(535) എഴുത്തുകാർക്കുള്ള നിർദ്ദേശങ്ങൾ
മലയാളം എഴുത്തുകാർക്കു സഹായമാകുന്ന കാര്യങ്ങൾ!
കഴിഞ്ഞ എട്ടുവർഷമായുള്ള ഡിജിറ്റൽ എഴുത്തുകൾക്കിടയിൽ ചെറുകിട എഴുത്തുകാർ പലതരം സംശയങ്ങൾ ചോദിക്കുകയുണ്ടായി. പ്രധാന കാര്യം എന്തെന്നാൽ പുസ്തകം എങ്ങനെ പ്രസിദ്ധീകരിക്കണം, ഡിജിറ്റൽ വേണോ? സാധാരണ പ്രിന്റ് പുസ്തകം മതിയോ ? ഏതാണു ലാഭകരം? എന്നിങ്ങനെ എഴുത്തുകാരെ സഹായിക്കുന്ന വിവിധങ്ങളായ കാര്യങ്ങൾ എനിക്കറിയാവുന്നതു പറയുന്നതിൽ സന്തോഷമേയുള്ളൂ.
1. ചെറുകഥകൾ അടങ്ങുന്ന പുസ്തകമെങ്കിൽ ഒരു ഗുണമുണ്ട്. ഉദാഹരണത്തിന് പത്തു കഥകൾ ആ പുസ്തകത്തിലുണ്ടെന്നു വിചാരിക്കുക. പത്തും പല തരമാകയാൽ ഏതെങ്കിലും വായനക്കാരന് ഇഷ്ടപ്പെടുമെന്ന ഗുണമുണ്ട്. അതിനാൽ, ആദ്യത്തെ കുറെ പേജുകൾ ബോറടിച്ചാലും ഏതെങ്കിലും കഥകൾ വായിച്ചുകൊണ്ട് പുസ്തകം ഉപേക്ഷിക്കില്ല. എന്നാൽ, നോവലിന്റെ തുടക്കം മുതൽ ആദ്യ പത്തു പതിനഞ്ചു പേജുകൾ സുപ്രധാനമാണ്. അത് വായനക്കാര രസിപ്പിച്ചില്ലെങ്കിൽ മുന്നോട്ടു വായിക്കാതെ പുസ്തകം മാറ്റിവയ്ക്കും!
2. എഴുത്തുകാർ നിത്യവും എഴുതിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ സർഗാത്മകമായ തുടർച്ച നഷ്ടപ്പെടും. അതുപോലെ തുടർച്ചയായി വായിക്കുകയും വേണം.
3. യാത്രയിലോ ഷോപ്പിങ്ങിനിടയ്ക്കോ ഒരു സവിശേഷ ആശയം അല്ലെങ്കിൽ തീപ്പൊരി വീണു കിട്ടിയാൽ അതു മറന്നു പോകാതെ ഫോണിൽ സൂചന കുറിച്ചിടണം. (പണ്ട്, ഞാൻ രണ്ടു മൂന്നു പേപ്പർ മടക്കി പാന്റിന്റെ പോക്കറ്റിൽ ഇടുമായിരുന്നു. പിന്നീട്, ടച്ച് സ്ക്രീൻ ഫോൺ വന്നപ്പോൾ കൂടുതൽ എളുപ്പമായി)
4. എഴുത്തുകാർക്ക് ഒരു കൃതി പൂർത്തിയാക്കാൻ അനേകം ദിവസങ്ങളോ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ വേണ്ടി വന്നേക്കാം. പക്ഷേ, കഠിനാധ്വാനം എത്രയായാലും ഒരു പുസ്തകം വിജയമാകുമെന്ന് യാതൊരു ഉറപ്പുമില്ല. അക്കാര്യം എഴുത്തുകാരൻ മനസ്സിൽ ആദ്യമേ ഉറപ്പിക്കണം. അങ്ങനെ വരുമ്പോൾ ഒരു കൃതിയുടെ പൂർത്തീകരണത്തിൽ സ്വയം മനസ്സുഖവും സംതൃപ്തിയും അനുഭവിക്കാൻ പറ്റണം. അതാവണം നിങ്ങളുടെ ആദ്യത്തെ വിജയം. മാത്രമല്ല, വായനക്കാർക്കു കിട്ടുന്ന സന്തോഷവും പ്രയോജനവും ഉത്തേജിപ്പിക്കുമെന്നു തീർച്ച. ആരും അഭിനന്ദിക്കാൻ ഇല്ലെങ്കിൽ നിങ്ങളെ സ്വയം അങ്ങട് അനുമോദിക്കുക !
