(551) കഴുതക്കച്ചവടം
സിൽബാരിപുരംദേശത്തെ അലക്കുകാരനായിരുന്നു കേശു. അലക്കിയ തുണികൾ തോളിൽ ചുമന്ന് ഓരോ വീട്ടിലും കൊടുക്കാനും മുഷിഞ്ഞ തുണി മേടിക്കാനും അയാൾ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ശരീരബലം അങ്ങനെ കുറഞ്ഞപ്പോൾ ഒരു കഴുതയെ വാങ്ങാമെന്നു തീരുമാനിച്ച് അടുത്തുള്ള പ്രഭുവിന്റെ മാളികയിലെത്തി.
"അങ്ങുന്നേ, ഇവിടെ ഒരുപാട് കഴുതകൾ ചുമട് വലിക്കുന്നുണ്ടല്ലോ. ദയവായി, എനിക്ക് അതിലൊന്നിനെ തന്നാൽ തുണി കൊണ്ടുപോകാൻ വലിയ സഹായമാകും"
പ്രഭു ഒരു നിമിഷം ആലോചിച്ചു -
"200 വെള്ളി നാണയം തന്നാൽ ഒരു കഴുതയെ തരാം"
ആ വില കേട്ട് കേശു ഞെട്ടി!
"അങ്ങുന്നേ, ഇപ്പോൾ എന്റെ കൈവശം 50 നാണയമേ ഉള്ളൂ. അതിൽ കൂടുതൽ തരാൻ എന്റെ കയ്യിൽ ഇല്ല"
പക്ഷേ, പ്രഭു ഒട്ടും ദയവു കാട്ടിയില്ല.
അന്നേരം, കേശു പറഞ്ഞു - "അങ്ങ് 50 കാശിന് എന്നെങ്കിലും എനിക്കു തരാൻ തോന്നിയാൽ സിൽബാരിപ്പുഴയുടെ അടുത്തുള്ള എന്റെ വീട്ടിൽ ഭൃത്യരെ വിട്ട് ദയവായി അറിയിക്കണം"
അതിനു ശേഷം, ഒരു മാസം കൂടി കഴിഞ്ഞപ്പോൾ പ്രഭുവിന്റെ ഒരു കഴുതയ്ക്ക് ദീനം പിടിപെട്ടു. അപ്പോൾ പ്രഭു വിചാരിച്ചു -ഇപ്പോൾ ദീനത്തിന്റെ തുടക്കമായതിനാൽ ആ അലക്കുകാരന് 50 കാശിനു കൊടുത്ത് ഇതിനെ കയ്യൊഴിയാം. അതിൻപ്രകാരം കേശുവിനെ വിളിച്ചു വരുത്തി കഴുതയുടെ കച്ചവടം നടത്തി.
കേശു വീട്ടിലെത്തി അതിനു തീറ്റിയും വെള്ളവും കൊടുത്തപ്പോൾ കഴുത മുഖം തിരിച്ചു. രോഗം ബാധിച്ച കഴുതയെ തനിക്കു നൽകി പ്രഭു വഞ്ചിച്ചിരിക്കുന്നു!
ഉടൻ, പ്രഭുവിന്റെ പക്കലെത്തി കേശു പരാതിപ്പെട്ടു. എന്നാൽ മറുപടി ഇപ്രകാരമായിരുന്നു -
"കഴിഞ്ഞു പോയ കച്ചവടക്കാര്യം ഞാൻ പിന്നീട് ഓർക്കാറില്ല. നിനക്കു പോകാം"
കേശു നിരാശയോടെ തിരികെ വീട്ടിലേക്കു നടന്നു. അന്നേരം പ്രഭു തന്റെ ഭൃത്യനോടു പറഞ്ഞു - "നമ്മുടെ ഒരു കഴുത കുറഞ്ഞതിനാൽ നീ നാളെ ചന്തയിൽ നിന്നും ലാഭത്തിൽ ഒരെണ്ണത്തിനെ വാങ്ങണം"
അടുത്ത പ്രഭാതത്തിൽ ചന്ത ദിവസമായ തിങ്കളാഴ്ച ആയതു കൊണ്ട് ചന്തയിൽ നല്ല തിരക്കുണ്ടായിരുന്നു. അതിനിടയിൽ കഴുതയുമായി നിന്ന് കേശു ഉറക്കെ വിളിച്ചു കൂവി - "വെറും ഒരു വെള്ളിക്കാശിന് ഈ കഴുതയെ സ്വന്തമാക്കാം. ഒരു വെള്ളിക്കാശു തന്ന് ഈ നറുക്കെടുപ്പിൽ വിജയിക്കുന്ന ഭാഗ്യശാലിക്ക് ഇതിനെ കൊണ്ടുപോകാം"
ഉടൻ, ആളുകൾ ഓരോ നാണയം ഏൽപ്പിച്ച് നറുക്കെടുപ്പിനായി നിന്നു. വെറും അര മണിക്കൂറിൽ 300 നാണയം കേശുവിനു കിട്ടി. നറുക്കെടുപ്പിൽ വിജയിച്ചത് പ്രഭുവിന്റെ ഭൃത്യനായിരുന്നു!
അവൻ മാളികയിൽ എത്തിയപ്പോൾ പ്രഭു ദേഷ്യം കൊണ്ട് പല്ലു ഞെരിച്ചു - "എടാ, മരമണ്ടാ, ഇത് ഞാൻ വിറ്റ കഴുത തന്നെയാണ്! നിന്നെ ആ അലക്കുകാരൻ പറ്റിച്ചിരിക്കുന്നു!"
ഭൃത്യൻ തിരികെ കേശുവിന്റെ അടുത്തു പരാതിപ്പെട്ടു. അപ്പോൾ മറുപടിയായി കേശു പറഞ്ഞു - "കഴിഞ്ഞു പോയ കച്ചവടക്കാര്യം ഞാൻ പിന്നീട് ഓർക്കാറില്ല എന്ന് പ്രഭുവിനോടു നീ പറയണം!"
താൻ പ്രഭുവിന്റെ പ്രതികാരത്തിന് ചിലപ്പോൾ ഇരയാകുമെന്ന് പേടിച്ച്, ഉടൻ തന്നെ അയൽദേശമായ കോസലപുരത്തേക്കു കേശു വേഗത്തിൽ നടന്നു.
ചിന്താശകലം - ശക്തിയെ ബുദ്ധികൊണ്ടു തോൽപിക്കുമ്പോൾ അതിനെ ബുദ്ധിശക്തിയെന്നു പേർ വിളിക്കാം. വായനക്കാർക്കും ബുദ്ധിയും യുക്തിയും ഉണരട്ടെ!
മലയാളം ഡിജിറ്റൽ പുസ്തക പരമ്പരയിലെ 551- നാടോടിക്കഥ-38
Malayalam ebooks-551-folk tales-38 pdf file- https://drive.google.com/file/d/105Sws0naKRT7QbHtTvm2-jhkxXz1bH8z/view?usp=sharing
Comments