(643) ചെന്നായും ആട്ടിൻകുട്ടിയും
ഒരിക്കൽ, ആട്ടിൻപറ്റത്തിൽ ഒരു കുഞ്ഞാട് അല്പം വികൃതിയായിരുന്നു. അത്, കൂട്ടം തെറ്റി തുള്ളിക്കളിച്ചു നടന്നപ്പോൾ ഒരു നദിക്കരയിലെത്തി.
അതു വഴി വന്ന ചെന്നായ ആട്ടിൻകുട്ടിയെ കണ്ട മാത്രയിൽ കൊന്നു തിന്നാമെന്നു മനസ്സിൽ കണ്ടു. എന്നാൽ, തിന്നുന്നതിനു മുൻപ്, അതിനെ എന്തെങ്കിലും ന്യായം ബോധിപ്പിച്ചു കളയാമെന്നു ചെന്നായ വിചാരിച്ചു. ചെന്നായയെ കണ്ട മാത്രയിൽ ആട്ടിൻകുഞ്ഞു പേടിച്ചു വിറച്ചു.
"ഞാൻ കുടിക്കുന്ന ഈ നദിയിലെ വെള്ളം നീ കലക്കിയത് ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ല"
ഉടൻ, ആട്ടിൻകുട്ടി പറഞ്ഞു - "ഞാൻ വെള്ളം കുടിക്കുന്നത് ഈ നദിയുടെ താഴ്‌വരയിൽ നിന്നാണ്. അങ്ങു കുടിച്ചു കഴിഞ്ഞു താഴോട്ടു വരുന്ന വെള്ളമാണത്"
പിന്നെ, ചെന്നായ അടവു മാറ്റി - "ഞാൻ മേഞ്ഞു നടക്കുന്ന പുൽമേട് ആണിത്. ഇവിടെ നിന്നും നീ പുല്ലു തിന്നുന്നത് എനിക്ക് അംഗീകരിക്കാനാവില്ല''
ആട്ടിൻകുട്ടി: "അയ്യോ! ഞാൻ അമ്മയുടെ പാലു മാത്രം കുടിക്കുന്ന ഇളംപ്രായത്തിലാണ്. പച്ചവെള്ളം കുടിക്കാൻ ഇനിയും തുടങ്ങിയിട്ടില്ല"
ചെന്നായ മറ്റൊരു വാദം ഉന്നയിച്ചു - "കഴിഞ്ഞ വർഷം നീ അകലത്തു നിന്നു കൊണ്ട് കളിയാക്കിയതിനുള്ള ശിക്ഷ ഒഴിവാക്കാൻ പറ്റില്ല"
ആട്ടിൻകുട്ടിയ്ക്ക് അതിനും മറുപടിയുണ്ടായിരുന്നു - "ഞാൻ കഴിഞ്ഞ വർഷം ഈ ഭൂമിയിൽ ജനിച്ചിട്ടില്ലായിരുന്നു. ഈ വർഷത്തിൽ ജനിച്ചിട്ട് വെറും ആറു മാസമേ ആയുള്ളൂ"
തുടർച്ചയായുള്ള തോൽവിയിൽ ചെന്നായ കലിച്ചു - "എങ്കിൽ, അങ്ങനെ ചെയ്തത് നിൻ്റെ അപ്പനായിരിക്കും. അതിനുള്ള ശിക്ഷ ഒട്ടും താമസിപ്പിക്കാൻ ആവില്ല"
അതു പറഞ്ഞതിനൊപ്പം ചെന്നായ ആട്ടിൻകുട്ടിയുടെ മേൽ ചാടി വീണു!
ഗുണപാഠം - ദുഷ്ടന്മാർ സാധുക്കളെ ഉപദ്രവിക്കാൻ എന്തെങ്കിലുമൊക്കെ ന്യായങ്ങൾ നിരത്തും.
Written by Binoy Thomas, Malayalam eBooks-643-Aesop series -64 PDF -https://drive.google.com/file/d/1hcW_N2qd_F_hSlL_vTNyjZOf_fPpQSqi/view?usp=drivesdk
Comments