(570) നഴ്സിങ് ജോലി
ബിനീഷിന്റെ ചേച്ചി യു.എസ് ഗവൺമെന്റ് ഹോസ്പിറ്റലിലെ സീനിയർ നഴ്സാണ്. ഗവൺമെന്റ് വക ഒരു ഹോസ്പിറ്റൽ സോണിന്റെ ഇന്റർവ്യൂ ബോർഡിൽ അംഗമായിട്ട് ഏതാനും വർഷങ്ങളായി.
മഹാമാരി കാലത്ത്, അമേരിക്കയിൽ അനേകം ആളുകൾ മൃതിയടഞ്ഞു. ഭൂരിഭാഗവും ഡെൽറ്റ വകഭേദമാണ് നാശം വിതച്ചത്. അതു പിന്നിട്ട്, വകഭേദം മാറി ഒമിക്രോൺ വരുന്ന സമയം. വിമാന സർവീസുകൾ വളരെ ചുരുക്കമായി മാത്രമേ തുടങ്ങിയിട്ടുള്ളൂ.
ഒരു ദിവസം, വെളുപ്പിന് ചേച്ചി ഫോൺ ചെയ്തു - "ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് വാക്സിൻ സെക്ഷനിലേക്ക് അർജന്റായി ഒരു നഴ്സിനെ വേണം. ബി.എസ്.സിയും റജിസ്ട്രേഷനും മതി. ഫീസ് ഒന്നുമില്ല. ടിക്കറ്റ് ചാർജ് മാത്രം മതി. അതും ഇവിടെ വരുമ്പോൾ റീഫണ്ട് ചെയ്യും. ഇന്നുതന്നെ അവരോട് കോൺടാക്റ്റ് ചെയ്യാൻ പറയണം"
ഉടൻ, ബിനീഷ് തികച്ചും ന്യായമായ ഒരു സംശയം ചോദിച്ചു - "അവിടത്തന്നെയുള്ള കൂട്ടുകാരുടെ അനിയത്തിമാരൊക്കെ കാണില്ലേ? പിന്നെ, ഞാനെന്തിനാ വെറുതെ"
അവൾ പറഞ്ഞു - "അതു വളരെ എളുപ്പമാണ്. പക്ഷേ, ഒരു ഫ്രണ്ടിനെ സഹായിച്ചാൽ മറ്റുള്ളവർ പിണങ്ങും. ഞാനെന്തിനാ വെറുതെ ആൾക്കാരുടെ മുഷിച്ചിൽ സമ്പാദിക്കുന്നത് ? ഞാനിത് ചേതമില്ലാത്ത ഉപകാരം ചെയ്യാന്നു വച്ചതാ. ഒരു മലയാളിക്ക് കിട്ടട്ടെന്നു വച്ചു. അല്ലെങ്കിൽ നാളെ രാവിലെ ഒരു വെളുമ്പിയെ (യു.എസ് സ്വദേശി) എടുക്കും"
"ഓ, അതു ശരിയാണല്ലോ. ഓകെ. ഞാൻ ഇന്നുതന്നെ ഒരാളെ ശരിയാക്കാം"
ഫോൺ വച്ചു കഴിഞ്ഞപ്പോഴാണ് ഓർത്തത് ഈ പ്രശ്നം തനിക്കും ബാധകമാണല്ലോ. കാരണം, ബന്ധുക്കളിൽ നഴ്സുമാർ അഞ്ചു പേരെങ്കിലും ഉണ്ടല്ലോ.
അതിനാൽ, അവൻ മറ്റൊന്നു തീരുമാനിച്ചു - റിലേറ്റീവ്സിനെ ഒന്നും വേണ്ട. കാരണം, ഇത് കുടുംബം സാമ്പത്തികമായി വൻ കുതിപ്പ് നേടുന്ന കാര്യമാണ്. ഈ കാര്യം മറ്റുള്ളവർ അറിയുമ്പോൾ മുറുമുറുപ്പ് ഉണ്ടാകാം.
പെട്ടെന്ന്, പഴയ കാല സുഹൃത്തിന്റെ ഫേയ്സ്ബുക്ക് ഫോട്ടോ ഓർമ്മ വന്നു. അടുത്തിടയ്ക്ക് അവന്റെ മകൾ നഴ്സിങ്ങിന് എന്തോ മെഡൽ കിട്ടിയത്?
ഒട്ടും സമയം വൈകിയില്ല. അവനെ വിളിച്ചു. കാര്യങ്ങളെല്ലാം പറഞ്ഞു.
