(630) നായയും നിഴലും
ഒരു ദേശത്ത്, വിശന്നു വലഞ്ഞ നായ ഭക്ഷണം തേടി നടക്കുകയായിരുന്നു. അപ്പോഴാണ് മുഴുത്ത എല്ലിൻകഷണം വഴിവക്കിൽ കിടക്കുന്നത് കണ്ടത്. അവൻ ആവേശത്തോടെ അതും കടിച്ചു പിടിച്ച് മറ്റു നായ്ക്കൾ കാണാതിരിക്കാൻ വേണ്ടി ഓടി.
അവൻ പോയ വഴിയിൽ ഒരു തടിപ്പാലം കടക്കണമായിരുന്നു. അതിന്മേൽ കയറിയതും താഴെ വെള്ളത്തിൽ അവൻ്റെ നിഴൽ പ്രത്യക്ഷപ്പെട്ടു.
ആ നിഴൽ കണ്ടപ്പോൾ മറ്റൊരു നായ എല്ലുമായി നിൽക്കുന്നതു പോലെ അവനു തോന്നി. ഉടൻ, നായയുടെ നാവിൽ വെള്ളമൂറി.
"ഹും, താഴെ വെള്ളത്തിൽ നിൽക്കുന്നവനെ എൻ്റെ ശക്തമായ കുര കൊണ്ടു പേടിപ്പിച്ച് ആ എല്ലും കൂടി സ്വന്തമാക്കണം''
അതിനായി അവൻ സർവ്വ ശക്തിയുമെടുത്ത് കുരച്ചു - "ബ്ഭൗ!"
പക്ഷേ, കുരയ്ക്കാനായി നായ വായ തുറന്നതിനൊപ്പം എല്ല് വെള്ളത്തിലേക്കു വീണു! അവൻ താഴേക്കു ചാടി മുങ്ങിയപ്പോൾ കുറച്ചു വെള്ളം കൂടി കുടിച്ചു. എല്ല് നഷ്ടമാകുകയും ചെയ്തു.
ഗുണപാഠം - അത്യാഗ്രഹം ആപത്തിലേ കലാശിക്കൂ.
Malayalam eBooks-630-Aesop-51 PDF file-https://drive.google.com/file/d/1DVidjeqIXDuWyhAKgKtBm_vx2jpRwPHe/view?usp=sharing
Comments