(539) രാജകുമാരിയുടെ അശ്രദ്ധ
ഒരിക്കൽ, രാജകുമാരി ഒരു ഉദ്യാനം കാണാൻ തോഴിമാരുടെ കൂടെ പോയി. പകൽ മുഴുവൻ അവിടെ കളിച്ച ശേഷം തിരികെ കൊട്ടാരത്തിലെത്തി. തിരിച്ചു വന്നപ്പോഴാണ് തന്റെ രത്നമാല എവിടെയോ കളഞ്ഞു പോയ കാര്യം അവൾ അറിഞ്ഞത്.
ഉടൻ, രാജകൽപന വന്നു -
"കുമാരിയുടെ മാല പത്തു ദിവസത്തിനുള്ളിൽ തിരികെ ഏൽപ്പിക്കുന്നവർക്ക് നൂറു സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കും. പത്തു ദിനം കഴിഞ്ഞ് ആരുടെയെങ്കിലും കൈവശം ഉണ്ടെന്ന് അറിഞ്ഞാൽ നൂറ് ചാട്ടവാറടിയായിരിക്കും ശിക്ഷ"
പതിനൊന്നാമത്തെ ദിവസം ഒരു ചെറുപ്പക്കാരൻ കൊട്ടാരത്തിലെത്തി മാല തിരികെ ഏൽപ്പിച്ചു.
രാജാവ് ഉഗ്രകോപിയായി - "ഹും! എന്റെ കൽപനയെ ധിക്കരിച്ച് പത്തു ദിവസം ഇതു കയ്യിൽ വയ്ക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു?"
അവൻ ഒട്ടും പേടിക്കാതെ പറഞ്ഞു- "രാജാവേ, രാജകുമാരിയുടെ അശ്രദ്ധ മൂലം മാല കളഞ്ഞു പോയതിന് ഞാൻ എന്തു തെറ്റ് ചെയ്തു? പത്തു ദിവസത്തിനുള്ളിൽ ഇവിടെ അത് ഏൽപ്പിച്ചാൽ നൂറു സ്വർണ്ണ നാണയങ്ങൾ വാങ്ങുന്നത് അനീതിയാണ്. കാരണം, വെറും ഒരു നിമിഷം കൊണ്ട് വഴിയിൽ നിന്ന് മാല എടുത്തതിന് ഇത്രയും വലിയ പാരിതോഷികം എനിക്ക് ആവശ്യമില്ല"
രാജാവ് ചോദിച്ചു - "എങ്കിൽ ശിക്ഷയുണ്ടെന്ന് അറിഞ്ഞിട്ടു പോലും പത്തു ദിവസം കഴിഞ്ഞിട്ട് വന്നത് എന്തിനാണ് ?"
"രാജാവേ, പത്തു ദിനം കഴിഞ്ഞ് ഏൽപ്പിച്ചാൽ നൂറ് ചാട്ടവാറടിയും അനീതിയാണ്. അതിനെ ഞാൻ പേടിക്കുന്നില്ലെന്ന് അങ്ങയെ ബോധ്യപ്പെടുത്താനാണ് !"
അവന്റെ ന്യായവാദം കേട്ട് രാജാവ് അമ്പരന്നു. അവനെ പോകാൻ അനുവദിച്ചു.
ചിന്താശകലം - നീതിന്യായത്തിൽ യുക്തിയും ചേരുമ്പോഴാണ് അത് മൂല്യമുള്ള വിധിയാകുന്നത്.
Comments