(629) ആമയും മുയലും
കാട്ടിലെ ചെറിയ മൃഗങ്ങളെല്ലാം വട്ടം കൂടിയിരുന്ന് സംസാരിക്കുകയായിരുന്നു. അപ്പോൾ, മുയൽ ഒരു വെല്ലുവിളി ഉയർത്തി - "നമ്മുടെ ഈ കൂട്ടത്തിൽ എന്നെ ഓടി തോൽപ്പിക്കാൻ ആർക്കും സാധ്യമല്ല!"
ആ പൊങ്ങച്ചം കേട്ടിട്ടും പലരും അനങ്ങിയില്ല. എന്നാൽ, ആമ ഉടൻ പറഞ്ഞു - "ഞാൻ നിൻ്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു. നമുക്ക് ഇപ്പോൾത്തന്നെ ഓട്ട മൽസരം നടത്താം''
ഇതുകേട്ട് മുയൽ പരിഹാസച്ചിരിയോടെ തലകുലുക്കി സമ്മതം മൂളി.
കാട്ടിലെ ഓട്ടം തുടങ്ങുന്ന സ്ഥലത്തും തീരുന്ന സ്ഥലത്തും അനേകം കൊച്ചു മൃഗങ്ങൾ തടിച്ചു കൂടി.
ആമയും മുയലും ഓട്ടം തുടങ്ങി. ഏകദേശം ഓടേണ്ട ദൂരത്തിൻ്റെ മുക്കാൽ ദൂരത്തോളം മുയൽ പെട്ടെന്ന് ഓടിക്കഴിഞ്ഞപ്പോഴാണ് അവൻ്റെ അമിത ആത്മവിശ്വാസം അഹങ്കാരമായി മാറിയത്.
"ആമ ഇഴഞ്ഞ് ഇവിടെ വരെ എത്തണമെങ്കിൽ ഒരുപാടു സമയം എടുക്കും. അതു വരെ എനിക്കു മയങ്ങാനുള്ള സമയമുണ്ട്"
പക്ഷേ, മുയലിൻ്റെ മയക്കം ഗാഢനിദ്രയിലേക്കു വഴുതി വീണു. കുറെ നേരം കഴിഞ്ഞപ്പോൾ ആമ ശബ്ദമൊന്നുമില്ലാതെ ഓടി മുയലിൻ്റെ ദൂരം പിന്നിട്ടു!
ആമ ഓട്ടം തീരുന്ന സ്ഥലത്തേക്ക് അടുക്കുന്ന കാഴ്ച എല്ലാവരിലും ആശ്ചര്യം ഉളവാക്കി. അവർ ഒന്നിച്ച് ആർത്തു വിളിച്ചപ്പോൾ ആ ശബ്ദം കേട്ട് മുയൽ ഞെട്ടിയുണർന്നു.
പെട്ടെന്ന്, സർവ്വ ശക്തിയും സംഭരിച്ച് മുയൽ ഒന്നാമനാകാൻ നോക്കിയെങ്കിലും വൈകിപ്പോയിരുന്നു. അങ്ങനെ, ആ പന്തയത്തിൽ മുയൽ തോറ്റു.
ഗുണപാഠം - സ്വന്തം കഴിവിലുള്ള അമിതമായ ആത്മവിശ്വാസവും അഹങ്കാരവും നല്ലതല്ല.
Malayalam eBooks - 629- Aesop Story series PDF file -https://drive.google.com/file/d/1KxPRvE-6blnZqszAK8FyZRkwUL3yqlFh/view?usp=drivesdk
Comments