(568) ഉപകാര സ്മരണ!
കോട്ടയം ജില്ലയിലെ 16 വർഷത്തെ സ്വകാര്യ ആശുപത്രി ജോലിക്കുശേഷം ഒരു സ്ത്രീ കഴിഞ്ഞ മാസം വിരമിച്ചു. അതായത്, ആ സ്ത്രീ തന്റെ ജോലിക്കാലം പൂർത്തിയാക്കി റിട്ടയർ ചെയ്തു.
ഓ... അതിൽ എന്താ ഇത്ര കാര്യം? വലിയ കാര്യമൊന്നുമില്ല. എന്നാൽ, അത്ര ചെറുതല്ലാത്ത ഒരു കാര്യമുണ്ടുതാനും. നമുക്ക് 16 വർഷം പിറകിലേക്കു പോകാം.
ബിനീഷിന്റെ ഭാര്യ ലാബ് ടെക്നീഷൻ കോഴ്സ് പഠിച്ച പ്രൈവറ്റ് ഹോസ്പിറ്റലിൽ സ്ഥിരമായ ജോലി ഒഴിവുണ്ടെന്നും വരണമെന്നും പറയാൻ അവളെ HR ൽ നിന്നും വിളിച്ചു. അവൾ ജോലിക്കു പോകുന്നില്ലെന്ന് വിസമ്മതം അറിയിച്ചു.
അപ്പോഴാണ് ഈ ദമ്പതികൾ മറ്റൊരു കാര്യം ആലോചിച്ചത്. അടുത്ത ബുധനാഴ്ചത്തെ മനോരമ പത്രത്തിൽ ഇതിനുള്ള പരസ്യം ഇടും. ആർക്കെങ്കിലും ജോലി കിട്ടും. എന്നാൽ, പരിചയമുള്ള സുഹൃത്തുക്കളിൽ ആരെങ്കിലും ജോലി ഏറ്റവും അത്യാവശ്യമായി നിൽക്കുന്നുണ്ടെങ്കിൽ?അപ്പോൾ ഭാര്യ പറഞ്ഞു - "എന്റെ സീനിയറായി പഠിച്ച ചേച്ചി അവരുടെ കൊച്ചിനു ഏതോ രോഗം വന്നപ്പോൾ പണ്ട് അവിടെ നിന്നും പോയി. പക്ഷേ, ഇപ്പോൾ ജോലി തിരക്കി നടക്കുന്നെന്ന് കേട്ടു"
"അല്ലെങ്കിലും ഗ്യാപ് വന്നാൽ പിന്നെ ആരും എടുക്കില്ല"
അയാൾ പൊതു തത്വം വിളമ്പി.
ഉടൻ തന്നെ, അവൾ ആശുപത്രിയിൽ ജോലി ചെയ്യുന്ന കൂട്ടുകാരിയെ വിളിച്ച് ആ സ്ത്രീയുടെ നമ്പർ വാങ്ങി. ഒട്ടും സമയം കളയാതെ അവരെ വിളിച്ചപ്പോഴുണ്ട് ഒരു വിചിത്രമായ കാര്യം - ഫോണെടുത്തത് ബസിലിരുന്ന്. ഒരു ചെറിയ ലാബിൽ നിസ്സാര ശമ്പളത്തിനുള്ള ഇതേ ജോലിക്ക് ഇന്റർവ്യൂവിന് പോകുകയാണ്! ഹോസ്പിറ്റലിന്റെ പേരു കേട്ട മാത്രയിൽ പെട്ടെന്ന് അടുത്ത സ്റ്റോപ്പിൽ ബസിറങ്ങി. വേറെ ബസിൽ കയറി അവിടെത്തി അന്നു തന്നെ ജോലിയിൽ കയറി!
ഇനി പറയുന്ന കാര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ജോലി കിട്ടിയെന്ന് പറയാനുള്ള സന്മസ്സ് ആ സ്ത്രീ കാട്ടിയില്ലെന്നു മാത്രമല്ല, ഇപ്പോൾ വിരമിച്ചപ്പോൾ വരെ ഒരിക്കലും ഈ ദമ്പതികളെ വിളിച്ചിട്ടില്ല!
ചിന്താവിഷയം - മനുഷ്യൻ എന്നത് ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത വിചിത്രമായ പലതരം ചിന്താഗതികളുടെ ഉടമയാണ്. അതിൽ ഒരെണ്ണം മാത്രമാകുന്നു നന്ദികേട്!
Malayalam eBooks-568-kadappadu-19-PDF File-https://drive.google.com/file/d/1pm-DMNHoaQ3PkwLIvyqFIaKcW5G1XhrV/view?usp=sharing
Comments