(547) എലിയും കപ്പയും
പണ്ട് സിൽബാരിപുരം ദേശത്ത് നല്ല രുചിയുള്ള മരച്ചീനി (കപ്പ ) കൃഷി ചെയ്തിരുന്നത് ഒരു ജന്മിയുടെ തോട്ടത്തിലായിരുന്നു. അവിടമാകെ കമ്പിവേലി കെട്ടി മൃഗങ്ങൾ കയറാതെ സൂക്ഷിച്ചു പോന്നു.
ഒരിക്കൽ, ഒരു പന്നിയെലി കപ്പയുടെ മണം പിടിച്ച് വേലിയുടെ അരികിലെത്തി. എങ്കിലും, അവന്റെ വണ്ണം കാരണം കമ്പികൾക്കിടയിലൂടെ കയറാൻ പറ്റിയില്ല. എലി അതിനൊരു വിദ്യ കണ്ടുപിടിച്ചു. മൂന്നു ദിവസം പട്ടിണി കിടന്ന് മെലിഞ്ഞപ്പോൾ അവന്റെ കുടവയറു കമ്പിയിലൂടെ കടന്നു പോയി. പിന്നെ, ഒരാഴ്ച മൂക്കറ്റം തിന്നു കൊതി തീർന്നു. പക്ഷേ, വീണ്ടും കുടവയർ പഴയ പോലെ ആയതിനാൽ തിരിച്ചിറങ്ങാൻ കഴിഞ്ഞില്ല. പിന്നെയും അവൻ നാലു ദിവസം പട്ടിണി കിടന്നു മെലിഞ്ഞു. എന്നിട്ട്, പുറത്തു വന്നു.
"ഛെ! ഞാൻ എന്തൊരു മണ്ടനാണ് ? ഒരാഴ്ച സുഖിച്ചു തിന്നാനായി ഒരാഴ്ച പട്ടിണി കിടന്നു നരകിച്ചിരിക്കുന്നു!"
ചിന്താശകലം - സുഖലോലുപതയിൽ മുങ്ങിക്കുളിക്കാനായി ചതി, വഞ്ചന, കൈക്കൂലി, അഴിമതി, പക്ഷാഭേദം, ചേരിതിരിവ് എന്നിവയിലൂടെ തടിച്ചു ചീർക്കുന്നവരെ കാത്ത് തത്തുല്യമായ നരകയാതനയും കാത്തിരിക്കുന്നു. ഒരു പക്ഷേ, ഈ ജന്മത്തിലോ അടുത്ത ജന്മത്തിലോ ആകാം അത്!
Malayalam digital books-547-folk tales-34 pdf file- https://drive.google.com/file/d/1-wPH2hH_g5roIdF4yGP_3RaP59ZUXGwk/view?usp=sharing
Comments
എലി മണ്ണു തുരന്നു പുറത്തുപോകുമല്ലോ