(556) ഡെമസ്തനീസിന്റെ വിക്ക്!
ബി.സി. നാലാം നൂറ്റാണ്ടിൽ പ്രശസ്തനായ ഗ്രീക്ക് തത്വചിന്തകനും പ്രഭാഷകനുമാണ് ഡെമസ്തനീസ്. എന്നാൽ, അദ്ദേഹത്തിന്റെ കുട്ടിക്കാലം ദുരിതമായിരുന്നു. സംസാരിക്കുന്നതിലുള്ള തടസ്സമായിരുന്നു കുട്ടിയായിരുന്ന കാലത്ത് ഏറെ ബുദ്ധിമുട്ടിച്ചത്. വിക്കുള്ളതിനാൽ "വിക്കൻ" എന്ന് സഹപാഠികൾ കളിയാക്കിയിരുന്നു.
അങ്ങനെയിരിക്കെ, അവിചാരിതമായി വഴിയോരത്ത് ഒരു പ്രഭാഷകന്റെ പ്രസംഗം കേൾക്കാൻ ഇടയായി. അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് തന്റെ വിക്കിനെ മറികടക്കാനുള്ള പ്രയത്നം ആരംഭിച്ചു. വായിൽ കല്ലുകൾ നിറച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി. കടൽത്തീരത്ത്, ഉച്ചത്തിൽ തിരമാലയുടെ ഹുങ്കാര ശബ്ദത്തോട് ഏറ്റുമുട്ടുന്ന വിധത്തിൽ നിരന്തരമായി സംസാരിച്ചു. മാത്രമല്ല, തുടർച്ചയായി വാക്കുകൾ പറഞ്ഞുകൊണ്ട് കുന്നുകൾ കയറിയിറങ്ങി. ഇങ്ങനെ അനേകമായുള്ള വർഷങ്ങളുടെ പരിശ്രമത്താൽ ലോകം കണ്ട മികച്ചൊരു പ്രഭാഷകനായി ഡെമസ്തനീസ് മാറി.
ഈ പുതിയ കാലത്ത്, (2021) അമേരിക്കൻ പ്രസിഡന്റായ ജോ ബൈഡൻ വിക്കുള്ള ആളായിരുന്നു. ചെറുപ്പം മുതൽ സ്പീച്ച് തെറാപ്പി ചെയ്ത് തുടർച്ചയായി സംസാരം പരിശീലിച്ച് അദ്ദേഹവും പരിമിതികളെ മറികടന്നു.
ചിന്താശകലം: ഉപാധികൾ വയ്ക്കാത്ത കഠിനപ്രയത്നം കുറെ വർഷങ്ങൾ തുടർന്നാൽ മിക്കവാറും അസാധ്യ കാര്യങ്ങൾ സാധ്യമായി രൂപാന്തരപ്പെടും! എന്താ, ഇന്നു മുതൽ ശ്രമിക്കുകയല്ലേ?
Stammering of Demosthenes, stuttering, Greece, Greek philosopher, Joe Biden, Orator, speech, Malayalam eBooks-556-great stories-19 PDF file- https://drive.google.com/file/d/10Ua5sByJnCbuMADj6LjkkUqVnKTV_ePM/view?usp=sharing
Comments