(583) പ്രഭുവിന്റെ വളർത്തു നായ
പ്രഭുവിന്റെ വളർത്തുനായയ്ക്ക് പകൽ സമയത്ത്, അലഞ്ഞുതിരിഞ്ഞു നടക്കാൻ അനുവാദമുണ്ട്. അവൻ അങ്ങനെ നടക്കവേ, ഒരു ദിവസം - കാട്ടിൽ നിന്നും നാട്ടിലേക്ക് എത്തി നോക്കിയ ചെന്നായയെ കണ്ടു.
" ഏയ്, ചങ്ങാതീ നീ മെലിഞ്ഞ് എല്ലും തോലുമായല്ലോ. എന്റെ കൂടെ പോന്നോളൂ. യജമാനൻ എനിക്ക് എല്ലാ നേരവും യഥേഷ്ടം പോത്തിറച്ചി തരും. അതുതന്നെ നിനക്കും ഞാൻ ശരിയാക്കിത്തരാം"
ചെന്നായയുടെ വായിൽ വെള്ളമൂറി - "ഹാവൂ. വേട്ടയ്ക്കു പോകാതെ ദിവസവും പോത്തിറച്ചി! ഞാനും വരും"
അങ്ങനെ, അവർ ഒന്നിച്ച് നടന്നു പോകവേ, ചങ്ങാതിയുടെ കഴുത്തിലെ രോമം കൊഴിഞ്ഞിരിക്കുന്നത് ചെന്നായയുടെ ശ്രദ്ധയിൽപ്പെട്ടു.
"നിന്റെ കഴുത്തിനു ചുറ്റും എങ്ങനെയാണ് പൂട പൊഴിഞ്ഞു പോയത്?"
അന്നേരം, നിസ്സാര ഭാവത്തിൽ വളർത്തുനായ പറഞ്ഞു - "ഓ, അത് രാത്രിയിൽ പ്രഭുവിന്റെ മാളികയ്ക്കു മുന്നിൽ കഴുത്തിൽ ചങ്ങലയിട്ടു കെട്ടിയിടുന്നതു കൊണ്ടാണ് !"
ചെന്നായ അതു കേട്ട് ഞെട്ടി!
"പകൽ പോത്തിറച്ചി! രാത്രി ബന്ധനം! ത്ഫൂ...!"
അങ്ങനെ മുരണ്ടുകൊണ്ട് ചെന്നായ കാട്ടിലേക്കു തിരിഞ്ഞോടി.
ഗുണപാഠം - സ്വാതന്ത്ര്യം മറ്റെന്തിനേക്കാളും സുപ്രധാനമാണ്.
Malayalam eBooks - 583 - ഈസോപ് -12 PDF -https://drive.google.com/file/d/1RkyDx2DeIq7kTI2nTa4N0HGPeIgpjLDr/view?usp=drivesdk
Comments