(631) ഉറുമ്പും പുൽച്ചാടിയും

 അതൊരു വേനൽക്കാലമായിരുന്നു. ഒരു പുൽച്ചാടിയ്ക്ക് ധാരാളമായി ആഹാരം ലഭിക്കുന്ന സമയമായിരുന്നു അത്. അവൻ, വയറു നിറയെ ആഹാരവും കഴിച്ച് ഉല്ലാസവാനായി പാട്ടും പാടി തുള്ളിക്കളിച്ചു നടന്നപ്പോഴാണ് സുഹൃത്തായ ഉറുമ്പിനെ കണ്ടത്.

അന്നേരം, ഉറുമ്പ് വളരെ കഷ്ടപ്പെട്ടു ധാന്യമണി ഒരെണ്ണം വലിച്ചുകൊണ്ടു പോകുകയായിരുന്നു. അതു കണ്ടിട്ട് പുൽച്ചാടി ചോദിച്ചു - "നീ എന്തിനാണ് ധാരാളം ആഹാരമുള്ള ഈ സമയത്ത് വെറുതെ ഇങ്ങനെ കഷ്ടപ്പെടുന്നത്? എൻ്റെ കൂടെ കളിക്കാൻ വരാമല്ലോ"

ഉറുമ്പ് പറഞ്ഞു - " ഇനി മഞ്ഞുകാലം വരുമ്പോൾ കൂടിനു വെളിയിൽ ഇറങ്ങാൻ പറ്റാതാവും. ഞങ്ങളും കുഞ്ഞുങ്ങളും ആഹാരം കിട്ടാതെ ചാകും. നിനക്കും ഇങ്ങനെ ഭക്ഷണം സംഭരിച്ചു വയ്ക്കാമല്ലോ?"

അപ്പോൾ പുൽച്ചാടി ഉദാസീനമായി പറഞ്ഞു - "എനിക്ക് ഭക്ഷണത്തിന് യാതൊരു പഞ്ഞവുമില്ല. പിന്നെ, ഞാൻ എന്തിനു ബുദ്ധിമുട്ടണം?"

അവൻ കളികൾ തുടർന്നപ്പോൾ ഉറുമ്പ് ധാന്യമണികൾ കൂട്ടിലേക്കു വലിച്ചു കൂട്ടി.

അടുത്ത മഞ്ഞുകാലം വന്നു. കടുത്ത തണുപ്പും പുല്ലിന്മേൽ മഞ്ഞു മൂടിയതിനാലും പുൽച്ചാടിക്കു തീറ്റി ഒന്നും കിട്ടിയില്ല. അവൻ പട്ടിണി കൊണ്ടു ചാകാറായി. അന്നേരം, ഉറുമ്പുകൂട്ടങ്ങൾ സംഭരിച്ചിരുന്ന ധാന്യങ്ങൾ തിന്നുന്നത് പുൽച്ചാടി സങ്കടത്തോടെ നോക്കി നിന്നു.

ഗുണപാഠം - സമ്പത്തു കാലത്ത് തൈ പത്തു വച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാമെന്ന് പഴമൊഴി.

Malayalam eBooks-631-Aesop-52 PDF file -https://drive.google.com/file/d/1pQSFE_JUsMc_oV0JbH9vgzapLm5PvPdm/view?usp=drivesdk

Comments