ. അക്കൂട്ടത്തിൽ, അടുത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാൻ സമയം കണ്ടെത്തുന്ന ആസൂത്രണം മുൻകൂട്ടി ചെയ്യാറുണ്ട്. ബിനീഷിന് അതു കേട്ട് കുളിരു കോരിയെന്നുള്ളതാണ് വാസ്തവം.

ചിന്തിക്കുക -

ഇവിടെ യാത്രകൾ നടത്താനുള്ള പ്രധാന ഊർജ ഉറവിടം പണം തന്നെയാണെന്ന് ഏവരും ഓർക്കണം. അതായത്, മികച്ച സാമ്പത്തിക സുരക്ഷിതത്വം അല്ലെങ്കിൽ ഒന്നാന്തരം ജോലി. അത് ഓർക്കാതെ ആന വായ പൊളിക്കുന്നതു കണ്ട് അണ്ണാൻ വായ തുറന്നാൽ ഫലം നിരാശയാകും. അതു കൂടാതെ പരിചയമില്ലാത്ത നോര്‍ത്ത് ഇന്ത്യന്‍ യാത്രകള്‍ അപകടങ്ങള്‍ വിളിച്ചുവരുത്താനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കം, മഞ്ഞുമല ഇടിച്ചില്‍, ചുഴലിക്കാറ്റ്, വന്യജീവി ആക്രമണം എന്നിങ്ങനെ വരുമ്പോള്‍ ജീവിതം നരകമാകാം.

യാത്രകളിലൂടെ കട ബാധ്യത വരുത്തി വച്ച ചിലരെ ഓർത്തു പോകുകയാണ്. പിന്നെ, ഏതെങ്കിലും പുണ്യസ്ഥലങ്ങളോ, തീർഥാടന കേന്ദ്രങ്ങളോ മാടി വിളിക്കുന്നതായി തോന്നിയാൽ ഓർക്കുക - അത് ആസക്തിയാണ്! ഭക്തിയോഗം ഏറിയാൽ സംഭവിക്കുന്ന മനോനിലയാണ്. ഷാപ്പിനു മുന്നിലൂടെ നടന്നു പോകുമ്പോൾ അവിടെ കയറുന്ന കുടിയനും തന്നെ മാടി വിളിച്ചെന്നാണു പറയാറുള്ളത്. ബിനീഷ് കോളേജിൽ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് ചില്ലിട്ട അലമാരകളില്‍ അടുക്കി വച്ചിരിക്കുന്ന എണ്ണ പലഹാരങ്ങള്‍ മാടിവിളിച്ചിരുന്നു! അതും ഒരു ആസക്തിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വയസ്സു മുപ്പതു കഴിഞ്ഞിരുന്നു!

യാത്രയിലൂടെ ആത്മ സാക്ഷാൽക്കാരത്തിനായി ലക്ഷക്കണക്കിനു രൂപ കളയുന്ന ആളുകളെ നിങ്ങൾക്കു ചുറ്റും കാണാൻ കഴിയും. അവരുടെ പണം എങ്ങനെ കളയാനുമുള്ള അവകാശം അവർക്കുണ്ട്. മറ്റാർക്കും തിരുത്താനുള്ള അവകാശമില്ല. അതിനാല്‍, അഭിപ്രായം തേടിയാൽ മാത്രമേ ന്യായവും അന്യായവും വിളമ്പാൻ പോകാവൂ. നമ്മുടെ മനസ്സു തന്നെയാണ് ഏറ്റവും വലിയ തീർഥാടന കേന്ദ്രം, ആശ്രമം, ക്ഷേത്രം എന്നിങ്ങനെയൊക്കെ സങ്കൽപിച്ചാൽ അതൊരു പുണ്യഭൂമിയാകും. നാം പ്രകൃതിയുടെ സൃഷ്ടിയാണെന്നും ദൈവിക അംശം പേറുന്നുവെന്നും കരുതിയാൽ എന്തിനാണു ദൈവത്തെ തേടി അലയുന്നത്? 'തത്ത്വമസി' എന്നു പല ക്ഷേത്രങ്ങളിലും എഴുതിയിരിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടാവും. 'അത് നീയാകുന്നു!' എന്ന അർഥം പറയുന്നത് ദൈവം നീ തന്നെ എന്നാണ്! അദ്വൈത സിദ്ധാന്തം എന്നാൽ രണ്ടല്ല (ദൈവവും നാമും) ഒന്നാകുന്നു എന്നത്രേ!

ഓർക്കുക-ആസക്തിയെ ഹോബി ആയി തെറ്റിദ്ധരിക്കരുത്! ഹോബി ആസക്തിയായി മാറാനും അനുവദിക്കരുത്!

Malayalam eBooks-527 free PDF file for online reading- https://drive.google.com/file/d/1e9HbhdMitwfhI00Wl_iousBS0gd--HEW/view?usp=sharing

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