(599) കഴുകനും കാട്ടുകോഴിയും
പണ്ടുപണ്ട്, ഒരു കാട്ടിൽ കാട്ടുകോഴികൾ യഥേഷ്ടം ചിക്കിച്ചികഞ്ഞു തീറ്റി എടുത്തിരുന്ന സമയം. കറുത്ത തൂവലുള്ള പൂവൻകോഴിയായിരുന്നു അവരുടെ നേതാവ്. ഒരു ദിനം - രാവിലെ, ദൂരെ ദിക്കിൽ നിന്നും ചുവന്ന തൂവലുള്ള കാട്ടുപൂവൻകോഴി അവിടെയെത്തി.
ഉടൻതന്നെ കറുമ്പനും ചുവപ്പനും കൂടി ഘോരയുദ്ധം പോലെ തോന്നിച്ച കോഴിപ്പോര് തുടങ്ങി. ഒടുവിൽ, കറുമ്പന് പരുക്കേറ്റ് ജീവനും കൊണ്ട് ഓടി അടുത്തുള്ള ഗുഹയിൽ രക്ഷപ്രാപിച്ചു.
അനന്തരം, ചുവന്ന പൂവൻകോഴി തൻ്റെ വിജയം ആഘോഷിക്കാൻ അടുത്തുള്ള പാറയുടെ ഏറ്റവും പൊക്കമുള്ള ഭാഗത്തേക്കു പറന്നു കയറി. എന്നിട്ട്, പരമാവധി ശക്തിയിൽ ''കൊക്കരക്ക..കോ" എന്നു വിജയഭേരി മുഴക്കി.
അപ്പോഴാണ്, ആ കാഴ്ച കഴുകൻ്റെ ദൃഷ്ടിയിൽ പെട്ടത്. ഞൊടിയിടയിൽ, കഴുകൻ ചുവന്ന കോഴിയെ റാഞ്ചി.
അവൻ്റെ ഗീർവാണം പെട്ടെന്നു കരച്ചിലായി മാറിയതു കേട്ട്, കറുമ്പൻകോഴി ഗുഹയിൽ നിന്നും ആശ്വാസത്തോടെ ഇറങ്ങി വീണ്ടും അവരുടെ നേതാവായി വിലസി.
ഗുണപാഠം - താൽക്കാലിക വിജയങ്ങളിൽ മത്തുപിടിച്ചാൽ ആപത്താണ്.
Comments