"ഞാൻ ഇന്ന് ഉച്ചകഴിഞ്ഞ് നിന്നെ വിളിക്കാം. സി.വിയും ഡോക്യുമെന്റ്സും മെയിൽ ചെയ്യാം " എന്നെല്ലാം സുഹൃത്ത് മറുപടിയും പറഞ്ഞു.
വൈകുന്നേരം നാലുമണി കഴിഞ്ഞപ്പോൾ യാതൊരു അനക്കവും കാണാതെ വന്നപ്പോൾ ബിനീഷ് വിളിച്ചു. സുഹൃത്ത് ഫോൺ എടുക്കുന്നില്ല. വേറെ ഏതെങ്കിലും നഴ്സിനെ വിളിച്ചാലോ? ഒരാളോടു പറഞ്ഞു പോയതിനാൽ ഇനി അതു പറ്റില്ല. അവസാനനിമിഷം ആദ്യത്തെ കുട്ടി ഡോക്യുമെൻസ് തന്നാൽ പിന്നെ കുഴപ്പമാകും.
യു.എസിലെ പ്രഭാതമായപ്പോൾ (ഇവിടെ രാത്രിയിൽ ) ചേച്ചി വിളിച്ചു അപ്പോൾ അവൻ പറഞ്ഞു - "ഒരുത്തൻ ഡീൽ ചെയ്യാമെന്നു പറഞ്ഞിട്ട് പിന്നെ അവന്റെ അനക്കമില്ല"
"ഓ. ഇറ്റ്സ് ഓകെ. ആറുമാസം മുൻപു നടന്ന സെലക്ഷൻ പാനലിൽ നിന്ന് ഏതെങ്കിലും ഇവിടത്തുകാരി ഇന്ന് കയറിക്കോളും"
പക്ഷേ, ബിനീഷിന് ഇത് കുറച്ചു നൊമ്പരമുണ്ടാക്കി എന്നുള്ളതാണു വാസ്തവം. കാരണം, അവൻ പലരെയും ജോലിയിൽ കയറാൻ സഹായിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ മാസ ശമ്പളം അഞ്ചു ലക്ഷം വരുന്ന മഹത്തായ സംരംഭം പൊളിഞ്ഞു പോയല്ലോ. അതിന്റെ പുണ്യവും വെള്ളത്തിലായി.
പിന്നീട്, ഏകദേശം മൂന്നു മാസം പിന്നിട്ടപ്പോൾ കോട്ടയത്തുള്ള ജോയി മാളിൽ ചില സാധനങ്ങളും വാങ്ങി ഇറങ്ങവേ, ഈ കഥയിലെ സുഹൃത്തിന്റെ ഭാര്യ എതിരെ നടന്നു വരുന്നു!
"നിങ്ങളെന്തു പണിയാണു കാണിച്ചത് ? മോളെ യുഎസിനു വിടാൻ താൽപര്യമില്ലെങ്കിൽ അത് അന്നു തന്നെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ വേറെ ആരെയെങ്കിലും നോക്കില്ലായിരുന്നോ?"
അല്പം നീരസത്തോടെ ചോദിച്ചതിനാൽ ആ സ്ത്രീ മടിച്ചു മടിച്ച് പറഞ്ഞു - "ഞാൻ അന്ന് ചേട്ടനോട്ടു ആകുന്നത്ര പറഞ്ഞതാണ്, ബിനീഷ് നല്ല കാര്യമല്ലെങ്കിൽ ഇടപെടില്ലെന്ന്. അന്നേരം, മോളും അപ്പനും പറഞ്ഞു നിങ്ങളുടെ കുടുംബക്കാര് കുറെ നഴ്സുമാരുണ്ടല്ലോ. ഇതിൽ എന്തെങ്കിലും പ്രശ്നം കാണും അല്ലെങ്കിൽ പിന്നെന്തിനാണ് വെറുതെക്കാരായ ഞങ്ങളോടു പറഞ്ഞതെന്ന്"
ബിനീഷ് പറഞ്ഞു - "എങ്കിൽ, അക്കാര്യം നേരേ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ വേറൊരു മലയാളിക്കുടുംബം രക്ഷപെട്ടേനെ. ആ ഒറ്റ ദിവസം കൊണ്ട് ഒരു യു.എസുകാരി ജോലിക്കുകയറി"
ചിന്താശകലം - ജീവിതത്തിലെ പല സന്ദർഭങ്ങളിലും സമയത്തിന് അമൂല്യമായ വിലയുണ്ട്. കൃത്യമായ സമീപനവും മറുപടിയും കൊടുത്താൽ സേവനത്തിന്റെ പല പുതിയ വാതിലുകളും തുറക്കുമെന്നുള്ളത് വാസ്തവമാണ്.
Comments