(640) എലിയുടെ പ്രത്യുപകാരം
ഗുഹയിൽ ഉറങ്ങുകയായിരുന്ന സിംഹത്തിൻ്റെ മേൽ ഒരു എലി അബദ്ധത്തിൽ വന്നു വീണു. സിംഹത്തിനു കലശലായ ദേഷ്യം വന്നു. എലിയുടെ വാലിൽ സിംഹത്തിനു പിടിത്തം കിട്ടി.
എലിയെ അടിച്ചു കൊല്ലുമെന്ന് പേടിച്ച് അവൻ നിലവിളിച്ചു - "മൃഗരാജൻ, ഗുഹയുടെ മുകളിലൂടെ പാഞ്ഞു പോയപ്പോൾ പിടിവിട്ട് അബദ്ധത്തിൽ അങ്ങയുടെ ദേഹത്ത് വീണുപോയതാണ്, എന്നോടു മാപ്പാക്കണം!"
എലിയുടെ മേൽ സിംഹത്തിന് അലിവു തോന്നി പിടി വിട്ടു. അപ്പോൾ, എലി പറഞ്ഞു - "എൻ്റെ ജീവൻ രക്ഷിച്ചതിനു പകരമായി അങ്ങേയ്ക്കും ഇതുപോലെ പ്രത്യുപകാരം ഞാൻ ചെയ്തു കൊള്ളാം"
സിംഹം അതു കേട്ട് പൊട്ടിച്ചിരിച്ചു - "എന്ത്? ഇത്തിരിക്കുഞ്ഞനായ നീ എന്നെ രക്ഷിക്കുമെന്നോ?"
എലി പിന്നെയൊന്നും മിണ്ടാതെ അവിടന്നു പോയി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു വേടൻ വിരിച്ച വലയിൽ സിംഹം കുടുങ്ങി. സിംഹം പിടഞ്ഞപ്പോൾ വല കൂടുതൽ മുറുകി.
അന്നേരം, എലി അതുവഴി ഓടിയെത്തി കുറെ നേരമെടുത്ത് വലകൾ ഓരോന്നായി കടിച്ചു മുറിച്ച് സിംഹത്തെ രക്ഷപ്പെടുത്തി. സിംഹം അത്ഭുതത്തോടെയും നന്ദിയോടെയും നിൽക്കുമ്പോൾ അവൻ പറഞ്ഞു - "അങ്ങയെ രക്ഷിക്കുമെന്ന് ഞാൻ അന്നേ പറഞ്ഞതാണല്ലോ!"
ഗുണപാഠം - ഉപകാരം ചെയ്യാനുള്ള മനസ്സിൻ്റെ വലിപ്പമാണ് ശരീര വലിപ്പത്തേക്കാൾ പ്രധാനം.
Malayalam eBooks-640-Aesop-61 written by Binoy Thomas, PDF file-https://drive.google.com/file/d/1H9qgaWYpjOTJmkZ7-zeuXg6TQDPCskyi/view?usp=drivesdk
Comments