5. പണവും പ്രശസ്തിയും വേണമെന്നുണ്ടെങ്കിൽ മുൻനിര പ്രസാധകരുടെ പുസ്തകമാക്കി പ്രസിദ്ധീകരിക്കണം. അപ്പോൾ അവാർഡ്, ബുക്ക് റിവ്യൂ, കുട്ടികളുടെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തൽ ഇങ്ങനെ ഗുണമുണ്ടാകും.
6. പത്രം, മാസിക, ടിവി, ലൈബ്രറി, വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അനേകം എഴുത്തുകാരുടെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കൃതികൾ വരെ ചുളുവിൽ പൊക്കിപ്പിടിച്ചു നടക്കുന്ന പ്രവണത കാണാം. പാവം എഴുത്തുകാരുടെ നല്ല കൃതികൾ അനേകം അവഗണിക്കപ്പെടാറുമുണ്ട്. ആയതിനാൽ, അത്തരം മുൻനിര സ്ഥാപനങ്ങളിൽ ജോലി നേടുക. അല്ലെങ്കിൽ ബന്ധം സ്ഥാപിക്കുക.
7. തികച്ചും സ്വതന്ത്രമായ ആത്മാവിഷ്കാരം പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിൽ ഞാൻ ചെയ്യുന്നതുപോലെ ഡിജിറ്റൽ ബുക്കുകളായി പ്രസിദ്ധീകരിക്കാം. 2015 -ൽ ഞാനൊരു പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരു പ്രമുഖ പ്രസാധകരെ ബന്ധപ്പെട്ടു. രണ്ടു വർഷമെങ്കിലും കാത്തിരിപ്പ് വേണമത്രേ! കാരണം, അനേകം കൃതികൾ കെട്ടിക്കിടക്കുന്നുണ്ട്. ഒരു മറുവശവും ഇതിലുണ്ട്. മികച്ച എഴുത്തുകാരുടെ കൃതികൾ എപ്പോൾ വന്നാലും അത് പെട്ടെന്ന് പ്രസിദ്ധീകരിക്കുമ്പോൾ സാധാരണക്കാരുടെ കാത്തിരിപ്പ് പിന്നെയും കൂടും. അങ്ങനെ, ആശയക്കുഴപ്പം വന്നപ്പോൾ അക്കാലത്ത്, ആഴത്തിലുള്ള ചിന്ത അതായത്, ചെറിയ മെഡിറ്റേഷൻ വകഭേദം ഇവിടെ ഉത്തരമേകി- പ്രശസ്തി, പണം, അവാർഡ്, റോയൽറ്റി വേണമെങ്കിൽ പുസ്തകം മുൻനിര പ്രസാധകരെ ഏൽപ്പിക്കുക, കൂടുതൽ ആളുകൾക്കു പ്രയോജനം ലോകമെങ്ങും എന്നും എപ്പോഴും സൗജന്യമായി കൊടുക്കണമെങ്കിൽ ഡിജിറ്റൽ ബുക്കുകൾ സ്വയം പുറത്തിറക്കുക. അങ്ങനെ, ഞാൻ രണ്ടാമത്തെ രീതി സ്വീകരിച്ചു. ഇക്കാര്യം തികച്ചും വ്യക്തിപരമായിരിക്കും. നിങ്ങൾ സ്വയം ചിന്തിക്കുക.
8. ശ്രീ. എം.ടി. വാസുദേവൻ നായരുടെ എഴുത്തിൽ പ്രയോഗിക്കുന്ന ഒരു വിദ്യ അദ്ദേഹം ഒരിക്കൽ വെളിപ്പെടുത്തിയത് പറയട്ടെ. അദ്ദേഹം എഴുതിയ കൃതികൾ അഞ്ചാറു മാസം പഴകാൻ അനുവദിക്കും. എന്നിട്ട് അതെടുത്ത് പിന്നെയും വായിക്കുമ്പോൾ ഒരു സാധാരണ വായനക്കാരൻ പുതിയതായി വായിക്കുന്ന ഫീൽ കിട്ടും. തെറ്റുകുറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞ് എഡിറ്റ്, പ്രൂഫ് ചെയ്യാനാകും!
