(565) ചില ബസ് യാത്രകൾ
ബിനുമോൻ പതിവു പോലെ ജോലിക്കു പോകാനായി കോട്ടയം ട്രാൻസ്പോർട്ട് സ്റ്റേഷനിൽ വന്നു നിന്ന ബസിലേക്കു ചാടിക്കയറി. മിക്കവാറും സീറ്റുകളും കാലിയാണ്. ഒരു സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങിയപ്പോൾ അതിൽ കറുത്ത തടിയൻ പഴ്സ് കിടക്കുന്നു.
ഉടൻ, അവൻ വിളിച്ചു കൂവി - "ആരുടെയാണ് പഴ്സ് ? ഇവിടെ ഒരു പഴ്സ് കിടക്കുന്നു"
വേഗം, കണ്ടക്ടർ അങ്ങോട്ടു വന്നു.
"ആരുടെയാ അത്?"
പെട്ടെന്ന്, പിറകിലിരുന്ന ആൾ വേഗം ആ പഴ്സുമായി വലതു വശത്ത് സ്റ്റാർട്ടായി നിൽക്കുന്ന തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിനുള്ളിലേക്ക് ഓടിക്കയറി ഉടമസ്ഥനെ ഏൽപ്പിച്ചു. തിരികെ വന്ന് ബസിൽ കയറി. ഈ ബസിൽ കോട്ടയം വരെ യാത്ര ചെയ്ത ആളിനെ ഓർത്തതു കൊണ്ട് അയാൾക്ക് അങ്ങനെ സഹായിക്കാൻ പറ്റി.
മറ്റൊരു ദിനം - ഇതേ ബസിൽ രാവിലെ ബിനുമോൻ പോകുമ്പോൾ ഒരു യാത്രക്കാരനും കണ്ടക്ടറും തമ്മിൽ കശപിശ!
ഒരു രൂപ ബാക്കി യാത്രക്കാരന് കിട്ടാനുണ്ട്. പക്ഷേ, കണ്ടക്ടറിന്റെ കയ്യിൽ നിറയെ രണ്ട്, അഞ്ച്, പത്ത് നാണയങ്ങളാണ്. ഒരു രൂപയില്ല.
"ഇയാള് ഒരു രൂപ തന്നാൽ ഞാൻ രണ്ടു രൂപ തരാം. യാത്രക്കാര് തരാതെ ഞാൻ എവിടുന്ന് ചില്ലറ തരാനാ?"
യാത്രക്കാരനും വിട്ടു കൊടുത്തില്ല - "കൃത്യം ചില്ലറയും കയ്യിൽ പിടിച്ച് എനിക്ക് യാത്ര ചെയ്യാൻ പറ്റുവോ?"
കുറച്ചു കഴിഞ്ഞപ്പോൾ സംസാരം വല്ലാതെ ചൂടായി.
ഉടൻ, ബിനുമോൻ ബാഗിൽ തപ്പി ഒരു രൂപയുടെ നാണയം രണ്ടെണ്ണം എടുത്ത് പകരം രണ്ടു രൂപയുടെ ഒരു നാണയം കണ്ടക്ടറിൽ നിന്നും വാങ്ങി.
പിന്നെയാണ് അതിലും വിചിത്രമായ കാര്യം കേട്ടത്!
യാത്രക്കാരൻ പിന്നെയും തട്ടിക്കയറി - "ചില്ലറ ഈ കണ്ടക്ടർ തരട്ടെ. താൻ എന്തിനാ ഇയാളെ സഹായിക്കാൻ പോകുന്നത്?"
അതൊട്ടും വകവയ്ക്കാതെ കണ്ടക്ടർ ഒരു രൂപ ബലമായി കയ്യിലേക്കു വച്ചു കൊടുത്തിട്ട് അവിടുന്നു മാറി. അന്നേരവും കണ്ടക്ടറെ തോൽപ്പിക്കാൻ പറ്റാത്തതിൽ നിരാശനായി യാത്രക്കാരൻ പിറുപിറുക്കുന്നുണ്ടായിരുന്നു.
ചിന്താവിഷയം - നമ്മുടെ ജീവിത പാതയിൽ പലതരം പ്രശ്നങ്ങളെ പരിഹരിക്കാനും സഹായ ഹസ്തം നീട്ടാനും നമുക്കു കഴിയും. എന്നാലും ആളുകളുടെ പ്രതികരണം പല വിധത്തിലായേക്കാം.
Malayalam eBooks-565 as PDF file-https://drive.google.com/file/d/11PMcLnD66G5A2QS4N9QqV52fa9XDBdct/view?usp=sharing
Comments