(604) കാക്കയും സർപ്പവും

ഒരിക്കൽ, ഒരു കാക്ക വിശന്നുവലഞ്ഞ് അലഞ്ഞു തിരിയുന്ന സമയം. ചിലയിടങ്ങളിൽ നിന്ന് ആഹാരം എടുക്കാൻ മറ്റു മൃഗങ്ങൾ സമ്മതിച്ചില്ല. വേറെ ചില സ്ഥലത്ത് മനുഷ്യർ ആട്ടിയോടിച്ചു.

പിന്നെ, കാക്ക കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തേക്കു കടന്നു. അവിടെ കല്ലിനിടയിൽ ഒരു പാമ്പ് കിടന്നുറങ്ങുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു.

"ഹായ്, ഇന്നത്തെ വിശപ്പിന് അവസാനമായി"

അവൻ പറന്നു ചെന്ന് അതിനെ കൊത്തിയെടുത്തു. പക്ഷേ, ആ നിമിഷംതന്നെ ആ പാമ്പ് തിരിഞ്ഞു കൊത്തി.

കണ്ണിൽ ഇരുട്ടു കയറുമ്പോൾ കാക്ക അവ്യക്തമായി പിറുപിറുത്തു - "എൻ്റെയൊരു ദുർവിധി! അനുഗ്രഹമെന്നു കരുതിയത് എൻ്റെ നാശത്തിനു കാരണമായി"

ഗുണപാഠം - പ്രഥമദൃഷ്ട്യാ അനുഗ്രഹമെന്നും വരദാനമെന്നും തോന്നുന്നവ യഥാർഥത്തിൽ അങ്ങനെ ആയിരിക്കണമെന്നില്ല.

Malayalam ebooks-604-Aesop -25 - PDF file -https://drive.google.com/file/d/1dv8EAIy4i_9sf-MYZ-31IgWW85LJ09sA/view?usp=drivesdk

Comments