ഇത് "പരണേൽ വയ്ക്കുക " എന്ന പഴഞ്ചൻ ഏർപ്പാടുന്നെയാണ്. പണ്ട് എഴുത്തോലയിൽ നാരായം കൊണ്ട് കോറിയെഴുതിയിട്ട് മച്ചിൽ തട്ടിൻപുറത്തു വയ്ക്കും. പനയോല വാടി പഴകുമ്പോൾ എഴുത്തു തെളിഞ്ഞു വരികയും ചെയ്യുമായിരുന്നു.
9. മറ്റൊരു വിദ്യയുണ്ട് - എഴുതിയത് സത്യസന്ധരായ ആളുകൾക്ക് വായിക്കാൻ കൊടുക്കുക. അവർ നിഷ്പക്ഷമായ മറുപടികൾ തരും. വേണമെങ്കിൽ സ്വീകരിക്കാം. പക്ഷേ, ഇവിടെയും സൂക്ഷിക്കണം - കൃതിയുടെ കാതൽ മോഷണം വരാതെ വേണം ചെയ്യാൻ. തിരക്കഥകൾക്കാവും ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഇങ്ങനെ വരാവുന്നത്.
10. അടുത്ത പ്രധാന കാര്യം - ചില എഴുത്തുകാർ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വിവാദ കാര്യങ്ങൾ കഥകൾക്ക് ശക്തി കിട്ടാൻ വീശും. അത് കുറച്ചു വിവാദ പ്രശസ്തി കൊണ്ടു വന്നേക്കാം. എങ്കിലും കഴിവതും ഒഴിവാക്കുക. കാരണം, എഴുത്തുകാർ നല്ല മനസ്സുഖത്തിൽ ഇരുന്നാൽ ഏറെ എഴുതാൻ അവരുടെ ജീവിത കാലത്തിനാകും.
ഒരിക്കൽ, ശ്രീ. സുകുമാർ അഴീക്കോടിന്റെ പ്രസംഗം പുസ്തകമാക്കുന്നത് പ്രൂഫ് ചെയ്യാൻ എനിക്കു മുന്നിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവിൽ അത്ഭുതപ്പെട്ടു. എങ്കിലും പലതരം പ്രതികരണങ്ങൾക്കും വിവാദ പ്രസ്താവനയ്ക്കും മാധ്യമങ്ങൾക്കായി സമയം നീക്കി വച്ചപ്പോൾ പത്തു പുസ്തകമെങ്കിലും എഴുതാനുള്ള സമയം അദ്ദേഹം കളഞ്ഞിട്ടുണ്ടാവാം!
11. സോഷ്യൽ മീഡിയയിലെ എഴുത്ത് വേണോ?
പലരുടെയും സംശയമാണ്. ഫേയ്സ്ബുക്ക്, വാട്സാപ് തുടങ്ങിയവയിൽ പ്രത്യേകം പേജ് തുടങ്ങി കൃതികൾ നല്ലതുപോലെ ഷെയർ ചെയ്യപ്പെടാം. ആയിരക്കണക്കിനു ഫോളോവേഴ്സും കിട്ടും. പക്ഷേ, കുറച്ചു ഷെയർ ചെയ്തു പോകുമ്പോൾ ചില കുബുദ്ധികൾ എഴുത്തുകാരനെ വെട്ടിനിരത്തി "കടപ്പാട് " കൂടെ കുറച്ചു സ്മൈലികളും ചേർത്ത് ആ കൃതികൾ പറപറക്കും. ചുരുക്കി പറഞ്ഞാൽ, സോഷ്യൽ മീഡിയ പ്രശസ്തി തന്നാലും വരുമാനം കിട്ടാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, ഗൗരവമായ എഴുത്തിനുള്ള സ്ഥിരമായ സങ്കേതമായി ഇവയെ വലിയ എഴുത്തുകാർ കാണുന്നുമില്ല.
