(578) അടിമയും സിംഹവും
ആൺഡ്രോക്കിൾ എന്നു പേരുള്ള ഒരു അടിമയ്ക്ക് യജമാനന്റെ ശിക്ഷകളെ വല്ലാത്ത പേടിയായിരുന്നു. അതു ഭയന്ന് അവൻ ഒരു ദിവസം കാട്ടിലേക്ക് ഒളിച്ചോടി.
കാട്ടിലൂടെ പോകുമ്പോൾ ഒരു സിംഹം ഞരങ്ങുന്നത് അവൻ കണ്ടു. കാട്ടുവള്ളികളിൽ കുടുങ്ങിയ അതിന്റെ കാലിൽ വലിയ മുള്ളു തറച്ചിട്ടുണ്ടായിരുന്നു.
അടിമ രണ്ടും കല്പിച്ച് മുള്ളു വലിച്ചൂരി കാട്ടുവള്ളികൾ മുറിച്ചു മാറ്റി സിംഹത്തെ രക്ഷിച്ചു. അതിനുള്ള നന്ദിയായി സിംഹവും അവനും ഒരു ഗുഹയിൽ താമസിച്ചു. അവനുള്ള ആഹാരമായി സിംഹം വേട്ടയാടി പിടിച്ച മാംസം പങ്കിടുകയും ചെയ്തു.
പിന്നീട്, അടിമയുടെ യജമാനൻ പരാതിപ്പെട്ടത് അനുസരിച്ച് രാജാവിന്റെ ഭടന്മാർ ആൺഡ്രോക്കിളിനെ പിടിച്ചു കെട്ടി സിംഹത്തിനു മുന്നിൽ എറിയാൻ തീരുമാനമായി. അതിനായി ഗുഹയിൽ ഒളിച്ചിരുന്ന സിംഹത്തേയും അവർ വലയിലാക്കിയിരുന്നു.
ശിക്ഷ നടപ്പാക്കാനുള്ള ദിവസം വന്നു ചേർന്നു.
വിശന്നു വലഞ്ഞ സിംഹം അടിമയുടെ അടുക്കലേക്ക് അലറിയടുത്തെങ്കിലും തന്റെ രക്ഷകനെ കണ്ട സിംഹം അവനെ സ്നേഹത്തോടെ തൊട്ടുരുമ്മിയതേ ഉള്ളൂ.
ഈ അത്ഭുതം കണ്ട് രാജാവ് വിവരങ്ങൾ തിരക്കി സത്യാവസ്ഥ അറിഞ്ഞു. പിന്നീട്, അടിമയെയും സിംഹത്തേയും മോചിപ്പിച്ചു.
ഗുണപാഠം - നന്ദി എന്നുള്ളത് മഹത്തായ കാര്യമാണ്. അത് ചെയ്യുന്നവർ മഹാന്മാരും!
Malayalam eBooks-578- Aesop stories- 7 PDF file -
https://drive.google.com/file/d/1njFMODnwNFafz9exayVDKOxNWFRE_rsF/view?usp=drivesdk
Comments