(614) കഴുതയുടെ അഹങ്കാരം
ഒരു ദേശത്ത്, ജനങ്ങൾ എല്ലാം കൂടി പരിശ്രമിച്ച് പുതിയ അമ്പലം പണിതു. അതിൽ പ്രതിഷ്ഠിക്കാനായി അയൽദേശത്തു നിന്നും വിഗ്രഹം കൊണ്ടുവരാൻ തീരുമാനമായി.
അതിർത്തിയിൽ വച്ച് വിഗ്രഹം സ്വീകരിച്ചു. ആഘോഷങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച കഴുതപ്പുറത്ത് വലിയ വിഗ്രഹം വച്ചു നടന്നു. ആളുകൾ വിഗ്രഹത്തെ താണുവണങ്ങി. സ്തുതിഗീതങ്ങളും പ്രാർഥനകളും എങ്ങും മുഴങ്ങിക്കേട്ടു.
അന്നേരം, ആ കഴുത വിചാരിച്ചത് ജനങ്ങളെല്ലാം അതിനെയാണ് വണങ്ങുന്നതെന്നാണ്. സ്വന്തം കഴുതജീവിതത്തിൽ ആദ്യമായി ആളുകൾ ബഹുമാനിക്കുന്നതു കണ്ടപ്പോൾ ആ മൃഗത്തിന് അഹങ്കാരം തോന്നി.
അങ്ങനെ, കഴുത അതെല്ലാം ആസ്വദിച്ചു കൊണ്ട് മെല്ലെ നടന്നു. അപ്പോൾ ആളുകൾ കഴുതയെ പതിയെ ഉന്തിക്കൊണ്ടിരുന്നു. പിന്നെ, കഴുത നടക്കാൻ മടിച്ച് സ്വപ്ന രാജ്യത്തിലെന്ന പോലെ വിഭ്രമിച്ചു.
ഉടൻ, ആരോ ആക്രോശിച്ചു - "പ്ഫ! അങ്ങോട്ട് നടക്ക് കഴുതേ!"
അതു പറഞ്ഞതിനൊപ്പം വടികൊണ്ട് ഒരു പ്രഹരം കിട്ടിയപ്പോൾ കഴുത വേഗത്തിൽ നടന്നു.
ഗുണപാഠം - അർഹതയില്ലാത്ത അംഗീകാരത്തിനും പ്രശസ്തിക്കും പിറകെ പോകരുത്.
Malayalam Digital books-614-Aesop story series-35 PDF file-https://drive.google.com/file/d/1NjmWh71bkk4U_tAfV1bUhEaLZ7AGXc1j/view?usp=sharing
Comments