12. എന്നാൽ, സ്വന്തമായി വെബ് സൈറ്റ് തുടങ്ങി ഡൊമെയിൻ നെയിം വച്ച് വളരെ അടുക്കും ചിട്ടയോടും കൂടി എഴുത്ത് തുടങ്ങിയാൽ അത് സോഷ്യൽ മീഡിയയേക്കാളും നിലവാരമുള്ളതാകും. പക്ഷേ, വായനക്കാർ അവിടെ എത്തപ്പെടുന്ന സാധ്യത കുറയും. ഇവിടെ മറ്റൊരു സത്യം ഇതിനിടയിൽ മറക്കരുത്. എഴുതിയതിനേക്കാൾ മൂന്നു മടങ്ങ് ആളുകൾ ഫോട്ടോ കാണാനും അതിന്റെ മൂന്നിരട്ടി വീഡിയോ കാണാനും ആളുകൾ ഇഷ്ടപ്പെടുന്നു. ഒരു വീട്ടിൽ ഒരു യൂടൂബ് ചാനൽ എന്നുള്ള സ്ഥിതിയിൽ വായന കുറയുന്നുമുണ്ട്.
13. എഴുത്തുകാർക്ക് വളരാനുള്ള സാധ്യത ചില മാധ്യമ സ്ഥാപനങ്ങളിൽ ജോലിയുണ്ടെങ്കിൽ സഹായകമായേക്കാം. മലയാളത്തിലെ അനേകം പ്രശസ്തരായ എഴുത്തുകാർ മാതൃഭൂമി, മലയാള മനോരമ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ശാസ്ത്ര സാഹിത്യ പരീക്ഷത്ത് പോലുള്ള ചില സ്ഥാപനങ്ങളുടെ പിന്തുണയോടെ വളർന്നിട്ടുണ്ട്. എന്നാലും, ഞാൻ അനേകം കൃതികൾ വായിച്ചതിൽ മുൻനിര എഴുത്തുകാരല്ലാത്ത മിടുക്കരായവരെ ഓർത്തു പോകുകയാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ വരുമ്പോൾ മുന്നോട്ടുള്ള എഴുത്തിന് തളർച്ചയാകും. അങ്ങനെ സർഗ്ഗവാസന തുരുമ്പിച്ചു പോകുകയും ചെയ്യുന്നു.
14. ആദ്യം തന്നെ എഴുത്തിനായി ചാടി ഇറങ്ങരുത്. പരന്ന വായനയാണ് ആദ്യം വേണ്ടത്. സാമാന്യമായി നല്ല കാഴ്ചയുള്ള 38 വയസു വരെ പരമാവധി വായിക്കുക. 40 വയസ്സൊക്കെ കഴിഞ്ഞാൽ കണ്ണട വച്ചുള്ള വായന പിന്നെ ആയാസമായി മാറും. 50 കഴിഞ്ഞാൽ മാരത്തൺ വായനയൊക്കെ ബുദ്ധിമുട്ടാകും. ആ കാലത്ത്, എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കണമെങ്കിൽ പഴയ കാലത്തെ വായനയിലൂടെ കൈവന്നിരിക്കുന്ന ആശയ സങ്കലനം തുണയായി വരണം.
15. ഒരേ സമയം ഒരു കൃതി അല്ലെങ്കിൽ ഒന്നിലധികം കൃതികൾ എഴുതുന്നതു നല്ലതാണോ? കഴിവതും ഒരു കൃതിയും അതിന്റെ കഥാപാത്രങ്ങളുമായി നീങ്ങുക. കാരണം, എഴുത്തുകാരൻ മുഴുവൻ സമയവും ഒന്നിലേറെ കൃതികൾക്കായി ഉപയോഗിച്ചാൽ സ്വന്തം ജീവിത താളം നഷ്ടപ്പെടുത്താനുള്ള സാധ്യതയുണ്ട്.
16. ജനപ്രിയ നോവലുകളും തിരക്കഥകളും മറ്റും എഴുതുന്ന എഴുത്തുകാർ അവരുടെ പിറക്കാൻ പോകുന്ന കൃതികൾക്കായി മുൻകൂർ പണം വാങ്ങാറുണ്ട്. ഇതിനൊരു കുഴപ്പമുണ്ട് - ഒരുതരം പിരിമുറുക്കം എഴുത്തുകാരിൽ ഇങ്ങനെ വരുമ്പോൾ അത് എഴുത്തിന്റെ ഗുണമേന്മയെ ബാധിക്കാം. അതിനാൽ, ഒരു മുഴുവൻ കൃതി ഉണ്ടായ ശേഷം മാത്രം അതു പരസ്യമാക്കുക. എന്നിട്ട്, പ്രശസ്തമെങ്കിൽ വില പേശുക!
