(593) കോപം കുറയ്ക്കുന്ന വിദ്യ
സിൽബാരിപുരം ഗ്രാമത്തിലെ ആശ്രമത്തിൽ ഗുരുവിനു കീഴിൽ ഇരുപത് ശിഷ്യന്മാർ പഠിച്ചു വന്നിരുന്ന കാലം.
അതിൽ, ഒരു ശിഷ്യനായ പുഷ്കരന് അടക്കാനാവാത്ത കോപം മൂലം പലതവണ ഗുരുവിന്റെ കയ്യിൽ നിന്നും ശിക്ഷ കിട്ടിയിട്ടുണ്ട്.
എന്നാൽ, അതുകൊണ്ടൊന്നും അവനിൽ ഒരു മാറ്റവും ഉണ്ടായില്ല. അതുകൊണ്ട്, ഗുരു മറ്റൊരു വിദ്യ പ്രയോഗിച്ചു.
ഗുരു കുറെ ഇരുമ്പാണികളും ഒരു ചുറ്റികയും പലകയും അവനെ ഏൽപ്പിച്ചു.
"ഇനിമേൽ, നിനക്കു കോപം ഇരച്ചു വരുമ്പോൾ ഓരോ പ്രാവശ്യവും ഈ പലകമേൽ ആണി അടിക്കുക! "
അവൻ പിന്നീട് അങ്ങനെ ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ കോപിക്കുന്ന സമയത്ത് അതിശക്തമായി ആണി അടിച്ചുകയറ്റി. പിന്നെ, ശക്തി കുറഞ്ഞു. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാത്തവണയും കോപിച്ചപ്പോൾ ആണി അടിച്ചില്ല. കാരണം, കോപത്തിന്റെ ഉഗ്രത കുറഞ്ഞു വന്നു.
ഒരു മാസം കഴിഞ്ഞപ്പോൾ പലകമേൽ ആണി പുതിയതായി അടിച്ചില്ല. വല്ലപ്പോഴും മാത്രമായി കോപം അമർഷത്തിലേക്കു ചുരുങ്ങി. പിന്നെ, പിറുപിറുക്കൽ മാത്രം. ഒടുവിൽ അവന്റെ മനസ്സിനു ശാന്തത കൈവന്നു.
ഒരു ദിവസം അവൻ ആ പലകയിലെ ആണികൾ എണ്ണി നോക്കിയപ്പോൾ ഇത്രയും തവണ ദേഷ്യപ്പെട്ടതിൽ പശ്ചാത്താപം അനുഭവപ്പെട്ടു.
ഓരോ ആണിയും ചുറ്റികയുടെ മറുവശം കൊണ്ട് ഇളക്കിയെടുത്തു.
അവസാനം, ആണിയില്ലാത്ത പലകയും ചുറ്റികയും ആണികളും ഗുരുവിനു തിരികെ ഏൽപ്പിച്ചു.
അപ്പോൾ ഗുരു പറഞ്ഞു -
"പുഷ്കരാ, നീ ഈ പലകയെ ശ്രദ്ധിക്കുക. അതിൽ ആണികൾ ഇല്ലെങ്കിലും നിറയെ വടുക്കളാണ്. ആണികൾ എല്ലാം വളഞ്ഞു പോയിരിക്കുന്നു. അതായത്, പലകയെ എതിരാളിയുടെ മനുഷ്യമനസ്സിൽ ഉണ്ടാക്കിയ വ്രണമായി കരുതാം. ആ പാടുകൾ ഒരിക്കലും മായില്ല. മാത്രമല്ല, വളഞ്ഞ ആണികൾ പോലെ കോപിച്ച ആളിന്റെ ആരോഗ്യവും ശോഷിക്കുന്നു!"
ആശയം - കോപിക്കുന്ന ആളും കോപത്തിന് ഇരയാകുന്ന ആളും സ്വയം നശീകരണ പ്രക്രിയയുടെ ഭാഗമാകുന്നു!
Malayalam eBooks-593-Thinma-33- PDF file -https://drive.google.com/file/d/1SEqYaNV8t3CG_2PeyyVEjvrzfB-q2T1T/view?usp=drivesdk
Comments