(609) ശില്പിയുടെ യുക്തി
തടികൾ കൊണ്ട് മനോഹരമായ ശില്പങ്ങൾ ഉണ്ടാക്കി വിറ്റാണ് അയാൾ ജീവിച്ചു വന്നിരുന്നത്. ക്രമേണ, വില്പന കുറഞ്ഞു വന്നു. അതോടെ, അയാളുടെ കുടുംബം ദാരിദ്ര്യത്തിലുമായി.
ഒരു ദിനം, അയാൾ ഉറച്ച ഒരു തീരുമാനം എടുത്തു. ദൈവങ്ങളുടെ ശില്പങ്ങൾ മാത്രം ഉണ്ടാക്കി ഭക്തരുടെ വീടുകളിൽ വിൽപ്പന നടത്തുക. അതു ഫലിച്ചു. മുൻപത്തേക്കാൾ വില്പന മെച്ചപ്പെട്ടു. എന്നാൽ, വേറെ ചില ശില്പികളും ഈ രംഗത്തേക്കു വന്നതിനാൽ പിന്നെയും കച്ചവടം കുറഞ്ഞു.
വീണ്ടും അയാൾ മാറി ചിന്തിച്ചു. ഒരു ദിവസം, ഭക്തരുടെ തീർഥാടന കേന്ദ്രത്തിൻ്റെ കവാടത്തിൽ നിന്നു കൊണ്ട്, അയാൾ വിളിച്ചുകൂവി - " എല്ലാവരും ശ്രദ്ധിക്കൂ. ഈ ദേവതയുടെ ശില്പം നിങ്ങളുടെ പൂജാമുറിയിൽ വച്ചാൽ അളവറ്റ സമ്പത്ത് നിങ്ങൾക്കു വന്നു ചേരും!"
ഉടൻ, ആളുകൾ അയാൾക്കു ചുറ്റും തടിച്ചു കൂടി. പക്ഷേ, ആളുകൾ ശില്പങ്ങൾ വാങ്ങാതെ വെറും കാഴ്ചക്കാരായി ശില്പങ്ങൾ തിരിച്ചും മറിച്ചും നോക്കി നിന്നതേ ഉള്ളൂ. അന്നേരം, ഒരാൾ വാങ്ങാനായി പണക്കിഴി തുറന്നപ്പോൾ അക്കൂട്ടത്തിലെ ഒരു വിരുതൻ ഉച്ചത്തിൽ ശില്പിയെ ചോദ്യം ചെയ്തു - "ഞങ്ങൾ ഒരു ശില്പം വീട്ടിൽ വച്ചാൽ അളവറ്റ സമ്പത്ത് കിട്ടുമെങ്കിൽ ഇത്തരത്തിലുള്ള അനേകം ശില്പങ്ങൾ കയ്യിലുള്ള തൻ്റെ വീട്ടിൽ സമ്പത്ത് കുമിഞ്ഞുകൂടി പിന്നെ ഈ കച്ചവടത്തിനു വരേണ്ടതില്ലല്ലോ!"
ഇതു കേട്ട്, ശില്പിയുടെ മനസ്സിൽ പേടിയുണ്ടായെങ്കിലും ആ പതർച്ച പുറമേ കാട്ടാതെ അയാൾ പറഞ്ഞു - "താങ്കൾ പറഞ്ഞതു ശരിയാണ്. പക്ഷേ, ദൈവാനുഗ്രഹം സമ്പത്തായി മാറണമെങ്കിൽ കുറച്ചു കാലം കാത്തിരിക്കണം. എനിക്ക് പെട്ടെന്ന്, കുറച്ചു പണത്തിൻ്റെ അത്യാവശ്യമുണ്ട് !"
ശില്പിയുടെ യുക്തിയിൽ ആളുകൾക്കു മതിപ്പു തോന്നിയതിനാൽ എല്ലാ ശില്പങ്ങളും നല്ല വിലയ്ക്കു വിറ്റു പോയി.
ഗുണപാഠം - പ്രായോഗികമായ യുക്തി ജീവിതവിജയത്തിനു സഹായിക്കും.
Malayalam eBooks-609- Aesop-30 PDF file -https://drive.google.com/file/d/1DyQ7gob9kfHmU5Z-WY8ffqtb0a3UZGgk/view?usp=drivesdk
Comments