17. ഇനി മറ്റൊരു കാര്യം - ഒരു നോവൽ പോലുള്ള വലിയ രചനയ്ക്കിടയിൽ writers block വന്നാൽ അല്ലെങ്കിൽ ക്ലൈമാക്സ് എങ്ങനെ വേണമെന്ന കാര്യത്തിൽ ചഞ്ചലചിത്തനെങ്കിൽ ഒരു ഇടവേള എടുത്ത് മറ്റൊരു ചെറുകഥയാ ലേഖനമോ എഴുതുക. മനസ്സ് ഒന്നു മാറിയിട്ട് വീണ്ടും വലിയ കൃതിയിലേക്കു വരുമ്പോൾ മികച്ച ഉത്തരം കിട്ടും.
18. ആമസോൺ, കോബോ, സ്മാഷ് വേഡ്സ് , ഗുഡ് റീഡ്സ്, പോലുള്ള വലിയ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കണോ എന്നു പലരും ചോദിക്കാറുണ്ട്. ധാരാളം ഫോളോവേഴ്സ് ഉള്ള എഴുത്തുകാരെങ്കിൽ അത് ഗുണം ചെയ്യും. വലിയ പബ്ലിഷേഴ്സ് ലക്ഷക്കണക്കിന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ പുത്തനെഴുത്തുകാർ സേർച്ച് റിസൾട്ടിൽ ആർക്കും കണ്ടുപിടിക്കാൻ പറ്റാത്ത വിധം പിറകിലായിരിക്കും.
19. പ്രിന്റ് പുസ്തകത്തിന്റെ പുറംചട്ട മികച്ചതായിരിക്കണം. ഒന്നാമതായി നീല-വെള്ള, പച്ച-വെള്ള, തുടങ്ങിയ നിറങ്ങൾ ഉപയോഗിക്കണം. കറുപ്പ്, ചുവപ്പ് ഒഴിവാക്കണം.
20. ഇനി പ്രിന്റ് ചെയ്തിരിക്കുന്ന പേപ്പർ വെള്ളയേക്കാൾ ഓഫ് വൈറ്റ് / ഐവറി പോലുള്ള നിറം വേണം. കണ്ണിനു രസിക്കാത്ത ഫോണ്ടുകൾ അച്ചടിക്ക് ഉപയോഗിക്കരുത്. സിഡാക് വക രേവതി ഫോണ്ട് ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ മലയാളം ഫോണ്ട് ആകുന്നു. അത് ഗൂഗിൾ നോട്ടോ സാൻസ് , മനോരമ, മാതൃഭൂമി, ഡി.സി, എന്നിവരുടെ ഫോണ്ടിനേക്കാൾ മനോഹരമായി എനിക്കു തോന്നാറുണ്ട്.
21. ചില പ്രിന്റ് പുസ്തകങ്ങളുടെ ഓരോ അധ്യായവും കഴിയുമ്പോൾ ഉടൻ തന്നെ അടുത്ത അധ്യായം ഗ്യാപ് ഇല്ലാതെ തുടരുന്നത് നല്ലതല്ല. അത് പുതിയ പേജിൽ തുടങ്ങുക. കണ്ണുകൾക്കു ശ്വസിക്കാൻ സമയം കൊടുക്കണം!
22. പ്രശസ്തരായ ആളുകളെ സമീപിച്ചു നല്ല അവതാരിക എഴുതിക്കണം. കൃത്യമായ ഇൻഡെക്സും വേണം.
23. എല്ലാ കൃതികളും വിജയിക്കണം എന്നു വാശി പിടിക്കരുത്. മുൻനിര എഴുത്തുകാരും പരാജയപ്പെട്ട ചില കൃതികളുടെ ഉടമകൾ എന്നു മനസ്സിലാക്കിയിരിക്കണം.
Malayalam eBooks-535 for writers as pdf -https://drive.google.com/file/d/1aQ860bns_dxsNiWnY0-8yDU-Zcy_mf9f/view?usp=sharing
Comments