(545) സ്വയം ഗുരുവായി മാറുക!
ആരാണ് ഗുരു?
ഒരാളുടെ ഇരുട്ടാകുന്ന അറിവില്ലായ്മയെ അകറ്റി അറിവാകുന്ന പ്രകാശത്തിലേക്കു നയിക്കുന്ന ആളാണ് ഗുരു.
പണ്ടുകാലങ്ങളിൽ ഗുരുവിനെ ആവശ്യത്തിൽ അധികമായി ബഹുമാനിച്ചിരുന്നു എന്നതാണു സത്യം. ഗുരു തെറ്റു ചെയ്താലും അതിനു ന്യായത്തിന്റെ പരിവേഷം ചാർത്തിക്കൊടുത്തിരുന്ന കാലം. എന്തെങ്കിലും തിരുത്താനോ മറു ചോദ്യം ചോദിക്കാനോ പാടില്ലായിരുന്നു. അത്തരം സാഹചര്യങ്ങളെ മറികടക്കാനായി ഗുരു തന്നെ രൂപം കൊടുത്ത ഗുരുനിന്ദ, ഗുരുത്വമില്ലായ്മ, ഗുരുശാപം എന്നീ വാക്കുകൾക്ക് അമിത പ്രാധാന്യം കൊടുക്കുകയും ചെയ്തു.
ഗുരുവിന് പ്രാധാന്യമില്ലെന്നോ ബഹുമാനിക്കരുത് എന്നോ അല്ല ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. യഥാർഥത്തിൽ മാനുഷികമായ ദൗർബല്യങ്ങളും പേറുന്ന ആളു തന്നെയാണ് ഗുരു. എന്നാൽ, അത് മൂടി വയ്ക്കാൻ കാലം ശ്രമിച്ചു എന്നുള്ളതാണു സത്യം. ഒരിക്കൽ ശിഷ്യനായിരുന്ന ആളു തന്നെയാണ് ഗുരു. ഗുരു പഠിപ്പിക്കുന്ന ശിഷ്യമാരിൽ പലരും പിന്നീട് ഗുരുവായി രൂപാന്തരപ്പെടുന്നു. അതിനാൽ, എനിക്കു ശേഷം പ്രളയം എന്ന രീതിയിൽ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഗുരുവിനു ചേർന്നതല്ല!
"എല്ലാറ്റിലും ഉപരിയായി നിങ്ങളെത്തന്നെ ആദരിക്കുക" എന്നു പൈതഗോറസ് പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്.
ലോകമെങ്ങും നോക്കിയാൽ ആത്മീയ ഗുരുക്കന്മാരും യോഗാ ഗുരുക്കന്മാരും നേതാക്കളുമെല്ലാം കോടികൾ വിറ്റുവരവുള്ള അറിയപ്പെടുന്ന കച്ചവടക്കാരോ ബ്രാൻഡ് അംബാസഡർമാരോ ആണ്. ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാൻ ഭംഗിയായി സംസാരിച്ച് ആത്മീയത വിൽക്കുന്നു.
സ്വാതന്ത്ര്യങ്ങളുടെ നാടായ അമേരിക്കൻ ഐക്യനാടുകളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഗുരുക്കന്മാർ നൂറുകണക്കിന് ഏക്കർ സ്ഥലം വാങ്ങി ആശ്രമ കൃഷി നടത്തിവരുന്നു. വൻ ആദായം കൊയ്യുന്നു. ആളുകൾ മുഴുവൻ സമ്പത്തും അവിടെ അടിയറ വയ്ക്കുന്നു.
ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്കു ന്യായമായും കടന്നുവരാവുന്ന ഒരു സംശയം ഉണ്ടാവും. ആത്മീയ അത്ഭുത സിദ്ധികൾ ഇല്ലെങ്കിൽ എങ്ങനെയാണ് ലക്ഷക്കണക്കിന് ആളുടെ പിന്തുണ ലഭിക്കുന്നത്?
ഉത്തരം ലളിതം - അങ്ങേയറ്റം പ്രശ്നങ്ങളിലും മാനസിക ദൗർബല്യത്തിലും ആയിരിക്കുന്ന ആളുകളെ വീഴ്ത്താൻ എളുപ്പമാണ്. കബളിപ്പിക്കാൻ എളുപ്പം. ഇതു കൂടാതെ സുഖലോലുപത ആഗ്രഹിച്ചു ചെല്ലുന്നവർക്ക് വിഭവ സമൃദ്ധമായ സദ്യ കൊടുക്കയും അതിന് ഫോട്ടോ, വിഡിയോ ബ്ലാക്ക്മെയിൽ ഭീഷണികളും വന്ന് ജനങ്ങൾ അടിമകളും ശിങ്കിടികളും ഏജന്റുമാരും ആയി പരിണമിച്ചേക്കാം. അവർ സാമ്രാജ്യത്തെ വളർത്താനുള്ള ചട്ടുകങ്ങളായി മാറ്റപ്പെടുന്നു.
ഇവിടെയും അനേകം ഗുരുക്കന്മാരും ആശ്രമങ്ങളും നല്ലതുണ്ടെന്നും നിങ്ങൾ ഓർക്കേണ്ടതാണ്.
ഉദാഹരണത്തിന്,
"റോസാപ്പൂവിനിടയിൽ മുള്ളുകളുണ്ടെന്നും മുള്ളുകൾക്കിടയിൽ റോസാപ്പൂവ് ഉണ്ടെന്നും പറയാം" ശ്രീബുദ്ധൻ അങ്ങനെ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ. പക്ഷേ, മുള്ളുകൾ അവിടെയുണ്ടെന്ന സത്യം അവശേഷിക്കുന്നു.
ഞാൻ ഇവിടെ നിങ്ങളെ ഓർമ്മപ്പെടുത്താൻ വന്നത് മറ്റൊരു ആശയമാണ് - നിങ്ങളുടെ ഗുരു നിങ്ങൾ തന്നെ!
ഓരോ ദിനവും രാവിലെ നാലിനും ആറിനുമിടയ്ക്ക് സ്വയം ധ്യാനിക്കാൻ ശ്രമിക്കുക. ആദ്യമൊക്കെ ബോറടിച്ചേക്കാം, അല്ലെങ്കിൽ ഒന്നും സംഭവിക്കുന്നതായി തോന്നില്ല. ക്രമേണ, നിങ്ങൾ സ്വയം മെച്ചപ്പെട്ടു വരുന്നത് അനുഭവിച്ച് അറിയാം. ആയതിനാൽ, നിങ്ങൾ ആൾദൈവങ്ങളെ ഗുരുവായി സ്വീകരിക്കരുത്!
Malayalam ebooks-545-yoga-14 pdf file- https://drive.google.com/file/d/1-qefllVMMpgEn8wvUWcA8CQBBiIkmS3g/view?usp=sharing
Comments