(567) രാത്രിയോട്ടം!
ബിനീഷിന്റെ സുഹൃത്തായ ശ്യാമിന്റെ മകൻ കാനഡയ്ക്കു പോകുന്ന വിവരം പറയാൻ വിളിച്ചു. അവരുടെ സംസാരത്തിനിടയ്ക്ക് അർദ്ധരാത്രിയിൽ ഏതു വാഹനത്തിലാണ് എയർപോർട്ടിൽ വിടുന്നത് എന്നുള്ള ചോദ്യത്തിനു മറുപടിയായി അയാൾ പറഞ്ഞു -
"നീ അറിയുന്ന ആളാണ്. നിന്റെ ജൂനിയറായി പഠിച്ച റീന കുവൈറ്റിലാണല്ലോ. അവളുടെ ഹസ്ബന്റ് പുതിയൊരു സിഫ്റ്റ് ഡിസയർ എടുത്തു. അതു വിളിക്കാമെന്ന് വിചാരിച്ചു. അവനോടു പറഞ്ഞില്ല"
ബിനീഷ് ചോദിച്ചു - "അവർ രണ്ടു നില വീടൊക്കെ പുതിയത് വച്ചല്ലോ. അയാൾ ടാക്സിയോടുന്നത് നാണക്കേടല്ലേ?"
ശ്യാം ചിരിച്ചു - "ഏയ്, ഇത് ടാക്സിയൊന്നുമല്ല. പ്രൈവറ്റാണ്. കള്ളയോട്ടമാണ്"
അതു കേട്ടപ്പോൾ ബിനീഷ് ചെറുതായി ബോധവൽക്കരിക്കാൻ ശ്രമിച്ചു -
"കോട്ടയം തിരുനക്കര സ്റ്റാൻഡിൽ ഈ പൊരിവെയിലത്ത് എത്ര കാറാണ് ഓട്ടമൊന്നും ഇല്ലാതെ കിടക്കുന്നത് ? അവരാണെങ്കിൽ ടാക്സി പെർമിറ്റിന് രൂപ അടയ്ക്കുന്നതല്ലേ?"
ശ്യാം അത് നിസ്സാരമായി തള്ളിക്കളഞ്ഞു മൊഴിഞ്ഞു -
"ഓ..എനിക്കിപ്പോ ആരായാലെന്താ. എയർപോർട്ടിൽ ടൈമിൽ ചെല്ലണം. അത്രയേ ഉള്ളൂ"
കുടം കമഴ്ത്തിവച്ച് വെള്ളം ഇനിയും ഒഴിക്കുന്നതിൽ യാതൊരു കാര്യവുമില്ലെന്ന് ബിനീഷിനു മനസ്സിലായതിനാൽ പിന്നീട് ഒന്നും പറയാൻ പോയില്ല.
ചിന്താവിഷയം - സാധാരണയായി ഇത്തരം രാത്രി യാത്രകളിലും ടൂർ പോകുമ്പോഴും ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ വരുത്തിയിരിക്കുന്നത് ടാക്സി ഡ്രൈവർമാരേക്കാൾ സ്വന്തം വാഹനയാത്ര ചെയ്യുന്നവരാണ്. കാരണം - പരിചയമില്ലാത്ത വഴികൾ, വൺവേ തെറ്റി വണ്ടികൾ കയറി വരാനുള്ള സാധ്യത, റിസ്ക് കൂടുതലുള്ള ഇടങ്ങൾ, കുഴികൾ, ചെരിവുകൾ എന്നിവ ടാക്സികൾക്ക് സ്ഥിരമായ യാത്രകളിലൂടെ മുൻപരിചയമുണ്ടാകും. അവരെ ഒഴിവാക്കി രൂപ ലാഭം നോക്കിയാൽ അബദ്ധമാകാം!
ഇവിടെ ഒരു കാര്യത്തെ സാത്വികമായും രജസികമായും തമസികമായും നമുക്കു ചെയ്യാനാകും. ആരും നമ്മെ തടയാനൊന്നും വരില്ല. ചിലപ്പോൾ നല്ല കാര്യം ഏതെന്ന് ഒന്നു സൂചിപ്പിക്കാൻ പോലും ആരും വരില്ല!
Malayalam eBooks-567 - Nanma - 29 PDF file-https://drive.google.com/file/d/1REg7k-lU4et3vn2h-F-ZXmM3k3jVxkyU/view?usp=sharing
Comments