(572) സ്കൂൾ ആനിവേഴ്സറി
ബിനീഷിന്റെ ഭാര്യയുടെ (റീന) എൽ.പി.സ്കൂൾ കാലത്തെ ഒരു കഥ.
നാലാം തരം വരെയുള്ള പഠനത്തിനിടയിൽ ആ കുട്ടി പഠിക്കാനും ചെറിയ കലാ കായിക മൽസരങ്ങൾക്കുമെല്ലാം ഒന്നാമതായി. സ്കൂൾ വാർഷികം (ആനിവേഴ്സറി ) മാത്രമായിരുന്നു അക്കാലത്തെ വലിയ പരിപാടിയായി സ്കൂളിൽ ഉണ്ടായിരുന്നത്.
അന്ന്, മാതാപിതാക്കളും പരിസരവാസികളും എല്ലാം വരുന്ന ദിവസമാണ്. പഠിക്കുന്ന കുട്ടികൾക്ക് ഗമ കാണിക്കാൻ പറ്റുന്ന ദിനം. മാത്രമല്ല, കലാപരിപാടികൾക്കു ചേരുന്നവർക്കും ഗ്ലാമർ പരിവേഷമുണ്ട്. അങ്ങനെ ആ ദിനം വന്നെത്തി. അടുത്ത തിങ്കളാഴ്ചയാണു പരിപാടികൾ.
പക്ഷേ, അതിനു മുൻപ്, റീനമോളുടെ അപ്പനെ അത്യാവശ്യമായി ഹെഡ്മിസ്ട്രസ് വിളിപ്പിച്ചു. വളരെ ബഹുമാനത്തോടെ അവർക്കു മുന്നിൽ കൈകൂപ്പിയപ്പോൾ ഇരിക്കാൻ പറഞ്ഞു. പിന്നെ കാര്യം അവതരിപ്പിച്ചു.
"ഇത്തവണയും ക്ലാസിൽ ചേട്ടന്റെ മോളു തന്നെയാണ് ഒന്നാമത്. പക്ഷേ, ഒരു പ്രശ്നമുണ്ട്. ഇവിടത്തെ പാർട്ടിക്കാരൻ കുമാറിന്റെ മകൾക്ക് ഇത്തവണയെങ്കിലും ബെസ്റ്റ് ഔട്ട് ഗോയിങ്ങ് സ്റ്റുഡന്റ് അവാർഡ് കൊടുത്തില്ലെങ്കിൽ പ്രശ്നമാകും. കഴിഞ്ഞ ആനിവേഴ്സറി കഴിഞ്ഞ് അയാൾ എന്നെ കാണാൻ വന്നിരുന്നു"
ഇവിടെ മുഴുവനാക്കും മുൻപ് റീനയുടെ പപ്പ ഇടപ്പെട്ടു - "എന്റെ മോള് കഷ്ടപ്പെട്ടു പഠിച്ചു തന്നെയാണ് മൂന്നിലും നാലിലും ഒന്നാമതായത്. അയാൾടെ മകളോടു കൂടുതൽ മാർക്ക് മേടിക്കരുതെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലല്ലോ"
"ഏയ്, അതല്ല പ്രശ്നം. നമ്മുടെ സഭയുടെ ആൾക്കാർക്ക് മാർക്ക് കൂട്ടി കൊടുക്കുന്നു എന്നുള്ളതാണ് ആരോപണം"
പപ്പ പറഞ്ഞു - "ടീച്ചർ എന്താണെന്നു വച്ചാൽ ചെയ്യ് "
അന്നേരം , ടീച്ചർ അത് സാധൂകരിക്കാൻ ഒന്നു കൂടി പറഞ്ഞു - " അവന്റെ പാർട്ടിയെ പിണക്കിയാൽ ഈ സ്കൂൾ വരെ കത്തിക്കുന്ന കൂട്ടരാണ് !"
അങ്ങനെ, അവാർഡും മെഡലും കുമാറിന്റെ കുട്ടിക്ക് കൊടുക്കുകയും ചെയ്തു.
ഈ കാര്യം പക്ഷേ, റീന മോൾക്ക് വല്ലാതെ ഫീൽ ചെയ്തു. തന്റേതല്ലാത്ത കാരണത്താൽ ഒരു ദിനം മുഴുവൻ കരച്ചിലായിരുന്നു. അവളുടെ തലയിൽ പാർട്ടിക്കാര്യമൊന്നും കയറിയതുമില്ല!
ചിന്താവിഷയം - സ്വന്തം കാര്യം നേടാനായി നാം വളഞ്ഞ വഴികളും സൂത്രവിദ്യകളും പ്രയോഗിക്കുമ്പോൾ പലർക്കും വേദനയും നീറ്റലും ശാപവുമൊക്കെ വന്നെന്നിരിക്കും!
Malayalam eBooks - 572 - Thinma -31 PDF file -https://drive.google.com/file/d/1cmlIJfAB__ykrK5zzwae5YWHMTXnHBPK/view?usp=drivesdk
Comments