(569) സഭയുടെ ചൊറിച്ചിൽ
ബിനീഷ് റോമൻ കത്തോലിക്കാ സഭയിലെ അംഗമാണ്. ബിനീഷിനു പരിചയമുള്ള മറ്റൊരു ക്രിസ്തീയ സഭാംഗമായ അങ്കിളുണ്ട്. അയാൾ കത്തോലിക്ക സഭയെ കുറ്റം പറയാൻ വലിയ ഉൽസാഹം കാട്ടാറുണ്ട്.
ഒരിക്കൽ പറഞ്ഞു- "നിങ്ങളൊക്കെ എന്തിനാണ് യേശുവിനോടു നേരിട്ടു പ്രാർഥിക്കാതെ പുണ്യവാളന്മാരോടു പ്രാർഥിക്കുന്നത്?"
"അങ്കിളേ, യേശുവും മനുഷ്യനായിട്ടാണ് ഈ ഭൂമിയിൽ പിറന്നത്. വിശുദ്ധിയോടെ ജീവിച്ചവരോടു പ്രാർഥിച്ചാലും തീർച്ചയായും ഗുണം കിട്ടും. എനിക്ക് ഒരുപാട് കാര്യസാധ്യങ്ങൾ കിട്ടിയിട്ടുണ്ട്"
അതിനു മറുപടിയായി പരിഹാസഭാവം അയാളുടെ മുഖത്തു വിരിഞ്ഞു - "ഓ, അതായിരിക്കും നിങ്ങള് യേശുവിന്റെ അമ്മയോടു പ്രാർഥിക്കുന്നത്"
"അങ്കിളേ, അത്രയ്ക്ക് നല്ല ഒരു അമ്മയ്ക്ക് ആയിരിക്കുമല്ലോ ഇത്രയും നല്ലൊരു മകൻ പിറക്കുക! അതിൽ എന്താ തെറ്റുള്ളത്?"
മറ്റൊരിക്കൽ അയാൾ വിമർശിച്ചു - "നിങ്ങളുടെ സഭക്കാര് മറ്റുള്ള സഭക്കാർക്കു വേണ്ടി പ്രാർഥിക്കാറില്ല"
"അങ്കിളേ, മറ്റുള്ളവരുടെ കാര്യം അറിയില്ല. പക്ഷേ, ഞാൻ മതമൊന്നും നോക്കാതെ
അത്യാവശ്യമുള്ളവർക്കു വേണ്ടി പ്രാർഥിക്കാറുണ്ട്"
അയാൾ ജയിക്കാൻ വേണ്ടി കഴിഞ്ഞ പത്തു വർഷങ്ങളിൽ പല നമ്പരുകളും ഇറക്കി പല തവണ ജയിച്ചിട്ടുണ്ട്. കാരണം, പത്രവാർത്തകളിലും കേസുകളിലും കോടതിവിധികളിലും മറ്റും ബിനീഷ് നാക്കിട്ടടിക്കാൻ പോയതുമില്ല.
വർഷങ്ങൾ വീണ്ടും മുന്നോട്ടു പോയി. കഴിഞ്ഞ മാസം, അയാളെ ഒരു സൂപ്പർ മാർക്കറ്റിൽ വച്ചു കണ്ടപ്പോൾ ഒഴിഞ്ഞു മാറിയതുപോലെ ബിനീഷിനു തോന്നി. അതിൽ എന്തോ പന്തികേടു തോന്നുകയും ചെയ്തു.
രണ്ടു ദിവസം മുൻപ്, അങ്കിളിന്റെ ബന്ധുവാണ് ആ കാര്യം ബിനീഷിനോടു പറഞ്ഞത് - അങ്കിളിന്റെ ഇളയ മകൾ നഴ്സിങ് കോഴ്സ് ബംഗളൂരു പഠിച്ച സമയത്ത്, ഒരുവനുമായി പ്രണയത്തിലായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ്, മകൾക്കു നഴ്സായി അയർലൻഡിൽ ജോലി കിട്ടി. സ്വന്തമായി വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ അവൾ പ്രണയ വിഷയം ധൈര്യസമേതം അങ്കിളിന്റെ വീട്ടിൽ അവതരിപ്പിച്ചു.
പിന്നീട്, അപ്പനും മകളും യുദ്ധം ആരംഭിച്ചു. അയാൾ പല്ലും നഖവും ഉപയോഗിച്ച് എതിർക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു - പയ്യൻ റോമൻ കത്തോലിക്കനാണ്! അയാൾക്ക് സ്വന്തം സഭക്കാരനെ മതിയത്രെ! പക്ഷേ, മകളുടെ പിടിവാശിക്കു മുന്നിൽ അയാൾ മുട്ടുമടക്കി വിവാഹവും ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. ഇനി എങ്ങനെയാണ് പഴയ തരം കുറ്റങ്ങൾ വിളമ്പുന്നത്? കാലം കാത്തുവച്ച നീതി!
മലയാളം ഡിജിറ്റൽ ബുക്ക്- 569-PDF file-https://drive.google.com/file/d/13geqJAnR2Icj_WiFhGrmdM9vmkSW88Rq/view?usp=sharing
Comments